Jyothi Tagore

ജനാധിപത്യ സ്വഭാവമുള്ള ഭരണകൂടവും മതേതര സ്വഭാവമുള്ള പോലീസും ഉണ്ടാകണം : രശ്മി

ആലപ്പുഴയിലെ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകരും ദമ്പതികളുമായ രാജേഷിനേയും രശ്മിയേയും സദാചാരപ്പോലീസിങ്ങിനു വിധേയമാക്കിയ പോലീസ് നടപടിയോട് കേരളീയ സമൂഹം ഒരുമനസ്സോടെയാണ് പ്രതിഷേധിച്ചത് . ജനകീയ പ്രതിരോധത്തിന്റെ ഭാഗമായി പിന്‍വലിക്കപ്പെട്ടുവെന്നു കരുതിയ കേസിന് വീണ്ടും ജീവന്‍ വെച്ചിരിക്കുന്നു . Public Nuisance പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട പുതിയ സാഹചര്യത്തില്‍ ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന സദാചാര പോലീസിങ്ങിനോട് രാജേഷും രശ്മിയും പ്രതികരിക്കുന്നു .




സംഭാഷണം : രശ്മി > രാജേഷ് / ജ്യോതി ടാഗോര്‍


16.12.2012 ഞായര്‍ രാവിലെ രശ്മി -രാജേഷ് ദമ്പതികളുടെ വീട്ടിലെത്തുമ്പോള്‍ വേമ്പനാട്ട് കായല്‍ തീരത്ത് നിറഞ്ഞ പ്രഭാതം ആയിരുന്നു. ആര്യാട് എന്ന ഞങ്ങളുടെ കൊച്ചു ഗ്രാമത്തിന്റെ കിഴക്കേ അതിര് കായലാണ്. അവിടെയാണ് രാജേഷ്‌ രശ്മിമാരുടെ വീട്. കേരളം മുഴുവന്‍ ചര്‍ച്ച ചെയ്ത , പൊലീസിന്‍റെ സദാചാര ഗുണ്ടായിസത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ നാട്ടിന്‍ പുറത്തും അലയൊലികള്‍ ഉയര്‍ത്തിയിട്ടുണ്ട് . ഇടയ്ക്ക് കണ്ടുമുട്ടിയ പരിചയക്കാര്‍ പലരും സംസാരിച്ചത് ഇതേപ്പറ്റി തന്നെ. തുടര്‍ പരിപാടികള്‍ അവരെയും അറിയിക്കാം എന്ന് ഉറപ്പി നല്‍കിയാണ് തല്‍ക്കാലം പിരിഞ്ഞത് . പ്രഭാതഭക്ഷണം ഒരുമിച്ച് ,പിന്നെ സ്വസ്ഥമായി സംസാരിക്കമെന്ന് കരുതി കായല്‍ക്കരയിലേക്ക് നടന്നു . പതിവ് സന്ദര്‍ശനങ്ങളുടെ ഊഷ്മളതയ്ക്കപ്പുറം ,അല്‍പ്പം ആവേശത്തോടെയാണ് വര്‍ത്തമാനം ആരംഭിച്ചത്. കായലിലേയ്ക്ക് ചാഞ്ഞ് നില്‍ക്കുന്ന തെങ്ങുകള്‍ക്കുമപ്പുറം, ഇനിയും വിട്ട് മാറാത്ത മഞ്ഞിന് ഡിസംബറിന്റെ പ്രണയാര്‍ദ്ദത. പതിറ്റാണ്ട് പിന്നിടുന്ന സഹയാത്രയില്‍ എത്രയോ തവണ ഈ വീട്ടിലും കായലിന്റെ ഓരത്തും വന്നിരുന്നിട്ടുണ്ട് . എത്രയോ കാര്യങ്ങള്‍ , കളിതമാശകള്‍ പറഞ്ഞിരിക്കുന്നു.പക്ഷെ മുന്‍കൂട്ടി തയ്യാറാക്കിയ കുറെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഒരുമിച്ചിരിക്കുന്നത് ആദ്യം ;എന്നോര്‍മിപ്പിച്ചതും രാജേഷ് തന്നെ. സംസാരം തുടരുന്നതിനിടയ്ക്ക് എല്ലാവരും ചേര്‍ന്ന് വേമ്പനാട് കായലിലേക്ക് വള്ളത്തില്‍ പോയി. വള്ളം തുഴയുന്നതിനിടയില്‍ രാജേഷ്‌ സംസാരിച്ച് തുടങ്ങി- രശ്മിയും.



സമാഹരണം / അഭിമുഖം > ജ്യോതി ടാഗോര്‍



ഞായറാഴ്ചയാണല്ലോ ? പെട്ടന്നുണ്ടായ വാര്‍ത്താപ്രാധാന്യം ഞായറാഴ്ച്ചയുടെ ഒഴിവുദിന സുഖം കളയുന്നുണ്ടോ ?


രാജേഷ്: (ചിരിക്കുന്നു) ഞായര്‍ പണ്ടും അത്ര ഒഴിവ് ദിനം ഒന്നുമല്ല എന്നറിയാമല്ലോ ? സംഘടനാ പ്രവര്‍ത്തനങ്ങളുടെ തിരക്ക് ഒഴിവ് ദിനങ്ങളിലാണ് കൂടാറുള്ളത്. പാരലല്‍ കോളജ് അദ്ധ്യാപകന്‍ ആയതിനാല്‍ ക്ലാസ്സുകളും ഉണ്ടാകാറുണ്ട്.


(രശ്മിയെ നോക്കി ) ഇദ്ദേഹത്തിനും ഞായറാഴ്ച പ്രവര്‍ത്തി ദിവസമാണ്.


രശ്മി: ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആണ് ജോലി. ബുധനാഴ്ച ആണ് വീക്കിലി ഓഫ്‌. . ബുധനാഴ്ച അവധി ദിവസമായി ആഘോഷിക്കാന്‍ ഞങ്ങള്‍ രണ്ടാളും ആഗ്രഹിക്കാറുണ്ട് .പക്ഷെ....


( രശ്മിയുടെ മുഖത്ത് വിടര്‍ന്ന ചിരി എല്ലാവരും പങ്കിടുന്നു )


അപൂര്‍വമായി കിട്ടിയ അവധി ആഘോഷിക്കാനാണോ കനാല്‍ക്കരയില്‍ എത്തിയത് ?


രശ്മി: അവധി ദിവസം എന്ന് പറഞ്ഞുകൂട....രാജേഷ് ചേട്ടന്‍റെ പെങ്ങളുടെ അമ്മായിയമ്മ മരിച്ചു ,അന്നേ ദിവസം സഞ്ചയനം ആയിരുന്നു .അവിടെ പോയതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഗുജറാത്തില്‍ പഠിക്കുന്ന ഞങ്ങളുടെ ഒരു സുഹൃത്ത് ഫോണ്‍ ചെയ്ത്, കാണണം എന്ന് പറഞ്ഞു. അവധിക്ക് നാട്ടില്‍ വന്ന അയാള്‍ക്കൊപ്പം അന്യ സംസ്ഥാനക്കാരായ ചില സുഹൃത്തുക്കളും ഉണ്ടായിരുന്നു. പിറ്റേന്ന് അവരില്‍ ചിലര്‍ നാട്ടിലേക്ക് മടങ്ങുകയാണ് എന്നത് കൊണ്ട് അവരെ കാണാനാണ് അവിടെ കാത്തിരുന്നത്.


നടന്ന സംഭവം ഒന്ന് വിശദീകരിക്കാമോ?


രാജേഷ്: സംഭവം നടന്ന കനാല്‍ക്കരയിലെ റോഡിലൂടെ ബൈക്കില്‍ വരുമ്പോളാണ് സുഹൃത്തിന്റെ ഫോണ്‍ വരുന്നത്. അവര്‍ യാത്ര ചെയ്ത് ഇവിടെ എത്താന്‍ അര മണിക്കൂര്‍ എങ്കിലും താമസം ഉണ്ടാകും എന്ന് അറിയിച്ചതിനെ തുടര്‍ന്ന് അവരെ പ്രതീക്ഷിച്ചാണ് ഞങ്ങള്‍ കനാല്‍ക്കരയില്‍ ഇരുന്നത്. ആളുകള്‍ക്ക് വന്നിരിക്കാനും വിശ്രമിക്കാനുമായി സര്‍ക്കാര്‍ നിര്‍മ്മിച്ചിരിക്കുന്ന ധാരാളം സിമന്‍റ് ബഞ്ചുകള്‍ ഉണ്ട് കനാല്‍ക്കരയില്‍. റോഡില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആദ്യം കാണുന്ന ബഞ്ചിലാണ് ഞങ്ങള്‍ ഇരുന്നത് . 10 മിനിട്ട് ആയിട്ടില്ല പൊലീസ് ജീപ്പ് അവിടെ എത്തി.


ആ കനാല്‍ക്കര മോശം സ്ഥലം ആണെന്നാണല്ലോ പൊലീസ് ഭാഷ്യം?


രാജേഷ്: ആലപുഴ നഗര ഹൃദയത്തില്‍, റോഡരുകില്‍ ഉള്ള തുറസ്സായ സ്ഥലത്തെക്കുറിച്ചാണിത് പറയുന്നത് .


ആലപ്പുഴ s. p. ഓഫീസിലേക്ക് ഇവിടെ നിന്ന് 100 മീറ്റര്‍ പോലും അകലം കാണില്ല. അത്തരം ഒരു സ്ഥലത്തെക്കുറിച്ച് hotspot എന്ന് പറയുന്ന പോലീസ് , ലളിതമായി പറഞ്ഞാല്‍ മലര്‍ന്ന് കിടന്ന് തുപ്പുകയാണ് .



എത്രമണി ആയിക്കാണും സംഭവം നടക്കുമ്പോള്‍ ? നിങ്ങളെ കൂടാതെ ആരെങ്കിലും കനാല്‍ക്കരയില്‍ ഉണ്ടായിരുന്നോ ?


രശ്മി: പകല്‍ 3 നും 3.30 നും ഇടയ്ക്കാണ് സംഭവം .ഞങ്ങളെ കൂടാതെയും ചിലര്‍ അവിടവിടെ ആയി ഇരിക്കുന്നുണ്ടായിരുന്നു .റോഡിലും ആള്‍ക്കാര്‍ ഉണ്ട് .


രാജേഷ്‌ : പൊലീസ് ഡ്രൈവര്‍ ഇവിടെ വാടാ..എന്ന് ആവശ്യപ്പെട്ടു .ഞാന്‍ റോഡിലേക്ക് ചെന്നു .എന്താ ഇവിടെ ഇരിക്കുന്നത് എന്നായിരുന്നു ചോദ്യം ?


വെറുതെ ഇരിക്കുകയാണ് എന്ന് മറുപടി കൊടുത്തു .ആരാ കൂടെ ഉള്ളത് എന്ന് ചോദിച്ചപ്പോള്‍ "ഭാര്യ" എന്നും പറഞ്ഞു .


എങ്കില്‍ അവളെ ഇങ്ങ് വിളിക്ക്....എന്ന് ആവശ്യപ്പെട്ടു .ഇത് കേട്ടു കൊണ്ട് രശ്മി റോഡിലേക്ക് വന്നു .


രശ്മി :ഇവന്‍ നിന്റെ ആരാടീ എന്നായിരുന്നു ആദ്യ ചോദ്യം .ഭര്‍ത്താവ് എന്ന് പറഞ്ഞപ്പോള്‍ "എത്രാമത്തെ ഭര്‍ത്താവ് ? " എന്നായി ചോദ്യം ."കുറച്ച് മാന്യമായി സംസാരിക്കണം " എന്ന് പറഞ്ഞപ്പോള്‍ സ്വരം ഭീഷിണിയുടേതായി. "ഇങ്ങനെ ഒക്കെ തന്നെയാണ് എല്ലാവരും പറയാറ്... അപ്പോള്‍ പിന്നെ എല്ലാത്തിനും സൗകര്യം ആയല്ലോ ? " എന്ന് അധിക്ഷപിച്ചു .അദ്ധ്യാപകന്‍ ആണെന്നും പൊതു പ്രവര്‍ത്തകന്‍ ആണെന്നും പറഞ്ഞപ്പോള്‍ പരസ്യമായി പ്രയോഗിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടാത്ത വാക്കുകള്‍ ഉപയോഗിച്ചായി അധിക്ഷേപം .


രാജേഷ് : പരസ്യമായി അപമാനിക്കരുത് എന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ നീ എന്ത് ചെയ്യും എന്നായി... ഒപ്പം ഷര്‍ട്ടില്‍ കടന്നു പിടിച്ച് "കേറടാ ജീപ്പില്‍...." എന്ന ആക്ക്രോശവും ."വരാം ,അതിനു ദേഹത്ത് പിടിക്കണ്ട" എന്ന് പറഞ്ഞ് ജീപ്പിലേക്ക് കയറി.


ജീപ്പില്‍ വെച്ച് അധിക്ഷേപം തുടര്‍ന്നോ ?


രശ്മി : കുറേക്കൂടി മോശമായ ഭാഷയിലായി പ്രയോഗങ്ങള്‍ .രാജേഷ്‌ ചേട്ടന്‍ ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചത് ബലം പ്രയോഗിച്ച് തടഞ്ഞു .


രാജേഷ് : ഞങ്ങള്‍ കാത്തു നിന്നിരുന്ന സുഹൃത്തിനോട് വിവരം പറയാനാണ് വിളിച്ചത് .പക്ഷെ കൈ തട്ടി മാറ്റി .


അത് വക വെയ്ക്കാതെ ഒരു ഫ്രണ്ടിനെ കൂടി വിളിച്ചു .അപ്പോള്‍ ബലം പ്രയോഗിച്ച് ഫോണ്‍ പിടിച്ച് വാങ്ങി .പക്ഷെ കാള്‍ ഓഫ്‌ ആയില്ല .ജീപ്പിനകത്തെ ബഹളം കേട്ട സുഹൃത്ത് വഴിയാണ് സംഭവം പുറത്ത് അറിയുന്നത് .


രശ്മിയെ കൊണ്ട് പോകുമ്പോള്‍ വനിതാ പൊലീസിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നോ ?


രശ്മി : ഇല്ല .മാത്രമല്ല ,സ്ത്രീ എന്ന പരിഗണന അല്‍പ്പം പോലും നല്‍കിയുമില്ല .പക്ഷെ വനിതാ പൊലീസ് ഇല്ലാതിരുന്നത് നന്നായി എന്ന് പിന്നീട് തോന്നി .


അതെന്താ ?


രശ്മി : സ്റ്റേഷനില്‍ എത്തിക്കഴിഞ്ഞ് ഒരു വനിതാപൊലീസ് ഉദ്യോഗസ്ഥയില്‍ നിന്നും ഉണ്ടായ പെരുമാറ്റം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തതായിരുന്നു .ഒരു സ്ത്രീ ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ചോദ്യങ്ങള്‍...


നിനക്ക് എത്ര ഭര്‍ത്താക്കന്മാര്‍ ഉണ്ട് ?


ഇവന് എത്ര ഭാര്യമാര്‍ ഉണ്ട് ?


നിന്റെ റെയ്റ്റ് എത്രയാടീ ?


രാജേഷ് : ഇത്രയുമായപ്പോള്‍ അല്‍പ്പം കടുപ്പത്തില്‍ പറയേണ്ടി വന്നു ,അല്‍പ്പം മാന്യമായി സംസാരിക്കണം എന്ന് ."പോലിസ് സ്റ്റേഷനില്‍ വന്ന് എതിര്‍ത്ത് സംസാരിക്കുമോടാ..." എന്ന് ഭീഷിണിപ്പെടുത്തിക്കൊണ്ട് ഡ്രൈവര്‍ മുഷ്ടി ചുരുട്ടി അടുത്തു .ദേഹത്ത് കൈ വെച്ചാല്‍ കളി മാറും എന്ന് മാന്യമായ ഭാഷയില്‍ ,പക്ഷെ ഉറച്ച് തന്നെ താക്കീത് നല്‍കി .


രശ്മി: താലിമാലയും സിന്ദൂരം ഇട്ട് വന്ന അവളുമാര്‍ വിവാഹിതരാണെന്ന് പറഞ്ഞിട്ട് ഞങ്ങള്‍ സമ്മതിച്ചിട്ടില്ല .പിന്നെയാണ് ഒരുത്തി ഇതൊന്നും ഇല്ലാതെ ഭാര്യയാണെന്നു പറയുന്നത്.." എന്ന് പൊലീസ് കാരി വക അധിക്ഷേപം വീണ്ടും .


രാജേഷ് : ഞങ്ങള്‍ മിശ്ര വിവാഹിതര്‍ ആണ് ,മതരഹിതര്‍ ആയി ജീവിക്കുന്നതിനാല്‍ താലിയും സിന്ദൂരവും അണിയാറില്ല എന്ന് പറഞ്ഞപ്പോള്‍ ഞങ്ങളുടെ ജാതി ആ സ്ത്രീയ്ക്ക് അറിഞ്ഞേ പറ്റു . പിന്നെ അത് പറഞ്ഞായി പരിഹാസം. ഗാന്ധി ജയന്തിക്ക് വിവാഹം കഴിച്ചത് അവിടെ പറയേണ്ടിയിരുന്നില്ല എന്നും തോന്നിപ്പോയി .


ചോദ്യം : പിന്നെ എങ്ങനെ ആണ് വിടുതല്‍ നേടിയത്?


രാജേഷ് : യാദൃശ്ചികമായി സമീപവാസിയായ ഒരു പൊലീസ് കാരന്‍ അവിടേക്ക് വന്നു .അയാള്‍ ഞങ്ങളെ കണ്ട് , ഇവര്‍ വിവാഹിതര്‍ ആണെന്ന് പറഞ്ഞിട്ടും ചോദ്യം ചെയ്യല്‍ തുടര്‍ന്നു .വനിതാ പൊലീസ് വീണ്ടും ചീത്ത വിളിയും തുടര്‍ന്നു .2 മാസം കഴിഞ്ഞിട്ടും നിനക്ക് കല്യാണം കഴിച്ചതിന്റെ ലക്ഷണം ഒന്നും ഇല്ലല്ലോടീ എന്ന് ചോദിച്ച് വീണ്ടും അടുക്കവേ C.I. കടന്നു വന്നു.


അദ്ദേഹത്തിന്‍റെ പെരുമാറ്റം എങ്ങനെ ഉണ്ടായിരുന്നു ?


രാജേഷ് : ഒരു മുന്‍പരിചയം അദ്ദേഹവുമായി ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ എയ്ഡ്സ് ഡേ ക്ലാസ് ഇതേ സ്റ്റേഷനില്‍ ഞാന്‍ ആണ് എടുത്തത് . എന്നെ കണ്ടപ്പോള്‍ അദ്ദേഹം തിരിച്ചറിഞ്ഞു .വിളിച്ചു മുറിയില്‍ കൊണ്ടുപോയി വിവരങ്ങള്‍ അന്വേഷിച്ചു .എല്ലാം കേട്ടതിനു ശേഷം " ഇത് പോലീസിന്റെ രീതിയുടെ കുഴപ്പമാണ് ,സാരമില്ല ,നിങ്ങള്‍ക്ക് പോകാം " എന്ന് പറഞ്ഞു .


എന്തായിരുന്നു നിങ്ങളുടെ പ്രതികരണം ?


രാജേഷ് : ഞാന്‍ ഇത് കേസ് ആക്കാനാണ് താല്പ്പര്യപ്പെടുന്നത് എന്ന് പറഞ്ഞു . "അത് നിങ്ങളുടെ ഇഷ്ടം പോലെ ആകട്ടെ" എന്ന് പറഞ്ഞ് അദ്ദേഹം പോയി .സ്റ്റേറ്റ്മെന്റ് എഴുതി വാങ്ങി ഞങ്ങളെ വിട്ടയയ്ക്കാന്‍ പറഞ്ഞിട്ടാണ് C.I. പോയത് .


അതോടെ പീഡനം അവസാനിച്ചോ ?


രാജേഷ് : ഇല്ല .വനിതാ പൊലീസ് കാരി ഞങ്ങളെ നോക്കി വീണ്ടും അധിക്ഷേപം ചൊരിയുന്നുണ്ടായിരുന്നു .സംഭവം അറിഞ്ഞ്‌ ഞങ്ങളുടെ സുഹൃത്തുക്കള്‍ പലരും സ്ഥലത്ത് എത്തി ."കുറച്ച് കൂടി മാന്യമായി ആളുകളോട് പെരുമാറിക്കൂടെ" എന്ന് ഞാന്‍ ആ സ്ത്രീയോട് ചോദിച്ചു . "പോലീസ് സ്റ്റേഷനില്‍ വന്നു ആളാകുന്നോടാ....?" എന്ന് ക്ഷോഭിച്ച് വിറച്ച് കൊണ്ട് ഞങ്ങള്‍ക്ക് നേരെ വീണ്ടും അടുത്തപ്പോള്‍ C.I. തിരിച്ചു വന്നു . ഇത്തവണ അദ്ദേഹവും മോശമായി സംസാരിച്ചു.


എന്താണ് C.I. പറഞ്ഞത് ?


രാജേഷ്: "നിന്നോട് ഞാന്‍ മര്യാദയ്ക്ക് അകത്ത് വച്ച് സംസാരിച്ചത് നീ വലിയ ആളായത് കൊണ്ടൊന്നും അല്ല .അത് കണ്ട നീ പൊങ്ങുകയും വേണ്ട .ഇവിടെ കിടന്നു ആള് കളിച്ചാല്‍ കേസ് ചാര്‍ജ് ചെയ്ത് അകത്താക്കും "എന്ന് പറഞ്ഞു.


ചോദ്യം : എന്ത് മറുപടി നല്‍കി?


രാജേഷ്‌ : ഒന്നും പറഞ്ഞില്ല. സ്റ്റേഷനില്‍ നിന്ന് ഒരു പേപ്പര്‍ ചോദിച്ചു വാങ്ങി . പരാതി എഴുതി നല്‍കി ,സുഹൃത്തുക്കള്‍ക്ക് ഒപ്പം മടങ്ങി .


ചോദ്യം : നിങ്ങള്‍ക്കുണ്ടായ പീഡനം ഒരു ഒറ്റപ്പെട്ട സംഭവമാണോ?


രാജേഷ് : എന്ന് കരുതുന്നില്ല . എത്രയോ സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാതെ പോകുന്നു ?


ചോദ്യം : പൊലീസില്‍ ഉള്‍പ്പടെ വിപുലമായ ഒരു സുഹൃദ് വലയം താങ്കള്‍ക്കുണ്ടല്ലോ ? സ്റ്റേഷനില്‍ അത് സൂചിപ്പിച്ചില്ലേ ?


രാജേഷ് : ഒന്നാമത് ഞങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ല .മാത്രമല്ല, പൊതു ജന സംരക്ഷണത്തിനായി ,നാം നികുതി കൊടുത്ത് പുലര്‍ത്തുന്ന ഒരു സംവിധാനത്തില്‍ നിന്ന് നീതി ലഭിക്കുവാന്‍ എനിക്ക് അവകാശമുണ്ട് .അത് ഏതെങ്കിലും പരിചയത്തിന്റെ ബലത്തില്‍ കിട്ടേണ്ട ഔധാര്യമല്ല .


അപ്പോള്‍ വ്യക്തിപരമായ പ്രശ്നം ആയി ഈ സംഭവത്തെ കാണുന്നില്ല ,അല്ലെ?


രാജേഷ് :തീര്‍ച്ചയായും ഇല്ല .വ്യക്തിപരം ആയിരുന്നെങ്കില്‍ ജോലി പോലും മാറ്റി വച്ച് ഞങ്ങള്‍ രണ്ടാളും ഇതിനു വേണ്ടി നില്‍ക്കില്ലായിരുന്നു .


രശ്മി : വിഷയത്തിന്റെ സാമൂഹിക പ്രാധാന്യം കൊണ്ട് തന്നെയാണ് ഇത്രയും വ്യാപകമായ ചര്‍ച്ചകള്‍ ഉണ്ടായി വരുന്നത് .


എന്തൊക്കെ സാമൂഹിക പ്രശ്നങ്ങളാണ് ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത് ?


രാജേഷ് : ഇന്ത്യന്‍ ഭരണഘടനയ്ക്ക് കീഴില്‍ ജീവിക്കുന്ന ഒരു പൗരന് ലഭിക്കേണ്ട പല അവകാശങ്ങളും ഞങ്ങള്‍ക്ക് നിഷേധിച്ചിട്ടുണ്ട് .


സ്വതന്ത്രമായി സഞ്ചരിക്കാന്‍ ,ജീവിക്കാന്‍ ഒരു ഇന്ത്യന്‍ പൗരനുള്ളത് മൗലികമായ അവകാശമാണ്‌ .


മതത്തില്‍ വിശ്വസിക്കാന്‍ എന്ന പോലെ വിശ്വസിക്കാതിരിക്കാനും അവകാശമുണ്ട് .


കൂട്ട് കൂടാനും ആശയങ്ങള്‍ പങ്ക് വെയ്ക്കാനും ഉള്ള അവകാശം മാനുഷികം കൂടിയാണ് . ഇത്തരം പല അവകാശങ്ങളും നിഷേധിക്കപ്പെട്ടിട്ടുണ്ട്‌ .


രശ്മി : ഒരു സ്ത്രീ എന്ന നിലയില്‍ നിയമം നല്‍കുന്ന എല്ലാ പരിരക്ഷയ്ക്കും എനിക്കും അവകാശമുണ്ട് .


രാജേഷ് :കൂടുതല്‍ ഗൗരവമായ സംഗതി , കേരളത്തിന്റെ പുരോഗമനസ്വഭാവത്തെ ഇല്ലാതാക്കി , മതവത്ക്കരിക്കാനുള്ള കൊണ്ട് പിടിച്ച ശ്രമങ്ങള്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട് . അതിനു സഹായകമാം വിധം പൊലീസ് നിലപാട് എടുക്കുന്നത് ഏറെ വേദനാകരമാണ് .


ചോദ്യം : വിവാഹിതരായി എന്നതിന് എന്ത് തെളിവാണ് പൊലീസ് ആവശ്യപ്പെട്ടത് ?


രശ്മി : താലിയും കുങ്കുമപ്പൊട്ടും.


സാമൂഹിക പ്രവര്‍ത്തകനാണ് ,അദ്ധ്യാപകനാണ് , മിശ്രവിവഹിതനാണ് , ഗാന്ധി ജയന്തി ദിനത്തില്‍ സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹിതരായതാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ എന്ത് പ്രതികരണം ആണ് ഉണ്ടായത് ?


രാജേഷ്‌ : തികഞ്ഞ പുശ്ചവും അവഹേളനവും മാത്രം .


സദാചാരപൊലീസ് എന്ന പേരില്‍ നടക്കുന്ന ക്രിമിനല്‍ വിളയാട്ടം അനുവദിക്കില്ല എന്ന് പൊലീസ് അധികാരികള്‍ തന്നെ മുന്‍പ് പ്രസ്താവിച്ചിട്ടുള്ളതാണ് .പക്ഷെ ഈ സംഭവത്തോടെ പൊലീസ് തന്നെ ആ നിലയിലേക്ക് തരം താണിരിക്കുന്നു എന്ന വിമര്‍ശനമാണ് ഉയരുന്നത് . സദാചാരപൊലീസ് എന്നതിനെ എങ്ങനെ കാണുന്നു ?


രാജേഷ് : മനുഷ്യന് സ്വതന്ത്രമായി സഞ്ചരിക്കാനും സ്വര്യമായി ജീവിക്കാനും അവകാശമുണ്ട്‌ . അതിന്‍ മേലുള്ള കടന്നു കയറ്റം പൊലീസ് ആയാലും മറ്റ് ആരായിരുന്നാലും ചെറുക്കപ്പെടണം .


ലോകത്തിന്റെ പലയിടത്തും ഇത്തരം സംഭവങ്ങള്‍ നാം കാണുന്നു . താലിബാന്‍ ആയാലും ശ്രീരാമസേന ആയാലും അവര്‍ ലക്‌ഷ്യം വെയ്ക്കുന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യം ആണ് . ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല . ജ്യോതീ, നമ്മള്‍ ഒരുമിച്ച് എത്രയോ തവണ ഇതേ സ്ഥലത്ത് വൈകുന്നേരങ്ങള്‍ ചിലവഴിച്ചിട്ടുണ്ട് . അപ്പോള്‍ ഇല്ലാത്ത പ്രശ്നം ഉണ്ടാകുന്നത് സ്ത്രീ കൂടി വരുമ്പോള്‍ ആണ് .


രശ്മി : അല്ല. സ്ത്രീ വരുമ്പോള്‍ മാത്രമാണ് .താലി ,കുങ്കുമപ്പൊട്ട് തുടങ്ങിയ അന്വേഷണങ്ങള്‍ ശരിക്കും ഞങ്ങള്‍ക്ക് നേരയുള്ള ചോദ്യങ്ങള്‍ അല്ല ; മതേതര കേരളത്തിനു എതിരായ ആക്രമണം ആണ് . ആ അര്‍ത്ഥത്തില്‍ ഞങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണയും സംഭവത്തിനു എതിരെ ഉയരുന്ന പ്രതിഷേധങ്ങളും കേരളത്തിന്റെ പുരോഗമന സ്വഭാവത്തിന്റെ കൂടി പ്രതീകമാണ് - അത് പ്രതീക്ഷഭരിതമാണ് .


ഏതൊക്കെ ഭാഗത്ത് നിന്നാണ് പിന്തുണ ലഭിച്ചത് ?


രാജേഷ് : മാധ്യമങ്ങളുടെ പിന്തുണയാണ് ഏറ്റവും പ്രധാനം . പത്ര-ദൃശ്യ മാധ്യമങ്ങള്‍ നല്ല പ്രാധാന്യം നല്‍കി . facebook അടക്കമുള്ള നവ മാധ്യമങ്ങളില്‍ വലിയ അളവില്‍ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുന്നു .


ശാസ്ത്ര സാഹിത്യ പരിഷത്ത് , മഹിള അസോസിയേഷന്‍ ,യുക്തിവാദി സംഘം , മിശ്രവിഹാഹവേദി , വനിതാ സാഹിതി ,മോചിത ,ഗാന്ധിസ്മാരകം , safe -മതേതര കൂട്ടായ്മ എന്നിവര്‍ സമരങ്ങള്‍ നയിക്കുന്നു . DYFI , AIYF തുടങ്ങിയ യുവജന പ്രസ്ഥാനങ്ങള്‍ പിന്തുണ അറിയിക്കുകയും തനതായ പരിപാടികളുമായി മുന്നോട്ട് പോകുകയും ചെയ്യുന്നുണ്ട് .


സ്ഥലം MLA Dr .തോമസ് ഐസക്ക് തുടക്കം മുതല്‍ ഒപ്പം തന്നെ ഉണ്ട് . T .V .രാജേഷ് MLA നേരിട്ട് എത്തി പിന്തുണ അറിയിച്ചു ,വാര്‍ത്ത സമ്മേളനം നടത്തി . K .C . വേണുഗോപാല്‍ M .P , V .D .സതീശന്‍ MLA , Adv .M .ലിജു , വിവിധ സംഘടന നേതാക്കള്‍ എന്നിവര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു . V .T .ബല്‍റാം MLA ,facebook വഴി പ്രതികരിക്കുകയും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തതായി അറിയാന്‍ കഴിഞ്ഞു.




തങ്ങളില്‍ ഒരാള്‍ക്ക് നേരിട്ട പീഡനം എന്നത് കൊണ്ടാണോ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്കുന്നത് ?


രാജേഷ് : ഒരിക്കലുമില്ല. രാജേഷ്, രശ്മി എന്നീ രണ്ട് വ്യക്തികള്‍ക്ക് നേരിട്ട ദുരനുഭവം ആയിട്ടല്ല പരിഷത്ത് ഈ പ്രശ്നത്തെ സമീപിക്കുന്നത് . ഏറെ നാളായി സംഘടന ചെയ്ത് കൊണ്ടിരിക്കുന്ന ചില പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഇതിലും കാണാം ."വേണം മറ്റൊരു കേരളം" എന്ന മുദ്രാവാക്യം തന്നെയാണ് പരിഷത്ത് ഇവിടെയും ഉയര്‍ത്തിപ്പിടിക്കുന്നത് എന്ന് ഞാന്‍ കരുതുന്നു." സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിര്‍ഭയമായി ജീവിക്കാവുന്ന നാട്" എന്ന പേരില്‍ ഒരു കാമ്പയിന്‍ ഞങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് മുന്‍പാകെ ചര്‍ച്ചയ്ക്ക് വെച്ചിട്ടുണ്ട് . സദാചാരപൊലീസ് ആത്യന്തികമായി സ്ത്രീവിരുദ്ധമാണ് .


ഏതൊക്കെ പരാതികളാണ് നല്‍കിയിട്ടുള്ളത് ?


രശ്മി : പൊലിസ് ഡിപ്പാര്‍ട്ട്മെന്റിലെ വിവിധ തലങ്ങളില്‍ പരാതി നല്‍കി . മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട് . സ്വകാര്യ അന്യായം ഫയല്‍ ചെയുന്നതിന്റെ സാദ്ധ്യതകള്‍ ആലോചിക്കുന്നുണ്ട് . വിവിധ സംഘടനകള്‍ വെവ്വേറെ പരാതികളും പൊതുതാല്‍പ്പര്യ ഹര്‍ജികളും ഫയല്‍ ചെയ്തതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട് .


ഏതൊക്കെ പരാതികളിന്‍മേല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട് ?


രാജേഷ് : എനിക്കറിയാവുന്ന കാര്യം സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സസ്പെന്‍ഷനില്‍ ആയതാണ് . പിന്നെ...മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട് .


വിവാഹം എങ്ങനെ ആയിരുന്നു?


രശ്മി : മതപരമല്ലാതെയുള്ള വിവാഹം ആയിരുന്നു . സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം പറവൂരില്‍ വച്ചായിരുന്നു വിവാഹം .


രാജേഷ് : ഗാന്ധി ജയന്തി ദിനത്തിലാണ് വിവാഹിതരായത്. സ്ഥലം MLA ശ്രീ. V.D. സതീശന്‍ പങ്കെടുത്തിരുന്നു .


പ്രണയ വിവാഹമായിരുന്നോ ? എങ്ങനെയാണ് തമ്മില്‍ കണ്ടു മുട്ടിയത് ?


രാജേഷ് : വിവാഹത്തെ സംബന്ധിച്ച് ചില കാഴ്ച്ചപ്പാടുകള്‍ ഒക്കെ ആദ്യമേ ഉണ്ടായിരുന്നു. പരിഷത്തില്‍ ഉള്‍പ്പെടെ ഉള്ള ചങ്ങാതിമാരുമായി അവ പങ്കു വയ്ക്കുകയും ചെയ്തിരുന്നു. അവര്‍ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് രശ്മിയുമായി കണ്ടു മുട്ടിയത് .


രശ്മി : അനുജത്തി പരിഷത്ത് പ്രവര്‍ത്തക ആയിരുന്നു . അവളുടെ സുഹൃത്തുക്കള്‍ വഴിയാണ് രാജേഷ് ചേട്ടനെ പറ്റി അറിയുന്നതും പരിചയപ്പെടുന്നതും .പരസ്പരം സംസാരിച്ചു കഴിഞ്ഞതിനു ശേഷം ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു .


അപ്പോള്‍ പ്രണയം ആയിരുന്നില്ല അല്ലെ ?


രാജേഷ് : വിവാഹിതരാകാന്‍ തീരുമാനിച്ച് മാസങ്ങള്‍ക്ക് ശേഷമായിരുന്നു വിവാഹം . നന്നായി പ്രണയിച്ചതിന് ശേഷമാണ് കല്യാണം കഴിച്ചത് .


വിവാഹം സ്വന്തം നിലപാടുകള്‍ക്ക് അനുസരിച്ച് നടത്താന്‍ തീരുമാനിച്ചപ്പോള്‍ എതിര്‍പ്പുകള്‍ ഉണ്ടായില്ലേ ?


രാജേഷ് : എതിര്‍പ്പുകള്‍ എന്ന് പറഞ്ഞ് കൂടാ. വിയോജിപ്പുകള്‍ ഉണ്ടായിരുന്നു .ബന്ധുക്കളുടെ ഭാഗത്ത് നിന്നും ,സുഹൃത്തുക്കളുടെ ഭാഗത്ത് നിന്നും .


ഇപ്പോഴത്തെ സംഭവത്തിന് ശേഷം ആ നിലപാടുകളില്‍ എന്ത് മാറ്റമാണ് ഉണ്ടായത് ?


രശ്മി : ജ്യോതിയ്ക്കറിയാമല്ലോ ,വിവാഹവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകള്‍ എല്ലാം തന്നെ...വിയോജിപ്പുകള്‍ പറഞ്ഞു തീര്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞത് തന്നെ ഞങ്ങളുടെ തീരുമാനമാണ് ശരി എന്ന വിശ്വാസം കൊണ്ടാണ് . ഇപ്പോള്‍ ആ വിശ്വാസം കൂടുതല്‍ ഉറച്ചിട്ടേയുള്ളൂ.


പ്രധിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും ഒടുവില്‍ എന്ത് ഫലമാണ് പ്രതീക്ഷിക്കുന്നത് ?


രശ്മി: കൂടുതല്‍ ജനാധിപത്യ സ്വഭാവമുള്ള ഒരു ഭരണകൂടവും മതേതര സ്വഭാവമുള്ള പൊലീസും .