Vishnu Thejas

ഭൂമിയുടെ ഹൃദയത്തിലൂടെ

ഭൂമിയുടെ ഹൃദയം പോലെ സ്പന്ദിക്കുന്ന മരതക പച്ച കല്ലുകള്‍ ആണ് ഗ്രാമങ്ങള്‍ . ജാതിയുടെയും മതത്തിന്റെയും വേര്‍തിരിവുകളില്ലാതെ സഹോദരങ്ങളെ പോലെ സ്നേഹവും വിശാസവും പങ്കു വെച്ച് ജീവിക്കുന്ന നല്ല മനുഷ്യരുടെ ആവാസ സ്ഥാനം ആണ് ഗ്രാമങ്ങള്‍ . ഗ്രാമത്തിന്റെ ശുദ്ധിയും നന്മയും ആണ് എന്നെ ഒരു തുറന്ന മനുഷ്യനാക്കിയതെന്നു ഞാന്‍ സ്വകാര്യമായി അഹങ്കരിക്കുന്നു

ഈ ഗ്രാമങ്ങളിലെ ഒന്നിച്ചുള്ള ജന കൂട്ടയ്മക്കൊരു ദൈവീക മായ പേരുണ്ട് . ഉത്സവങ്ങള്‍ .ആനകളുടെ സാന്നിധ്യം കൊണ്ട് വെടിക്കെട്ടിന്റെ തുലാ വര്ഷം കൊണ്ട് വര്‍ണാഭമായ ഉജ്വല മേളകള്‍ . വലിപ്പം കൊണ്ടോ പൊലിമ കൊണ്ടോ അല്ല , മറിച്ചു സാമൂഹ്യ ജീവിതത്തിന്റെ മഹാ ലയനം കൊണ്ട് സമ്പന്നമാണ് നമ്മുടെ പ്രിയപ്പെട്ട ഉത്സവങ്ങള്‍ എല്ലാം തന്നെ .

നാട്ടിലൊരു ചൊല്ലുണ്ട്. "നിന്നെ ഉത്സവത്തിന്‌ എടുത്തോളാം" എന്ന്. എല്ലാ വഴക്കിന്റെയും പക വീട്ടലും പകരം ചോദിക്കലും എല്ലാം ഉത്സവത്തിന്റെ അവസാന ദിവസത്തേക്ക് മാറ്റി വയ്ക്കുന്ന കുറെ ആളുകള്‍ ഇപ്പോഴും ഉണ്ട് . ഉത്സവമെന്നത് തല്ലുണ്ടാക്കി ആഘോഷിക്കേണ്ടതാണ് എന്നവര്‍ ഉറച്ചു വിശ്വസിക്കുന്നു. അത് ഒരു നിവര്‍ത്താന്‍ കഴിയാത്ത ശ്വാന വാല് പോലെ ഭൂമിയില്‍ നിലനില്‍ക്കുന്നു

എന്നാല്‍ ഭൂരിഭാഗം ഗ്രാമ നിവാസികള്‍ക്കും ഗ്രാമദേവതയുടെ ചൈതന്യം സ്വന്തം ആത്മാവിലേക്ക് ആവാഹിക്കുവാനും ഇഷ്ട ദൈവത്തിന്റെ മന്ദസ്മിതവും അനുഗ്രഹാശിസ്സുകളും ഭക്തിപൂര്‍വ്വം ഏറ്റു വാങ്ങുവാനും ഉള്ളതാണ് ഈ ഉത്സവക്കാലം. ഒരു തനി നാട്ടിന്‍ പുറത്തുക്കാരന്റെ ജീവിതത്തില്‍ ഉത്സവക്കാലം എന്നാല്‍ ഒരാണ്ടത്തെ മുഴുവന്‍ കാത്തിരിപ്പിന്റെ സാഫല്യമാണ്. ഒപ്പം അടുത്ത ഉത്സവക്കാലത്തിലേക്കുള്ള ഇടവേളയില്‍ താലോലിക്കേണ്ട ഓര്‍മകളും, സായാഹ്നത്തിലെ വെടി വെട്ടങ്ങളില്‍ പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങള്‍ ആകേണ്ടതുമാണ് .

ആണ്ടിലൊരിക്കല്‍ വസന്തത്തിന്റെ മുഴക്കമായി നാട്ടിലെത്തുന്ന ഉത്സവങ്ങള്‍ സുഹൃത്ത്‌ സമാഗമങ്ങളും ആനച്ചൂരും വെടിമരുന്നിന്റെ ഗന്ധവും അസുരവാദ്യത്തിന്റെ താളങ്ങളുമാണ് കൊണ്ട് വരുന്നത് . ഭ്രമിപ്പിക്കുന്ന ഇത്തരം അനുഭവങ്ങളിലൂടെയാണ് ഉത്സവദിനങ്ങളില്‍ നമ്മള്‍ കടന്നു പോകുന്നത്. ഇങ്ങനെ ഒരു വര്‍ഷത്തിലെ ആ ഉത്സവ രാത്രങ്ങള്‍ മുഴുവന്‍ പലതരം മായിക മയില്‍ പീലിയിലൂടെ, നിറങ്ങളുടെ കാലിഡോ സ്കൊപിലൂടെ വര്‍ണ്ണ ചിറകുകള്‍ വീശി കാണുന്ന ഒരു ജനതയുടെ ഗ്രാമോത്സവത്തിനാണ് ഇപ്പോള്‍ കൊടിയേറിയിരിക്കുന്നത്. കൂട്ടുകാരെ , എന്താണ് ഉത്സവം ? പതഞ്ഞു പൊങ്ങുന്നത് , എന്നാണ് ഉത്സവത്തിന്റെ വാച്യാത്ഥം. ക്ഷേത്രത്തിലെ ചൈതന്യം ഉത്സവസമയത്തു നടക്കുന്ന ചടങ്ങുകളുടേയും ബലികളുടെയും, ശുദ്ധികമ്മങ്ങളുടേയും ഫലമായി വദ്ധിച്ചു പതഞ്ഞുപൊങ്ങി വിഗ്രഹത്തില്‍ നിന്നു ശ്രീകോവിലിലേക്കും, ചുറ്റമ്പലങ്ങളിലേക്കും മതില്‍ കെട്ടിനകത്തേക്കും വ്യാപിച്ച് അവിടെനിന്ന് വീണ്ടും ഉയര്‍പ്പിന്ന് ക്ഷേത്രം നില്‍ക്കുന്ന ഗ്രാമത്തിന്റെ തട്ടകത്തിനകത്തേക്കു മുഴുവന്‍ ഒഴുകി പരക്കുന്നു എന്നാണ്‌ വിശ്വാസം.

അത് കൊണ്ട് നമുക്കിപ്പോള്‍ ആശംസിക്കാം , ആഗ്രഹിക്കാം , പതഞ്ഞു ഒഴുകട്ടെ പുണ്യം , സൗഹൃദം പതഞ്ഞു ഒഴുകട്ടെ ,നമ്മുടെ കൂട്ടായ്മയുടെ ലഹരി പതഞ്ഞു ഒഴുകട്ടെ ,

അവസാനം ഉത്സവം കൊടിയിറങ്ങുമ്പോള്‍ ആളൊഴിഞ്ഞ പൂരപ്പറമ്പുകളില്‍ അവശേഷിക്കുന്ന വളപ്പൊട്ടുകളും വര്‍ണ കടലാസുകളും എല്ലാം ആഘോഷതിമിര്‍പ്പിന്റെ തിരു ശേഷിപ്പുകള്‍ നമ്മള്‍ക്ക് സമ്മാനിക്കുന്നു . നിറച്ചാര്‍ത്തുകളുടെ ഒട്ടേറെ സ്പന്ദനങ്ങള്‍ നമ്മോടു പങ്കുവയ്ക്കുന്നു .വീണ്ടും നമ്മള്‍ കാത്തിരിക്കുന്നു , വീണ്ടും ഒരു കൊല്ലം കൂടി , അടുത്ത ഉത്സവ കാലത്തിനായി

ഇതാ , കാഹളം മുഴങ്ങുന്നുഇതാ , കാഹളം മുഴങ്ങുന്നു

വീണ്ടുമൊരു ഗ്രാമോത്സവം കൂടി വരവായി.

ആരവങ്ങള്‍ ഉയരട്ടെ .. ആര്‍പ്പുവിളികള്‍ നിറയട്ടെ