പുസ്തകങ്ങളെക്കുറിച്ചുള്ള എന്‍റെ ഓര്‍മ തുടങ്ങുന്നത് റൊട്ടിക്കാരന്റെ ഷീബേച്ചിയുടെ വീട്ടില്‍ നിന്നാണ്. എന്‍റെ അമ്മയുടെ കൂട്ടുകാരി ആയിരുന്നു ഷീബേച്ചിയുടെ അമ്മ. ഷീബേച്ചിയുടെ ചെറുപ്പത്തിലെ തന്നെ അവര്‍ മരിച്ചു പോയിരുന്നു. ഞങ്ങളുടെ ഇടവകയുടെ അതിരിലുള്ള അവരുടെ വീട്ടിലേക്കുള്ള യാത്രകള്‍ കുട്ടിക്കാലത്തെ വലിയ സംഭവങ്ങളില്‍ ഒന്നായിരുന്നു. വെയിലൊന്ന് മങ്ങിയതിനു ശേഷം കാപ്പിയും കുടിച്ചു ഞാനും ചേച്ചിമാരും കൂടെ അവരുടെ വീട്ടിലെക്കിറങ്ങും. ഒരു കുന്നിനു മുകളിലാണ് അവരുടെ വീട്. കുന്നിന്റെ ഒരു വശം മുഴുവന്‍ റബ്ബര്‍ മരങ്ങള്‍ പറമ്പ് മുഴുവന്‍ മാവും പ്ലാവും നെല്ലിയും ചാമ്പയും എന്നു വേണ്ട പേരറിയുന്നതും അറിയാത്തതുമായ കുറെ മരങ്ങള്‍ സ്കൂളുപൂട്ടലിനു വേപ്പിലക്കട്ടി ഉണ്ടാക്കാനുള്ള വേപ്പില പറിക്കാനാണ് ഞങ്ങള്‍ മിക്കവാറും അവിടെ പോകാറുള്ളത്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും പഴക്കം ചെന്ന വേപ്പ് മരമായിരുന്നു അത്. ഞങ്ങളുടെ അടുക്കള ഭാഗത്തുള്ള കുഞ്ഞി വേപ്പ് ചെടികള്‍ എല്ലാം ഈ മുതുമുത്തശി വേപ്പിന്റെ കൊച്ചുമക്കള്‍ ആകാനുള്ള പ്രായമേ ഉണ്ടായിരുന്നുള്ളൂ. ആ പറമ്പില്‍ ഉണ്ടായിരുന്ന മരങ്ങളായ മരങ്ങളൊക്കെയും ചെടികളായ ചെടികളൊക്കെയും ഉല്‍പ്പത്തി പുസ്തകത്തിലെ എദേന്‍ തോട്ടത്തെ ഓര്‍മപ്പെടുത്തി. പ്രതാപം നിറഞ്ഞ ഒരു പറുദീസാക്കാലത്തിന്റെ ഓര്‍മ്മകള്‍ ഒരു മഴയിലും ഒലിച്ചു പോകാതെ, ഒരു മഞ്ഞിലും മങ്ങാതെ, ഒരു വെയിലിലും വാടാതെ ആ കൊച്ചുവീടും പറമ്പും നെഞ്ചിലേറ്റി.
അങ്ങനെ ഒരു ദിവസം വേപ്പില പറിക്കാന്‍ അവിടെ പോയപ്പോഴാണ് ഷീബേച്ചി എനിക്ക് പഴയ കുറെ ബാലരമ തന്നത്. ബഹുവര്‍ണ്ണങ്ങളില്‍ അച്ചടിക്കുന്നതിനു മുന്‍പുള്ള ഒറ്റ നിറത്തിലുള്ള ബാലരമ. ഒരു നിധി കയ്യില്‍ കിട്ടിയ സന്തോഷമായിരുന്നു എനിക്ക്. എന്‍റെ അത്ഭുതവും സന്തോഷവും കണ്ടിട്ടായിരിക്കണം ആ പുസ്തകങ്ങളൊക്കെ ഷീബേച്ചി എനിക്ക് തന്ന് വിട്ടു. രണ്ടാം ക്ലാസ്സിലെ ആ അവധിക്കാലത്ത് ആര്‍ത്തിയോടെ ആ ബാലരമകള്‍ മുഴുവനും ഞാന്‍ വായിച്ചു തീര്‍ത്തു. എല്ലാ ബാലരമയുടെയും അവസാന താളുകളിലൊന്നില്‍ വായനക്കാരുടെ സൃഷ്ടികള്‍ ക്ഷണിച്ചു കൊണ്ടുള്ള ഒരു അറിയിപ്പും അയക്കേണ്ട വിലാസവും ഉണ്ടായിരുന്നു. ഓരോ ബാലരമയും വായിക്കുമ്പോഴും ഈ അറിയിപ്പ് എന്‍റെ കണ്ണിലുടക്കും. അപ്പോള്‍ എന്‍റെ മനസ്സ് ഒന്ന് പിടയും. ഒരു കഥ എഴുതിയാലോ ? അയച്ചു കൊടുത്താലോ...?? അങ്ങനെയങ്ങനെ ആലോചിച്ച് ആലോചിച്ച് ഞാന്‍ കഥയെഴുതി. ഒന്നല്ല.... രണ്ടെണ്ണം. ബാലരമക്ക് ഒരു കഥ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അടുത്ത കഥ എടുക്കാലോ... അതും ഇഷ്ടപ്പെട്ടില്ലെങ്കിലോ, എന്നു ചോദിക്കരുത്. കാരണം ഈ രണ്ട് കഥകളില്‍ ഒന്നെങ്കിലും ബാലരമക്കു ഇഷ്ടപ്പെടും എന്നു തന്നെയായിരുന്നു എന്‍റെ കുഞ്ഞു മനസ്സിന്റെ വിശ്വാസം. അങ്ങനെ, ഞാനെന്റെ കഥകള്‍ രണ്ടും വൃത്തിയായി നോട്ടുപുസ്തകത്തില്‍ നിന്ന് കീറിയെടുത്ത പേജുകളില്‍ നല്ല വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതി. വീട്ടിലെ അലമാരയില്‍ നിന്നും ഒപ്പിച്ച ബ്രൌണ്‍ നിറത്തിലുള്ള കവറില്‍ എന്‍റെ കഥകള്‍ നിക്ഷേപിച്ചു. എന്നിട്ട് കവറിനു പുറത്തു ബാലരമയുടെ വിലാസം എഴുതി. അപ്പച്ചന്‍ ഗള്‍ഫില്‍ ആയിരുന്നത് കൊണ്ടു ചേച്ചിമാരും അമ്മയും ഒക്കെ കത്തയക്കുന്നത് കണ്ടിട്ടുള്ള ഒരു പരിചയത്തിന്റെ പുറത്താണ് എന്‍റെ ഈ അങ്കം വെട്ട്. ആരോടെങ്കിലും പറഞ്ഞാല്‍ കളിയാക്കിയാലോ എന്ന് പേടിയുള്ളതു കൊണ്ടു കാര്യങ്ങളൊക്കെ അതീവ രഹസ്യമായി ചെയത് തീര്‍ത്തു. ഇനി ഇത് തപാല്‍ പെട്ടിയില്‍ നിക്ഷേപിക്കണം. സ്കൂളിലേക്ക് പോകുന്ന വഴിക്ക് തപാല്‍പ്പെട്ടി ഉണ്ട്. പക്ഷെ എനിക്ക് കയ്യെത്തില്ല. അങ്ങനെ പറഞ്ഞാല്‍ പറ്റില്ലല്ലോ, ബാലരമയിലേക്കു കഥ അയക്കണ്ടേ.... അതുകൊണ്ട് രണ്ടും കല്‍പ്പിച്ച് ഞാന്‍ ആ സാഹസത്തിനും തയ്യാറായി. സ്കൂള്‍ വിട്ടു വരുന്ന വഴിക്ക് അങ്ങാടിയിലെ തപാല്‍പ്പെട്ടിയില്‍ ഇട്ടു. വെറുതെ ഇട്ടു എന്ന് പറഞ്ഞാല്‍ പോര... ചാടി ഇട്ടു. എന്‍റെ ഹൃദയം പട പടാന്ന് അടിക്കുന്നത് ചുറ്റുമുള്ളവര്‍ കേള്‍ക്കുമോ എന്നായിരുന്നു എന്‍റെ പേടി. എന്തായാലും എന്‍റെ കഥ അടുത്ത ലക്കത്തില്‍ അച്ചടിച്ച് വരും. കഥയുടെ താഴെ കറുത്ത അക്ഷരങ്ങളില്‍ എന്‍റെ പേര്... മനക്കണ്ണില്‍ ഞാനാ ബാലരമ വീണ്ടും വീണ്ടും വായിച്ചു. എന്‍റെ ഹൃദയത്തിന്റെ മിടിപ്പ് വീണ്ടും കൂടി.
വീട്ടിലെത്തിയതും വലിയ സന്തോഷത്തിലായിരുന്നു. എന്‍റെ കഥ ബാലരമയില്‍ അച്ചടിച്ച് വരാന്‍ പോകുകയല്ലേ... ഈ സന്തോഷം ആരോട് പറയും? ചേച്ചിമാരോട് പറഞ്ഞാല്‍ അവര്‍ കളിയാക്കിയാലോ? എന്തായാലും അമ്മയോട് പറയാമെന്ന ധാരണയില്‍ ഞാനെത്തി. ചേച്ചിമാര്‍ സ്കൂള്‍ വിട്ടു വരുന്നതിനു മുന്‍പ് കാര്യം പറയണം. അങ്ങനെ, അമ്മ കട്ടന്‍ കാപ്പിയുമായി വന്നപ്പോള്‍ ഞാന്‍ മടിച്ചു മടിച്ചു സംഗതി പറഞ്ഞൊപ്പിച്ചു. കേട്ട് കഴിഞ്ഞതും അമ്മ ഒറ്റ ചോദ്യം...."നീ സ്റ്റാമ്പ് ഒട്ടിച്ചോ?"ദേ കിടക്കുന്നു ചട്ടിയും കലവും ധിം തരികിട തോം അത് വരെ സ്റ്റാമ്പ് എന്ന് പറയുന്ന ഒരു സംഭവത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നില്ല. ഇത്തിരിക്കോളം പോന്ന ആ കുന്തംപട്ടാണി ഉണ്ടെങ്കിലെ കത്ത് മേല്‍വിലാസക്കാരന്റെ അടുത്ത് എത്തുകയുള്ളൂ എന്ന് അമ്മ പറഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്. ഇനി പറഞ്ഞിട്ട് കാര്യമുണ്ടോ?
എന്‍റെ രണ്ട് കഥകള്‍ .... അതിനു ഇനി എന്ത് സംഭവിക്കും? എന്‍റെ മറ്റും ഭാവവും കണ്ടപ്പോ അമ്മക്ക് കാര്യങ്ങളുടെ കിടപ്പ് വശം പിടി കിട്ടി. അമ്മ പതുക്കെ എന്നെ അടുത്തിരുത്തി ആശ്വസിപ്പിച്ചു. "കവറിനു പുറത്തു നമ്മുടെ വിലാസം എഴുതിയിട്ടുണ്ടോ?" അമ്മ ചോദിച്ചു. ഞാന്‍ ഇല്ലെന്ന അര്‍ത്ഥത്തില്‍ തലയാട്ടി. വിലാസം എഴുതിയിട്ടുണ്ടെങ്കില്‍ അത് ഒരു പക്ഷെ തിരിച്ചു നമ്മുടെ വീട്ടിലേക്ക് തന്നെ തിരിച്ചു വരാന്‍ സാധ്യത ഉണ്ടെന്നു അമ്മ പറഞ്ഞു. അങ്ങനെ വന്നാല്‍ നമുക്ക് ഒന്ന് കൂടി അത് ബാലരമയിലേക്കു അയക്കാം എനായി അമ്മ. (ആ കഥകളുടെ വേറെ ഒരു കോപ്പിയും ഞാന്‍ സൂക്ഷിച്ചു വച്ചിരുന്നില്ല. ) പക്ഷെ അമ്മയുടെ ആശ്വാസവാക്കുകള്‍ ഒന്നും എന്നെ സന്തോഷിപ്പിച്ചില്ല. ആഴ്ചകള്‍ രണ്ടു മൂന്ന് കഴിഞ്ഞു. പോസ്റ്റ്‌മെന്‍ ഉണ്ണിയേട്ടന്‍ പല തവണ വീട്ടില്‍ വന്നു പോയി. എന്നിട്ടും അങ്ങനെയൊരു കവര്‍ മാത്രം തിരിച്ചെത്തിയില്ല.
ആ തപാല്‍പ്പെട്ടിയില്‍ ഇട്ട എന്‍റെ കത്തിന് എന്ത് സംഭവിച്ചിട്ടുണ്ടാകും എന്ന് ഇടയ്ക്കിടെ ഞാന്‍ ആലോചിക്കാറുണ്ട്.... ഒരു പക്ഷെ... ഏതെങ്കിലും പോസ്റ്റ്‌മെന്‍ ആ കവര്‍ തുറന്ന് വായിച്ച് കുറെ ചിരിച്ചു കാണും. അല്ലെങ്കില്‍ ബാലരമയുടെ ഓഫീസിലെ ചവറ്റു കുട്ടയില്‍ എന്‍റെ കഥകള്‍ ഇടം പിടിച്ചിട്ടുണ്ടാകും എന്തായാലും ഒരു കഥ എഴുതി പ്രസിദ്ധീകരിക്കണം എന്നുള്ള എന്‍റെ മോഹം അങ്ങനെ സ്റ്റാമ്പ് ഒട്ടിക്കാത്ത ആ കവറില്‍ പെട്ട് പോയി. അതുകൊണ്ട് എന്തായാലും വായനക്കാര്‍ രക്ഷപ്പെട്ടു. ഒപ്പം മലയാള മലയാള ഭാഷ നീണാള്‍ വാഴട്ടെ
ഇപ്പോഴും ബാലരമയില്‍ സൃഷ്ടികള്‍ ക്ഷണിച്ചു കൊണ്ടുള്ള അറിയിപ്പ് വരുന്നുണ്ടാകുമോ?