എന്താണ് വുഹാന്‍കൊറോണ വൈറസ് (2019-nCoV)
2019 ഡിസംബറില്‍, ചൈനയില്‍ പുതുതായി തിരിച്ചറിഞ്ഞ വുഹാന്‍കൊറോണ വൈറസ് ഇപ്പോള്‍ 28 രാജ്യങ്ങളില്‍ കൂടി പകര്‍ന്നിരിക്കുന്നു. 2019-nCoV എന്ന് വിളിക്കുന്ന ഈ പുതിയ കൊറോണ വൈറസിനെക്കുറിച്ച് അതീവ ജാഗ്രത ആണ് നിലനില്‍ക്കുന്നത്. 2020 ഫെബ്രുവരി 11 ന്, ലോകാരോഗ്യ സംഘടന (WHO) ഈ പുതിയ കൊറോണ വൈറസ് മൂലമുണ്ടാകുന്ന രോഗത്തിന് COVID-19 എന്ന ഔദ്യോഗിക നാമം പ്രഖ്യാപിച്ചു. വൈറസിന്റെ പുതിയ പേര് പ്രസിദ്ധീകരിച്ചതുമുതല്‍ സമ്മിശ്ര സ്വീകരണമാണ് ലോകമാകമാനം ഉള്ളത്.
കൊറോണ വൈറസുകളുടെ ആവിര്‍ഭാവം
കൊറോണ വൈറസുകള്‍ ആദ്യമായി തിരിച്ചറിഞ്ഞത് 1960 കളിലാണ്. ഇവ മൃഗങ്ങളിലും പക്ഷികളിലും കാണപ്പെടുന്ന വൈറസുകളുടെ ഒരു വലിയ കൂട്ടമാണ്. കൊറോണ വൈറസിന് അതിന്റെ ഉപരിതലത്തിലുള്ള കിരീടം പോലുള്ള സ്പൈക്കുകളില്‍ നിന്നാണ് ഈ പേര് ലഭിച്ചത് (കൊറോണ എന്നത് കിരീടത്തിനുള്ള ലാറ്റിന്‍പേരാണ്). അപൂര്‍വ്വമായി, കൊറോണ വൈറസുകള്‍ക്ക് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കാനും കഴിയും. ഇവയില്‍ ചിലത് മനുഷ്യരിലും മൃഗങ്ങളിലും അസുഖമുണ്ടാക്കുന്നു. ഒട്ടകങ്ങള്‍, പൂച്ചകള്‍, വവ്വാലുകള്‍ ഇവയൊക്കെയാണ് ഈ വൈറസുകളുടെ പ്രധാന വാഹകര്‍. മൊത്തം ഏഴ് കൊറോണ വൈറസുകള്‍ മനുഷ്യരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. SARS-CoV, MERS-CoV എന്നിവയാണ് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും അപകടകാരിയായവര്‍.
2002 ല്‍ തെക്കന്‍ചൈനയിലാണ് SARS ന് കാരണമായ SARS-CoV ആദ്യമായി റിപ്പോര്‍ട്ട് ചെയ്‌തത്. 2004 ന് ശേഷം പുതിയ കേസുകളൊന്നും കണ്ടെത്തിയതായി അറിയുന്നില്ല. 2012 ല്‍ സൗദി അറേബ്യയില്‍ ആണ് ആദ്യമായി MERS എന്ന രോഗത്തിന് കാരണമായ MERS-CoV റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ വൈറസ് ബാധിച്ച ഒട്ടകങ്ങളെ സ്പര്‍ശിക്കുന്നതില്‍ നിന്നോ മാംസമോ പാലോ കഴിക്കുന്നതില്‍ നിന്നോ ആയിരിക്കാം ഇവ മനുഷ്യരിലേക്ക് പകരുന്നതെന്ന് കരുതപ്പെടുന്നു. എന്നാല്‍ വുഹാനില്‍ കണ്ടെത്തിയ ഈ പുതിയ വൈറസിന്റെ യഥാര്‍ത്ഥ ഉറവിടം ഏതായിരിക്കും എന്നുള്ള അന്വേഷണത്തിലാണ് ശാസ്ത്രലോകം. ചൈനീസ് പാമ്പുകള്‍ വഴി ഈ വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നിരിക്കാം എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് വവ്വാലുകളില്‍ കാണപ്പെട്ട SARS വൈറസുകളുമായി ഇവയ്ക്കു സാമ്യത ഉണ്ടെന്ന് ഗവേഷണ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, ഓസ്‌ട്രേലിയയിലെ സിഡ്‌നി സര്‍വകലാശാലയിലെ പരിണാമ വൈറോളജിസ്റ്റ് എഡ്‌വേഡ് ഹോംസ് പറയുന്നു. “2019-nCoV വൈറസുമായി അടുത്ത ബന്ധമുള്ള വൈറസുകളെ ഈനാമ്പേച്ചികള്‍ (പാംഗോളിനുകള്‍) വഹിക്കുന്നു”.
പുതിയ ഗവേഷണ ഫലങ്ങള്‍
മൃഗങ്ങളില്‍ നിന്നും മനുഷ്യരില്‍ നിന്നും എടുത്ത കൊറോണ വൈറസുകളുടെ ജനിതക താരതമ്യത്തിന്റെ അടിസ്ഥാനത്തില്‍ സൗത്ത് ചൈന അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരായ ഷെന്‍യോങ്‌യിയും സിയാവോ ലിഹുവയും ഈനാമ്പേച്ചികളെ (പാംഗോളിനുക ളെ) വൈറസിന്റെ സാധ്യതയുള്ള ഉറവിടമായി തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 99% സമാനമായ കൊറോണ വൈറസുകള്‍ പാംഗോളിനുകളിലുണ്ടെന്ന ഈ പുതിയ പഠനങ്ങള്‍ ഈനാമ്പേച്ചികളെ വുഹാന്‍കൊറോണ വൈറസിന്റെ റിസര്‍വോയര്‍ ഹോസ്റ്റുകളാക്കി മാറ്റുന്നു. ഇവയെക്കുറിച്ചുള്ള വിശദമായ പഠനങ്ങള്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതായി ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു. ഈനാമ്പേച്ചികള്‍ അഥവാ പാംഗോളിനുകള്‍ സംരക്ഷിത മൃഗങ്ങളാണ്, പക്ഷേ അനധികൃത കടത്ത് വ്യാപകമാണ്. മാംസത്തിനും ചെതുമ്പലിനും, പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തിലും ഇവ ഉപയോഗിക്കുന്നു. ചര്‍മ്മരോഗങ്ങള്‍, ആര്‍ത്തവ സംബന്ധമായ അസുഖങ്ങള്‍, ആര്‍ത്രൈറ്റിസ് തുടങ്ങിയ അസുഖങ്ങള്‍ക്ക് ഇവ ഫലപ്രദമായി കണ്ടെത്തിയിട്ടുണ്ട്.
ഈ വൈറസിന്റെ പൂര്‍ണ ജനിതക ഘടന വിവരങ്ങള്‍ ഇതിനകം തയ്യാറായിക്കഴിഞ്ഞു. ഇത്തരം വിവരങ്ങള്‍ കൊറോണ ഗവേഷകര്‍ക്ക് ഉപയോഗപ്രദമായ വിവരങ്ങള്‍ ആയേക്കാം. ലഭ്യമായ സീക്വന്‍സുകള്‍ SARS-CoV- യുമായി 89.12 % സാമ്യത കാണിക്കുന്നതായി ശാസ്ത്രലോകം ഇതിനകം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ രോഗത്തിന്റെ തീവ്രതയെക്കുറിച്ചോ വൈറസിന്റെ പകര്‍ച്ചയെകുറിച്ചോ ഇത് കൃത്യമായ ഒരു വിവരവും നല്‍കുന്നില്ല. The Centers for Disease Control and Prevention (CDC) എന്ന സംഘടന ലോകാരോഗ്യ സംഘടനയുമായി പ്രവര്‍ത്തിച്ചു കൊണ്ട് സ്ഥിതിഗതികള്‍ സൂക്ഷ്‌മമായി വിലയിരുത്തുന്നുണ്ട്.
മനുഷ്യരിലേക്ക് എങ്ങനെ പടരുന്നു, ലക്ഷണങ്ങള്‍
കൊറോണ വൈറസുകള്‍ പ്രധാനമായും പകരുന്നത് രോഗബാധയുള്ള സ്രവങ്ങളുമായുള്ള നേരിട്ടുള്ള അല്ലെങ്കില്‍ പരോക്ഷ സമ്പര്‍ക്കമാണ്. രോഗബാധിതരായവരില്‍ നിന്നുള്ള ശ്വാസകോശ സ്രവങ്ങള്‍ക്ക് പുറമേ, രക്തം, മലം, മൂത്രം എന്നിവയില്‍ കൊറോണ വൈറസുകള്‍ കണ്ടെത്തിയിട്ടുണ്ട്. പനി, ജലദോഷം, ശ്വാസതടസം എന്നിവ ഈ പുതിയ കൊറോണ വൈറസിന്റെ പ്രാഥമിക രോഗ ലക്ഷണങ്ങളായി പറയുന്നത്. പിന്നീട് ഇത് ന്യുമോണിയയിലേക്ക് നയിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്ത് മുതല്‍ പതിനഞ്ചു ദിവസമായി കണക്കാക്കുന്നു. ദിവസങ്ങളോളം നിലനില്‍ക്കുന്ന പനി, ചുമ, ജലദോഷം, ശ്വാസതടസം എന്നിവ രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയെ സൂചിപ്പിക്കുന്നു. ഇവ SARS-CoV മൂലമുണ്ടായ രോഗങ്ങള്‍ക്ക് സമാനമാണെന്ന് ദി ലാന്‍സെറ്റ് എന്ന അന്താരാഷ്ട്ര മെഡിക്കല്‍ ജേണലില്‍ ഈയിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു.
രോഗം എങ്ങനെ തടയാം
2019-nCoV ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് എത്ര എളുപ്പത്തില്‍ വ്യാപിക്കുന്നുവെന്ന് ഇതുവരെ വ്യക്തമല്ല. അതുകൊണ്ട് കൊറോണ പടരുന്ന സ്ഥലങ്ങളിലേക്കുള്ള യാത്രകളും കൊറോണ രോഗികളുമായുള്ള സമ്പര്‍ക്കവും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.
നാം പ്രത്യേകമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം വ്യക്തിശുചിത്വം എന്നതാണ്. ആശുപത്രികളുമായോ രോഗികളുമായോ അല്ലെങ്കില്‍ പൊതുയിടത്തിലോ ഇടപഴകിക്കഴിഞ്ഞ ശേഷം കൈകളും മറ്റും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകാന്‍ശ്രദ്ധിക്കുക. ഗ്ലോവ്സ് പോലെയുള്ളവ ശെരിയായ രീതിയില്‍ ഉപയോഗിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല പോലെയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് വായും മൂക്കും മൂടുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
ആശങ്കകള്‍
മനുഷ്യര്‍ക്കിടയില്‍ ഇത്തരം പുതിയ വൈറസുകള്‍ പടരുന്നത് എല്ലായ്പ്പോഴും പൊതുജനാരോഗ്യത്തിന് ഒരു വന്‍ഭീഷണി തന്നെയാണ്. ഈ പകര്‍ച്ചവ്യാധികളില്‍ നിന്നുള്ള അപകടസാധ്യത വൈറസിന്റെ സ്വഭാവ സവിശേഷതകളെയും ആശ്രയിച്ചിരിക്കുന്നു. അവ മനുഷ്യരിലും മൃഗങ്ങളിലും എത്രത്തോളം പടരുന്നു, രോഗത്തിന്റെ തീവ്രത, വൈറസിന്റെ ആഘാതം നിയന്ത്രിക്കാന്‍ലഭ്യമായ മെഡിക്കല്‍ വസ്തുക്കള്‍ (ഉദാഹരണത്തിന്, വാക്സിന്‍ അല്ലെങ്കില്‍ ചികിത്സാ മരുന്നുകള്‍) ഇതൊക്കെ അറിയേണ്ടതുണ്ട്. ഈ വൈറസിനെതിരെ വാക്‌സിനുകളോ, പ്രതിരോധ ചികിത്സയോ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്ന വസ്തുത മനസിലാക്കേണ്ടതുണ്ട്. നിലവിലുള്ള ആന്റിവൈറല്‍ മരുന്നുകളോടുള്ള വൈറസിന്റെ പ്രതിരോധത്തിന്റെ ആവിര്‍ഭാവം ആണ് ഒരു പ്രധാന വെല്ലുവിളിയായി കാണുന്നത്.
നൂതന ശാസ്ത്രശാഖകളുടെ മുന്നേറ്റം
ജൈവവിവര സാങ്കേതിക വിദ്യ ഉപയോഗപെടുത്തിയുള്ള വൈറോളജി പഠനങ്ങള്‍, Drug repositioning (മരുന്നുകളുടെ പുനര്‍നിര്‍മ്മാണം/പുനരുപയോഗം, നിലവിലുള്ള മരുന്നുകളുടെ പുതിയ ഉപയോഗങ്ങള്‍ തിരിച്ചറിയുന്ന പ്രക്രിയ) എന്നിവ ഇത്തരം വൈറസുകള്‍ക്കെതിരെ ഫലപ്രദമായ മരുന്നുകള്‍ കണ്ടെത്തുന്നതിനുള്ള ഒരു തന്ത്രമായി ശാസ്ത്രലോകം കണക്കാക്കുന്നു.