Siju Sardram

സാന്ത്വനമായ് നേര്‍രേഖ

എങ്ങോട്ടാ മാമ്മന്‍ പോണേ..

ബാഗുമായിറങ്ങുമ്പോള്‍ പെങ്ങളുടെ മോള്‍ ചോദിച്ച ചോദ്യം ഓര്‍ക്കുന്നു

സാധാരണ ചോദിക്കാറുള്ള ഒരു ചോദ്യം മാത്രം

കാസര്‍കോട്ടേക്ക് . അടുത്ത ചോദ്യം ഉടനെ വന്നു

ആരെ കാണാനാ അവിടെ നിന്നെപ്പോലുള്ള ഒരുപാടു കുട്ടികളുണ്ട് , അവരെക്കാണാന്‍.

കാറിലേക്ക് കയറുമ്പോള്‍ പ്രിയപ്പെട്ട നാല് സഖാക്കളും ഒപ്പം ഉണ്ട്. എന്‍ഡോസള്‍ഫാന്‍ പെയ്തിറങ്ങിയ കാസര്‍കോട്ടെ ഗ്രാമങ്ങളിലേക്കുള്ള യാത്ര തുടങ്ങുകയായിരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ചിതറി കിടക്കുന്ന പുരോഗമന ചിന്താഗതിക്കാരെ കൂട്ടി ചേര്‍ത്ത് ആരംഭിച്ച ഫേസ്ബുക്ക്‌ കൂട്ടായ്മ നേര്‍രേഖ സംഘടിപ്പിക്കുന്ന എന്‍ഡോസള്‍ഫാന്‍ദുരിതഭൂവിലെക്കൊരു സാന്ത്വനയാത്ര എന്ന പരിപാടിയില്‍ പങ്കെടുക്കുക എന്നതായിരുന്നു ലക്‌ഷ്യം..മഞ്ചേരിയില്‍ നിന്നും ഉച്ചക്ക് യാത്ര തുടങ്ങുമ്പോള്‍ മഴയും ഞങ്ങള്‍ക്കൊപ്പം കൂടി.

കോഴിക്കോടും കണ്ണൂരും പിന്നിട്ടിരിക്കുന്നു പാതിരാത്രി ഒന്നരയോടെ കാസര്‍കോടെത്തിയിരിക്കുന്നു. ലക്ഷ്യത്തിന്റെ മഹത്വത്തെക്കുറിച്ചുള്ള ഉത്തമബോദ്യമാകാം ദീര്‍ഘ യാത്രയുടെ ആലസ്യം ആരെയും അലട്ടിയതേയില്ല . വാര്‍ത്തകളില്‍ മാത്രം വായിച്ചറിഞ്ഞിരുന്ന ഒന്നായിയിരുന്നു എന്‍ഡോസള്‍ഫാനും അനുബന്ധ വിഷയങ്ങളും. അതു കൊണ്ട് തന്നെ അടുത്ത ദിവസത്തെ അനുഭവങ്ങള്‍ എങ്ങനെയാകുമെന്നത് ആശങ്കപ്പെടുത്താതിരുന്നില്ല .

രാത്രി പെയ്ത മഴ പുലര്‍ച്ചയും തുടരുമെന്നു കരുതിയിരുന്നെങ്കിലും പകലിന്റെയാകാശം തെളിഞ്ഞു തന്നെ കിടന്നു. ഫേസ്ബുക്കിലെ ഡിജിറ്റല്‍ സൌഹൃദങ്ങളിലെ പലരേയും അവിടെ നേരില്‍ കാണാനായി. പോരാട്ട ഭൂവില്‍ ഇടതുപക്ഷ പുരോഗമന ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരുപാടു സുഹൃത്തുക്കളെ നേരില്‍ കണ്ടപ്പോളുണ്ടായ ആവേശം എഴുത്തിനെപ്പോലും തടസം ചെയ്തെന്നു സൂചിപ്പിക്കുന്നതില്‍ അശേഷം അതിശയോക്തിയില്ല.

സാന്ത്വനയാത്ര ആരംഭിച്ചത് കാസര്‍കോട് അങ്ങാടിയിലെ ഒരു ചെറിയൊരു ഒത്തുചേരല്‍ കേന്ദ്രത്തില്‍ നിന്നായിരുന്നു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കിയ പ്രമുഖര്‍ പരിപാടിയിലേക്കെത്തി .കാസര്‍ഗോഡ്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ. പി പി ശ്യാമള ദേവി, എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരങ്ങളിലെ സജീവ സാന്നിധ്യമായ ഡോ. മുഹമ്മദ്‌ അഷീല്‍, എം എ റഹ്മാന്‍, മുള്ളിയാര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ഭവാനി നേര്‍രേഖയുടെ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന പ്രമുഖ ചരിത്രകാരന്‍ പ്രൊഫ. സി പി അബൂബേക്കര്‍ , സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ: സി എച്ച് കുഞ്ഞമ്പു, പയ്യന്നൂര്‍ കുഞ്ഞിരാമന്‍ തുടങ്ങി ദുരുതബാധിതരുടെ പക്ഷം, ഹൃദയം ചേര്‍ത്തവര്‍ . അവരുടെ അനുഭവങ്ങളിലൂടെ എന്റോസള്‍ഫാന്‍ ജീവിതത്തെ എത്രത്തോളം ദുസ്സഹമാക്കുന്നുവെന്ന രൂപരേഖ തെളിഞ്ഞു വന്നു. അവര്‍ ഇരകളല്ല മറിച്ച് പോരാളികളാണെന്ന സാമൂഹ്യബോധം ഏവരിലും ഉരുവം ചെയ്തു.

എന്‍ഡോസള്‍ഫാന്‍ ഇരയായ കുഞ്ഞുങ്ങളുടെ അമ്മമാരുടെ അനിശ്ചിതകാല നിരാഹാര സമരപ്പന്തല്‍ സന്ദര്‍ശിക്കുക എന്നതായിരുന്നു യാത്രോദ്ദേശങ്ങളില്‍ പ്രധാനം. പക്ഷെ തൊട്ടു തലേ ദിവസം പോലിസ് അതു പൊളിച്ചു നീക്കിയിരുന്നു. ഭരണകൂടം അങ്ങിനെയാണ് . ജനകീയ സമരങ്ങളെ അവര്‍ ഭയന്നുകൊണ്ടേയിരിക്കും. ഇനിയുള്ള യാത്ര ദുരിതം ഏറ്റവുമധികം ബാധിച്ച മൂളിയാര്‍ പഞ്ചായത്തിലേക്കാണ്. ആദ്യമെത്തിയത്‌ ഒരു സക്കൂളിലേക്കാണ്. സ്കൂള്‍ എന്ന സങ്കല്‍പ്പം നമുക്കു മറക്കാം. ഇത് എന്‍ഡോസള്‍ഫാന്‍ പോരാളികളായ കുട്ടികള്‍ പഠിക്കുന്ന ഒരു സ്കൂള്‍ ആണ് . സ്കൂള്‍ ഒരു സ്കൂളിലേക്ക് നമ്മള്‍ കയറി ചെല്ലുംബോലും നമുക്ക് കിട്ടാത്ത സ്വീകരണം ആയിരുന്നു അവിടെ നിന്നും ഞങ്ങള്‍ക്ക് കിട്ടിയത് പുലികളിയും..വാമനന്‍ - മഹാബലി വേഷങ്ങള്‍ അണിഞ്ഞും സ്വാഗതഗാനം പാടിയാണ് ചുറുചുറുക്കോടെ ബഡ്സ് സ്കൂളിലെ കൂട്ടുകാര്‍ ഞങ്ങളെ എതിരേറ്റത് . മിഠായിയും ബലൂണുകളും സമ്മാനിച്ച് വര്‍ണ്ണങ്ങള്‍ വാരിവിതറി ഞങ്ങളും അവരാകുകയായിരുന്നു.

അതുവരെ ചിരിച്ചും അനുഭവങ്ങള്‍ പങ്കു വെച്ചും വന്നിരുന്ന നേര്‍രേഖകൂട്ടം ആ ആവേശം ദുരിതബാധിതരായ കുട്ടികള്‍ക്കും പകര്‍ന്നു നല്‍കി അവരുടെ വിഷമങ്ങളിലും ദുഖങ്ങളിലും പങ്കാളികളാകുകയായിരുന്നു. പിന്നീട് നടന്ന നാടന്‍ പാട്ട് സദസ്സില്‍ അവര്‍ക്കൊപ്പം മതി മറന്നു പാടി ചുവടു വച്ച് ബാല്യത്തിന്റെ നിഷ്കളങ്കതകളിലേക്ക് അതിവേഗം മടങ്ങി . ഒപ്പമുണ്ടാകുമെന്ന സ്നേഹവാക്കോടെ ഓണസദ്യയും ഇരുജോടി ഓണ യൂണിഫോമുകളും സമ്മാനിച്ചു. അവരുടെ വേദനകളിലേക്ക് നേര്‍രേഖ സ്വരുക്കൂട്ടിയ ചെറുതുകള്‍ പരിമിതമെങ്കിലും അതിനുപിന്നില്‍ നേര്‍രേഖക്കൂട്ടുകാര്‍ ചേര്‍ത്തുവെച്ച അധ്വാനത്തിനത്തിന്റെ ഉപ്പ് ഏതുവിധ താരതമ്യങ്ങള്‍ക്കും അതീതമായിരിക്കും.

ഫേസ്‌ ബുക്കിലെ ആയിരങ്ങള്‍ വരുന്ന നേര്‍രേഖകരെ പ്രതിനിധീകരിച്ച് രെജിത്ത് കാടകം, സുനില്‍ ശാന്തിനഗര്‍, നന്ദു കണ്ണൂര്‍, നിധീഷ് ഇരിയാന്നി, ശ്രീനി, അനില്‍ പാലൂര് , ജവഹര്‍ സാര്‍ദ്രം, അനില്‍ പള്ളൂര്‍, ഷാജു ഇട്ടോള്‍, ഷാനവാസ് താജുദ്ദീന്‍, നന്ദു കണ്ണൂര്‍, സൈജാല്‍ മൊഹമ്മദ്‌, അരുണ്‍ എ എസ്, പ്രമോദ് ലാല്‍സലാം , പ്രശോഭ് കൃഷ്ണന്‍,  ജിജേഷ് എ കെ, സിന്ധു ജ്യോതി, സിന്ധു പനയാല്‍, നിധീഷ് ഇരിയാണി, പ്രണവ് പത്മനാഭന്‍, ശ്രീനി യാ, റനീഷ് സാര്‍ദ്രം തുടങ്ങി നിരവധിയായ സുഹൃത്തുക്കള്‍ സാന്ത്വന യാത്രക്കു നേതൃത്വം നല്‍കി. അനില്‍ കാസര്‍ഗോഡ്‌, രഘുനാഥ് കടവന്നൂര്‍, രജിത് ചന്ദ്രന്‍,മാര്‍ട്ടിന്‍ ക്രിസ്റ്റി , ഗുരുദാസ് ഉത്തമന്‍,സാദിഖ് വി എച്ച്, എന്നിവര്‍ ഓണ്‍ലൈന്‍വഴി നടത്തിയ പ്രവര്‍ത്തനങ്ങളും സവിശേഷ പരാമര്‍ശമര്‍ഹിക്കുന്നു. ജിഷ എലിസബത്ത് , രഘുനാഥ് കടവന്നൂര്‍, ദീപു എസ് സി എന്നിവര്‍ നടത്തിയ ഇടപെടലുകള്‍ ശ്ലാഖനീയമാണ് . സാന്ത്വന യാത്രയെ അകലത്തു നിന്നും അരികെ നിന്നും അക്ഷരാ ര്‍ ഥ ത്തില്‍ അര്‍ത്ഥപൂര്‍ണ്ണമാക്കിയ അനവധി സുഹൃത്തുക്കള്‍ ഉണ്ട് . അവരുടെയെല്ലാം പേരുകള്‍ പ്രയത്നം താരതമ്യങ്ങള്‍ക്കതീതമാണ്.

ഇരിയാണിയിലെ രഹനയും ബോവിക്കാനത്തെ കാദറും കബീറും അങ്ങിനെ ഒരുപാടു കുഞ്ഞുങ്ങളും ഓണ മധുരത്തിലെ വേദനകളാണ് ; ഞങ്ങളുടെ കണ്ണീരാല്‍ രൂപം കൊണ്ടത്. ക്യാമറയുമായി സജീവമായിരുന്ന അജയേട്ടന്‍ സ്തബ്ദനായി നില്‍ക്കുകയാണ്. ഏട്ടന്‍ എല്ലാവരോടുമായി പറഞ്ഞു "എങ്ങനെ എടുക്കും ഫോട്ടോ ആരെ കാണിക്കാന്‍ എനിക്ക് വയ്യ" ആര്‍ക്കു വേണ്ടിയാണ് ഈ കുട്ടികള്‍ അഭവിക്കുനത്..

ഇവരെ സഹായിക്കേണ്ട സര്‍ക്കാര്‍ ഇപ്പോഴുള്ള സഹായങ്ങള്‍ പോലും വെട്ടി ചുരുക്കി അവരെ ദ്രോഹിക്കുന്നു പ്രതിഷേധങ്ങള്‍ നേര്‍ത്ത് നേര്‍ത്ത് വരുമെന്ന്‍ ഭരണകൂടം സ്വപ്നം കാണുന്നു..അത് വെറും ദിവാസ്വപ്നമാകും എന്നുറപ്പ്. മടക്കം, ഘനീഭവിച്ച ചിന്തകളുടേതായിരുന്നു.. ചില്ലു ജാലകത്തിനപ്പുറം ചിറകു കരിഞൊരു കുഞ്ഞു ശലഭം ചിറകടിക്കുന്നു .. ചാറ്റലില്‍ അതിനു വേദനിക്കുന്നുണ്ടാകും .. വേദനിക്കുന്നുണ്ടാകും.. വേദനിക്കുന്നുണ്ടാകും..

https://www.facebook.com/groups/nerrekha/