കുറെ വര്‍ഷങ്ങളായി മുംബൈ എന്നാ ഈ നഗരത്തില്‍ എത്തിയിട്ട്. എങ്ങു നിന്നും പീഡന കഥകളും സ്ത്രീകളും ആയി ബന്ധപ്പെട്ടു അത്ര സുഖകരം അല്ലാത്ത വാര്‍ത്തകളും കേള്‍ക്കുമ്പോള്‍ മറ്റു പല സ്ത്രീകളെയും പോലെ എങ്ങനെ ഒക്കെയോ എന്തുകൊണ്ടൊക്കെയോ രക്ഷപെട്ടു പോയ ജീവിതം ആണോ എന്റേതെന്നു തോന്നിപോകുന്നു, എന്ത് കൊണ്ടോ തനിയെ ഉള്ള ജീവിതവും യാത്രകളും ഒരിക്കലും ഒരു ദുരന്തം എനിക്ക് സമ്മാനിച്ചിട്ടില്ല. ഇങ്ങനെ ഒക്കെ ആണെങ്കിലും യാത്രകള്‍ പലതും സംഭവ ബഹുലം ആകാറുണ്ട്, കൈയ്യില്‍ ഒരു മൊബൈല്‍ ഫോണ്‍ കിട്ടിയാല്‍ പരിസരം മറന്നു നില്ക്കുന്ന പെണ്‍കുട്ടികള്‍ ഒരു പതിവ് കാഴ്ചയാണ് ബസുകളില്‍ , അവസരങ്ങള്‍ തേടി നടക്കുന്ന ആണ്‍ വര്‍ഗ്ഗത്തിനു വിശാലമായൊരു വേദി, പലപ്പോഴും തോന്നും എഴുന്നേറ്റു ചെന്ന് കാലു മടക്കി ഒരു തൊഴി അവനിട്ട് പാസാക്കി അവളുടെ തലയില്‍ ഒരു ഞൊട്ടു ഞൊട്ടി ഒന്ന് ഉപദേശിച്ചാലോ എന്നു, പക്ഷെ അങ്ങോട്ട് ചെന്ന് പണി വാങ്ങുക എന്നത് എന്റെ തനതു സ്വഭാവം ആയതു കൊണ്ട് അങ്ങ് കണ്ണും അടച്ചിരിക്കും , പക്ഷെ അതിലേറെ വേദന തോന്നുന്നത് സ്കൂള്‍ യുണിഫോം ഇട്ടു തിരക്കുള്ള വണ്ടികളില്‍ കയറുന്ന കുഞ്ഞുങ്ങള്‍ക്ക് നേരെ നീളുന്ന കൈകള്‍ ആണ്. അത് പക്ഷെ കണ്ണടച്ച് ഒരു മറ ഉണ്ടാക്കി സമാധാനത്തോടെ ഇരിക്കാന്‍ എന്നെ ഒരിക്കലും അനുവദിക്കാറില്ല , ഒന്നുകില്‍ ഒരു നോട്ടം, സാധാരണ ഒരു നോട്ടത്തില്‍ തീരും അവന്റെ ആസക്തി , അതും അല്ല എങ്കില്‍ നാല് പേര് കേള്‍ക്കെ പ്രതികരിക്കുക, ഒരു മാതിരി പ്രശ്നങ്ങള്‍ ഒക്കെ ഇതോടെ അവസാനിക്കാറുണ്ട്.
സീറ്റില്‍ ഇരിക്കുന്ന പെണ്ണിന്റെ തുണി എവിടെ എങ്കിലുമൊക്കെ മാറി കിടപ്പുണ്ടെങ്കില്‍ അതില്‍ കൂടെ ദര്‍ശന സുഖത്തിനായി വേറൊരു കൂട്ടര്‍, നടക്കുമ്പോള്‍ മുട്ടി ഉരുമ്മി , തോണ്ടി അതും വേറൊരു സുഖം . ഇങ്ങനെ പലതും കണ്ടു കണ്ടു ഞാന്‍ ഒരു സംശയ രോഗി ആയി മാറി അതും പ്രതികരിക്കുന്ന സംശയ രോഗി . ചിലപ്പോള്‍ തോന്നാറുണ്ട് എന്റെ അങ്കിളിന്റെ വീട്ടിലെ പട്ടിയെ പോലെ ആണ് ഞാ ന്‍ എന്നു. ചിഹ്വാഹ ഇനത്തില്‍ പെട്ട ഇവ ന്‍ ആള് കുഞ്ഞനാണ് അത് കൊണ്ട് തന്നെ വീട്ടിലുള്ളവരെ മാത്രമേ അവനു വിശ്വാസം ഉള്ളു . മറ്റുള്ളവര്‍ എല്ലാം അവനെ ആക്രമിക്കാ ന്‍ വരുന്നവര്‍ ആണ് ,തന്റെ വലിപ്പക്കുറവു എപ്പോഴും അവനെ ഒരു പ്രത്യാ ക്രമണത്തിനു ഒരുക്കി നിര്‍ത്തും . അത് പോലെ ഞാനും എപ്പോഴും തിരിച്ചൊരു ആക്രമണത്തിന് ഒരുങ്ങിയാണ് ഇരിപ്പ് ,എന്റെ തനിച്ചുള്ള യാത്രകളില്‍ എന്റെ ചുറ്റും ഉള്ള പുരുഷന്മാര്‍ സ്ത്രീകളെ പീഢിപ്പിക്കുന്നവരും , സ്ത്രീകള്‍ എന്നെ ഏതോ ദുരന്തത്തിലേക്ക് കൂട്ടി കൊണ്ട് പോകാന്‍ പിറകെ കൂടിയവരും ആണ് . സത്യം പറയാമല്ലോ എന്റെ ഈ വെടക്ക് സ്വഭാവം എനിക്ക് പലപ്പോഴും ഗുണങ്ങള്‍ ആണ് ചെയ്തിരിക്കുനത്. മുന്നില്‍ നിന്ന് മൊബൈല്‍ ഫോണ്‍ എടുത്തു അതില്‍ കുത്തി കുത്തി ഇരിക്കുന്നവന്‍ എന്റെ പടം പിടിക്കുന്നവര്‍ ആണ് അല്ലെങ്കില്‍ പിന്നെ അത് എന്റെ നേരെ മാത്രം എന്തിനു പിടിക്കണം അവിടെയും ഒരു നോട്ടം കൊണ്ട് ഞാന്‍ കാര്യം സാധിക്കും അവന്‍ പടം പിടിക്കുക ആയിരുന്നോ അല്ലയോ എന്നൊന്നും എനിക്ക് അറിയേണ്ട .
ഞാന്‍ നടക്കുമ്പോള്‍ എതിരെ നടന്നു വരുന്നവന്‍ എന്റെ ദേഹത്ത് എവിടെ എങ്കിലും ഒന്ന് തോണ്ടണം എന്നാ ഒറ്റ ഉദേശത്തോടുകൂടിയാണ് വരുന്നത് അത് കൊണ്ട് ദൂര നിന്ന് തന്നെ എതിരിടാനുള്ള വഴികള്‍ മനസ്സില്‍ കുറിച്ചിടും, സഹായവാഗ്ദാനവുമായി എത്തുന്ന അപരിചിതന്‍ വളരെ സമര്‍ഥനായ ഒരു സ്ത്രീലംബടന്‍ ആണ് അവന്റെ സഹായം എനിക്ക് തീരെ ആവശ്യം ഇല്ല, അസമയത് യാത്ര ചെയ്യേണ്ടി വരുമ്പോള്‍ കയറുന്ന വാഹനത്തിന്റെ നമ്പര്‍ കൂട്ടുകാര്‍ക്ക് മെസേജ് ആയി അയച്ചു കൊടുക്കുക ഇതു കേട്ട് ആരും പുരികം ചുളിക്കേണ്ട കഴിഞ്ഞ രണ്ടു വര്‍ഷമായി ഞാന്‍ ഉള്‍പ്പെടുന്ന എന്റെ സുഹൃത്ത് വലയം വളരെ ആവേശത്തോടെ ചെയ്യുന്ന ഒരു കാര്യമാണ്. ഇങ്ങനെ എല്ലാവരെയും എല്ലാ കാര്യത്തിലും സംശയിച്ചു സംശയിച്ചു വര്‍ഷങ്ങളായി വീട്ടിലേക്കു കയറിവരുന്ന സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒക്കെ സംശയിച്ചു തുടങ്ങി ഇരിക്കുന്നു , അങ്ങനെ മനസ്സില്‍ പലരുടെയും ചിന്തകള്‍ വരുമ്പോള്‍ ഞാന്‍ എന്താണ് ഇങ്ങനെ എന്നു സ്വയം ചോദിച്ചു പോകുന്നു. എന്നെ ഇങ്ങനെ ആക്കിയത് നീ ഉള്‍പ്പെടുന്ന ഈ സമൂഹം തന്നെ ആണ് . എങ്കിലും ഒന്നുണ്ട് നിന്നെ ഞാന്‍ വിശ്വസിക്കണം എന്നുണ്ടെങ്കില്‍ അതിനു പരിശ്രമിക്കേണ്ടത് നീ തന്നെ ആണ് എന്നെ തിരുത്താന്‍ നീ ഒരിക്കലും ശ്രമിക്കുകയും വേണ്ട.