Yacob Parayil

വര്‍ഗീയതയും ചരിത്രപൈതൃകവും : റൊമിലാ ഥാപ്പര്‍

ഇന്ത്യയിലും വിദേശത്തും പ്രസിദ്ധിനേടിയ ആധുനിക ഭാരതീയ ചരിത്ര ശാസ്ത്രജ്ഞരില്‍ പ്രമുഖയാണ് ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ പ്രൊഫസറായിരുന്ന റൊമില ഥാപ്പര്‍. മതനിരപേക്ഷതയോടും ജനാധിപത്യത്തോടും ഥാപ്പര്‍ക്കുള്ള പ്രതിജ്ഞാബദ്ധത അവരുടെ കൃതികളില്‍ വ്യക്തമാണ്. വര്‍ഗ്ഗീയവാദികളും ഫാസിസ്റ് ഭീകരരും നടത്തുന്ന ചരിത്ര ദുര്‍വ്യാഖ്യാനങ്ങളെ അനിഷേധ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നേരിടുന്നതില്‍ ഥാപ്പര്‍ക്കുള്ള കഴിവ് അസൂയവഹമാണ്.

വര്‍ഗീയതയും ചരിത്രപൈതൃകവും എന്ന ഥാപ്പറുടെ ലേഖന സമാഹാരം, ഇന്ത്യാചരിത്ര രചനയും വര്‍ഗീയ രാഷ്ട്രീയവും വളര്‍ന്ന് ശക്തിപ്പെടുന്നതിന്റെ അപകടകരമായ പ്രത്യാഘാതങ്ങള്‍ വസ്തുനിഷ്ടമായി വിലയിരുത്തുന്നു. ഓറിയന്റലിസ്റുകളും യൂട്ടിലിസ്റുകളും ഇന്തോളിസ്റുകളും ദേശിയവാദികളും ഇന്ത്യാ ചരിത്രത്തെ കുറിച്ച് പുലര്‍ത്തിയ വികല ചരിത്ര സങ്കല്‍പ്പങ്ങളും അത്തരം സങ്കല്‍പ്പങ്ങള്‍ പിന്‍ക്കാലത്ത് വര്‍ഗീയ രാഷ്ട്രീയത്തിനു വളമാകുന്നതും ഥാപ്പര്‍ തന്റെ ലേഖന സമാഹാരത്തിലൂടെ സമഗ്രമായി അപഗ്രഥിക്കുന്നു.

ഇന്ത്യാ ചരിത്ര രചനയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ ചരിത്രകാരന്മാരില്‍ പ്രമുഖനാണ് ജെയിംസ് മില്‍. ഇന്ത്യയുടെ ആദ്യത്തെ അംഗീകൃത ചരിത്രം ജെയിംസ് മില്ലിന്റേതായിരുന്നു. മില്‍ രചിച്ച 'ബ്രിട്ടീഷ് ഇന്ത്യാ ചരിത്രത്തിന്റെ പല സിദ്ധാന്തങ്ങളും സങ്കല്‍പ്പങ്ങളും ഇന്ത്യാ ചരിത്രത്തെക്കുറിച്ചുള്ള ഉപരിപ്ളവമായ ധാരണകളുടെ അടിസ്ഥാനത്തിലായിരുന്നു. പില്‍ക്കാലത്ത് വര്‍ഗീയ ഫാസിസ്റുകള്‍ ഇന്ത്യാ ചരിത്രത്തിന് വര്‍ഗീയ വ്യാഖ്യാനം നല്‍കുന്നതിന് അടിത്തറ പാകിയത് മില്ലിന്റെ വികല ചരിത്രസങ്കല്‍പ്പമായിരുന്നു. ഇന്ത്യാ ചരിത്രത്തെ ഹിന്ദു സംസ്ക്കാരം, മുസ്ളീം സംസ്ക്കാരം, ബ്രിട്ടീഷ് സംസ്ക്കാരം എന്നിങ്ങനെയുള്ള മൂന്ന് വ്യത്യസ്ഥ കാലഘട്ടങ്ങളിലായി വിഭജിക്കുന്ന രീതി വളര്‍ത്തിയെടുത്തത് ജെയിംസ് മില്ലായിരുന്നു. പിന്നീട് ഇന്ത്യാ ചരിത്രമെഴുതിയവര്‍ ഈ നിലപാടിനെ യുക്തിസഹമായി വിലയിരുത്തുന്നതിനു ശ്രമിച്ചില്ലെന്നു മാത്രമല്ല മില്ലിന്റെ കാലനിര്‍ണ്ണയം ഒരു വിശ്വാസ പ്രമാണമായി സ്വീകരിക്കുകയാണുണ്ടായത്. മതവിശ്വാസങ്ങളുടെ അടിസ്ഥാനത്തിലുള്ള കാലഗണനാക്രമം ചരിത്രത്തിന്റെ വര്‍ഗീയതക്ക് കാരണമാകുമെന്ന് വാദിച്ച ചില ചരിത്രകാരന്‍മാര്‍ കാലഘട്ടങ്ങള്‍ക്ക് പ്രാചീനകാലം, മധ്യകാലം, ആധുനിക കാലം എന്നീ പേരുകള്‍ നല്‍കിയെങ്കിലും, പ്രാചീനകാലം ഹിന്ദുക്കളുടെയും മധ്യകാലം മുസ്ളീങ്ങളുടെയുമായിരുന്നു.

വര്‍ഗീയതയെയും ചരിത്രപൈതൃകത്തെയും കുറിച്ചുള്ള ഏതൊരു ചര്‍ച്ചയും ആരംഭിക്കുന്നത് കാലഗണനാക്രമത്തെ കുറിച്ചുള്ള ചോദ്യങ്ങളുമായാണ്. പന്തൊമ്പതാം നൂറ്റാണ്ടു മുതല്‍ ചരിത്ര രചനയില്‍ വ്യാപകമായി ഉപയോഗിച്ചുവന്ന ഹിന്ദു മുസ്ളീം ബ്രിട്ടീഷ് കാലഘട്ടം ദേശീയവാദികളും വര്‍ഗീയ ഫാസിസ്റുകളും ഫലപ്രദമായി ഉപയോഗിക്കുകയും ചരിത്രത്തില്‍ വര്‍ഗീയ വിശകലനത്തിന് അടിത്തറയാകുകയും ചെയ്തു. പ്രാചീന കാലം ഭാരതീയ സംസ്കാരത്തിന്റെ സുവര്‍ണ്ണ കാലമായിരുന്നു എന്നും മുസ്ളീങ്ങളുടെ ആക്രമണത്തില്‍ ആ സംസ്കാരം തകര്‍ക്കപ്പെട്ടെന്നും വാദിക്കപ്പെട്ടു. ഭാരതീയ സംസ്കാരത്തിന്റെ ധ്വംസനമായിരുന്നു മുസ്ളീം ഭരണാധികാരികളുടെ ലക്ഷ്യമെന്ന് വ്യാഖ്യാനിക്കപ്പെട്ടു. ഇന്ത്യയിലെ പ്രാദേശീക ഭരണാധികാരികള്‍ തമ്മില്‍ നടന്ന സംഘട്ടനങ്ങള്‍ വഴിയായി ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടപ്പോള്‍. അതിനെ മുസ്ളീം സമുദായത്തിന്റെ അക്രമണമായി ചിത്രീകരികരിച്ചു. മുസ്ളീം ഭരണാധികാരികള്‍ക്കെതിരെ പോരാടിയ രാജക്കന്മാരും നാടുവാഴികളും വിരപുരുഷന്മാരായി അവരോധിക്കപ്പെട്ടു. മാധ്യകാലഘട്ടത്തില്‍ മുസ്ളീങ്ങളും ഹിന്ദുക്കളുമായ ജനങ്ങള്‍ പൊതുവെ രമ്യതയില്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് യഥാര്‍ത്ഥ ചരിത്രം. ഭാഷ, ജാതി, മതം, ഗോത്രം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വൈവിധ്യങ്ങള്‍ക്കിടയിലും ഇന്ത്യന്‍ ജനത സ്വരചേര്‍ച്ചയിലാണ് കഴിഞ്ഞുവന്നത്. ഏതാനും അപവാദം ഉണ്ടായിരുന്നുവെങ്കിലും മധ്യയുഗത്തിലെ ഭക്തി പ്രസ്ഥാനകാലഘട്ടം മുതല്‍ സ്വതന്ത്ര പ്രാപ്തിവരെ ഇന്ത്യന്‍ ജനത ഐക്യം കാത്തുവന്നിരുന്നു. മതപരമായ സംവാദങ്ങളിലും അവര്‍ ഏര്‍പെട്ടിരുന്നു. മുസ്ളീം ഭരണാധികാരികളുടെ കീഴില്‍ നിരവധി ഹിന്ദുക്കള്‍ പ്രവര്‍ത്തിച്ചതായി തെളിവുകളുണ്ട്. എന്നാല്‍ വര്‍ഗീയ ചരിത്രകാരന്മാരും മതരാഷ്ട്രീയക്കാരും അത്തരം കാര്യങ്ങളെ ബോധപൂര്‍വ്വം തിരസ്കരിച്ചു. അങ്ങനെ ഹിന്ദു വര്‍ഗീയവാദികള്‍ പ്രാചിന കാലത്ത് നിലനിന്നിരുന്നുവെന്ന് പറയപ്പെടുന്ന ആദര്‍ശസുന്ദരമായ സങ്കല്‍പ്പരൂപം ഉയര്‍ത്തിപ്പിടിക്കുന്നതിന് ശ്രമിക്കുകയും ഇന്ത്യക്കു സംഭവിച്ച ദുരന്തങ്ങള്‍ക്കെല്ലാം കാരണം മുസ്ളീങ്ങളുടെ ആക്രമണമാണെന്ന് ആക്ഷേപിക്കുകയും ചെയ്യുന്നു.

പ്രാചീനഭാരത സംസ്കാരം എന്നതുകൊണ്ട് അന്നത്തെ ദേശീയ വാദികളും ചരിത്രകാരന്മാരും അര്‍ത്ഥമാക്കിയത് ആര്യ സംസ്കാരത്തെയും ഹിന്ദുധര്‍മ്മത്തെയുമായിരുന്നു. ആര്യന്‍ മിത്തിന്റെ ഉത്ഭവത്തെയും വളര്‍ച്ചയെക്കുറിച്ചും ഥാപ്പര്‍ വിശദമായിത്തന്നെ പ്രദിപാതിക്കുന്നുണ്ട്. ഹിന്ദു ഭൂതകാല ചരിത്രത്തിന്റെ കല്‍പ്പിത കഥാ നിര്‍മ്മിതിക്ക് പൂര്‍വ്വ സംസ്കൃതികളുടെ ദ്രാവിഡത്തനിമ നിഷേധിച്ചുകൊണ്ട് അവയെ ആര്യവല്‍ക്കരിക്കുക എന്ന രീതിയാണ് ഹൈന്ദവ ദേശീയവാദികളും ഹിന്ദു ഫാസിസ്റുകളും ചെയ്യുന്നത്. ചരിത്രത്തിന്റെ ഭൂതകാല ഭൂമികയെ നിഷേധിച്ചുകൊണ്ടാണ് ആര്യന്മിത്ത് ഉടലെടുക്കുന്നത്. ഹിന്ദു ദേശീയവാദികളെ സംബന്ധിച്ച് ഹിന്ദു എന്ന ശബ്ദം ആര്യന്‍ എന്ന ശബ്ദത്തിന്റെ പര്യായമാണ്. ഇന്ത്യയാണ് ആര്യന്മാരുടെ ജന്മസ്ഥാനം. ഭാരതീയ സംസ്കാരമെന്നത് ആര്യപാരമ്പര്യവും ഹിന്ദു പാരമ്പര്യവുമാണ്. തനി സ്വദേശി ഹിന്ദുക്കള്‍ ആര്യന്മാരാണെന്നും അവര്‍ തന്നെയാണ് ഹിന്ദുരാഷ്ട്രമെന്നും അവരാണ് ഭാരത്തിന്റെ യഥാര്‍ത്ഥ അവകാശികളെന്നും ഹിന്ദു ദേശിയവാദികള്‍ വാദിച്ചു. വര്‍ഗീയ ചരിത്രരചനയെ ആധാരമാക്കിയുള്ള ഭൂതകാല നിര്‍വചനം, അതായത് ഇന്ത്യാ ചരിത്രത്തെ ഹിന്ദുമതത്തിന്റെ ആധീപത്യകാലമായ പ്രാചീന കാലത്തിന്റെ മഹനീയതയെ അടിസ്ഥാനമാക്കി കാണണമെന്നും മാധ്യകാലത്ത് ഇസ്ളാമിന്റെ കീഴില്‍ അധപതിച്ചുവെന്നുമുള്ള സമീപനം ഹിന്ദു വര്‍ഗീയ വാദികളുടെ ലളിത വീക്ഷണമായി ഇന്നും തുടരുന്നു. ഇങ്ങനെ മധ്യകാലത്തെ അധപതനത്തിന്റെ കാലമായി ചിത്രീകരിക്കുക വഴി വൈചിത്രമുള്ള ഇന്ത്യന്‍ സംസ്കാരത്തെ എതിര്‍വാദം അംഗീകരിക്കാത്ത വിശ്വാസ പ്രമാണമായി മാറ്റനാണ് ശ്രമം. ഹിന്ദുക്കള്‍ക്ക് വെളിയിലുള്ളവരെ ശത്രുക്കളായി കണക്കാക്കി ബഹുവര്‍ണ്ണ വൈചിത്രമുള്ള ഇന്ത്യന്‍ സംസ്കാരത്തിന്റെ സ്ഥാനത്ത് ഏകശിലാസ്തംഭ മാതൃക പ്രതിഷ്ഠിക്കുക എന്നാണ് ആര്‍ത്ഥമാക്കേണ്ടത്.

ആര്യവംശത്തിന്റെയും ഹിന്ദു പാരമ്പര്യത്തിന്റെയും വാദങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിന്റെ പിന്നിലെ മറ്റൊരപകടം അത് ഭൂതകാലത്തെ പ്രേതങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരുന്നു എന്നതാണ്. മുമ്പു നടന്ന സംഘട്ടനങ്ങള്‍ക്ക് ഇന്ന് പകരം ചോദിക്കണമെന്നാണ് മതരാഷ്ട്രീയക്കാര്‍ വാദിക്കുന്നത്. ഇങ്ങനെ ചരിത്രത്തില്‍ മതത്തിന്റെയും പാരമ്പര്യത്തിന്റെയും മാരകമായ കീടനാശിനി കലര്‍ത്തുക വഴി വിവിധ സമുദായങ്ങള്‍ ഇടകലര്‍ന്നു ജീവിക്കുന്ന ഇന്ത്യയില്‍ വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന കുടില തന്ത്രമാണ് നടക്കുന്നത്.

ഇന്ത്യ ആര്യരുടെ ആദിമ ജന്മസ്ഥാനമായിരുന്നു എന്നും ആര്യരുടെ ഗതാകാല പ്രഭാവമാണ് ഇന്ത്യയുടെ മഹത്വത്തിനു നിദാനമെന്നും മറ്റുമുള്ള ചരിത്ര സാധുതയില്ലാത്ത അവകാശവാദങ്ങളെ അനിഷേധ്യമായ തെളിവുകള്‍ നിരത്തി ഥാപ്പര്‍ തിരസ്ക്കരിക്കുന്നു. ആര്യന്‍ എന്നൊരു വംശമേ ഇല്ലന്നു ആര്യഭാഷ സംസാരിക്കുന്നവര്‍ മാത്രമായിരുന്നു അവരെന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഥാപ്പര്‍ സ്ഥിരികരിക്കുന്നത്. അങ്ങനെ ചരിത്രത്തെ സമഗ്രാധിപത്യത്തിനും ഫാസിസത്തിനും വേണ്ടി ദുരുപയോഗപ്പെടുത്തുന്നവര്‍ക്കെതിരെ ചരിത്രത്തെ ജനാധിപത്യത്തിനും മതനിരപേക്ഷതക്കും വേണ്ടി ഉപയോഗിക്കുകയാണ് 'വര്‍ഗീയതയും ചരിത്രപൈതൃകവും' എന്ന ലേഖന സമാഹാരത്തിലൂടെ റൊമില ഥാപ്പര്‍ ചെയ്യുന്നത്.

വര്‍ഗീയ ഫാസിസത്തിന്റെ കാര്‍മേഘങ്ങള്‍ നമ്മുടെ സമസ്ത മേഖലകളെയും ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യം അശുഭ സൂചകമാണ്. ആധുനിക ഭാരതത്തിന്റെ അടിത്തറതന്നെ ഇന്ന് ഗുരുതമായ ഭീക്ഷണി നേരിടുകയാണ്. മുരത്ത അസഹിഷ്ണുതയാര്‍ന്ന വര്‍ഗീയ ഫാസിസ്റ് സമൂഹമായി ഇന്ത്യയുടെ മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ളിക്കന്‍ സ്വഭാവത്തെ മാറ്റിയെടുക്കാന്‍ ശ്രമം നടക്കുന്നു. ഇന്ത്യയുടെ മതനിരപേക്ഷതയും ജനാധിപത്യവും കനത്ത വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തെ തുറന്നെതിര്‍ക്കണമെങ്കില്‍ ഇന്ത്യന്‍ സമൂഹത്തെയും സംസ്ക്കാരത്തെയും കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാക്കേണ്ടതാവശ്യമാണ്. ഈ സാഹചര്യത്തിലാണ് ഥാപ്പറുടെ 'വര്‍ഗീയതയും ചരിത്ര പൈതൃകവും' എന്ന ലേഖനസമാഹാരം ശ്രദ്ധേയമാകുന്നത്.