Sreekrishnadas Mathoor

നര

കുറുനിരകളില്‍ നരയുള്ളൊരിഴ

എഴുന്നു നില്‍കുന്നു, ഏതോ

വിളിവിവരമല്ലോ, സ്ലേറ്റില്‍

ചോക്കുനനച്ചെഴുതിയ പോലെ

തെളിഞ്ഞിറങ്ങുന്നു.

 

വെള്ള മായ്ക്കാന്‍ നിന്റെ ചിരി

മഷിത്തണ്ടു വിതയ്ക്കുന്നു.

വിസ്തൃതിയിലീറന്‍ ചുറ്റിപ്പറ്റി

മായ്ചെഴുത്തിനു കണ്ണുകാട്ടുന്നു.

 

ഫുല്ലമാം വസന്തം ചുമന്നവള്‍

മുറ്റത്ത്‌ നില്‍കുന്നു , കറുപ്പിക്കാന്‍

കരിഞ്ചാറു കൊഴുപ്പിച്ചൊരു

കോപ്പ നിറയെ രാത്രി നീട്ടുന്നു.

 

അലിഞൊഴുക്കിനു മഴക്കാറ്

കോപ്പുകൂട്ടുന്നു , ഇരുട്ടെല്ലാം

തിടുക്കത്തില്‍ വെളിപ്പെട്ടിറങ്ങുന്നു.

അറ്റത്തുനിന്നും വെളുപ്പിച്ചിറക്കം

മൂടോളമെത്തി വേരെല്ലാം പിഴുന്നു.

 

മുടിയിഴകളില്‍ ധൃതിയുള്ളൊരിഴ

മുനിഞ്ഞു നില്‍കുന്നു, ചെന്തീ-

ത്തളിരിലറിയുന്നു മുളങ്കരുത്ത്‌ .

ആളൊഴിഞ്ഞ ഏണിപ്പടികളിലെ

ചിറകടിയൊച്ച കൈകൊട്ടിവിളി .

എത്തിപ്പിടിച്ചപ്പോഴെല്ലാം

പറിഞ്ഞു പറ്റിയ കൈച്ചുറ്റുകള്‍

വന്മരത്തിന്നെത്താത്ത കൊമ്പുകളില്‍

മേല്പോട്ടു വിളി.

 

കുറുനിരകളില്‍ നരയുള്ളൊരിഴ

എഴുന്നു നില്‍കുന്നു, അവള്‍ ചിരിക്കുന്നു-

"കാണട്ടെ, ഇനിയാരു പ്രേമിക്കും?"

ഞാനോരനുബന്ധം കൂടി ചേര്‍ത്ത്

മുഖം കുനിക്കുന്നു, "മരണമല്ലാതെ...!"