Dr Ajit Kumar G

ഡോ സി പിന്റോയെ ഓര്‍ക്കുമ്പോള്‍

മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന അപൂര്‍വ്വ രോഗത്തെ തുടര്‍ന്ന് 8 വര്‍ഷം മുന്‍പ് പിന്റോ തന്റെ സ്വപ്ങ്ങളെ ഉപേക്ഷിച്ച് കടന്നു പോയെങ്കിലും ഞങ്ങള്‍ക്ക് പിന്റോയെ , മറ്റൊരാള്‍ക്ക് വേണ്ടി സ്വയം മറന്ന് പ്രവര്‍ത്തിക്കുന്ന പിന്റോയെ അതിനും 5 വര്‍ഷം മുന്‍പ് തന്നെ നഷ്ടമായിരുന്നു . സ്ഹേപൂര്‍ണ്ണമായ പെരുമാറ്റത്തിനിടയിലും ആത്മവിശ്വാസത്തോടെ തലയുയര്‍ത്തിപ്പിടിച്ചു ജീവിച്ച പിന്റോ , രോഗബാധയെ തുടര്‍ന്ന്, നാഡിയും പേശികളും തളര്‍ന്ന് നെഞ്ചിലേക്ക് ചാഞ്ഞു വീണ് കുനിഞ്ഞു പോയ ശിരസ്സുമായാണ് അഞ്ച് വര്‍ഷവും ജീവിച്ചത്. ഇടയ്ക്കിടെ വന്നു പോകുന്ന സുഹൃത്തുക്കളോട് പൊതു രാഷ്ട്രീയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മുറിഞ്ഞു പോകുന്ന വാക്കുകളിലൂടെ പിന്റോ ഹൃദയം തുറന്നു വച്ചു. തന്റെ ഉറ്റ സുഹൃത്തുക്കളുടെ വൈദ്യസഹായത്തോടെ പ്രതികരിക്കാനാവാതെ തന്റെ അവസാനശ്വാസവും നിലച്ച് കടന്നു പോകുമ്പോള്‍ പിന്റോ ഒരു വലിയ പാഠം പകരുവാന്‍ മറന്നില്ല.



കൈയിലും മൊബൈലുകളിലുമായി മുന്നോട്ട് clock wise ആയി തിരിയുന്ന സൂചികളുടെ, സമയത്തിന്റെ അനന്തമായ, infinite എന്ന മിഥ്യയില്‍ ജീവിക്കുന്ന നമ്മെ പിന്റോയുടെ ജീവിതം മറ്റൊന്നാണ് പഠിപ്പിക്കുന്നത്. നമ്മളറിയാതെ നമുക്കുള്ളില്‍ നിശ്ചിതമായ ഒരു സമയത്തില്‍ നിജപ്പെടുത്തിയ ഒരു ക്ളോക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. എപ്പോഴെങ്കിലും ഒരു വലിയ വ്യഥയായി, രോഗമായി, അപകടമായി അതിന്റെ അടയാളം ഒരുവേള പ്രത്യക്ഷപ്പെടുന്നതുവരെ അറിയുവാനാകാത്ത ഘടികാരത്തിന്റെ സാന്നിധ്യം. വിപരീതമായി, anti clock wise ആയ് അത് തിരിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ഈ ക്ളോക്കിലേക്ക് നോക്കിയാണ് തന്റെ എണ്ണപ്പെട്ട നിമിഷങ്ങളെ അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ രോഗത്തോട് പിന്റോ സമരം നടത്തിയത്. അത്ഭുതപൂര്‍ണ്ണമായ തിരിച്ചു വരവിന്റേയും പ്രതീക്ഷകളില്ലാതെ പിന്റോ ജീവിതം പൂര്‍ത്തിയാക്കി. ബാക്കി വച്ചുപോയ കഥകളും കവിതകളും പരിചയപ്പെട്ട ഏതൊരാളിലും ഓര്‍മ്മകള്‍ അവശേഷിപ്പിച്ചുകൊണ്ടിരിക്കുന്നു .


ഇടപഴകിയവരോടുള്ള ഓര്‍മ്മകളെ മറ്റുള്ളവര്‍ക്കും അനുഭവവേദ്യമാകുന്ന ഒരു വലിയ ക്യാന്‍വാസിലേയ്ക്ക് വികസിപ്പിക്കുന്നതിനോടൊപ്പം, രോഗപീഡയിലും പിന്റോ സംസാരിക്കാനിഷ്ടപ്പെട്ടവയിലെ കാലികമായി ചിന്തിക്കേണ്ട ഗൌരവപ്പെടേണ്ടവയെക്കുറിച്ച് ചര്‍ച്ചയൊരുക്കി കൊണ്ടാണ് പിന്റോ അനുസ്മരണം, പ്രഭാഷണ പരമ്പരയുടെ രൂപത്തില്‍ തുടരുന്നത് .