എല്ലാ പ്രഭാതങ്ങളും സുപ്രഭാതങ്ങളല്ല, ചിലവ നമ്മെ വല്ലാതെ വേദനിപ്പിക്കും. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് ആലപ്പുഴ എഡിഷനില്‍ പുറത്തിറങ്ങിയ ഒരു പ്രമുഖ ദിനപ്പത്രത്തിന്റെ ഒന്നാം പേജില്‍ ഒരു ദുരന്തചിത്രമുണ്ട്. ആലപ്പുഴ കനാല്‍ തീരത്തെ തണല്‍ വൃക്ഷങ്ങള്‍ മുറിച്ചപ്പോള്‍ വീണ് മരിച്ച പക്ഷികളെ കൂട്ടിയിട്ടിരിക്കുന്നതിന്റെ ക്ളോസപ്പാണത്. ദുരന്തങ്ങളുടെ നിര്‍വചനങ്ങള്‍ നിരന്തരം പുതുക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഇക്കാലത്ത് എല്ലാവര്‍ക്കും അത് ദുരന്തചിത്രമായി അനുഭവപ്പെടണമെന്നില്ല. പക്ഷെ പ്രധാന ദിനപ്പത്രങ്ങളില്‍ ഈ സംഭവത്തിന്റെ വാര്‍ത്തകളും ചിത്രങ്ങളും പ്രാധാന്യത്തോടെ പ്രസിദ്ധീകരി ക്കുകയുണ്ടായി. വായിച്ചിട്ട് " ഹ...കഷ്ടം" എന്ന് പറഞ്ഞവരും " കുറച്ച് കിളികള്‍ ചത്തതിന് ഇത്ര പുകിലെന്തി ന് ? ”എന്ന് നിസ്സാരവല്‍ക്കരിച്ചവരുമുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ചവരുണ്ടെന്നത് പോലെ, തന്നെ ഇത്തരം കിളികളുടെ ഇറച്ചിക്ക് നല്ല സ്വാദാണെന്ന് അനുഭവസാക്ഷ്യം പറഞ്ഞവരുമുണ്ട്.
ചര്‍ച്ചകള്‍ എന്ത് തന്നെയായാലും അധികാരികള്‍ക്ക് വിശദീകരണവുമായി രംഗത്തെത്തേണ്ടി വന്നു. കനാല്‍ നവീകരണം എന്ന തടിതപ്പല്‍ ഒട്ടും തന്നെ യുക്തിസഹമായിരുന്നില്ല- ആലപ്പുഴയിലെ കനാലുകള്‍ അവയുടെ ഇരുപാര്‍ശ്വങ്ങളിലും നില്‍ക്കുന്ന തണല്‍ മരങ്ങള്‍ കൂടിച്ചേരുമ്പോളാണ് കൂടുതല്‍ മിഴിവുറ്റ കാഴ്ചയായി തീരുന്നത്. വഴിയാത്രികരുടെ മേല്‍ പക്ഷിക്കാഷ്ടം വീഴുന്നു എന്നതായിരുന്നു ഔദ്യോഗിക വിശദീകരണം. "അത്തരം ഗുരുതരമായ പ്രശ്നങ്ങള്‍ പോലും ശ്രദ്ധിക്കുന്ന ഭരണാധികാരികള്‍ റോഡുകളിലെ മരണക്കുഴികളും; സാംക്രമിക രോഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന വെള്ളക്കെട്ടുകളും പോലെ നിസ്സാര കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു " എന്ന് ഒരു സഹൃദയന്‍ കളി പറയുന്നതും കേട്ടു.
കേരളത്തിന്റെ വികസന ചര്‍ച്ചകളില്‍ പരിസ്ഥിതിയ്ക്ക് കൂടുതല്‍ പ്രാധാന്യം കൈവന്നിട്ടുണ്ട്.പക്ഷെ അത് വികസനത്തിന്റെ തന്നെ ഭാഗമാണെന്ന് അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ഒരു വലിയ വിഭാഗം ഇന്നുമുണ്ട്. ദൗര്‍ഭാഗ്യവശാല്‍ ഇക്കൂട്ടര്‍ക്ക് നമ്മുടെ നയരൂപീകരണ സംവിധാനത്തിലടക്കം നിര്‍ണ്ണായക സ്വാധീനവുമുണ്ട്. വികസനമെന്നത് അന്തമില്ലാത്ത വളര്‍ച്ചയാണെന്ന് ധരിച്ചവശായവര്‍ക്ക് വേറെ മാര്‍ഗ്ഗമൊട്ടില്ല താനും. മനുഷ്യാദ്ധ്വാനമുള്‍പ്പെടെ പ്രകൃതി വിഭവങ്ങളിന്മേലുള്ള അനിയന്ത്രിത ചൂഷണം സമ്പത്തിന്റെ വികാസം സാദ്ധ്യമാ ക്കുന്നു. അതാണ് വികസനത്തിന്റെ അടിത്തറയെങ്കില്‍, ആ വികസന രീതി പുനസ്ഥാപിക്കാനാവാത്ത അളവില്‍ പരിസ്ഥിതിനാശമുണ്ടാക്കും. സ്വാഭാവികമായും അത് വിഭവശോഷണത്തിലേയ്ക്കും ജീവിത നിലവാരത്തകര്‍ച്ചയി ലേയ്ക്കും നയിക്കും. ഫലത്തില്‍ വികസനം എന്ന ആശയത്തിന് തന്നെ വെല്ലുവിളിയുയര്‍ത്തും. ജീവിതശൈലി രോഗങ്ങള്‍ മുതല്‍ കാലാവസ്ഥ വ്യതിയാനങ്ങള്‍ വരെയായി ഈ തകര്‍ച്ച മനുഷ്യരാശിയെ ബാധിച്ച് തുടങ്ങിയി ട്ടുണ്ട്. ആയുസ്സിനും ആരോഗ്യത്തിനും മാത്രമല്ല ഭൂമിയുടെ നിലനില്‍പ്പിന് തന്നെ അത് വലിയ ഭീഷിണിയാണ് . അതുകൊണ്ടാണ് പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള മുറവിളികള്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യരാശിക്ക് വേണ്ടിയുള്ള വക്കാലത്തുകളായി മാറുന്നത്.
പരിസ്ഥിതിവാദം സിംഹവാലന്‍കാരങ്ങുകള്‍ക്കും പൊട്ടക്കിണറ്റിലെ തവളകള്‍ക്കും വേണ്ടിയാണെ ന്ന പരിഹാസമുയര്‍ത്തി സായൂജ്യമടയുന്നവരുടെ വാദങ്ങള്‍ക്ക് "കടലില്‍ മരമുണ്ടായിട്ടാണോ അവി ടെ മഴ പെയ്യുന്നത്" എന്ന കുപ്രസിദ്ധമായ വങ്കത്തരത്തോടാണ് ഇന്ന് സാത്മ്യം.
ആര്‍ത്തിയും ആവശ്യവും വേര്‍തിരിച്ചറിഞ്ഞ് രൂപപ്പെടുത്തേണ്ട ഒരു വികസനവഴി ഭൂമിയുടെ നില നില്‍പ്പിന് അനിവാര്യമാണ്. ഉപഭോഗമാകട്ടെ, ഗൃഹനിര്‍മ്മിതിയാകട്ടെ; ഗതാഗതമോ പശ്ചാത്തലവികസനമോ ടൂറിസമോ എന്ത് തന്നെയായാലും സുസ്ഥിരമായൊരു വികസനത്തിന് പരിസ്ഥിതിയുടെ സുസ്ഥിതി ഒഴിച്ച് കൂടാ നാവാത്തതാണ്.
ഈ സാഹചര്യത്തില്‍ ആലപ്പുഴ കേന്ദമാക്കി ശാസ്ത്രസാഹിത്യ പരിഷത്ത് തുടക്കമിട്ടിരിക്കുന്ന വേമ്പനാട് സംരക്ഷണ ക്യാമ്പയിന് പ്രസക്തി എറെയാണ്. ശാസ്ത്രമെഴുത്തുകാരുടെ സംഘം എന്ന നിലയില്‍ നിന്ന് ജനകീയശാസ്ത്ര പ്രസ്ഥാനമായി വളര്‍ന്ന് തുടങ്ങിയ നാളുകളില്‍ തന്നെ കേരളത്തിന് പാരിസ്ഥിതികാവ ബോധം പകര്‍ന്ന് നല്‍കാന്‍ ശ്രമിച്ചിട്ടുള്ള സംഘടനയാണ് പരിഷത്ത് . വിവിധങ്ങളായ കായല്‍ പഠനങ്ങള്‍, സെമിനാറുകള്‍, സര്‍വെകള്‍, തുടങ്ങിയ അക്കാദമിക പ്രവര്‍ത്തനങ്ങളും; ചില പ്രത്യേക വിഷയങ്ങളിന്മേല്‍ നടത്തിയിട്ടുള്ള ലഘുലേഖ-പുസ്തക പ്രചരണങ്ങളും പ്രക്ഷോഭങ്ങളും മറ്റ് ചിലപ്പോള്‍ പ്രാദേശിക ചെറുത്തുനില്‍പ്പു കളില്‍ അണി ചേര്‍ന്നുമൊക്കെ വേമ്പനാട്ടില്‍ പരിഷത്ത് നടത്തി വരുന്ന ഇടപെടലുകള്‍ സമഗ്രമായൊരു ക്യാമ്പയിനിലേയ്ക്ക് നീങ്ങുകയാണെങ്കില്‍ കേരളത്തെ സംബന്ധിച്ച് അത് ശുഭോദര്‍ക്കമാണ്.
വേമ്പനാട്- ജീവന്റെയും തൊഴിലിന്റെയും ഇടം
വേമ്പനാട് കേവലം കായല്‍ മാത്രമല്ല, കായലും അതിലെ തുരുത്തുകളും കായലിലേയ്ക്ക് പതി ക്കുന്ന 5 നദികളുടെ ഡെല്‍റ്റ പ്രദേശവും തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലായി വരുന്ന കോള്‍ നിലങ്ങളും ചേര്‍ന്ന തണ്ണീര്‍ത്തട വ്യവസ്ഥ(wetland eco-system)യാണ്. കുട്ടനാട്ടിലെ വിശാലമായ പാടശേഖരവും കോള്‍ നിലങ്ങളും ചേര്‍ന്നാല്‍ കേരളത്തിന്റെ ഭക്ഷ്യാവശ്യത്തിലേയ്ക്കായി വേമ്പനാട് നല്‍കുന്ന സംഭാവന എത്ര വലുതാ ണെന്ന് കാണാം. (13632 ഹെക്ടറാണ് കോള്‍ പാടങ്ങളുടെ വിസ്തൃതി. കായല്‍ നിലങ്ങളുടേത് 37624 ഹെക്ട റും). നമ്മുടെ കടല്‍-ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെ അടിസ്ഥാനം പ്രധാനമായും വേമ്പനാടിന്റെ സാന്നിദ്ധ്യമാണ്. 102 ഇനം മത്സ്യങ്ങളെയാണ് വേമ്പനാട്ടില്‍ കണ്ടെത്തിയിട്ടുള്ളത്. മത്സ്യങ്ങളടക്കം ധാരാളം കടല്‍ജീവികള്‍ പ്രജനനത്തിനും പ്രാരംഭവളര്‍ച്ചയ്ക്കും ആഹാരത്തിനുമൊക്കെയായി വേമ്പനാടിനെ ആശ്രയിക്കുന്നുണ്ട്. ആകെ കടല്‍ത്തീരത്തിന്റെ 10 % മാത്രം സ്വന്തമായുള്ള കേരളം ദേശീയ മത്സ്യസമ്പത്തിന്റെ 20% സംഭാവന ചെയ്യു ന്നതിന്റെ കാരണം മറ്റൊന്നല്ല. വേമ്പനാട് വഴിയുള്ള എക്കല്‍ വരവാണ് ചാകരയുടെ പ്രധാനകാരണമെന്ന് വാദി ക്കുന്നവരുമുണ്ട്. കൃഷിയ്ക്കും മത്സ്യബന്ധനത്തിനുമായി ആശ്രയിക്കുന്നവരുടെ എണ്ണമെടുത്താല്‍ത്തന്നെ, വേമ്പനാ ട് ലക്ഷക്കണക്കിന് സാധാരണക്കാര്‍ നേരിട്ടും അല്ലാതെയും പണിയെടുക്കുന്ന തൊഴിലിടമാണെന്ന് കാണാന്‍ കഴിയും.
വേമ്പനാടിനെ ആശ്രയിച്ച് ജീവിക്കുന്ന ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി ജനസംഖ്യ
ജില്ല | പുരുഷന്‍ | സ്ത്രീകള്‍ | കട്ടികള്‍ | ആകെ |
ആലപ്പുഴ | 24491 | 23472 | 12627 | 60590 |
എറണാകുളം | 23258 | 22746 | 16428 | 62432 |
കോട്ടയം | 9611 | 9124 | 5685 | 24420 |
ആകെ | 57360 | 55342 | 34740 | 147442 |
വേമ്പനാട്-ജീവന്റെ വിളനിലം
14 ഇനം കണ്ടലുകളെയും(mangroves) 30 കണ്ടല്‍ അനുബന്ധ സസ്യങ്ങളെയും
(Mangrove Associate) ഇവിടെ കണ്ടെത്തിയിട്ടുണ്ട്. സംരക്ഷിത വിഭാഗത്തില്‍പ്പെടുന്ന 50 ഇനം ദേശാടനപ്പക്ഷികളുള്‍പ്പെടെ 189 ഇനം പക്ഷികളുടെ താവളമാണ് വേമ്പനാട്. കേരളത്തില്‍ കണ്ടുവരുന്ന 485 ഇനം പക്ഷികളില്‍ 40% ഇവിടെ കാണപ്പെടുന്നു. വിവിധ കായല്‍- കടല്‍-പുഴ മത്സ്യങ്ങള്‍, കക്ക വര്‍ഗ്ഗജീവി കള്‍, വാണിജ്യ സാദ്ധ്യത ഏറെയുള്ള ചെമ്മീന്‍ ഇനങ്ങള്‍, ഉഭയവര്‍ഗ്ഗജീവികള്‍, നീര്‍നായ പോലുള്ള ചില ജന്തു വര്‍ഗ്ഗങ്ങള്‍, 16 ഇനം ഉരഗങ്ങള്‍, 45ഇനം പൂമ്പാറ്റകള്‍(ഇതില്‍ 13എണ്ണം അപൂര്‍വ്വയിനങ്ങള്‍ ), നാനാതരം സസ്യജാലങ്ങള്‍ (ഭക്ഷ്യയോഗ്യമായതും ഔഷധഗുണമുള്ളവയും അക്കൂട്ടത്തിലുണ്ട്) എണ്ണിയാലൊടുങ്ങാത്ത കീടങ്ങളും സൂക്ഷജീവികളും ഇങ്ങനെ അസംഖ്യം ജീവികള്‍ക്ക് വീടും അടുക്കളയുമാണ് ഈ ആവാസവ്യവസ്ഥ. പട്ടിക താഴെക്കൊടുക്കുന്നു. x
Group | No.of Species |
Phyto Planktons | 67 |
Herbs,Shrubs | 142 |
Trees | 68 |
Zooplanktons | 32 |
Fishes | 102 |
insects | 26 |
Birds | 189 |
സസ്യയിനം | സ്പീഷീസുകളുടെ എണ്ണം |
ആല്‍ഗകള്‍ | 200 |
ഫംഗസ് | 250 |
ബ്രയോഫൈറ്റുകള്‍ | 30 |
ടെറിഡോഫൈറ്റുകള്‍ | 50 |
ആന്‍ജിയോ സ്പേംസ് | 350 |
കായലിന്റെ നാശം ഇതിനകം തന്നെ ഒരുപാട് ജീവിവര്‍ഗ്ഗങ്ങളുടെ നിലനില്‍പ്പിനെ ബാധിച്ചിട്ടുണ്ട്. ചീങ്കണ്ണി വര്‍ഗ്ഗ ത്തില്‍പ്പെട്ട ചില ജീവികളെ കായലില്‍ ധാരാളം കണ്ടിരുന്നതായി പഴമക്കാര്‍ ഓര്‍മ്മിക്കുന്നു. ഇവയുടെ വംശം കുറ്റിയറ്റു പോയതായി വേണം കരുതാന്‍. തണ്ണീര്‍മുക്കം ബണ്ടിന് തെക്ക് ഭാഗത്ത് നിന്ന് പല മത്സ്യയിനങ്ങളും അപ്രത്യക്ഷമായിട്ടുണ്ട്.
വേമ്പനാടെന്ന ജലനിധി
കേരളത്തെ ഏറ്റവും സുന്ദരവും വാസയോഗ്യവുമാക്കി നിലനിര്‍ത്തുന്നതില്‍ ജലത്തിനുള്ള പങ്ക് വളരെ വലുതാണ്. ഇതിലേയ്ക്കായി ജലസമ്പത്തിനെ കരുതിക്കാക്കുന്ന കാവലാള്‍ കൂടിയാണ് വേമ്പനാട്. കായലില്‍ പ തിക്കുന്ന 5 നദികള്‍ ( ഇവ ഉള്‍പ്പെടെ 10 നദികളുടെ പതനസ്ഥലമാണ് വേമ്പനാട്-കോള്‍ തണ്ണീര്‍ത്തടം) ഒഴു ക്കിക്കൊണ്ട് വരുന്ന ജലത്തെ സംഭരിച്ച് വെയ്ക്കുകയും ക്രമാനുഗതമായി കടലിലേയ്ക്ക് ഒഴുക്കിക്കളയുക വഴി കേരള ത്തിന്റെ ഭൂരിഭാഗം പ്രദേശത്തെ ജലാവശ്യങ്ങളെയും ഭൂജലസമ്പത്തിനെയും ഇത് നിര്‍ണ്ണായകമായി സ്വാധീനിക്കുന്നു.
പശ്ചിമഘട്ടത്തില്‍ നിന്ന് ഉല്‍ഭവിക്കുന്ന നദികള്‍ കുട്ടനാട്ടിലെത്തി ശാഖോപശാഖകളായിപ്പിരിയു കയും കായലില്‍ പതിക്കുകയുമാണ് ചെയ്യുന്നത്. കുട്ടനാടിനെ ഫലപൂയിഷ്ടമാക്കുന്ന പ്രക്രീയ കൂടിയാണിത്. പ്ര തിവര്‍ഷം 13353 ദശലക്ഷം ഘനമീറ്ററോളം വെള്ളമാണ് ഇങ്ങനെ ഒഴുകിയെത്തുന്നത്. പ്രകൃതിദത്ത ജലസംഭ രണിയായ കായലിന്റെ നാശം വേനല്‍ക്കാലത്ത് ജലലഭ്യതയെ ബാധിക്കുകയും പ്രളയകാലത്ത് കൃഷിയിടങ്ങളി ലും ജനവാസകേന്ദ്രങ്ങളിലും നാശം വിതയ്ക്കുകയും ചെയ്യും.
കായലിലെത്തുന്ന ജലം വിവിധ പൊഴികളിലൂടെയും അഴികളിലൂടെയുമാണ് അറബിക്കടലില്‍ പതി ക്കുന്നത്. നീരൊഴുക്ക് കുറയുമ്പോള്‍ കായലിലൂടെ നദിയിലേയ്ക്ക് ഓര് കയറും.കായല്‍ വിസ്തൃതി എത്ര കണ്ട് കുറയു ന്നുവോ, ഓര് കയറ്റത്തിന്റെ തോത് നദിയുടെ മുകള്‍ഭാഗത്തേയ്ക്ക് കൂടുതലായി വ്യാപിക്കും. ഇത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളും വര്‍ദ്ധിക്കും.
കൊച്ചി- വേമ്പനാടിന്റെ ദാനം
കൊച്ചി പഴയ കൊച്ചിയല്ലെന്ന് എല്ലാവര്‍ക്കുമറിയാം. എറണാകുളമായി ഇന്ന് നാം കാണുന്ന വളര്‍ച്ച യുടെ ആധാരം കൊച്ചി തുറമുഖമാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകാനിടയില്ല. കായലിലെത്തുന്ന അധികജലം ഒഴുകി മാറുന്നത് പ്രധാനമായും കൊച്ചി അഴിമുഖം വഴിയാണ്. കായലില്‍ നിന്ന് ഒഴുക്ക് കുറയുന്നത് മണല്‍ അടിയു ന്നതിനും തുറമുഖത്തിന്റെ നാശത്തിനും കാരണമാകും. ഇതേ കാരണത്താല്‍ 1903ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ കായല്‍ നികത്തുന്നത് നിരോധിച്ചിരുന്നു. കായല്‍ സംരക്ഷണത്തിനായുള്ള സര്‍ക്കാര്‍തല ഇടപെടലുകളുടെ ചരി ത്രം ആരംഭിക്കുന്നത് ഇവിടം മുതലാണ്. തുറമുഖ വകുപ്പിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ തണ്ണീര്‍മു ക്കം ബണ്ടിന് അനുമതി നിഷേധിച്ചിരുന്നു. പിന്നീട് ഉപാധികളോടെ അനുമതി ലഭിച്ചു. ബണ്ടിന്റെയും തോട്ടപ്പ ള്ളി സ്പില്‍വേയുടെയും കാര്യത്തില്‍ ഉണ്ടായിരുന്ന ഉപാധികളും നിയന്ത്രങ്ങളും ആവര്‍ത്തിച്ച് ലംഘിക്കപ്പെടുക യും; ഈ രണ്ട് നിര്‍മ്മിതികളും കായല്‍ നശീകരണത്തിന് പ്രധാനകാരണമായിത്തീരുകയും ചെയ്തു.
ഒഴൂകാത്ത തണ്ണീര്‍
കാഴ്ചയ്ക്ക് സുന്ദരമെന്ന പോലെ സങ്കീര്‍ണ്ണവുമായൊരു ഭൂപ്രദേശമാണിത്. നദികള്‍ വേമ്പനാട്ടിലേയ്ക്ക് ഒഴുക്കിക്കൊണ്ട് വരുന്ന എക്കലും മണലും അടിഞ്ഞ് രൂപപ്പട്ട ഡെല്‍റ്റ പ്രദേശമാണ് കുട്ടനാട്- പ്രകൃതിയും മനുഷ്യ നും ചേര്‍ന്ന് പരുവപ്പെടുത്തിയെടുത്ത ആവാസവ്യവസ്ഥ. പ്രകൃതിദത്തമായി രൂപമെടുത്ത ആദിമ കുട്ടനാടും മനു ഷ്യന്‍ കൂട്ടിച്ചേര്‍ത്ത പുതുകുട്ടനാടും ചേര്‍ന്ന് ഒരുപാട് മനുഷ്യര്‍ക്ക് ഭക്ഷണവും കുടിവെള്ളവും തൊഴിലും ജീവിതവും നല്‍കുന്നു. നദികള്‍ ശാഖകളായും ചെറുകൈവഴികളായും പിരിഞ്ഞ് കുട്ടനാട്ടിലൂടെ കടന്നാണ് വേമ്പനാട്ടിലെത്തു ന്നത്. മണ്ണിന് പോഷണവും ജലവും പകര്‍ന്ന് നല്‍കുന്ന ഈ ജലശൃംഖലയാണ് കുട്ടനാടിന്റെ ജീവനാഡി.വെള്ളപ്പൊക്കം പോലും കുട്ടനാടിന് പ്രകൃതി നല്‍കിയ വരദാനമാണ്. കുട്ടനാടന്‍ പാടങ്ങളില്‍ എക്കലടി യാന്‍ സഹായിച്ചിരുന്ന പ്രകൃതിചക്രം മുറിഞ്ഞത് തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ , A.C. റോഡ് എന്നിവയുടെ നിര്‍മ്മാണത്തോടെയാണ്. ബണ്ടിന്റെ തെക്ക് ഭാഗത്തിന് പാരിസ്ഥിതികമായി കായലിന്റെ സ്വ ഭാവം നഷ്ടപ്പെട്ട് വെറും വെള്ളക്കെട്ടായി മാറി.മത്സ്യത്തിന്റും കക്കയുടെയും പ്രജനനത്തെയും വളര്‍ച്ചയെയും ഇത് ദോഷകരമായി ബാധിച്ചു. കള-കീട നിയന്ത്രണത്തിനുള്ള പ്രകൃതി സംവിധാനം കൂടിയാണ് ഇല്ലാതായത്. ഓരും സ്വാഭാവികമായ ഒഴുക്കും തടയപ്പെട്ടതോടെ ജലാശയങ്ങള്‍ അഴുക്കുചാലുകളായി,രോഗവാഹികളായി മാറി. കനാ ലുകളും തോടുകളും ധാരാളമുള്ള ആലപ്പുഴയ്ക്ക് "സാംക്രമികരോഗങ്ങളുടെ ഹാച്ച്വറി”എന്ന പരിഹാസം ചാര്‍ത്തിക്കിട്ടിയത് അതിന്റെയൊരു അനുബന്ധമാണ്.
നെല്‍ക്കൃഷിയുടെ വികസനത്തിനായി നിര്‍മ്മിക്കപ്പെട്ട ബണ്ടിന് അക്കാര്യത്തില്‍ യാതൊരു സംഭാ വനയും ചെയ്യാനായില്ല എന്നതാണ് വസ്തുത. നെല്ലുല്‍പ്പാദനം കൂടിയില്ലെന്ന് മാത്രമല്ല, 1970 ലെ 37% ല്‍ നിന്ന് 2003ല്‍ 18%ലേയ്ക്ക് കുട്ടനാടിന്റെ സംഭാവന ചുരുങ്ങുകയാണുണ്ടായത്. ബണ്ട് നിര്‍മ്മാണത്തിന് ശേഷം വേമ്പനാടിലെ മത്സ്യ ഉല്‍പ്പാദനത്തിന്റെ 7%വും ചെമ്മീന്‍ സമ്പത്തിന്റെ 3%വും മാത്രമാണ് ബണ്ടിന് തെക്ക് ഭാഗത്ത് നിന്ന് ലഭിക്കുന്നത് എന്നറിയുമ്പോളാണ് തണ്ണീര്‍മുക്കം ബണ്ട് എന്ന ദുരന്തകഥ പൂര്‍ണ്ണമാകുന്നത്.
വേമ്പനാട് ഒരു ശുദ്ധജല തടാക ( LAKE)മായിട്ടാണ് പൊതുവെ വിവക്ഷിക്കപ്പെടുന്നത്.ശരിക്കും ഇതൊരു ഓരു് ജലാശയ (ESTUARY)മാണ്. ഓരു ജലാശയത്തില്‍ നിന്ന് കായലിന്റെ ഒരു ഭാഗമെങ്കിലും ശുദ്ധജലതടാകമായി മാറ്റപ്പെട്ടത് തന്നെയാണ് കായല്‍ നേരിടുന്ന പ്രധാന വെല്ലുവിളി. മറ്റെല്ലാ പ്രതിസന്ധികളും അതിന്റെ തുടര്‍ച്ചയോ കൂട്ടിച്ചേര്‍ക്കലോ മാത്രമാണ്.
കായലില്‍ കണ്ട് വരുന്ന ചില മത്സ്യയിനങ്ങളും ഓരു ജലചക്രവുമായുള്ള ബന്ധവും
SPECIES | ECOLOGY |
കണമ്പ് (Mullet) | സമുദ്രത്തിലും കായലിലെ ഉപ്പ് കലര്‍ന്ന വെള്ളത്തിലും കാണുന്നു. കുഞ്ഞുങ്ങള്‍ കാലവര്‍ഷത്തിന് ശേഷം കായലില്‍ പ്രവേശിക്കുന്നു |
വഴുത(Sciaenid) | സമുദ്രത്തിലും കായലിന്റെ താഴെ ഭാഗത്തും കാണുന്നു |
പൂമീന്‍(Chana) | സമുദ്രത്തിലും കായലിന്റെ മുകള്‍ ഭാഗത്തും കാണുന്നു |
ഏട്ട(Tachisurus) | കായലിന്റെ താഴെഭാഗത്ത് കാണപ്പെടുന്നു. കുഞ്ഞുങ്ങള്‍ സമുദ്രത്തിലേയ്ക്ക് അനുധാവനം ചെയ്യുന്നു |
നരിമീന്‍(Lates) | സമുദ്രത്തിലും; കുറഞ്ഞ ഉപ്പുരസത്തിലും ജീവിക്കുന്നു. |
പാലാങ്കണ്ണി(Megalops) | സമുദ്രത്തിലും കായലിന്റെ മുകള്‍ ഭാഗത്തും കാണുന്നു |
കരിമീന്‍(Etroplus) | കായലില്‍ മുകള്‍ഭാഗത്ത് കാണപ്പെടുന്നു |
ആറ്റുകൊഞ്ച് (Macro Brachium) | പൂര്‍ണ്ണവളര്‍ച്ചയെത്തിയവ ശുദ്ധജലത്തിലും;ലാര്‍വയുടെ വിരിയല്‍ ഉപ്പുരസം കലര്‍ന്ന വെള്ളത്തിലും |
കടല്‍ക്കൊഞ്ച് (Penaeid Prawns) | സമുദ്രത്തില്‍ നിന്ന് കുഞ്ഞുങ്ങള്‍ കായലിലേയ്ക്ക് കയറുന്നു. പ്രജനനസമയത്ത് വീണ്ടും സമുദ്രത്തിലേയ്ക്ക് തിരിച്ചു പോകും. |
കായല്‍ ഞണ്ട് (Scylla Serrata) | കായലില്‍ കാണപ്പെടുന്നു. കുഞ്ഞുങ്ങള്‍ ഉപ്പുരസം കുറഞ്ഞ ജലത്തിലേയ്ക്ക് അനുധാവനം ചെയ്യും |
കറുത്ത കക്ക (Black Clam-villorita) | പൊതുവെ കായലില്‍ വളരുന്നു. കൂടിയ ഉപ്പുരസത്തില്‍ കുടിയ വളര്‍ച്ച കാണിക്കുന്നു. |
ആദിമകാലത്തെപ്പോഴൊ സ്വാഭാവികമായി രൂപപ്പെട്ട ഡെല്‍റ്റയില്‍ കാലുകുത്തിയവ രില്‍ നിന്നാകാം കുട്ടനാട്ടിലെ വികസന ഇടപെടലുകള്‍ ആരംഭിക്കുന്നത്. പ്രകൃതിയോട് പടവെട്ടി മു ന്നേറുന്ന മനുഷ്യന്റെ കഥ ഇവിടെയും സമാനമാണ്. അതിന് മുമ്പേ ജലത്തിനും മത്സ്യത്തിനുമൊക്കെ യായി മനുഷ്യര്‍ കായലിനെ ആശ്രയിച്ചിരുന്നു എന്നത് തീര്‍ച്ച. പത്തൊമ്പതാം നൂറ്റാണ്ടിലാണ് കാ ര്‍ഷികാവശ്യങ്ങള്‍ക്കായി വന്‍തോതില്‍ കായല്‍ നികത്തിത്തുടങ്ങിയത്. കായല്‍ രാജക്കന്മാരെന്ന് കുപ്രസിദ്ധി നേടിയ കുറെ സാഹസികരുടെ പേരില്‍ കുറിക്കപ്പെട്ട അക്കാലം യഥാര്‍ത്ഥത്തില്‍ നില യില്ലാക്കായലില്‍ മുങ്ങിയും പണിയെടുത്തും ചോരചിന്തിയും; തിരികെയൊന്നും ലഭിക്കാതെ മരിച്ച് പോയ ഒരുപാട് തൊഴിലാളികളുടെ അദ്ധ്വാനഫലം കൂടിയാണ്.1880ല്‍ സര്‍ക്കാര്‍ പ്രോത്സാഹന ത്തില്‍ത്തന്നെ കായല്‍ നികത്തല്‍ ആരംഭിച്ചു. കുറഞ്ഞ പലിശയ്ക്ക് വായ്പയും കരമൊഴിവുമൊക്കെ അനുവദിക്കപ്പെട്ടു. എന്നാല്‍ കൊച്ചിത്തുറമുഖത്തിന്റെ നാശം മുന്നില്‍ക്കണ്ട് 1903ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ നികത്തല്‍ നിരോധിച്ചു. 1912ല്‍ നിരോധനം നീക്കിയതോടെ കയ്യേറ്റങ്ങള്‍ വീണ്ടും സജീ വമായി. പിന്നീടുള്ള നാളുകളില്‍ കൃഷി, വ്യവസായം, തുറമുഖാവശ്യങ്ങള്‍, പശ്ചാത്തല വികസനം, മറ്റ് സ്വകാര്യാവശ്യങ്ങള്‍ എന്നിങ്ങനെ കായല്‍ കയ്യേറ്റം നിര്‍ബാധം തുടര്‍ന്നു. സര്‍ക്കാര്‍ കാര്‍മ്മിക ത്വത്തിലുള്ള വലിയ പദ്ധതികള്‍ മുതല്‍ സ്വകാര്യവ്യക്തികള്‍ നടത്തിയ ചെറിയ കടന്ന് കയറ്റങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ട്.
ചില പ്രധാന നികത്തലുകളുടെ പട്ടിക താഴെ
കാലം | നികത്തിയ പ്രദേശം (ഹെക്ടറില്‍) | ആവശ്യം |
1834-1903 | 2226.72 | കൃഷി |
1912-1931 | 5253.15 | കൃഷി |
1941-1950 | 1325 | കൃഷി |
1950-1970 | 5100 | കൃഷി,ചെമ്മീന്‍ കൃഷി |
1970-1984 | 1500 | കൃഷി |
1920-1936 | 364.37 | കൊച്ചിത്തുറമുഖ വികസനം, വെല്ലിംഗ്ടണ്‍ ദ്വീപ് വികസനം |
1978 | 10.78 | ഫിഷിംഗ് ഹാര്‍ബര്‍ |
1981-1985 | 141.7 | കൊച്ചി സമഗ്ര വികസന പദ്ധതി വല്ലാര്‍പ്പാടം, കായല്‍ത്തുറമുഖത്ത് വികസനം |
1981-1985 | 141 | വെല്ലിംഗ്ടണ്‍ ദ്വീപിന്റെ തെക്ക് ഭാഗത്തെ വികസനം |
1981-1985 | 23.91 | ഫോര്‍ഷോര്‍ നഗര വികസന പദ്ധതി |
ഫലമോ,1912ല്‍ 315 ച:കിലോമീറ്ററുണ്ടായിരുന്ന കായല്‍ 1980കളോടെ 179 ച: കിലോമീറ്ററായി ചുരുങ്ങി (43%വിസ്തൃതി കുറഞ്ഞു).ആ പ്രവണത ഇപ്പോഴും കൂടുതല്‍ രൂക്ഷമായിത്തു ടരുകയും ചെയ്യുന്നു.8-9മീറ്റര്‍ ഉണ്ടായിരുന്ന ശരാശരി ആഴം 3-3.5 മീറ്ററായും കുറഞ്ഞു.കേരളം നേരിടുന്ന മറ്റൊരു പാരിസ്ഥിതിക ദുരന്തമായ വനനശീകരണവും പശ്ചിമഘട്ടത്തിന്റെ നാശവും വേ മ്പനാടിന്റെ ആഴം കുറയുന്നതിന് കാരണമാകുന്നുണ്ടെന്ന പഠനം പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നുണ്ട്
മലിനമാകുന്ന കടിവെള്ളം
വേമ്പനാടിന്റെ മാലിന്യപ്രശ്നങ്ങള്‍ക്ക് പല പ്രഭവകേന്ദ്രങ്ങളാണുള്ളത്. കുട്ടനാടന്‍ പാട ങ്ങളിലെ അനിയന്ത്രിതമായ രാസവള-കീടനാശിനി പ്രയോഗങ്ങള്‍, കൊച്ചിയില്‍ നിന്നടക്കമുള്ള വ്യാവസായിക-നഗര മാലിന്യങ്ങള്‍, നദികളിലൂടെ ഒലിച്ചെത്തുന്ന രാസ-ജൈവാവശിഷ്ടങ്ങള്‍, ടൂറി സം മേഖല പുറന്തള്ളുന്ന വിസര്‍ജ്യങ്ങളും മറ്റും....ഇവയ്ക്കൊപ്പം തണ്ണീര്‍മുക്കം ബണ്ടിന്റെ കനത്ത സം ഭാവന കൂടിച്ചേര്‍ത്താല്‍ മാത്രമെ ഇവിടുത്തെ മാലിന്യപ്രശ്നം എത്ര രൂക്ഷമാണെന്ന് വിലയിരുത്താന്‍ കഴിയുകയുള്ളൂ. കുട്ടനാട്ടില്‍ മാത്രം ഉപയോഗിക്കുന്ന രാസവളങ്ങളുടെ സര്‍ക്കാര്‍ കണക്ക് പ്രതി വര്‍ഷം 20000 ടണ്‍ എന്നാണ്. ഒപ്പം 500 ടണ്‍ കീടനാശിനിയും. (ശരിയായ കണക്കുകള്‍ ഇതാക ണമെന്നില്ല)കിഴക്കന്‍ തോട്ടങ്ങളില്‍ നിന്ന് ഒലിച്ചെത്തുന്നവ കൂടിച്ചേര്‍ത്താല്‍ കണക്ക് കൂടുതല്‍ ഭീമാ കാരമാകും. പമ്പ,അച്ചന്‍കോവില്‍ പോലെയുള്ള നദികളില്‍ സംഭവിക്കുന്ന മലിനീകരണം ആത്യന്തി കമായി വേമ്പനാടിനെയാണ് ബാധിക്കുകയെന്ന് പ്രത്യേകം പറയേണ്ടതില്ല. വ്യാവസായിക മാലിന്യ ങ്ങളുടെ ഒരു സാമ്പിള്‍ കണക്കെടുത്താല്‍ 1ലക്ഷം ലിറ്റര്‍ മലിന ജലം പ്രതിദിനം കൊച്ചിക്കായലില്‍ മാത്രം വന്ന് ചേരുന്നുണ്ടത്രെ. കോപ്പര്‍, ലെഡ്, മെര്‍ക്കുറി എന്നിവയുടെ അപകടകരമായ സാന്നി ദ്ധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മനുഷ്യമലത്തില്‍ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയയുടെ അള വാകട്ടെ 31000 /100ml വരെ ഉയര്‍ന്നിട്ടുണ്ട്. കുടിവെള്ളത്തില്‍ 50/100ml ഉം മറ്റാവശ്യങ്ങ ള്‍ക്ക് 500/100mlഉം ആണ് കോളിഫോം ബാക്ടീരിയയുടെ അനുവദനീയമായ അളവ്. കാതല്‍ കുട്ടനാട്ടില്‍ അധിവസിക്കുന്ന 80% ജനങ്ങള്‍ക്കും കായലല്ലാതെ മറ്റൊരു കുടിവെള്ള സ്രോതസ്സില്ല എന്നറിയുമ്പോള്‍ മാത്രമെ, എത്ര കടുത്ത മനുഷ്യാവകാശലംഘനമാണ് കായല്‍ മലിനീകരണം എന്ന് മനസ്സിലാക്കാനാകൂ.
കോളിഫോം ബാക്ടീരിയയുടെ മുഖ്യദാതാക്കള്‍ ഹൗസ്ബോട്ടുകളാണ്. കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന ഹൗസ്ബോട്ടുകള്‍ക്ക് പോലും ശാസ്ത്രീയമായ മാലിന്യസംസ്ക്കരണ മാര്‍ഗ്ഗങ്ങള്‍ നിര്‍ബ ന്ധമാക്കിയിട്ടില്ല. ആരുടെയും നീയന്ത്രണമോ ആരുടെ പക്കലും കണക്കോയില്ലാതെ കായലില്‍ ത ലങ്ങും വിലങ്ങും നീങ്ങുന്ന ജലയാനങ്ങള്‍ പുറന്തള്ളുന്ന വിസര്‍ജ്യങ്ങളും എണ്ണയും പ്ലാസ്റ്റിക്കുമൊക്കെ ച്ചേര്‍ന്ന് കായല്‍ജലത്തിലെ ജീവവായുവിനെപ്പോലും മലിനമാക്കുന്നു. ഇത് ഗുരുഗതരമായ ജൈവ ചോഷണത്തിലേയ്ക്കും നാശത്തിലേയ്ക്കും നയിക്കുന്നു.
കുട്ടനാടെന്ന കാല്പനിക തീരം
ലോകശ്രദ്ധയാകര്‍ഷിച്ച വിനോദസഞ്ചാര മേഖലയാണ് കുട്ടനാടും വേമ്പനാടിന്റെ മറ്റ് ഭാഗങ്ങളും. ശാന്തസുന്ദരമായ തുരുത്തുകളും കായലിന്റെ ഊഷ്മളതയും സുഖകരമായ കാലാവസ്ഥ യും നഗരങ്ങളുടെ സാമീപ്യവും യാത്രാസൗകര്യവും ഒക്കെ അനുകൂലഘടകങ്ങളുമാണ്. കായല്‍വിഭ വങ്ങളും കുട്ടനാടിന്റെ തനത് രുചിവൈഭവുമൊക്കെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പഠനഗ്രന്ഥ ങ്ങളും ലേഖനങ്ങളും മാത്രമല്ല, പാട്ടുകളും കഥകളും സിനിമയുമൊക്കെയായി ഒട്ടേറെ സര്‍ഗ്ഗാത്മക സൃഷ്ടികള്‍ക്കും വേമ്പനാട് പ്രചോദനമായിട്ടുണ്ട്. എത്രയോ ചിത്രങ്ങള്‍ക്കും ഫോട്ടോകള്‍ക്കും കുട്ടനാട് പശ്ചാത്തലമായിട്ടുണ്ട്. കുട്ടനാടിന്റെ ഭാഷ, ആചാരങ്ങള്‍, വിശ്വാസങ്ങള്‍, തനത് സാംസ്ക്കാരിക രൂപങ്ങള്‍ ഒക്കെച്ചേര്‍ത്താല്‍; ഈ പ്രദേശം പകര്‍ന്ന് നല്കുന്ന അനുഭൂതിയുടെ മൂല്യം,നിര്‍ണ്ണയിക്കാ നാകുന്നതിലും എത്രയോ വിപുലമാണ്.
തീര്‍ച്ചയായും അതൊക്കെ ടൂറിസം സാദ്ധ്യതകള്‍ക്ക് മിഴിവ് പകരുകയും ചെയ്യും. ഇതില്‍ നിന്ന് ലഭിക്കാവുന്ന വരുമാനം വളരെ പ്രധാനപ്പെട്ട സാമ്പത്തിക സ്രോതസുമാണ്. സേവന മേഖലയിന്മേലുള്ള ആശ്രിതത്വം വര്‍ദ്ധിച്ചുകൊണ്ടിരിക്കെ, അതിനെ അവ ഗണിക്കുവാന്‍ സാദ്ധ്യമല്ല താനും. പക്ഷെ ശാസ്ത്രീയമായ മാനദണ്ഡങ്ങളോ, ആസൂത്രണമോ; ഫല പ്രദമായ നിയന്ത്രണസംവിധാനങ്ങളോയില്ലാതെ നടപ്പിലാക്കപ്പെടുന്ന വന്‍കിട പദ്ധതികള്‍ അന്തമി ല്ലാത്ത ചൂഷണത്തിലും ലാഭക്കൊതിയിലും മാത്രം അധിഷ്ഠിതമാണ്. കായല്‍ത്തീരങ്ങള്‍ വാങ്ങിക്കൂട്ടി യും കയ്യേറിയും വളച്ചുകെട്ടിയും ടൂറിസം ലോബികള്‍ കയ്യടക്കി വെച്ചിരിക്കുന്നു. സഞ്ചാര സ്വാതന്ത്ര്യ വും പണിയെടുക്കുന്നതിനുള്ള അവകാശവും നിഷേധിക്കുന്ന തലത്തിലേയ്ക്ക് പ്രശ്നങ്ങള്‍ രൂക്ഷമായിട്ടു ണ്ട്. അതിലോലവും മനുഷ്യ ഇടപെടലിനാല്‍ നേരത്തെ തന്നെ ദുര്‍ബലമവുമായിത്തീര്‍ന്ന ജൈവ വ്യവസ്ഥയ്ക്ക് താങ്ങാവുന്നതിലുമെത്രയോ കൂടുതലാണ് ടൂറിസം മേഖല പുറന്തള്ളുന്ന മാലിന്യങ്ങള്‍. ആയുര്‍വേദത്തിന്റെ പേര് പറഞ്ഞ് നടത്തുന്ന തട്ടിപ്പുകള്‍, തൊഴില്‍പരവും ലൈംഗികവുമായ ചൂ ഷണങ്ങള്‍, മത്സ്യബന്ധനത്തിന് തടസ്സം സൃഷ്ടിക്കല്‍,മത്സ്യബന്ധനോപകരണങ്ങള്‍ നശിപ്പിക്കല്‍, കായല്‍ഭാഗം തന്നെ വളച്ചുകെട്ടല്‍ -പ്രശ്നങ്ങള്‍ വേറെയുമുണ്ട്.
ഒഴുകുന്ന മൂലധനം
പുത്തന്‍കൂറ്റ് മൂലധനത്തിന് സ്ഥിരമായ താവളങ്ങളില്ല. വളരെ വേഗം പരമാവധി ലാഭം ഊറ്റിയെടുക്കുക; ലാഭസാധ്യതകള്‍ അവസാനിക്കുമ്പോള്‍, ഉപേക്ഷിച്ച് പുതിയ താവളങ്ങള്‍ തേടു ക( use and throw) എന്നതാണ് നയം.(ഇങ്ങനെ വലിച്ചെറിയപ്പെടുന്ന പ്രദേശങ്ങളെ പ്രേത ഭൂമികളെന്ന് -ghost land വിളിക്കപ്പെടുന്നു). ഇക്കൂട്ടര്‍ക്ക് ടൂറിസം തന്നെ വേണമെന്നില്ല. കായല്‍ എന്നേയ്ക്കും നിലനില്‍ക്കണമെന്നുമില്ല. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിയില്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍, സ്ഥിരസ്വഭാവമുള്ളതും വീണ്ടെടുപ്പിന് സാദ്ധ്യതകളില്ലാത്തതുമായിരിക്കും.
വിളവ് തിന്നുന്ന വേലികള്‍
2011ലെ തീരദേശ പരിപാലന നീയന്ത്രണ വിജ്ഞാപനം ,വേമ്പനാട് കായലിനെ അ തിലോല തീരപ്രദേശം ( Critically vulnerable coastal area) എന്നാണ് നിര്‍വചിച്ചി രിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വേമ്പനാടിനെ National lake conversation programe ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമാണ്. വേമ്പനാട് പരിപാലന അതോറിറ്റി രൂപീകരിക്കാന്‍ സംസ്ഥാന സ ര്‍ക്കാറും തീരുമാനിച്ചു. Ramsor site ആയി പ്രഖ്യാപിച്ചതോടെ വേമ്പനാട് സംരക്ഷണമെന്നത് അന്തര്‍ദ്ദേശിയ സമൂഹത്തോടുള്ള ഉത്തരവാദിത്തമായി മാറുകയും ചെയ്തു.
വസ്തുതകള്‍ ഇതായിരി ക്കെ, നിയമങ്ങള്‍ ലംഘിച്ചും വളച്ചൊടിച്ചും; അവയ്ക്ക് പഴുത് സൃഷ്ടിച്ചുമൊക്കെ കയ്യേറ്റവും മലിനീകരണ വും നിര്‍ബാധം തുടര്‍ന്ന് വന്നു. കായലിന് കാവലാകേണ്ട ജനകീയ ഭരണകൂടവും; ചില ജനപ്രതിനി ധികളുമൊക്കെ ഇതിന് ഒത്താശക്കാരായും എത്തി. വികസനാവശ്യങ്ങള്‍ക്കായി കായല്‍ നി കത്തുക എന്നത് പിന്നീട് വികസനത്തിനുള്ള പണം കണ്ടെത്താന്‍ കായല്‍ നികത്തി വി ല്‍ക്കുക എന്നതിലേയ്ക്ക് രൂപം മാറി. 1995ലെ ഗോശ്രീ പദ്ധതിയാണ് ഈ പ്രവണതയ്ക്ക് തുടക്കം കുറിച്ചത്. പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് നികത്തലിന്റെ വിസ്തൃതി ഗണ്യമായി കുറക്കാനായി. എങ്കിലും അ തൊരു പുതിയ വികസന സംസ്ക്കാരത്തിന് തുടക്കമിട്ടു. വളന്തക്കാടും ബോള്‍ഗാട്ടിയും സ്കൈസിറ്റിയും മെത്രാന്‍കായല്‍ പദ്ധതിയുമൊക്കെ പങ്കു വെയ്ക്കുന്നത് ഇതേ വികസനാവബോധം തന്നെയാണ്.
കൊച്ചിത്തുറമുഖത്തിന് വേമ്പനാടുമായി പൊക്കിള്‍ക്കൊടി ബന്ധമാണുള്ളത്. വേമ്പനാടി ന്റെ നാശം കൊച്ചിയുടെ വികസനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൊച്ചി തുറമുഖട്രസ്റ്റിന്റെ കനത്ത നഷ്ടത്തിന് കാരണം വര്‍ദ്ധിച്ച് വരുന്ന ഡ്രഡ്ജിംഗ് ചെലവുകളാണെന്ന് കണക്കുകള്‍ സൂചി പ്പിക്കുന്നു. ഇങ്ങനെയുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കായല്‍ നികത്തി വില്‍ക്കാ ന്‍ ട്രസ്റ്റ് തീരുമാനിച്ചത് വിചിത്രം തന്നെ. തുറമുഖാവശ്യങ്ങള്‍ക്കായി തീരപരിപാലന നിയമം അനുവ ദിച്ചിരിക്കുന്ന ഇളവുകളാണ് ഇവിടെ നിയമത്തെ മറികടക്കുവാന്‍ ഉപയോഗിക്കപ്പെട്ടത്. 1991ലെ തീ രദേശ പരിപാലന നിയമത്തിന് പിന്നീട് പല ഭേദഗതികളും കൊണ്ടുവന്നു. 2002ലെ ഭേദഗതിയില്‍ ഓരുപരിശോധന എന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി. ഓരു വെള്ളക്കയറ്റം തടയാനാണല്ലോ തണ്ണീര്‍മു ക്കം ബണ്ട് കെട്ടിയത്. സ്വാഭാവികമായും ഓരുനില കുറഞ്ഞ തെക്ക് ഭാഗത്തെ കായല്‍ CRZന്റെ പരിധിയ്ക്ക് വെളിയിലായി. നിയമത്തെത്തന്നെ പരിഹസിക്കുകയും സംരക്ഷണശ്രമങ്ങള്‍ക്ക് കനത്ത ആഘാതമേല്‍പ്പിക്കുന്നതുമായിരുന്നു 2002ലെ ഭേദഗതി. പ്രകൃതി വിഭവങ്ങളെ ലാഭക്കൊള്ളക്കാ ര്‍ക്ക് കൂട്ടിക്കൊടുക്കുന്ന AGENCY ആയി സര്‍ക്കാര്‍ സംവിധാനം മാറി- ആരൊക്കെയോ എവി ടെയോ ഇരുന്ന് തയ്യാറാക്കുന്ന പദ്ധതികള്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന കങ്കാണിപ്പണി. അ തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി സീ പ്ളെയിന്‍ പദ്ധതി. പദ്ധതിയെക്കുറിച്ച് വേണ്ട വിധം വിവരിക്കുവാനോ ഉയര്‍ന്നുവന്ന ആശങ്കകളും സംശയങ്ങളും എതിര്‍പ്പുകളും ദുരീകരിക്കാനോ ശ്രമിക്കാതെ സര്‍ക്കാര്‍ അവ്യക്തത മുഖംമൂടിയായണിയുന്ന കാഴ്ച ആവര്‍ത്തിച്ച് കൊണ്ടേയിരുന്നു.
ചെറുത്തു നില്‍പ്പുകള്‍
മലനിരകളില്‍ നിന്ന് ചാഞ്ഞിറങ്ങി കടലിലേയ്ക്ക് ചേര്‍ന്ന് കിടക്കുന്ന നാടാണ് കേരളം. ഭൂമി യുടെ കിടപ്പ് മഴവെള്ളത്തെ വളരെ വേഗം ഒഴുകി കടലിലെത്താന്‍ സഹായിക്കുന്നു. പക്ഷെ നദികള്‍ , കൈവഴികളായും പിന്നെയും ഉള്‍പ്പിരിഞ്ഞ് ചെറുതോടുകളും കനാലുകളും നീര്‍ച്ചാലുകളുമൊക്കെ യായി രൂപപ്പെട്ടിരിക്കുന്ന ജലജാലികാവ്യുഹം ഈ പ്രക്രീയയെ ഒരു പരിധി വരെ തടയുന്നു. കുളങ്ങ ളും തടാകങ്ങളും വയലുകളും കായലുകളുമൊക്കെ വെള്ളത്തെ മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി കരുതി വെയ്ക്കുന്നു. അതില്‍ തന്നെ കായല്‍ പോലെ വലിയ തണ്ണീര്‍ത്തട ങ്ങള്‍ക്ക് പ്രത്യേകപ്രാധാന്യമുണ്ട്. (കായലുകള്‍ ഭൂമിയുടെ വൃക്കകളായിട്ടാണ് പരിഗണിക്കപ്പെടുന്നത്)
കായല്‍ നശീകരണത്തിന്റെ ചരിത്രം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണെങ്കില്‍ അവയുടെ സംരക്ഷണത്തിനായുള്ള പരിശ്രമങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമേയുള്ളൂ. മാത്രമല്ല, അതത്ര സംഘടിതമൊന്നുമായിരുന്നില്ല താനും. നിയമപരവും ഭരണപരവുമായ ശ്രമങ്ങ ളും, ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള ഒറ്റപ്പെട്ട എതിര്‍പ്പുകളും, ഔദ്യോഗികവും അല്ലാതെയുമുള്ള പഠ നപ്രവര്‍ത്തനങ്ങളും, ചുരുക്കം ചില സംഘടനകളുടെ ഭാഗത്ത് നിന്നുള്ള മുറവിളികളും പ്രക്ഷോഭങ്ങ ളും അക്കൂട്ടത്തിലുണ്ട്.
1970കളിലെ ഒരു പഠനപ്രവര്‍ത്തനത്തിലൂടെയാണ് വേമ്പനാട് പരിഷത്തിന്റെ ശ്രദ്ധ യില്‍ വരുന്നത്. ഗോശ്രീ പദ്ധതി, ആലപ്പുഴ Q.S.T.കായല്‍ വികസനം എന്നിവയ്ക്കെതിരെ ഉണ്ടായ പ്രക്ഷോഭങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് പരിഷത്ത് വേമ്പനാട് സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സ ജീവമാകുന്നത്. ഇതിനിടയില്‍ പ്രാദേശികമായി നടന്ന അസംഖ്യം ചെറുത്തുനില്‍പ്പുകള്‍ ഒറ്റപ്പെട്ടതും അതിനാല്‍ത്തന്നെ നിഷ്ഫലവുമായിത്തീര്‍ന്നു. വികസനത്തിനും മെച്ചപ്പെട്ട ജീവിതത്തിനുമായുള്ള ന്യാ യമായ ജനാഭിലാഷങ്ങളെ മുതലെടുക്കുന്നതില്‍ കയ്യേറ്റലോബികള്‍ കാലാകാലങ്ങളായി വിജയം ക ണ്ട് വരുന്നു."എറണാകുളവുമായി ബന്ധിപ്പിക്കുന്ന പാലം" എന്നത് ദ്വീപ് നിവാസികളുടെ ദീര്‍ഘകാ ല സ്വപ്നമായിരുന്നു. അതാണ് ഗോശ്രീ പദ്ധതിയുടെ തുറുപ്പ് ചീട്ടായി ഉപയോഗിച്ചതെങ്കില്‍, പശ്ചാ ത്തലവികസനവും ഭൂമിയുടെ വിലയിലുണ്ടായ വര്‍ദ്ധനവുമായിരുന്നു കായലോരഗ്രാമങ്ങള്‍ക്ക് നല്‍കി യ വ്യാമോഹങ്ങള്‍. തീരഗ്രാമങ്ങളെ ചൂഴ്ന്ന് നില്‍ക്കുന്ന വികസനമുരടിപ്പും കായലെന്ന തൊഴിലിടത്തി ലുണ്ടായ പ്രതിസന്ധികളെയും ചൂഷണം ചെയ്യുന്നതില്‍ ഇക്കൂട്ടര്‍ വിജയിച്ചു. പ്രതിസന്ധി സൃഷ്ടിച്ചവര്‍ തന്നെ അതില്‍ നിന്ന് വിളവ് കൊയയ്തെടുത്തു എന്ന് പറയുന്നതാണ് ശരി.(രോഗം ഉല്‍പ്പാദിപ്പിച്ചിട്ടാ യാല്‍ പോലും മരുന്ന് വിറ്റ് ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന കച്ചവടതന്ത്രവുമായി സാമ്യം തോന്നിയാല്‍ അതത്ര യാദൃശ്ചികമല്ല.)
പുതിയ ഉണര്‍വ്വ്
സീ പ്ലെയിന്‍ പദ്ധതി നടപ്പിലാക്കാന്‍ അധികൃതര്‍ കാണിച്ച തിടുക്കവും പിടിവാശിയും സം ശയാസ്പദമായിരുന്നു. പ്രതിഷേധക്കാരുടെ ന്യായമായ സംശയങ്ങള്‍ക്ക് പോലും യുക്തമായ മറുപടി ലഭിച്ചില്ല. മത്സ്യത്തൊഴിലാളികളടക്കം ബഹുജനസംഘടനകള്‍ പ്രക്ഷോഭരംഗത്തിറങ്ങി. ഉത്ഘാട നച്ചടങ്ങ് പാതിവഴി മുടങ്ങി, പദ്ധതി അനിശ്ചിതമായി നീളുകയും ചെയ്യുന്നു.
മന്ദതാളത്തിലായിരുന്ന വേമ്പനാട് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ചൂരും ചൂടും പകര്‍ന്നത് സീ പ്ളെയിനാണ്. ഈ സാഹ ചര്യത്തിലാണ് ഇന്ത്യയുടെ പരമോന്നത നീതി പീഠം സുപ്രധാനമായ ഒരു വിധിയിലൂടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് നല്‍കിയത്.
വെറ്റിലത്തുരുത്ത് ,നെടിയതുരുത്ത് വിധികള്‍
തണ്ണീര്‍മുക്കം ബണ്ടിന് വടക്ക് ഭാഗത്ത് ,പാണാവള്ളി പഞ്ചായത്തില്‍പ്പെടുന്ന രണ്ട് കായല്‍ത്തുരുത്തു കളാണ് വെറ്റിലത്തുരുത്ത്,നെടിയതുരുത്ത് എന്നിവ. CRZ ബാധകമായ പ്രദേശമാണിതെന്ന് പ്രത്യേകം പറയേ ണ്ടതില്ലല്ലോ? യഥാക്രമം Vamika Island Resort, KAPICO Resort എന്നീ കമ്പനികള്‍ ഈ തുരുത്തു കളില്‍ കായല്‍ കയ്യേറിയും തീരപരിപാലന നിയമം ലംഘിച്ചും റിസോര്‍ട്ടുകള്‍ പണിതുയര്‍ത്തി. ഈ കമ്പനികളെ പ്രതി ചേര്‍ത്ത് സമര്‍പ്പിക്കപ്പെട്ട 7 ഹര്‍ജ്ജികളിന്മേല്‍ 2013 ജൂണ്‍ 25ന് ബഹു: കേരള ഹൈക്കോടതി വിധി പ റയുകയുണ്ടായി. അതില്‍ത്തന്നെ ഭൂമി കൈയ്യേറ്റം സംബന്ധിച്ച ആക്ഷേപങ്ങളില്‍ തീര്‍പ്പുണ്ടായില്ല. എന്നാല്‍ തീരപരിപാലന നിയമം ലംഘിച്ചിരിക്കുന്നതായി കോടതി കണ്ടെത്തി. പ്രസ്തുത എടുപ്പുകളും നികത്തലുകളും നീക്കി പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് കോടതി ഉത്തരവിട്ടു. കായല്‍ കയ്യേറ്റക്കാര്‍ക്കും ടൂറിസം മാഫിയയ്ക്കുമെതിരെയുള്ള കര്‍ശന താക്കീതായിത്തീര്‍ന്നു സുപ്രധാനമായ ആ വിധിയെഴുത്ത്.
ഈ വിധിക്കെതിരെ വാമിക ഗ്രൂപ്പ് സമര്‍പ്പിച്ച പ്രത്യേകാനുമതി ഹര്‍ജ്ജി പരിഗണിക്കവെ സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങളും എത്തിച്ചേര്‍ന്ന നിഗമനങ്ങളും ശ്രദ്ധേയമാണ്. “2011ലെ തീരദേശ നിയന്ത്രണ വിജ്ഞാപനം വേമ്പനാട് കായലിനെ അതിലോല തീരപ്രദേശമായിട്ടാണ് നിര്‍ണ്ണയിച്ചിരിക്കുന്നത്. ജൈവവൈവി ദ്ധ്യത്തിന്റെയും ദേശാടനക്കിളികളുടെയും സങ്കേതമായ വേമ്പനാട്, മത്സ്യത്തിന്റെയും കക്കയുടെയും മറ്റനവധി ജീ വിവര്‍ഗ്ഗങ്ങളുടെയും ആവാസവ്യവസ്ഥയും പ്രജനനകേന്ദ്രവുമാണ്. ഈ തണ്ണീര്‍ത്തടത്തിന്റെ പാരിസ്ഥിതിക പ്രാ ധാന്യം കണക്കിലെടുത്താണ് വേമ്പനാടിനെ ദേശിയ കായല്‍ സംരക്ഷണ പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്. സം സ്ഥാനസര്‍ക്കാര്‍ വേമ്പനാടിന്റെ വീണ്ടെടുപ്പിനായി വേമ്പനാട് പരിസ്ഥിതി പരിപാലന അതോറിറ്റി രൂപീകരിക്കാ ന്‍ തീരുമാനിച്ചു. നികത്തല്‍ മൂലം ആഴത്തിലും പരപ്പിലുമുണ്ടായിട്ടുള്ള ഗണ്യമായ കുറവാണ് ഏറ്റവും വിനാശകരം. വേമ്പനാട് കായല്‍ നേരിടുന്ന ഗുരുതരമായ പരിസ്ഥിതി നാശം സംസ്ഥാനത്തിനും രാജ്യത്തിനാകെത്തന്നെയും ആശങ്കയുണ്ടാക്കുന്നതാണ്.”
ഏറ്റവും ഉല്‍പ്പാദനക്ഷമതയുള്ള പരിസ്ഥിതിവ്യവസ്ഥയാണ് വേമ്പനാടെന്ന് ഓര്‍മ്മിപ്പിച്ച കോടതി അതിന്റെ സംരക്ഷണത്തിന് ഉത്തരവാദപ്പെട്ട അധികാരികളുടെ, പ്രത്യേകിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിമുഖതയെയും ആത്മാര്‍ത്ഥതയില്ലായ്മയെയും രൂക്ഷമായി വിമര്‍ശിച്ചു. ramsor site എന്ന പ്രാധാന്യം എടുത്തു പറഞ്ഞ കോടതി, വേമ്പനാടിന്റെ പേരും പെരുമയും പ്രാധാന്യവും ചൂണ്ടിക്കാണിക്കുന്നതിനാണ് മേല്‍പ്പറഞ്ഞ പ രാമര്‍ശങ്ങള്‍ നടത്തിയത് എന്നും സൂചിപ്പിച്ചു.
ഹൈക്കോടതി വിധി ശരിവെച്ച് കൊണ്ട് ഉത്തരവിട്ട സുപ്രീംകോടതി കായലിന്റെ സംരക്ഷണത്തിനും പുനഃസ്ഥാപനത്തിനും കര്‍ശന നടപടികള്‍ ആവശ്യമാണെന്ന് പ്രഖ്യാപിച്ചു. ഇന്ത്യന്‍ പരിസ്ഥിതി സംരക്ഷണ പ്രവ ര്‍ത്തനങ്ങളുടെ ചരിത്രത്തില്‍ത്തന്നെ സമാനതകളില്ലാത്ത ഒരു നടപടിയും സുപ്രീം കോടതി സ്വീകരിച്ചു. കേന്ദ്രസ ര്‍ക്കാര്‍, സംസ്ഥാന ചീഫ് സെക്രട്ടറി, തീരദേശ പരിപാലന അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാകളക്ടര്‍മാര്‍ എന്നിവര്‍ക്ക് മൂന്ന് കാര്യങ്ങളില്‍ വിശദീകരണം ചോദിച്ച് കോടതി സ്വമേധയ നോട്ടീസയച്ചു.
1.വേമ്പനാട്ടിലൊന്നാകെ തീരദേശപരിപാലന നിയമം നടപ്പിലാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍
2.കായല്‍ കയ്യേറ്റങ്ങളും നികത്തലുകളും തിരിച്ചു പിടിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍
3.മലിനീകരണം ഒഴിവാക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന നടപടികള്‍
വെറ്റിലത്തുരുത്ത്, നെടിയതുരുത്ത് വിധികള്‍ നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് ഉയര്‍ത്തിയെങ്കില്‍, അതിന്റെ പ്രതികരണമെന്ന നിലയില്‍ തുടര്‍ന്ന് അരങ്ങേറിയ ചില കരുനീക്കങ്ങള്‍ ജനായത്ത വ്യവസ്ഥയോടുള്ള അങ്ങേയറ്റത്തെ അവഹേളനമായിത്തീര്‍ന്നു.
ലജ്ജ ചരിത്രപരമായ ശേഷിയാണ്
വേമ്പനാടിന്റെ നാശം വരുംതലമുറയോട് ചെയ്യുന്ന ദ്രോഹമാണെന്ന് പ്രത്യേകം പരാമര്‍ശിച്ച് കൊ ണ്ടുള്ള കോടതി വിധിയെ ജനകീയ വിധി എന്ന് വിളിക്കുന്നതിലാണ് ഏറെ സന്തോഷം. ജനകീയ ചെറുത്തുനില്‍ പ്പുകള്‍ക്ക് ആവേശം പകര്‍ന്നതോടൊപ്പം അത് ടൂറിസം മാഫിയകളെ ഞെട്ടിച്ചു. ഒരു കൂട്ടം ജനപ്രതിനിധികളെയും മതമേലദ്ധ്യക്ഷന്മാരെയും കൂട്ടുപിടിച്ച് ഇക്കൂട്ടര്‍, സുപ്രീംകോടതി ആവശ്യപ്പെട്ട റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ നടത്തിയ ശ്രമം പുറത്തുവരുകയുണ്ടായി. ടൂറിസം വ്യവസായത്തെ സംരക്ഷിക്കാനെന്ന വ്യാജേന എഴുതിയ ഒരു അപേക്ഷ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കപ്പെട്ടു. അപേക്ഷ എന്നാണ് ഉപസംഹരിക്കപ്പെടുന്നതെങ്കിലും വായിക്കുന്ന ആര്‍ക്കും താക്കീ തിന്റെ ധ്വനിയാണ് കൂടുതല്‍ ലഭിക്കുക. " തീരപരിപാലന നീയമത്തിന്റെ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണെ ങ്കില്‍ 50000 കോടി മുടക്കിയുണ്ടാക്കിയ പല റിസോര്‍ട്ടുകളും പൊളിച്ച് നീക്കേണ്ടി വരും" എന്ന് ഓര്‍മ്മിപ്പിക്കുന്ന കത്ത് ടൂറിസം വികസനത്തെ യാതൊരു വിധത്തിലും ബാധിക്കാത്ത തരത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് മുഖ്യ മന്ത്രിയോടാവശ്യപ്പെടുന്നു. ഒരു സബ് കമ്മറ്റിയെ വെച്ച് പഠിച്ച ശേഷമെ റിപ്പോര്‍ട്ട് നല്‍കാവൂ എന്ന് നിര്‍ദ്ദേശിക്കു ന്നുമുണ്ട്.( സുപ്രീം കോടതി അനുവദിച്ച ആറാഴ്ച എന്ന സമയപരിധി ഇവര്‍ക്ക് സ്വീകാര്യമല്ലെന്ന് സാരം) സുപ്രീം കോടതിയ്ക്കെതിരെ പോലും പരസ്യ നിലപാട് സ്വീകരിക്കാന്‍ തക്ക ധാര്‍ഷ്ട്യവും കേരളത്തിലെ പത്ത് M.L.A.മാരെ വിലയ്ക്കെടുക്കാന്‍ ശേഷിയുമുള്ള ഇത്തരം മാഫിയയ്ക്ക് ഒരു സബ്കമ്മറ്റിയെ വിഴുങ്ങാനാണോ പ്രയാസം?
അസാധാരണമെങ്കിലും ഇത്തരമൊരു നാടകം സ്വാഭാവികമാണ്. പക്ഷെ,നമ്മുടെ ജനപ്രതിനിധികള്‍ സ്വീകരിച്ച നിലപാട് കേരളത്തെയാകെ നാണം കെടുത്തുന്നതാണ്. മാപ്പ് പറഞ്ഞ് തടി രക്ഷിക്കുകയല്ല, എന്ത് കാരണത്താലാണ് ഇത്തരമൊരു ജനവിരുദ്ധ നിലപാട് സ്വീകരിച്ചത് എന്ന് തുറന്ന് പറയുകയാണ് വേണ്ടണ്ട്. നമ്മുടെ രാഷ്ട്രീയബോധത്തിന്മേല്‍ അധിനിവേശം നടത്തുന്ന അരാഷ്ട്രീയതയുടെ സ്വാധീനം എത്ര ഭീകരമാണെന്ന് ഓര്‍ത്ത് ലജ്ജിക്കുക തന്നെ വേണം. ലജ്ജ എന്നത് മനുഷ്യന്‍ ആര്‍ജ്ജിച്ചെടുത്ത ശേഷിയാണ്. അത് ചരിത്രപര മായ ഒന്നാണെന്ന് ഇത്തരക്കാരോട് പറഞ്ഞ് കൊടുക്കാന്‍ സുപ്രീം കോടതി തന്നെ വേണ്ടി വരുമോ??
കായല്‍ മത്സ്യത്തൊഴിലാളികളുടേതാണ്
കായല്‍ പൊതുസ്വത്താണ്. നിയമപരമായി അതിന്റെ കൈവശാവകാശം സര്‍ക്കാറില്‍ നിക്ഷിപ്തമാ ണ്. അത് പക്ഷെ, കായലിനെ തോന്നുംപടി വിനിയോഗിക്കാനോ നികത്തി വില്‍ക്കാനോ പരിവര്‍ത്തനപ്പെടുത്താ നോ ഉള്ള അധികാരമല്ല; അതിനെ പരിപാലിക്കാനുള്ളതാണ്. കായലിനെ അശ്രയിച്ച് ജീവിക്കുകയും വിവിധാവ ശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുന്ന ജനതയുടേയും പ്രദേശത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാ കണം ആ അധികാരം വിനിയോഗിക്കേണ്ടത്.
വേമ്പനാട് കായലിന് ഒരു ചരിത്രമുണ്ട്. അത് രൂപപ്പെടുന്നത് കായലില്‍ ഇടപെട്ട് ജീവിക്കുന്ന മനുഷ്യ രുടെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെയാണ്. കായലിന് സവിശേഷമായൊരു സംസ്ക്കാരമുണ്ട്. അത് രൂപ പ്പെടുന്നതും സമാനമായ മനുഷ്യ ഇടപെടലിനാല്‍ത്തന്നെയാണ്. കായല്‍ അതിനെ അവലംബിച്ച് ജീവിക്കുന്ന മ നുഷ്യരുടെ ജീവിതത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്നു. ഭക്ഷണരീതികള്‍, തൊഴില്‍, കുടിവെള്ളം, ഗതാഗത സൗകര്യങ്ങള്‍, ഭാഷ, സംസ്ക്കാരം എന്നിങ്ങനെ എല്ലാം തന്നെ രൂപപ്പെടുത്തുന്നത് കായലാണ്. ഇത്തരമൊരു പാരിസ്ഥിതിക ജനതയുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാവണം കായലിന്റെ പരിപാലനം ചര്‍ച്ച ചെയ്യ പ്പെടേണ്ടത്. കാരണം കായല്‍ ഇവര്‍ക്ക് ഒരേയൊരു ജീവനോപാധിയാണ്. പ്രയോഗപരമായി ഇവരാണ് കായ ലിന്റെ അവകാശികള്‍. അത് പുതിയൊരാശയമല്ല, “വനം ആദിവാസിക്ക്”, “കൃഷിഭൂമി കര്‍ഷകന്” തുടങ്ങിയ മുദ്രാവാക്യങ്ങളുടെ തുടര്‍ച്ച മാത്രമാണ്. മറ്റേതൊരു താല്‍പ്പര്യവാഹകരും കായലിനെ ഉപജീവിച്ച് കഴിയുന്നവരല്ല. അവരുടെ സ്ഥിരതാല്‍പ്പര്യം ലാഭം മാത്രമാണ്. കായലിന്റെ അവകാശത്തെ സംബന്ധിച്ചുയര്‍ന്ന് വന്ന സംഘര്‍ഷങ്ങളില്‍ മത്സ്യത്തൊഴിലാളി പിന്തള്ളപ്പെട്ടത് തന്നെയാണ് കായലിനെ നാശത്തിലേയ്ക്കു് നയിച്ച മുഖ്യഘടകം.
കായല്‍ മത്സ്യത്തൊഴിലാളിയ്ക്ക് എന്നതിനര്‍ത്ഥം ടൂറിസം സാദ്ധ്യതകള്‍ക്ക് നേരേ വാതില്‍ കൊട്ടിയ ടക്കണമെന്നല്ല. കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ അവഗണിക്കണമെന്നുമല്ല. കായലിന്റെ സ്വാഭാവികത നിലനിര്‍ ത്തിക്കൊണ്ടും അതിന്റെ സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ടും ടൂറിസം വികസനവും കാര്‍ഷിക മേഖലയുടെ പുനഃ രുദ്ധാനവും ഉണ്ടാകണം.
സര്‍ക്കാര്‍ തന്നെ നിയോഗിച്ച സ്വാമിനാഥന്‍ കമ്മീഷന്‍, കായലിന്റെ അതിരുകള്‍ കൃത്യമായി നിര്‍ണ്ണയിക്കണമെന്നും അതിന് പുറത്ത് നിശ്ചിത eco-tone വേണമെന്നും നിര്‍ദ്ദേശിക്കുകയുണ്ടായി. പണച്ചെലവ് ആവശ്യമില്ലാത്ത ആ നിയമനടപടിക്ക് ഇത് വരെ ശ്രമം നടത്താത്ത അധികാരികള്‍; പക്ഷെ പരിസ്ഥിതിനാശം വേഗത്തിലാക്കാന്‍ ഉതകും വിധം കായലില്‍ കോണ്‍ക്രീറ്റ് മതിലുകള്‍ പണിയുന്ന തിരക്കിലാണ്.
ഒറ്റക്കോളം വാര്‍ത്തകളുടെ ഔദാര്യം
seaplane പറന്നിറങ്ങുന്നതിന്റെ ചന്തവും അത് ടൂറിസത്തെ ചിറകിലേറ്റി പറക്കാന്‍ പോകുന്ന ഉയ രങ്ങളും വര്‍ണ്ണിച്ച് ഉദ്ഘാടന സമയത്ത് പുറത്തിറങ്ങിയ പത്രത്തിന്റെ ഉള്‍പ്പേജില്‍ ഒരു ഒറ്റക്കോളം വാര്‍ത്തയു ണ്ടായിരുന്നു. ആലപ്പുഴയിലെ പ്രസിദ്ധമായ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ രാത്രികാവല്‍ക്കാരനായി നിന്ന വൃദ്ധ നെ ;അദ്ദേഹം മയങ്ങിപ്പോയി എന്ന കുറ്റത്തിന് മുതലാളിയുടെ മകന്‍ നെഞ്ചില്‍ ചവുട്ടി ഉണര്‍ത്തുകയും നട്ടപ്പാതിര യ്ക്ക് തെരുവിലിട്ട് ക്രൂരമായി മര്‍ദ്ധിക്കുകയും ചെയ്തു എന്നതായിരുന്നു വാര്‍ത്ത. പനി ബാധിച്ച് മരുന്ന് കഴിച്ചതിനാലാ ണ് അയാള്‍ മയങ്ങിപ്പോയതെന്നും വാര്‍ത്തയിലുണ്ട് (അവധി കിട്ടുന്ന തൊഴിലൊന്നുമല്ലല്ലോ ദിവസവേതന പ്പാറാവ് )
അതേ കാലയളവില്‍ വന്ന മറ്റൊരു വാര്‍ത്തയും ശ്രദ്ധാര്‍ഹമാണ്. ഒരു ഹൗസ് ബോട്ട് ജീവനക്കാ രന്‍ മരണമടയുകയുണ്ടായി. പക്ഷെ അയാളെക്കുറിച്ചുള്ള മതിയായ വിവരങ്ങള്‍ മുതലാളി സൂക്ഷിച്ചിട്ടുണ്ടായിരുന്നി ല്ല. ഈ രണ്ട് വ്യക്തികളും ഏത് തൊഴില്‍ മേഖലയില്‍ നിന്ന് വന്നു എന്ന് വാര്‍ത്തയില്‍ അന്വേഷിക്കുന്നില്ല. തക ര്‍ന്ന് പോയ ഏതെങ്കിലും പരമ്പരാഗത-വ്യവസായ മേഖലയില്‍ നിന്ന് കുടിയിറക്കപ്പെട്ടവരാകാം. കായല്‍, കയര്‍, കേരളസ്പിന്നേഴ്സ്, എക്സല്‍ ഗ്ളാസ്- ഗതിമുട്ടിപ്പോകുന്ന ജീവിതവഴികള്‍ പലതുണ്ട് ആലപ്പുഴ യില്‍. വികസനവായാടികള്‍ പാടിപ്പുകഴ്ത്തുന്ന ധാരാളിത്തത്തിന്റെ മറുപുറമാണിത്. കൊച്ചുമുതലാ ളിമാരുടെ ചവിട്ടും അനാഥശവമെന്ന ലേബലും പ്രാദേശികവാര്‍ത്തകളുടെ പര്യമ്പുറവുമൊക്കെയാ ണ് ഇവര്‍ക്കായുള്ള നീക്കുബാക്കി. സമാനമാണ് പരിസ്ഥിതി സംബന്ധിയായ വാര്‍ത്തകളുടെ കാര്യവും. ആള്‍ ദൈവവ്യവസായത്തിന്റെ പരസ്യത്തിനായി എഡിറ്റോറിയല്‍ പേജ് മാറ്റി വെയ്ക്കുന്ന മുഖ്യ മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ മുക്കുകയാണ് പതിവ്.
വേമ്പനാട് കണ്‍വെന്‍ഷന്‍
സെപ്തം 8 ന് ആലപ്പുഴയില്‍ വെച്ച് നടന്ന കണ്‍വെന്‍ഷന്‍ വന്‍വിജയമായിരുന്നു. ചികിത്സയിലായി രുന്നതിനാല്‍ നേരിട്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ടെലി കോണ്‍ഫ്രന്‍സ് വഴി ഉദ്ഘാടനം നിര്‍വഹിച്ചു. ശ്രീ എം എം ലോറന്‍സ്, ഡോ. തോമസ് ഐസക് M.L.A., ശ്രീ. ടി ജെ ആഞ്ചലോസ് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കടുത്തു. സ്ഥലത്തില്ലാതിരുന്ന ശ്രീ. വി എം സുധീരന്‍, അ ദ്ദേഹത്തിന്റെ പിന്തുണയും ആശംസകളും ഒരു സന്ദേശത്തിലൂടെ അറിയിച്ചു. തിങ്ങി നിറഞ്ഞിരുന്ന സദസ്സിനെ അഭിമുഖീകരിച്ച് വിവിധ തൊഴിലാളി സംഘടന നേതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും സംസാരി ച്ചു. തുടര്‍ന്ന് കായല്‍ സംരക്ഷണത്തിനായി ജനകീയ കമ്മീഷനെ നിയോഗിച്ചു. ഡോ. പ്രഭാത് പട്നായിക് ചെയ ര്‍മാനും ഡോ. സി.ടി. എസ്. നായര്‍ മെമ്പര്‍ സെക്രട്ടറിയുമായ കമ്മീഷനില്‍ ശാസ്ത്രജ്ഞരായ ഡോ.കെ.ജി.പ ത്മകുമാര്‍, ഡോ.ടി.വി. അന്ന മേഴ്സി, ഡോ. ശ്രീകുമാര്‍ ചതോപാദ്ധ്യായ, പത്രപ്രവര്‍ത്തകനായ എം.ജി.രാധാകൃ ഷ്ണന്‍(ഇന്ത്യാ ടുഡേ) എന്നിവര്‍ അംഗങ്ങളാണ്.
ബോട്ട് യാത്ര, സായാഹ്ന സംവാദങ്ങള്‍ ,വീട്ടുമുറ്റക്ലാസുകള്‍....ക്യാമ്പയിന്‍ മുന്നോട്ട് പോകുന്നുണ്ട്. ചെറുതും വലുതുമായ പല സംഘടനകളും താന്താങ്ങളുടെ രീതിയില്‍ പ്രതിഷേധവും ഇടപെടലുമൊക്കെ നടത്തു ന്നുണ്ട്. ഇവയെയൊക്കെ ഒരു പൊതു പ്ലാറ്റ് ഫോമില്‍ ഒന്നിപ്പിക്കാനായാല്‍ വേമ്പനാട് സംരക്ഷണത്തില്‍ അത് നിര്‍ണ്ണായകമാകുമെന്ന് പരിഷത്ത് കരുതുന്നു.പിടഞ്ഞ് മരിക്കുന്ന കിളികളും മത്സ്യങ്ങളും പിടഞ്ഞ് ജീവിക്കുന്ന ഒരുപാട് മനുഷ്യജന്മങ്ങളും നീതി അര്‍ഹിക്കുന്നുണ്ട്. മൂലധനശക്തികള്‍ മുന്നോട്ട് വെയ്ക്കുന്ന പുതിയ ദൈവ സങ്കല്‍പ്പങ്ങളുടെ ചെറുവിരല്‍ത്തണല്‍ തേടാനല്ല, ജീവിതം കൊള്ളയടിക്കപ്പെടുമ്പോള്‍ കൈകോര്‍ത്ത് പിടിച്ച് ഒറ്റക്കെട്ടായി പ്രതിരോധിക്കാനാണ് കാലം നമ്മോടാവശ്യപ്പെടുന്നത്.