മൌനത്തിന്റെ സര്‍ഗാത്മകത മലയാളിയെ ബോധ്യപ്പെടുത്തിയ എഴുത്തുകാരനാണ് എന്‍ മോഹനന്‍ . മലയാളം ഗൌരവമായി ചര്‍ച്ച ചെയ്ത മൌനങ്ങളില്‍ ഒന്നും മലയാളത്തില്‍ വായിക്കപ്പെട്ട മൌനങ്ങളില്‍ സവിശേഷമായ ഒന്നും എന്‍. മോഹനന്റെ മൌനമായിരുന്നു. എഴുതുന്നതെന്തും മഹത്തരമാണെന്നും എഴുതിക്കൊണ്ടേയിരിക്കുകയാണ് എഴുത്തുകാരുടെ ധര്‍മ്മമെന്നും തെറ്റായി ധരിച്ചുകൊണ്ട് എഴുത്തുവഴിയില്‍ സഞ്ചരിക്കുന്ന ഒരു പിടി എഴുത്തുകാരുടെ വര്‍ത്തമാനകാലത്ത് എന്‍. മോഹനന്റെ എഴുത്തു ജീവിതം 'മൌനത്തിന്റെ അര്‍ത്ഥസാന്ദ്രതയായി തിരിച്ചറിയപ്പെടുകയാണ്. ദൂരദര്‍ശന്റെ സമീക്ഷയിലെ അഭിമുഖത്തില്‍ ശ്രീ. എം. തോമസ് മാത്യു പറയുംപോലെ എഴുതാതിരിക്കലും എഴുത്തുതന്നെയാണ്. ഉള്ളില്‍ നടക്കുന്ന എഴുത്തു പ്രക്രിയയെ കടലാസില്‍ പകര്‍ത്താതെ ഉപേക്ഷിക്കാനും , ത്യജിക്കാനും ഒരു മനസ്സുണ്ടാവണം. ആ മനസ്സ് വേണ്ടത്ര ഉള്ളയാളായിരുന്നു ശ്രി. എന്‍. മോഹനന്‍. എന്‍. മോഹനന്റെ 'മൌനം' അര്‍ത്ഥപൂര്‍ണവും തിരിച്ചറിയപ്പെടുന്നതുമായിരുന്നു. മൌനത്തിന്റെ ഒരു നീണ്ടകാലത്തില്‍ അദ്ദേഹം പ്രവേശിച്ചപ്പോള്‍ മലയാളഭാവനാലോകം അദ്ദേഹത്തിന്റെ മൌനത്തെ തിരിച്ചറിഞ്ഞുവെന്നതാണ് വസ്തുത.
എന്‍. മോഹനന്‍ എന്തുകൊണ്ടെഴുതുന്നില്ല എന്നത് മലയാള വായന നിരന്തരം അന്വേഷിച്ചിരുന്നു. മൌനം ഭേദിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവില്‍ , തന്റെ ഭാഷയിലും, ഭാവനയിലും അദ്ദേഹം കാത്തു സൂക്ഷിച്ച കാവ്യശക്തി ഒട്ടും ചോര്‍ന്നുപോയില്ല എന്നതാണ് ശ്രദ്ധേയം. പലപ്പോഴും പല മടങ്ങിവരവരുകള്‍ (സാഹിത്യത്തിലെ) തങ്ങള്‍ ജീവിച്ചിരിക്കുന്നുവെന്ന വെളിപ്പെടുത്തല്‍ മാത്രമായി ചുരുങ്ങിപ്പോവുമ്പോള്‍ എന്‍. മോഹനന്റെ രചനാജീവിതം മൌനത്തിനപ്പുറമിപ്പുറം ഒരേ ശക്തിയോടെ, സാന്ദ്രതയോടെ തന്നെ നമ്മുടെ മുന്നിലെത്തുകയായിരുന്നു.
ഒരു പക്ഷേ കടമ്മിട്ടയുടെയും മറ്റും മടങ്ങിവരവില്‍ ആ ശക്തി അതേ അളവില്‍ നമുക്കു കാണാന്‍ കഴിയുന്നില്ല. മൌനത്തിനപ്പുറമിപ്പുറവും സര്‍ഗാത്മകതയുടെ (ക്രിയേറ്റിവിറ്റി) ശക്തി ഒരേ നിലയില്‍ പ്രകടിപ്പിച്ച എഴുത്തുകാരനായിരുന്നു എന്‍. മോഹനന്‍. ധിഷണയെ ഒരിക്കലും ധൂര്‍ത്തടിച്ചിട്ടില്ലാത്ത പ്രതിഭ. പത്തു പതിനാലുവര്‍ഷം നീണ്ടു നില്‍ക്കുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലെ കഥാരചനാകാലം കഥകള്‍ക്കു മാത്രമായിട്ടാണ് അദ്ദേഹം നീക്കി വെച്ചിരുന്നത്. ആധുനിക കാല കഥയെഴുത്തിന്റെ സൌന്ദര്യമായി ഇന്നും ആ കഥകള്‍ ഇന്നും നമുക്കു മുന്നില്‍ സജീവമായി നിലനില്‍ക്കുകയാണ്. ഭാഷയുടെ ശക്തിസൌന്ദര്യങ്ങള്‍കൊണ്ടാണ് ഈ കഥകള്‍ വ്യത്യസ്തമാകുന്നത്. സ്വന്തം കഥകളെപ്പറ്റി അദ്ദേഹം ഇങ്ങനെ എഴുതുന്നു; സ്വന്തം കഥകളെപ്പറ്റി എന്താണു പറയുക? അവ സ്വന്തം ജീവിതത്തിന്റെ ഭാഗങ്ങളാണ് എന്നതിലപ്പുറം? അവയെ അപഗ്രഥിക്കുക എന്നു പറഞ്ഞാല്‍ സ്വന്തം ജീവിതാനുഭവങ്ങളെ അപഗ്രഥിക്കുക എന്നാണര്‍ത്ഥം. അവ പലപ്പോഴും വേദാജനകമായ അനുഭൂതി ഉളവാക്കുന്നതാവുകയും ചെയ്യും. വളരെ നാളത്തെ ഇടവേളയ്ക്കുശേഷം ഈ കഥകളെ തൊട്ടുരുമ്മി വീണ്ടും വന്നു നില്‍ക്കുമ്പോള്‍ എനിക്കതേ അനുഭവം തന്നെയാണ്. അന്തര്‍മണ്ഡലങ്ങളിലെവിടെയോ നൊമ്പരങ്ങളുടെ മുറിച്ചാലുകള്‍ വാര്‍ന്നു തുടങ്ങിയതുപോലെ അവ എഴുതിയ കാലത്തെന്നപോലെയുള്ള ആത്മപീഡയും അനാഥത്വവും എന്നെ വ്യാകുലപ്പെടുത്തുന്നു....''
ഓരോ കഥയ്ക്കു പിന്നിലും അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ ഓര്‍ത്തെടുക്കുന്ന ഒരു കഥാകൃത്ത്. സ്വാനുഭവത്തിന്‍ എഴുത്തില്‍ സന്നിവേശിക്കുക/സന്നിവേശിപ്പിക്കുക എന്നതു രചനാ ജീവിതത്തില്‍ ഒരു അപൂര്‍വ്വതയൊന്നുമല്ല. പക്ഷേ സ്വാനുഭവങ്ങളെ കടലാസില്‍ സന്നിവേശിപ്പിച്ചുകൊണ്ട് അവയെ ശില്‍പ്പഭംഗിയുള്ള സുന്ദരകലാസൃഷ്ടികളാക്കുക എന്നത് ഒരു പതിവു കാര്യമല്ല. താളാത്മക ഗദ്യത്തിന്റെ രചനാ വഴിയിലൂടെ ആത്മനിഷ്ടമായ ജീവിതത്തിന്റെ സാന്ദ്രതയായി അദ്ദേഹത്തിന്റെ ഓരോ കഥയും ഓരോ അനുഭവമായി മാറുന്നു. വൈയക്തികാനുഭവത്തിന്റെ ചാരുതയെ, മുനുഷ്യാവസ്ഥയുടെ നിസ്സഹായതയും അനാഥത്വവും വിനിമയം ചെയ്യാനുള്ള ഉപാദാനമായി സ്വീകരിക്കുന്നിടത്താണ് എന്‍. മോഹനന്റെ കഥകള്‍ ശാന്തിയും കരുത്തും ആര്‍ജ്ജിക്കുന്നത്.
'മിസ് മേരി തെരേസാപോള്‍' പൂജയ്ക്കെടുത്താത്ത പൂക്കള്‍ , നിന്റെ കഥ, തിരുവനന്തപുരം, അദ്ധ്യാപകന്റെ മരണം എന്നിങ്ങനെയുള്ള ശ്രദ്ധേയമായ കഥകളിലെല്ലാം കഥാഖ്യാനകലയുടെ ജാഗ്രത നാം തിരിച്ചറിയുന്നു. ഒരദ്ധ്യാപകന്റെ മരണം കേരളത്തിലെ സ്വകാര്യ കോളേജദ്ധ്യാപകരുടെ ദ്യൈന്യപൂര്‍ണമായ ജീവിതത്തിന്റെ ധ്യന്യാത്മകമായ ചിത്രമായി മാറുന്നു. അറുപതുകളിലെ ഇന്ത്യന്‍ ജീവിതത്തിന്റെയും കേരളത്തിലെ സാമൂഹ്യജീവിത പരിവര്‍ത്തത്തിന്റെയും സൂക്ഷ്മാംശങ്ങളെ അഭിസംബോധന ചെയ്യുന്ന നിരവധി ചിത്രങ്ങള്‍ എന്‍. മോഹനന്റെ കഥാലോകത്തുണ്ട്. കത്താത്ത കാര്‍ത്തികവിളക്കും, ' വഴി-പെരുവഴി ' നരകത്തിലേക്കുള്ള വഴി എന്നിങ്ങനെയുള്ള കഥകളില്‍ ഇന്ത്യന്‍ രാഷ്ട്രീയ ജീവിതത്തിന്റെ രേഖാചിത്രം നമുക്കു വായിച്ചെടുക്കാം.
പ്രണയത്തിന്റെ അപൂര്‍വ്വതയാര്‍ന്നൊരു സുന്ദരലോകത്തെ അദ്ദേഹം തിരിച്ചു പിടിക്കുന്നു. സ്വന്തം പ്രണയത്തിന്റെ പുനരാഖ്യാവുമായിരുന്നു അദ്ദേഹം സ്വന്തം മൌനം ഭേദിച്ചു മടങ്ങിയെത്തിയത്. വിഷാദഛായകലര്‍ന്നൊരു പ്രണയാഖ്യാനം. എം.ടി.യിലും മറ്റും നമ്മള്‍ വായിക്കുന്ന പ്രണയാനുഭവത്തില്‍ നിന്നും ഇത് വ്യത്യസ്തമാകുന്നു. എം.ടി.യില്‍ ചിലപ്പോഴെങ്കിലും അതു വശ്യതയുടെ അംശം പേറുമ്പോള്‍ എന്‍.മോഹനനില്‍ പ്രണയം വിഷാദഛായ കലര്‍ന്ന സൌന്ദര്യാനുഭവമായി മാറുന്നു.കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും സാധാരണമട്ടില്‍ പറയപ്പെടുന്ന ഒരു പ്രണയാനുഭവത്തിനുമപ്പുറം പലപ്പോഴും സങ്കടങ്ങളുടെ സ്വരാഖ്യാനങ്ങളായി മാറുന്നു.
1996-ലാണ് അദ്ദേഹത്തിന്റെ 'ഇന്നലത്തെ മഴ'യെന്ന നോവല്‍ നമുക്കു ലഭിക്കുന്നത്. വിഖ്യാതമായ പറയിപെറ്റ പന്തിരുകുലത്തിന്റെ ഐതിഹ്യത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവല്‍ . അദ്ദേഹത്തിന്റെ അമ്മ ലളിതാംബികാ അന്തര്‍ജ്ജം എഴുതിയ പഞ്ചമി എന്ന ചെറു കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പി. ഭാസ്ക്കരന്റെ സ്ഹേപൂര്‍ണമായ നിര്‍ബന്ധപ്രകാരം എഴുതിയ നോവല്‍ .
പറയിപെറ്റ പന്തിരുകുലത്തിലെ ജ്ഞാനിയായ വരരുചിയുടെ യാത്രകളുടെ കഥകള്‍ക്കിടയില്‍ ശക്തമായ സ്ഥാനം നേടുന്ന പഞ്ചമിയെന്ന കഥാപാത്രം. വര്‍ത്തമാകാല സാഹചര്യത്തില്‍ കൂടുതല്‍ പഠനവും ശ്രദ്ധയും ആവശ്യപ്പെടുകയാണ്. സ്ത്രീയുടെ കരുത്തിന്റെയും ബുദ്ധിയുടെയുംപ്രതീകമായി ആ നോവലില്‍ നിറഞ്ഞു നില്‍ക്കുന്ന പഞ്ചമിയെന്ന അനശ്വരകഥാപാത്രം, പുരാവൃത്തത്തിന്റെ അന്തര്‍ഗതങ്ങളിലേക്കുള്ള എഴുത്തുകാരന്റെ മൌനത്തില്‍ പുര്‍വായിക്കപ്പെടുകയാണ്.
ശീര്‍ഷകത്തിലെ സൂചന അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനും പൂര്‍ണമായി ഇണങ്ങുന്ന ഒന്നാണ്. എഴുത്തു ജീവിതവും വ്യക്തിജീവിതവും ഒരുപോലെ ആഭിജാതമായിരിക്കുക എന്ന അപൂര്‍വ്വതയും അദ്ദേഹത്തിനവകാശപ്പെട്ടതാണ്. എഴുത്തിലുടനീളം കാത്തു സൂക്ഷിച്ചിരുന്ന സര്‍ഗാത്മകമായ ഒരു അതിര്‍വരമ്പാണ് അദ്ദേഹത്തിന്റെ എഴുത്തിന്റെ കരുത്തും പരിമിതിയും. അതിര്‍ത്തി പാലിക്കുക ; അത് എഴുത്തിലായാലും ജീവിതത്തിലായാലും, അത്ര എളുപ്പമല്ല. അതിര്‍ത്തികള്‍ ലംഘിക്കുക എന്നതായിരുന്നില്ല എന്‍.മോഹനന്‍ എന്ന എഴുത്തുകാരന്റെ നിര്‍മിതിയുടെ പ്രത്യേകത. മറിച്ച് എഴുത്തില്‍ അദ്ദേഹം കല്‍പ്പിച്ചെടുത്ത ചില അതിര്‍ത്തികള്‍ ഉണ്ടായിരുന്നു. അതുകൊണ്ടതന്നെ അദ്ദേഹത്തിന്റെ ധൌഷണിക ജീവിതം ഒരിക്കലും ധൂര്‍ത്തടിക്കപ്പെട്ടുമില്ല. എഴുത്തിലും ജീവിതത്തിലും പുലര്‍ത്തിയ ആഭിജാത ഗൌരവവും വ്യക്തി ജീവിതത്തിലും സൌഹൃദങ്ങളിലും പാലിച്ച ഹൃദയ നൈര്‍മ്മല്യവും അദ്ദേഹത്തിന്റെ അസാന്നിധ്യം നമുക്കിടയില്‍ ഇപ്പോഴും ശ്യൂന്യത നിറയ്ക്കുന്നു.