Dr Sofiya Kanneth

ഞാന്‍ പ്രണയത്തിലാണ്

പ്രണയം മുട്ടിവിളിയ്ക്കാത്ത വാതിലുകളില്ലെന്നാണ്‌ അനുഭവസ്ഥരുടെ സാക്ഷ്യം; തെറ്റിദ്ധരിയ്ക്കരുത് പറഞ്ഞു വരുന്നത് യാത്രകളെ പ്രണയിയ്ക്കുന്നവരെക്കുറിച്ചാണ്‌. യാത്രകള്‍ തുടങ്ങുന്നതും അവസാനിയ്ക്കുന്നതും നമ്മള്‍ അറിയാറേയില്ല. ചിലത് പുതിയ പാതകള്‍ തുറന്നിടുന്നു..മറ്റു ചിലവ പാതിവഴിയില്‍ അവസാനിയ്ക്കുന്നു.

“Every journey will have a hidden secret that may be unknown to you”,

ജീവിതം തമിഴ്നാടു കാലത്തിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിയ്ക്കുകയാണ്‌. ദന്തക്ഷേമ പഠനഭാഗമായ അഞ്ചാണ്ടുകള്‍ . അഞ്ചു മാസങ്ങള്‍ മാത്രമാണ്‌ ഇനിയിവിടെ അവശേഷിയ്ക്കുന്നത്. ബി ഡി എസ് പാഠ്യപദ്ധതിയിലെ, ആസ്വാദനങ്ങളുടെ മധുരനാളുകളായാണ്‌ മുന്‍ഗാമികള്‍ ‘ഹൗസ് സര്‍ജന്‍സിക്കാലത്തെ വിലയിരുത്തുന്നത്. ഇപ്പോള്‍ ഞാനും ടി കാലത്തിലാണ്‌. ഡെന്റല്‍ ക്യാമ്പുകള്‍ ഒരുപാടുണ്ടാകും.. രോഗികളില്‍ ആരോഗ്യാവബോധം സൃഷ്ടിയ്ക്കുക, വിശേഷിച്ച് സര്‍വ്വസാധാരണക്കാരിലേയ്ക്ക് ഇറങ്ങിച്ചെല്ലുക. ഇതെല്ലാമാണ്‌ ക്യാമ്പുകളുടെ പൊതു ലക്ഷ്യം. ഗാന്ധിജി പറഞ്ഞതു പോലെ ഇന്ത്യയെ അറിയാന്‍ ഗ്രാമങ്ങളിലേയ്ക്കു തന്നെ യാത്ര ചെയ്യണം.

തൈരു തക്കാളി സാദങ്ങള്‍

ലക്ഷ്മീകാന്തന്‍സാറും, ഞങ്ങള്‍ മൂന്നു പേരുമടങ്ങുന്ന ഹൗസ് സര്‍ജ്ജന്‍ വിദ്യാര്‍ഥി സംഘം ഇത്തവണ യാത്ര തിരിയ്ക്കുന്നത് പുലഗൗഡപെട്ടി എന്ന മേട്ടൂരിനടുത്തുള്ള ഒരുള്‍ഗ്രാമത്തിലേയ്ക്കാണ്‌. . തമിഴ്നാട്ടിലെ റോഡുകള്‍ കേരള സര്‍ക്കാര്‍ കണ്ടു പഠിയ്ക്കണമെന്ന് ഞങ്ങള്‍ പരസ്പ്പരം പറഞ്ഞു. ജനസാന്ദ്രത കുറവായതു കൊണ്ടു തന്നെ വഴികള്‍ക്കിരുവശവും നിറയേ പാടങ്ങളാണ്‌. ചോളം, കമ്പം, ബാര്‍ലി, വിവിധയിനം പച്ചക്കറികള്‍, സൂര്യകാന്തി, അരുണ തുടങ്ങി പലയിനം വേരുകള്‍ അവിടങ്ങളില്‍ നൃത്തം ചെയ്യുന്നു.വിജനങ്ങളായ തുറസ്സിടങ്ങള്‍ തമിഴിന്റെ ഉള്ളിടങ്ങളെ അടയാളപ്പെടുത്തിക്കൊണ്ടിരുന്നു.

ഏകദേശം ഒരു മണിക്കൂര്‍ നീണ്ട യാത്രയ്ക്കൊടുവില്‍ ഞങ്ങളവിടെയെത്തി. കാത്തു നിന്നിരുന്ന സംഘാടകര്‍ ഹൃദ്യമായ പുഞ്ചിരിയോടെ ഞങ്ങളെ എതിരേറ്റു. ഒരു സര്‍ക്കാര്‍ സ്ക്കൂളിലാണ്‌ മെഡിയ്ക്കല്‍ ക്യാമ്പു സംഘടിപ്പിച്ചിരിയ്ക്കുന്നത്. ഉച്ചക്കഞ്ഞിയുടെ കൊതിയ്പ്പ്ക്കുന്ന ഗന്ധം നാലുപാടും പരന്നിരുന്നു.അപ്പോഴേയ്ക്കും പ്രായലിംഗ ഭേദമെന്യേ തനി ഗ്രാമീണരായ രോഗികള്‍ കൂട്ടം കൂട്ടമായ് എത്തിത്തുടങ്ങി.പലര്‍ക്കും വേദനസംഹാരികള്‍ മാത്രം മതി.വേദനകന്‍ മറക്കാന്‍ എളുപ്പ വഴികള്‍ തേടുന്നവര്‍ . ഇയവരില്‍ ഭൂരിഭാഗവും പുകയിലയുല്‍പ്പങ്ങള്‍ ഉപയോഗിയ്ക്കുന്നവരാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാനാകും.ദൃവിച്ച പല്ലുകളും വിണ്ടു കീറിയ മോണകളും സമൃദ്ധമായി തമിഴു പേശിക്കൊണ്ടിരുന്നു. തമിഴും മലയാളവും ചെറു കഷ്ണം ഇംഗ്ളീഷിലുമെല്ലാമായി ഞങ്ങള്‍ സാമന്യം ഭേദ നിലവാരത്തില്‍ പിടിച്ചു നിന്നു. ഞങ്ങളും വിടമാട്ടേന്‍ . ചിലര്‍ എല്ലാം കേട്ടിരുന്നു.. കുറേപ്പേര്‍ കറു മുറെ ചോദ്യങ്ങളുതിര്‍ത്തു.

അപ്പോഴേയ്ക്കും വിശപ്പിന്റെ സൈറണ്‍ മുഴങ്ങിത്തുടങ്ങിയിരുന്നു. തൈരു/ തക്കാളി സാദങ്ങള്‍ അച്ചാര്‍ എന്നിവയാണിനങ്ങള്‍. വിഭവങ്ങള്‍ എന്തുമാകട്ടെ വിശപ്പിനു കണ്ണില്ലല്ലോ ഞങ്ങള്‍ മത്സരം തുടങ്ങി അല്പം വിശ്രമം.അതിനു ശേഷം മടക്കം. ഇതാണു പദ്ധതി. ഈ ഇടവേളകളിലാണ്‌ ബാപ്പ വാങ്ങിത്തന്ന സാംസങ്ങ് ഫോണിന്റെ ഫോട്ടോ ഭോജന സമയം.

പാപ്പാത്തിയോര്‍മ്മകള്‍

ക്യാമ്പില്‍ വെച്ചാണ്‌ പാപ്പാത്തിച്ചേച്ചിയെ പരിചയപ്പെട്ടത്. ഈറോട് ജനറല്‍ ആശുപത്രിയ്ക്കു മുന്‍പില്‍ കരിക്കു വിറ്റാണ്‌ ഉപജീവനം. കത്തി കൊണ്ടാണ്‌ ഒരിയ്ക്കല്‍, കൈമുറിഞ്ഞത്. ചികിത്സയുടെ ഭാഗമായ ചില കുത്തി വെയ്പ്പുകള്‍ എടുത്തു. പിന്നീട് ശരീരം ക്രമാനുഗതമായി ശോഷിയ്ക്കാന്‍ തുടങ്ങിയത്രേ. വായില്‍ ക്ളിനിക്കലി പൊസിറ്റീവ് ആയ കുറേ lesions സുമായി വിറച്ചു കയറി വന്ന ആ അമ്മയുടെ മുഖം ഇപ്പോഴും കണ്‍മുന്നിലുണ്ട്. ഒരിയ്ക്കലുമുണങ്ങാത്ത മുറിവു പോലെ ഇന്ത്യയില്‍ ഏറ്റവുമധികം എച്ച് ഐ വി സ്ഥിതീകരിക്കപ്പെടുന്ന പ്രദേശമാണ്‌ തമിഴ്നാട്. രോഗം ഒരു സാമൂഹ്യപ്രശ്നമായി വളരുന്നതനുഭവിച്ചറിയണമെങ്കില്‍ ഈ ഗ്രാമങ്ങളിലേയ്ക്കു വരണം. സേലം എന്ന പ്രദേശമാണ്‌ രോഗികളുടെ എണ്ണം കൊണ്ട് മുന്‍പന്തിയില്‍. അറിഞ്ഞോ അറിയാതെയോ മരണത്തിലേയ്ക്കു യാത്ര ചെയ്യുന്നവര്‍ ... വളരെ ചുരുക്കം പേര്‍ മാത്രമേ താന്‍ എച്ച് ഐ വി പോസിറ്റീവ് ആണെന്ന് തുറന്നു പറയാറുള്ളൂ. രോഗബാധിതരെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനകില്ല എന്നത് പ്രതിരോധപ്രവര്‍ത്തങ്ങളുടെ ശക്തി കുറയ്ക്കുന്നു.

പുത്തിസാലി

തമിഴ്നാടിന്റെ രാഷ്ട്രീയ അഭിരുചികള്‍ രസകരങ്ങളാണ്‌. ജാതി സമവാക്യക്യങ്ങളും രസികര്‍മന്റ്രങ്ങളുമാണ്‌ അധികാരഘടനകള്‍ നിയന്ത്രിയ്ക്കുക. പ്രത്യയശാസ്ത്രങ്ങളാല്‍ നിയന്ത്രിയ്ക്കപ്പെടുന്ന ജനാധിപത്യ സംവിധാനങ്ങള്‍ ഈ നാടിന്‌ പരിചിതമല്ലെന്നു തോന്നുന്നു. പണാധിപത്യത്തിന്റെ സ്വാധീനം എല്ലായിടങ്ങളിലും കാണാം. ഉള്ളവര്‍ക്കെല്ലാമുണ്ട്. ഇല്ലാത്തവര്‍ക്കോ ഒന്നുമില്ലതാനും കലാലയങ്ങളിലടക്കം മാനേജ്മെന്റുകളുടെ നെറികേടുകള്‍ക്കു നേരെ പ്രതികരിയ്ക്കുന്നവരെ നിസ്സാരമായി അടിച്ചമര്‍ത്തുന്നു. അപ്പോഴൊക്കെയാണ്‌ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ പ്രസക്തിയെക്കുറിച്ചും അനിവാര്യതയെക്കുറിച്ചും ആലോചിച്ചു പോയത്.

തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പുകള്‍ മാമാങ്കങ്ങളാണ്‌. പഞ്ചാരിമേളവും കൊട്ടും പാട്ടും കുരവയുമെല്ലാം അകമ്പടിയായുണ്ടാകും. അങ്ങിനെയൊരു ഇലക്ഷന്‍ കാലത്ത് പതിവ് ഔട്ട് പേഷ്യന്റ് ഡ്യൂട്ടി നേരത്താണ്‌ ആ പത്തു വയസ്സുകാരനെ പരിചയപ്പെട്ടത്. തിളങ്ങുന്ന കണ്ണുകളുള്ള ഇരുണ്ടൊരു സുന്ദരന്‍ കുട്ടി. എന്റെ ചോദ്യം നീ ആര്‍ക്ക് വോട്ടു ചെയ്യുമെന്നായി. നിമിഷമൊന്നു വേണ്ടി വന്നില്ല, അവന്റെ കുഞ്ഞരിപ്പല്ലുകളെ ഭേദിച്ച് ഉറപ്പോടെ ജയലളിതയെന്ന ശബ്ദം മുഴങ്ങി. അതിനുള്ള കാര്യകാരണങ്ങളാണ്‌ കൂടുതലമ്പരപ്പിച്ചത്. ജയലളിതാമ്മ ജയിച്ചാല്‍ ലാപ്പ്ടോപ്പ് കെടയ്ക്കുമത്രേ.. കരുണാധിയാനാല്‍ ടി വി മട്ടും താന്‍ എങ്ങനെയുണ്ടവന്റെ ബുത്തീ​‍ീ

മുല്ലൈപ്പെരിയോര്‍

മുല്ലപ്പെരിയാര്‍ വിഷയം കത്തി നില്ക്കുമ്പോഴും ഈ നാടും മനുഷ്യരും മണ്ണിനോടു കാട്ടുന്ന സ്നേഹം ആരെയുമമ്പരപ്പിയ്ക്കും. കാല തുലാവര്‍ഷങ്ങള്‍ ഒരുപോലെയാസ്വദിയ്ക്കുന്ന നമ്മള്‍ മലയാളികള്‍ക്ക് പാലക്കാടു പിന്നിടുമ്പോഴേ അസ്വസ്തതകള്‍ തോന്നുമായിരിയ്ക്കാം. ജലം അമൂല്യമാണ്‌ അതു പാഴാക്കാരുത് നമ്മള്‍ വഴി നീളെ ഫലകങ്ങള്‍ സ്ഥാപിച്ച് ബഹുരാഷ്ട്രകുത്തകകള്‍ക്ക് ജലം കൊള്ള ചെയ്യാന്‍ അവസരമൊരുക്കുന്നു. ഒടുവില്‍ കുപ്പി വെള്ളം പണം കൊടുത്തു വാങ്ങുന്നു തമിഴന്റെ നാട്ടില്‍ ജലം സംബന്ധിച്ച പ്രബോധങ്ങളില്ല. ‘ഷോപീസ് ബോര്‍ഡുകളില്ല.“ഒരു കുടം വെള്ളംകൊണ്ടവര്‍ ഒരു ചെടിയ്ക്കും അവനവനു തന്നെയും ജീവന്‍ പകരുന്നു.”

ഇപ്പയും ഒരു എത്തും പിടീം കിട്ടണില്ല

വെയില്‍ ചാഞ്ഞു തുടങ്ങിയിരിയ്ക്കുന്നു. ഇനി നമുക്കു മടങ്ങിയാലോ..യാത്ര സേലം വഴിയാണെന്ന് ആരോ പറഞ്ഞു. . തമിഴ്നാട്ടിലെ വഴികള്‍ ‘ഇപ്പയും ഒരു എത്തും പി പിടീം കിട്ടണില്ല’. ഇരുവശവും നിരവധിയമ്പലങ്ങള്‍ .. ഇതു തമിഴ്നാടിന്റെ മാത്രം പ്രത്യേകതയാണ്‌. മുപ്പതിമുക്കോടി ദൈവ പ്രതിഷ്ഠകള്‍ ഈ നാടിനു മാത്രം സ്വന്തം. തിരുവെന്‍കോട് ക്ഷേത്രത്തിലെ ശിവ പ്രതിഷ്ഠ ഏറെ പ്രസിദ്ധമാണ്‌.

പകലിന്റെ ക്ഷീണം മയക്കുമ്പോള്‍ ഓര്‍മ്മകളില്‍ പിന്നിട്ടയഞ്ചു വര്‍ഷങ്ങള്‍ ഫ്ളാഷ്ബാക്ക് ചെയ്തു.. മലപ്പുറത്തെ വീട്ടില്‍ നിന്നും അവധി കഴിഞ്ഞ് കോളേജിലേയ്ക്കു തിരിച്ചെത്തുമ്പോള്‍ നേരം വെളുത്തു വരുന്നതേയുണ്ടാകുമായിരുന്നുള്ളൂ. പാതി രാത്രിയില്‍ ഈറോട് സ്റ്റേഷനില്‍ നിന്നും കോളേജിലേയ്ക്കുള്ള ഒരു മണിക്കൂര്‍ യാത്ര. അറിഞ്ഞോ അറിയാതെയോ ഒരു മനുഷ്യന്റെ ശരീരവും മേല്‍ വന്നു വീണില്ല. ഒരു തമിഴന്‍ കണ്ണും ശരീരത്തിന്റെ അളവുകളെടുത്തില്ല. പേരിനൊരു ഞോണ്ടനുഭവം പോലും പറഞ്ഞുവെയ്ക്കാനില്ല.. ഈ നാടു പകരുന്ന പറഞ്ഞറിയിയ്ക്കാനാകാത്ത വല്ലാത്തൊരു സുരക്ഷിതത്വ ബോധമുണ്ട്. മലയാളിപ്പെണ്ണുങ്ങള്‍ക്ക് അന്യമായത്. അപ്പോഴും വാദത്തിനു വേണ്ടിയെങ്കിലും ആര്‍ക്കെങ്കിലും ചോദിയ്ക്കാം..അല്ലാ..‘ഈ ഗോവിന്ദച്ചാമി തമിഴ്നാട്ടുകാരനല്ലേ..ഹേ..? അതേ അയാളു തമിഴനാണ്‌. പക്ഷേ അയാള്‍ പിന്‍പറ്റുന്ന സംസ്ക്കാരം തമിഴന്റേതല്ല. അതു കൊണ്ടു തന്നെ അയാളെ തമിഴ്നാടിനോടു ചേര്‍ത്തു വെയ്ക്കേണ്ടതില്ല.

നഗര/ ഗ്രാമ വ്യത്യാനമില്ലാതെ കേരളത്തിലെ ഏതേതു വഴികളിലാണ്‌ സ്ത്രീയ്ക്ക് കടന്നാക്ക്രമണ ഭീതിയില്ലാതെ സധൈര്യം അഭിമാനപൂര്‍വ്വം നട്ടപ്പാതിരയ്ക്കും സഞ്ചരിയ്ക്കാനാകുക? ഓ അതെല്ലാം സൗകര്യപൂര്‍വ്വം മറക്കാം. വല്ല മുഖസൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുന്നതിനെക്കുറിച്ചും സംസാരിയ്ക്കാം. അതിനു പറ്റിയത് ച്യൂയിങ്കമാണത്രേ വണ്ടിയ്ക്കൊപ്പം ചിന്തകളും കുടുങ്ങിക്കുടുങ്ങി നീങ്ങി. മണിക്കൂറുകള്‍ക്കകം കോളേജിലേയ്ക്കു തിരിച്ചെത്തും.. പാപ്പാത്തിയും പത്തു വയസ്സുകാരനും നിഷ്കളങ്കരായ ഒരുപാടു മനുഷ്യരും തമിഴ്നാടിന്റെ യഥാര്‍ഥ മുഖങ്ങളാണ്‌; ചിന്തകളാണ്‌. അവരുടെ സ്വപ്നങ്ങള്‍ സഞ്ചാരം ചെയ്യുന്ന വഴികള്‍ ഏറെ ദൂരെയല്ല.. അതു തന്നെയാണ്‌ ഇന്ത്യന്‍ ഗ്രാമങ്ങളെക്കുറിച്ച് അര്‍ദ്ധനഗ്നനായൊരു ഫക്കീര്‍ സ്വപ്നം കണ്ടതും.

ഞാന്‍ പ്രണയത്തിലാണ്‌...ഗ്രാമങ്ങളോട് ചെന്നെത്തുന്ന വഴികളോട്..അവിടങ്ങളിലെ മനുഷ്യരോട്..കാരണം ഓരോ യാത്രയും അവനവനെ പുനര്‍നിര്‍മ്മിയ്ക്കുകയും നവീകരിയ്ക്കുകയും ചെയ്യുന്നു..തണുത്ത ജലം കണ്ണുകളോടെന്ന പോലെ....