Gopakumar Pookkottur

സ്വാതന്ത്ര്യം
സ്വപ്‌നങ്ങളുരുക്കിയാണ്
സ്വാതന്ത്രത്തിന്റെ മാലകോര്‍ത്തത്.
സ്വപ്‌നങ്ങളുരുകിയാണ്
പാരതന്ത്ര്യത്തിന്റെ ചങ്ങലതീര്‍ത്തത്.
മാലക്കും ചങ്ങലക്കുമിടയില്‍
ഇന്ന് അതിര്‍വരമ്പുകളൊന്നുമില്ല.

വെളുത്തവന്റെ സപ്രമഞ്ചത്തില്‍
കറുത്തവന്‍ ഇരുന്നെന്ന് കരുതി
ഗംഗയില്‍ തേനൊഴുകുമോ ?

ഒബാമരാജ്യം തുടര്‍ന്നാലും
രാമരാജ്യം വന്നാലും
പുണ്യനദിയിലൊഴുകുന്ന
ദരിദ്രശവങ്ങള്‍
ദാഹമകറ്റാന്‍
കുപ്പിവെള്ളം കുടിക്കേണ്ടിവരും.

എന്തായാലും
മൂന്നാമത്തെ സ്വാതന്ത്ര്യസമരവും,
മൂന്നാമത്തെ ലോകയുദ്ധവും,
ജീവജലത്തിനുവേണ്ടിയാകുമല്ലോ.

(2013-ല്‍ ഒരു ദിവസം ഡല്‍ഹിയില്‍ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യവേ, ട്രാഫിക് സിഗ്നലിനടുത്ത് വെച്ച് സുഹൃത്തിന്റെ കയ്യിലെ കുപ്പിവെള്ളത്തിന് വേണ്ടി യാചിച്ച പെണ്‍കുട്ടിക്കും പിന്നീടൊരിക്കല്‍ ഐഎന്‍എ മാര്‍ക്കറ്റിനു സമീപം പെപ്‌സി കുടിച്ചുകൊണ്ടിരുന്ന
ഒരാളുടെ നേരെ കൈനീട്ടി യാചിച്ച പിഞ്ചു ആണ്‍കുട്ടിക്കും വേണ്ടി സമര്‍പ്പിക്കുന്നു.)