Dr P S Sreekala

ഇ എം എസും മാര്‍ക്സിസ്റ്റ് സൗന്ദര്യദര്‍ശനവും

I

മാര്‍ക്സിസം മാര്‍ക്സിലോ ഏംഗല്‍സിലോ ഒതുങ്ങുന്ന സിദ്ധാന്തമല്ലെന്നതുപോലെതന്നെ, മാര്‍ക്സിസം മുന്നോട്ടുവയ്ക്കുന്ന, മനുഷ്യന്‍റെ സാമൂഹ്യജീവിതവുമായി ബന്ധപ്പെട്ട ഒരു നിലപാടും സങ്കുചിതമല്ല. ചരിത്രപരമായ സന്ദര്‍ഭങ്ങളുടെ സവിശേഷതയനുസരിച്ച് അത് നവീകരിക്കപ്പെട്ടുകൊണ്ടിരിക്കും. നിരന്തരം ചര്‍ച്ചകളിലൂടെയാണത് വികസിക്കുക. ഈ പുസ്തകത്തില്‍റെ ആദ്യ അധ്യായത്തില്‍ സൂചിപ്പിച്ചതുപോലെ സുഹൃത്തുക്കള്‍ക്ക് അയച്ച കത്തുകളിലെ സാഹിത്യ പരാമര്‍ശങ്ങളിലും വിവിധ എഴുത്തുകാരെയും കൃതികളെയും സംബന്ധിച്ചു നടത്തിയ സാന്ദര്‍ഭിക ചര്‍ച്ചകളിലും നിന്നാണ് മാര്‍ക്സിന്‍റെയും ഏംഗല്‍സിന്‍റെയും സാഹിത്യവീക്ഷണത്തെക്കുറിച്ച് നമുക്ക് അറിയാനാവുന്നത്. അതില്‍ നിന്നാണ് പില്‍ക്കാലത്ത് മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രം (Marxist Aesthetics) രൂപപ്പെടുന്നത്. അതിനെ വികസിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച സൈദ്ധാന്തികരില്‍ ചിലരെക്കുറിച്ച് ഒന്നാം അധ്യായത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മാര്‍ക്സും ഏംഗല്‍സും അവതരിപ്പിച്ച കലാദര്‍ശനങ്ങളെ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി, ലോകസാഹിത്യത്തില്‍, വിശേഷിച്ച് പാശ്ചാത്യലോകത്ത് സൈദ്ധാന്തികചര്‍ച്ചകള്‍ സജീവമായിരുന്ന കാലത്താണ് മലയാളത്തില്‍ മാര്‍ക്സിസ്റ്റ് സൗന്ദര്യദര്‍ശനം രൂപപ്പെടുത്താനുള്ള ശ്രമം ഇ എം എസ് നടത്തിയത്. ആധുനികകാലത്തെ കലാപ്രവണതകളെ സംബന്ധിച്ച മാര്‍ക്സിസ്റ്റ് വീക്ഷണത്തിന്‍റെ കാര്യത്തില്‍ ഇ എം എസ് പലപ്പോഴും നിശബ്ദനായിരുന്നു. അതേസമയം തുടങ്ങിയ ഇടത്തുതന്നെ നില്‍ക്കുന്ന ഒന്നല്ല, മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രം എന്ന കാര്യത്തില്‍ അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ടായിരുന്നു. എഴുത്തുകാരായി അംഗീകാരം നേടിക്കഴിഞ്ഞിട്ടില്ലാത്ത, സാഹിത്യരംഗത്തെ പുതുമുഖങ്ങളുടെ രചനകളെയുള്‍പ്പെടെ അദ്ദേഹം വിലയിരുത്താന്‍ ശ്രമിച്ചിട്ടുമുണ്ട്. കലാസൃഷ്ടികളെ വിലയിരുത്തുമ്പോള്‍ പൊതുബോധത്തില്‍നിന്ന് വേറിടുന്ന വീക്ഷണസമ്പ്രദായം അദ്ദേഹം സ്വീകരിച്ചിരുന്നു. അരവിന്ദന്‍റെ ‘ചിദംബരം’ എന്ന വിഖ്യാത ചലച്ചിത്രത്തില്‍ ഭാര്യയുടെ പരപുരുഷബന്ധമറിഞ്ഞ് ആത്മഹത്യചെയ്യുകയാണ് നായകന്‍. നായകകഥാപാത്രത്തോട് സഹതാപവും ഭാര്യാകഥാപാത്രത്തോട് വെറുപ്പും തോന്നുക സ്വാഭാവികം. ആ സ്വാഭാവികത പ്രേക്ഷകരുടെ പൊതുബോധത്തിന്‍എ ഭാഗമാണ്. ഈ സിനിമയെക്കുറിച്ചുള്ള ഇ എം എസിന്‍റെ അഭിപ്രായം ശ്രദ്ധേയമായിരുന്നു. സിനിമയുടെ പ്രമേയത്തിന്‍റെ പശ്ചാത്തലത്തില്‍ ഭാര്യ എന്ന കഥാപാത്രത്തിന്‍റെ മാനസികാവസ്ഥയും സാഹചര്യവും പരിഗണിച്ചുവേണം സമീപനം സ്വീകരിക്കേണ്ടതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. പുരോഗമനത്തിന് വ്യവസ്ഥാപിതവും യാഥാസ്ഥിതികവുമായ പൊതുബോധത്തെ ആശ്രയിച്ച് ഉയര്‍ന്നു നില്‍ക്കാനാവില്ലെന്നും ആ പൊതുബോധത്തെ പൊളിച്ചുകൊണ്ടുമാത്രമേ മുന്നേറാനാവൂ എന്നും ഇ എം എസ് തന്‍റെ കലാസമീപനത്തില്‍ വ്യക്തമാക്കുകയായിരുന്നു. അതേസമയം, പാശ്ചാത്യലോകത്തെ പുതിയ സൈദ്ധാന്തിക നിലപാടുകളോട് അദ്ദേഹം പ്രതികരിക്കുകയോ അവയെ മലയാളത്തിനു പരിചയപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്തതായി കാണുന്നില്ല.

ഇ എം എസ് (19091998) മലയാളസാഹിത്യത്തില്‍ മാര്‍ക്സിയന്‍ നിരൂപണരീതിക്ക് അടിത്തറയുണ്ടാക്കാന്‍ ശ്രമിച്ചിരുന്ന കാലഘട്ടത്തില്‍ത്തന്നെയാണ് തിയോഡോര്‍ അഡോര്‍ണോ(19031969), ബെര്‍തോള്‍ഡ് ബ്രെഹ്ത്(18981956), ഹെര്‍ബര്‍ട് മാര്‍ക്യൂസ്(18981979), വാള്‍ട്ടര്‍ ബഞ്ചമിന്‍(18921940), ജോര്‍ജ്ജ് ലൂക്കാച്ച്(18851971), തുടങ്ങിയവര്‍ മാര്‍ക്സില്‍ നിന്നും ഏംഗല്‍സില്‍ നിന്നും മാര്‍ക്സിസ്റ്റ് സൗന്ദര്യസിദ്ധാന്തത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്. ടെറി ഈഗിള്‍ടണ്‍(1943), ഫ്രെഡറിക് ജയിംസണ്‍(1934), റയ്മണ്ട് വില്യംസ്(19211988) തുടങ്ങിയവര്‍ മുന്നോട്ടുവച്ച ആധുനികതയെയും ഉത്തരാധുനികതയെയും സംബന്ധിക്കുന്ന മാര്‍ക്സിസ്റ്റ് വീക്ഷണങ്ങളെയും ഇ എം എസ് അനുകൂലമായോ പ്രതികൂലമായോ പരിഗണിച്ചതായി കാണുന്നില്ല. അന്‍റോണിയോ ഗ്രാംഷിയാകട്ടെ, മലയാളത്തില്‍ ഇ എം എസിന്‍റെ സാഹിത്യവീക്ഷണങ്ങള്‍ വ്യക്തമായി പ്രകടമാകുന്നതിനു മുമ്പുതന്നെ സുവ്യക്തമായ വിശകലനങ്ങള്‍ മുന്നോട്ടു വച്ചിരുന്നു. ജീവല്‍സാഹിത്യപ്രസ്ഥാനം രൂപീകരിച്ച വര്‍ഷമാണ് അദേഹം ലോകത്തോട് വിട പറഞ്ഞത്. ഗ്രാംഷിയെ പരിചയപ്പെടുത്താനുള്ള ശ്രമം ഇ എം എസിന്‍റെ ഭാഗത്തു നിന്നുണ്ടാകുന്നത് ഗ്രാംഷി അന്തരിച്ച്, ആറു പതിറ്റാണ്ടോടടുക്കുമ്പോഴാണ്. അതേസമയം, മലയാളത്തില്‍ ഗ്രാംഷിയെക്കുറിച്ചുണ്ടാവുന്ന രണ്ടാമത്തെ പുസ്തകമായിരുന്നു ഇ എം എസിന്‍റേത് എന്നും കാണേണ്ടതുണ്ട്. (ഇ എം എസും പി ജിയും ചേര്‍ന്നെഴുതിയ ‘ഗ്രാംഷിയന്‍ വിചാരവിപ്ലവം’ 1996ലാണ് പ്രസിദ്ധീകരിച്ചത്. അതിനുമുമ്പ്, രവീന്ദ്രന്‍റെ ‘അന്തോണിയോ ഗ്രാംഷി’ എന്ന പുസ്തകം 1986ല്‍ പ്രസിദ്ധീകരിച്ചിരുന്നു.)

II

കാമുവിന്‍റെയും കാഫ്കയുടെയും സാര്‍ത്രിന്‍റെയും രചനകള്‍ എസ്റ്റാബ്ലിഷ്മെന്‍റിനെതിരാണെന്നിരിക്കേ, അതില്‍ നിന്ന് അവരുടെ സാഹിത്യദര്‍ശനത്തെക്കുറിച്ചുള്ള അഭിപ്രായമെന്ത് എന്ന ചോദ്യം ഉന്നയിക്കപ്പെട്ടപ്പോള്‍ ഇ എം എസ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: 'ചോദ്യത്തില്‍ പരാമര്‍ശിച്ച സാഹിത്യകാരന്മാരെപ്പറ്റി ഒരു സമഗ്രവിമര്‍ശനം പുറപ്പെടുവിക്കാന്‍ എനിക്കു കഴിവില്ലാത്തതില്‍ ഞാന്‍ ഖേദിക്കുന്നു. എങ്കിലും മലയാളത്തില്‍ അവരുടെ അനുയായികളെന്ന് അവകാശപ്പെടുന്ന കുറേ എഴുത്തുകാര്‍, വായനക്കാരില്‍ ജീവിതത്തെപ്പറ്റി വ്യര്‍ഥതാ ബോധം വളര്‍ത്തുന്നതും ജീവിതത്തില്‍ നാശോന്മുഖമായ എല്ലാറ്റിനെയും ഉയര്‍ത്തിപ്പിടിക്കുന്നതുമായ കൃതികള്‍ രചിക്കാനാണ് തങ്ങളുടെ സംശയാതീതമായ പ്രതിഭയെ വിനിയോഗിക്കുന്നതെന്ന് എനിക്കറിയാം. ഗോര്‍ക്കി ‘വ്യക്തിയുടെ ശിഥിലീകരണം’ എന്ന തന്‍റെ സുപ്രസിദ്ധ കൃതിയില്‍ പരാമര്‍ശിക്കുകയും അപലപിക്കുകയും ചെയ്തിട്ടുള്ള ഒരു ടൈപ്പിനോടാണ് വാസ്തവത്തില്‍ ഇവര്‍ക്കു സാദൃശ്യമുള്ളത്.' (തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍). നിലവിലുള്ള വ്യവസ്ഥാപിതസംവിധാനത്തെ (എസ്റ്റാബ്ലിഷ്മെന്‍റിനെ) എതിര്‍ക്കുന്ന എഴുത്തുകാരെക്കുറിച്ച് മറ്റൊരു സന്ദര്‍ഭത്തിലും ഇ എം എസ് സൂചിപ്പിക്കുണ്ട്. അക്കൂട്ടത്തിലുള്ള രാഷ്ട്രീയേതര എഴുത്തുകാരെയും തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ ലക്ഷ്യം പ്രത്യക്ഷമായി പ്രചരിപ്പിക്കാത്ത എഴുത്തുകാരെയും സംബന്ധിച്ചുള്ള തന്‍റെ നിരീക്ഷണം ഇ എം എസ് വ്യക്തമാക്കുന്നുണ്ട്: 'ആദ്യത്തെ കൂട്ടര്‍ എസ്റ്റാബ്ലിഷ്മെന്‍റിനെതിരായി പോരാടുന്നവരാണ് തങ്ങളെന്ന് അവകാശപ്പെടുന്നുണ്ട്. എന്നാല്‍, നിലവിലുള്ള സാമൂഹ്യവ്യവസ്ഥിതിക്കു വേണ്ടിയുള്ള എല്ലാത്തരം സമരവും സമരരൂപങ്ങളും അങ്ങേയറ്റം വ്യര്‍ഥമാണെന്ന സന്ദേശമാണ് അവര്‍ പ്രചരിപ്പിക്കുന്നത്. മരണമാണ് ജിവിതത്തെക്കാള്‍ അഭികാമ്യമെന്ന് വരുത്തുക, തകരുന്ന ജീവിതത്തിന്‍റെ ‘മഹിമകള്‍’ പാടിപ്പുകഴ്ത്തുക, അശ്ലീലകലാശില്‍പങ്ങളും അശ്ലീലസാഹിത്യവും നിര്‍മ്മിക്കുന്നതില്‍ ഊറ്റംകൊള്ളുക ഇതൊക്കെയാണ് എസ്റ്റാബ്ലിഷ്മെന്‍റിനെ എതിര്‍ക്കുന്നവര്‍ എന്നുദ്ഘോഷിക്കപ്പെടുന്ന ഈ വിഭാഗത്തില്‍പ്പെട്ട സാഹിത്യകാരന്മാരുടെ സവിശേഷസ്വഭാവങ്ങള്‍. എസ്റ്റാബ്ലിഷ്മെന്‍റ് തന്നെ (അതായത്, നിലവിലുള്ള വ്യവസ്ഥിതിയുടെ ചുക്കാന്‍ പിടിക്കുന്നവര്‍ തന്നെ) ഇവരുടെ പ്രതിഭയെ വാനോളം പുകഴ്ത്തുകയും ഇവര്‍ക്ക് ആവുന്നത്ര പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നുണ്ട്. കാരണം, പൊരുതുന്ന ജനതയെ പ്രത്യയശാസ്ത്രപരമായി നിരായുധീകരിക്കാന്‍ ഇവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രത്തിന്‍റെ പ്രചാരണം ഭരണാധികാരിവര്‍ഗങ്ങളെ സഹായിക്കുന്നുണ്ട്.'

'രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ട എസ്റ്റാബ്ലിഷ്മെന്‍റ് വിരുദ്ധ സാഹിത്യകാരന്മാര്‍ വ്യര്‍ഥതയുടെ സന്ദേശം പ്രചരിപ്പിക്കുന്നില്ല; ഇവിടെയാണ് അവര്‍ ആദ്യം പറഞ്ഞ വിഭാഗത്തില്‍നിന്ന് വ്യത്യാസപ്പെട്ടുനില്‍ക്കുന്നത്. എന്നുമാത്രമല്ല, നേരെമറിച്ച്, അവര്‍ ക്രിയാത്മകമായ സമരത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ ഒരുപരിധിവരെ സഹായിക്കുന്നുമുണ്ട്. ക്രിയാത്മകസമരത്തിന്‍റെ സന്ദേശവാഹകരെന്ന നിലയില്‍ അവര്‍ തീര്‍ച്ചയായും ദുര്‍ബലരാണ്. കാരണം, തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ നിലപാട് അവര്‍ സ്വീകരിക്കുന്നില്ല. ഭരണാധികാരിവര്‍ഗ്ഗങ്ങള്‍ക്കും അവരുടെ വാഴ്ചയ്ക്കുമെതിരായി ക്രിയാത്മകസമരത്തില്‍ ജനങ്ങളെ അണിനിരത്താന്‍ വേണ്ടിടത്തോളം കഴിവുറ്റ വികാരവിചാരങ്ങളല്ല മിക്കപ്പോഴും അവര്‍ ആവിഷ്കരിക്കുക. എങ്കില്‍ക്കൂടി ചൂഷകവര്‍ഗ്ഗങ്ങളുടെ മര്‍ദ്ദനവാഴ്ചയെ ഏതെങ്കിലുമൊരുവശത്തുനിന്ന് അവര്‍ ആക്രമിക്കുന്നുണ്ട്; ആ അളവിലോളം അവര്‍ ആ വാഴ്ചയ്ക്കെതിരായി വിപ്ലവജനതയെ ഏകീകരിച്ചുവരികയെന്ന പ്രക്രിയയെ സഹായിക്കുന്നുമുണ്ട്. ആദ്യവിഭാഗത്തില്‍പെട്ട സാഹിത്യകാരന്മാരുടെ നേരെ നിരന്തരമായും വിട്ടുവീഴ്ചകൂടാതെയും നമുക്ക് സമരം നടത്തണം. രണ്ടാമത്തെ വിഭാഗത്തോടാവട്ടെ, ഐക്യവും സമരവും ആയിരിക്കണം നമ്മുടെ സമീപനം.'

1972 ല്‍ എഴുതിയ കുറിപ്പിലാണ് ഇ എം എസ് ഈ അഭിപ്രായം വ്യക്തമാക്കുന്നത്. (പശ്ചിമബംഗാളിലെ യാദവ്പൂര്‍ സര്‍വ്വകലാശാലാവിദ്യാര്‍ഥികളുടെ മാഗസിനില്‍ പ്രസിദ്ധീകരിക്കുന്നതിനായി പത്രാധിപസമിതി തയ്യാറാക്കി നല്‍കിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണിത്.) 1970ല്‍ പ്രസിദ്ധീകരിച്ച, തിയോഡോര്‍ അഡോണോയുടെ ‘സൗന്ദര്യസിദ്ധാന്തം’ എന്ന പുസ്തകം കലയും സമൂഹവും തമ്മിലുള്ള ബന്ധത്തെ എങ്ങനെ അവതരിപ്പിക്കുവെന്ന പരിശോധന ഇവിടെ പ്രസക്തമാണ്. അഡോണോയുടെ മരണാനന്തരമാണ് ഈ പുസ്തകം (Aesthetic Theory) പ്രസിദ്ധീകരിക്കുന്നത്. കലയിലും സാഹിത്യത്തിലും ഉള്ളടങ്ങുന്ന സൗന്ദര്യ(beauty)ത്തെയോ ഉദാത്തത (sublimity)യെയോ കുറിച്ചു മാത്രമല്ല, അഡോണോ ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നത്. കലയും സമൂഹവും തമ്മിലുള്ള ബന്ധത്തെ അദ്ദേഹം സവിശേഷമായി കാണുന്നുണ്ട്. പരമ്പരാഗതമൂല്യബോധത്തെയും സാമ്രാജ്യത്വ പ്രവണതകളെയും മറികടന്ന് ആധുനികകാലത്ത് കലയും സാഹിത്യവും അവയുടെ വിമര്‍ശനശേഷിയും രൂപപരമായ സ്വാശ്രയത്വവും ഉറപ്പിച്ചിരിക്കുന്നതായി അഡോണോ നിരീക്ഷിക്കുന്നു. അതോടെ കലയ്ക്ക് സമൂഹത്തെസംബന്ധിക്കുന്ന അഭിപ്രായങ്ങള്‍ കൂടുതല്‍ സ്വതന്ത്രമായി പ്രകടിപ്പിക്കാനാവുന്നുണ്ട്. അമിതമായി രാഷ്ട്രീയവല്‍ക്കരിച്ച ഉള്ളടക്കമല്ല, കലയുടെ സാമൂഹ്യവിമര്‍ശ ശക്തി; മറിച്ച്, യാഥാര്‍ഥ്യത്തിന്‍റെ ആവിഷ്കാരമാണ് പ്രധാനം. എന്താവണം യാഥാര്‍ഥ്യമെന്നതിനെ കലയുടെ ആത്മബോധം സ്വാധീനിക്കുന്നുണ്ട്. ആധുനികകലയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന അപശ്രുതി (dissonance) സമൂഹവുമായുള്ള അകലം പാലിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. പ്രമേയത്തിന്‍റെയും സാമൂഹ്യപാരമ്പര്യത്തിന്‍റെയും പരസ്പരബന്ധത്തില്‍ നിന്നുജനിക്കുന്ന വൈവിധ്യമാര്‍ന്ന വൈരുധ്യങ്ങളും അതില്‍ നിന്നു രൂപപ്പെടുന്ന കലയുടെ നിലപാടും കലാരൂപത്തിന്‍റെ ആഭ്യന്തരവൈരുധ്യങ്ങളും പരിശോധിക്കുമ്പോള്‍ മാത്രമേ യാഥാര്‍ഥ്യത്തെ തിരിച്ചറിയാനാവൂ എന്നും അഡോര്‍ണോ നിരീക്ഷിക്കുന്നു. കലയിലെ യാഥാര്‍ഥ്യാവിഷ്കാരം സങ്കീര്‍ണ്ണമാണ് എന്നര്‍ഥം.

അത്തരത്തില്‍ സങ്കീര്‍ണ്ണമായ യാഥാര്‍ഥ്യാവിഷ്കാരത്തെക്കുറിച്ച് ഇ എം എസ് നിശ്ശബ്ദനാണ്. ചൂഷകവര്‍ഗ്ഗത്തിന്‍റെ മര്‍ദ്ദനവാഴ്ചയെ ഏതെങ്കിലും വിധത്തില്‍ ആക്രമിക്കുന്നുണ്ടോ എന്ന പരിശോധനയിലാണ് ഇ എം എസ് ഊന്നുന്നത്. ആ പരിശോധനയില്‍ അനുകൂലമായ ഫലം വ്യക്തമായി പ്രകടിപ്പിക്കുന്ന കലയില്‍പോലും സാധ്യമാവുന്ന പരിമിതി വാള്‍ട്ടര്‍ ബഞ്ചമിന്‍ വ്യക്തമാക്കുന്നുണ്ട്. ചരിത്രസാഹചര്യങ്ങള്‍ക്ക് കലയിലുള്ള സ്വാധീനത്തെക്കുറിച്ചാണ് ബഞ്ചമിന്‍റെ അന്വേഷണം.The Work of Art in the Age of Mechanical Reproduction (or Reproducibility) എന്ന വാള്‍ട്ടര്‍ ബഞ്ചമിന്‍റെ ലേഖനം 1936 ല്‍ പ്രസിദ്ധീകൃതമായി. പുരാതന കലയും ആധുനികകലയും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ടെന്നും അതുകൊണ്ടുതന്നെ ആധുനികകാലത്ത് കലയെ മനസ്സിലാക്കാനും വിലയിരുത്താനും നവീന സങ്കേതങ്ങള്‍ ഉപയോഗിക്കണമെന്നും ബഞ്ചമിന്‍ വാദിക്കുന്നു. മുതലാളിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ കലയുടെ പ്രസക്തി അദ്ദേഹം വിലയിരുത്തുന്നു. മുതലാളിത്തത്തിന്‍റെ ഭാവിയെ സംബന്ധിച്ച് പരാമര്‍ശിക്കുമ്പോള്‍, മുതലാളിത്തം, തൊഴിലാളിവര്‍ഗ്ഗചൂഷണം പ്രബലമാക്കുമെന്നും ഒടുവില്‍ മുതലാളിത്തത്തെത്തന്നെ ഇല്ലാതാക്കുന്ന വിധത്തില്‍ തൊഴിലാളിവര്‍ഗ്ഗത്തെ മാറ്റിത്തീര്‍ക്കുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഏറ്റവും മെച്ചപ്പെട്ടതായി നാം കരുതുന്ന ഒരു കലയുടെ അനുകരണത്തില്‍പ്പോലും ഒരു പ്രധാന ഘടകത്തിന്‍റെ അഭാവമുണ്ടാവും: അത്, സ്ഥലവും കാലവുമായി ബന്ധപ്പെട്ട അതിന്‍റെ നിലപാടാണ്. കലയുടെ ആധികാരികതയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴാണ് അദ്ദേഹം ഈ അഭിപ്രായം മുന്നോട്ടുവയ്ക്കുന്നത്. അനുഭൂതി (aura) എന്ന ആശയം അദ്ദേഹം അവതരിപ്പിക്കുന്നു. പകര്‍ത്തുമ്പോള്‍ സംഭവിക്കുന്നത് അനുഭൂതിയുടെ നഷ്ടമാണ്. ചരിത്രസാഹചര്യങ്ങള്‍ കലയുടെ സ്വഭാവത്തെയും അതിന്‍റെ ആസ്വാദ്യതയെയും നിര്‍ണ്ണയിക്കുന്നതില്‍ സുപ്രധാനമാണ്. അഭിരുചിയും ശൈലിയും തമ്മിലുള്ള ബന്ധം അനുഭൂതിയുമായി സംവദിക്കുന്നതെങ്ങനെയെന്ന് സാന്ദര്‍ഭികമായാണെങ്കിലും വിശദമായിത്തന്നെ അദ്ദേഹം പരിശോധിക്കുന്നു.

സംസ്കാരമണ്ഡലത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള എല്ലാറ്റിനെയും ശാസ്ത്രീയവിമര്‍ശനത്തിനു വിധേയമാക്കണമെന്ന നിലപാടാണ് ഇ എം എസ് സ്വീകരിച്ചത്. ഒരുതരത്തില്‍, ചരിത്രത്തെ നിരാകരിച്ചുകൊണ്ട് കലാനിര്‍മ്മാണമോ ആസ്വാദനമോ സാധ്യമല്ലെന്നു തന്നെ ഇ എം എസ് വ്യക്തമാക്കുന്നുണ്ട്. അതേസമയം, നിശ്ചലമായിത്തീര്‍ന്ന പൗരാണികസംസ്കാരത്തെ പാടിപ്പുകഴ്ത്തുന്നത് മാര്‍ക്സിസ്റ്റ് രീതിയ്ക്കനുയോജ്യമല്ലായെന്നും അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം അദ്ദേഹം വ്യക്തമാക്കി. സ്വാഭാവികമായും അത്തരമൊരു സംസ്കാരത്തില്‍ രൂപപ്പെട്ട, ആ സംസ്കാരത്തിന്‍റെ സ്വാധീനമുള്ള കലയില്‍ നിന്ന് സചേതനവും പുരോഗമനോന്മുഖവുമായ കലയിലേക്കുള്ള സഞ്ചാരം ചരിത്രയാഥാര്‍ഥ്യമായി അദ്ദേഹം ഉള്‍ക്കൊള്ളുന്നുണ്ട്. പുതിയ സംസ്കാരത്തിന്‍റെ സ്വാധീനമാവും പുതിയകലയിലുണ്ടാവുക. ചരിത്രാത്മകമായി സംസ്കാരത്തെ സമീപിച്ച ലൂക്കാച്ചിന്‍റെ നിരീക്ഷണം ഇവിടെ പ്രസക്തമാവുന്നു. ‘ചരിത്രവും വര്‍ഗ്ഗബോധവും’ (History and Class consciousness) 1923 ലും ‘ചരിത്രപരമായ നോവല്‍‘ (The Historical Novel) 1937 ലും എഴുതിയ ലൂക്കാച്ച് സാഹിത്യത്തെയും സംസ്കാരത്തെയും ചരിത്രാത്മകലായി വിലയിരുത്തിയ സൈദ്ധാന്തികനാണ്. സാഹിത്യചരിത്രത്തെ സംബന്ധിക്കുന്ന ഠവല The Historical Novel ലൂക്കാച്ചിന്‍റെ ഏറ്റവും സ്വാധീനമുള്ള കൃതിയാണെന്നു പറയാം. 1789നു മുമ്പ് ജനങ്ങളുടെ ചരിത്രബോധം പ്രായേണ അവികസിതമായിരുന്നെന്നും മനുഷ്യന്‍റെ നിലനില്‍പുമായി ബന്ധപ്പെട്ട ചിന്തകള്‍ ഗൗരവമാര്‍ജ്ജിക്കുന്നത് ഫ്രഞ്ച് വിപ്ലവത്തിനു ശേഷമാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. വാള്‍ട്ടര്‍സ്കോട്ടിന്‍റെ കൃതികളാണ് ലൂക്കാച്ച് ഉദാഹരിക്കുന്നത്. പ്രതിനിധാനസ്വഭാവമുള്ള കഥാപാത്രങ്ങളിലൂടെ ചരിത്രപരിണാമത്തെയും സാമൂഹ്യ സംഘര്‍ഷങ്ങളെയും അവതരിപ്പിക്കുന്ന രീതി പരമ്പരാഗത സങ്കല്‍പത്തില്‍ നിന്നു വ്യത്യസ്തമാണ്. ചരിത്രപരമായ യഥാഥവാദം വാള്‍ട്ടര്‍ സ്കോട്ടില്‍ നിന്ന് ടോള്‍സ്റ്റോയിയും ബല്‍സാക്കും സ്വീകരിക്കുന്നുണ്ട്. സമകാലിക സാമൂഹ്യജീവിതത്തെ അന്വേഷിക്കുവാന്‍ ശാശ്വതമായ മൂല്യങ്ങളെയല്ല, മറിച്ച്, മാറിക്കൊണ്ടിരിക്കുന്ന ചരിത്ര മുഹൂര്‍ത്തങ്ങളെയാണ് പരിശോധിക്കേണ്ടതെന്ന് അവര്‍ തിരിച്ചറിഞ്ഞു. . ആ അര്‍ഥത്തില്‍, വ്യക്തിപരമായി യാഥാസ്ഥിതികമായ രാഷ്ട്രീയ വീക്ഷണം പുലര്‍ത്തുമ്പോഴും ഈ സാഹിത്യകാരന്മാര്‍ പുരോഗമനസ്വഭാവമുള്ളവരായിത്തീരുന്നു.

സാമൂഹ്യജീവിതം കലയില്‍ പ്രതിഫലിക്കുന്നുണ്ടെന്ന വസ്തുത സൈദ്ധാന്തികരാരും നിഷേധിക്കുന്നില്ല. ആ പ്രതിഫലനത്തിന്‍റെ സ്വഭാവത്തെ സംബന്ധിച്ചാണ് വ്യത്യസ്ത വീക്ഷണങ്ങള്‍ അവതരിപ്പിച്ചത്. യാന്ത്രികമായ പ്രതിഫലനത്തെയല്ല ഇ എം എസും പ്രോത്സാഹിപ്പിച്ചത്. 'മാറുന്ന സമൂഹത്തിന്‍റെ യാന്ത്രികമായ പടങ്ങളെടുക്കുന്ന ഒരു ഫോട്ടോഗ്രാഫര്‍ മാത്രമാണ് കലാകാരനും സാഹിത്യകാരനുമെന്ന' ധാരണ മാര്‍ക്സിസത്തിന് അന്യമായ ആശയമാണ് എന്നദ്ദേഹം വ്യക്തമാക്കി. ഒരര്‍ഥത്തില്‍ ഇതേ ആശയമാണ് മാര്‍ക്യൂസിന്‍റെ സിദ്ധാന്തത്തിന്‍റെ കാതല്‍. ആധുനിക സമൂഹത്തിന്‍റെ അവസ്ഥയെ യഥാതഥമായി പ്രതിഫലിപ്പിക്കുകയല്ലാ പുതിയകലയുടെ ധര്‍മ്മമെന്ന് മാര്‍ക്യൂസ് നിരീക്ഷിക്കുന്നുണ്ട്.

‘സൗന്ദര്യമാനം: മാര്‍ക്സിസ്റ്റ് കലാസിദ്ധാന്തത്തിന്‍റെ വിമര്‍ശനത്തിലേക്ക്’ (Aesthetic Dimension : Toward a critique of Marxian Aesthetics) എന്ന പുസ്തകം 1977 ലാണ് ഹെര്‍ബര്‍ട്ട് മാര്‍ക്യൂസ് പ്രസിദ്ധീകരിക്കുന്നത്. അഡോര്‍ണോയുടെയും ബഞ്ചമിന്‍റെയും സിദ്ധാന്തങ്ങളോടുള്ള വിമര്‍ശനമെന്ന നിലയിലാണ് മാര്‍ക്യൂസിന്‍റെ സമീപനം. ഈ കാലഘട്ടത്തിലെ കലാനിര്‍മ്മാണം ആധുനിക കലയെ രാഷ്ട്രീയവല്‍ക്കരിക്കുകയും സമൂഹത്തിന്‍റെ അവസ്ഥയെ പ്രതിഫലിപ്പിക്കുകയും ചെയ്യണമെന്ന ബഞ്ചമിന്‍റെ വാദത്തെ മാര്‍ക്യൂസ് തള്ളിക്കളയുന്നു. സാമൂഹ്യമായ അടിച്ചമര്‍ത്തലിനുള്ള ഒരു പ്രതിരോധമാണ് കല എന്ന് അഡോര്‍ണോയെയും ബഞ്ചമിനെയും പോലെ മാര്‍ക്യൂസും വിശ്വസിക്കുന്നുണ്ട്. മാത്രമല്ല, സാംസ്കാരിക വിപ്ലവം, സാമൂഹ്യരാഷ്ട്രീയ വിപ്ലവവുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. അതേസമയം, സമൂഹത്തില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതോടെ മാത്രമേ കലയുടെ പ്രചോദനാംശം ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയുള്ളൂ എന്നാണ് മാര്‍ക്യൂസിന്‍റെ അഭിപ്രായം. പ്രതീകാത്മകമായ പ്രതിനിധാനത്തിലൂടെയാണ് സമര്‍ഥനായ ഒരു കലാകാരന്‍ യാഥാര്‍ഥ്യത്തെ ആവിഷ്കരിക്കുന്നത്. അത്തരത്തില്‍ ആവിഷ്കൃതമാവുന്ന യാഥാര്‍ഥ്യമാണ് നമ്മെ ആത്മസംതൃപ്തിയിലേക്കുയര്‍ത്തുന്നത്.

കലാസൃഷ്ടിയും ആസ്വാദനവും ശാശ്വതമായ മൂല്യങ്ങളില്‍ അധിഷ്ഠിതമല്ലെന്ന മാര്‍ക്സിയന്‍ വീക്ഷണത്തിന് എല്ലാ സൈദ്ധാന്തികരും അടിവരയിടുന്നുണ്ട്. ഇ എം എസ് എഴുതുന്നു: 'ഒരു തലമുറയ്ക്കുമുമ്പ് മലയാളസാഹിത്യകാരന്മാരെല്ലാം മുടങ്ങാതെ എഴുതിയിരുന്ന മഹാകാവ്യങ്ങള്‍ക്കു പകരം ഇന്നത്തെ സാഹിത്യകാരന്മാര്‍ ഖണ്ഡകാവ്യസമാഹാരങ്ങളും ചെറുകഥാസമാഹാരങ്ങളുമാണ് പുറത്തിറക്കുന്നതെങ്കില്‍, ഒരു തലമുറയ്ക്കുമുമ്പ് ഗ്രന്ഥവിമര്‍ശകന്മാര്‍ അടിസ്ഥാനതത്വങ്ങളായെടുത്തിരുന്ന സംസ്കൃതഗ്രന്ഥങ്ങള്‍ക്കു പകരം ഇന്നത്തെ വിമര്‍ശകന്മാര്‍ ഇംഗ്ലീഷ് ഗ്രന്ഥങ്ങളാണ് എടുക്കുന്നതെങ്കില്‍, ഒരു തലമുറയ്ക്കുമുമ്പ് ചെറുകഥകളുടെ ഒരു മുഖ്യവിഷയം പ്രേമമാഹാത്മ്യമായിരുന്നു. ഇന്ന് പ്രേമവൈകൃതങ്ങളായിരിക്കുന്നുവെങ്കില്‍, ഒരു തലമുറയ്ക്കുമുമ്പ് രാമായണവും ഭാഗവതവും വായിച്ചിരുന്നതുപോലെ ഇന്നു നാട്ടുകാര്‍ ‘രമണന്‍’ വായിക്കുന്നുവെങ്കില്‍ മലയാളസാഹിത്യത്തിന് ‘ഭദ്ര’മായ ഒരു ‘രൂപ’മുണ്ടെന്നു പറയാന്‍ സാധിക്കുമോ?'(മലയാളനിരൂപണത്തില്‍ മാര്‍ക്സിസത്തിന്‍റെ സ്വാധീനം). കലയെയും സാഹിത്യത്തെയും വിലയിരുത്താന്‍ നവീനസങ്കേതങ്ങളെ ഉപയോഗപ്പെടുത്തുന്നതിനെസംബന്ധിച്ച് ഇ എം എസിന്‌റെ വീക്ഷണം അനുകൂലമായിരുന്നുവെന്ന് വ്യക്തമാണ്. അത്തരം സങ്കേതങ്ങളെ വിശദമായി പഠിക്കാനോ പ്രയോഗിക്കാനോ അദ്ദേഹത്തിനു കഴിയാതെപോയി എന്നുമാത്രം.

അക്കാദമിക രംഗത്തുമാത്രമല്ല, രാഷ്ട്രീയത്തിലും സജീവമായി ഇടപെട്ട സൈദ്ധാന്തികനാണ് ടെറി ഈഗിള്‍ടണ്‍. എന്നാല്‍ അദ്ദേഹത്തിന്‍റെ പ്രധാന പ്രവര്‍ത്തനമേഖല രാഷ്ട്രീയമായിരുന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടിലെ കാല്‍പനികരെ മുതല്‍ ഇരുപതാം നൂറ്റാണ്ട് അവസാനത്തിലുള്ള ഉത്തരാധുനികരെ വരെ പരിശോധിക്കുന്ന ഗ്രന്ഥം ‘സാഹിത്യസിദ്ധാന്തം : ഒരു ആമുഖം’ (Literary Theory: an Introduction) ഈഗിള്‍ടണിന്‍റേതായി നമുക്കുലഭിക്കുന്നത് അദ്ദേഹം പ്രധാനമായും ഒരു കലാസൈദ്ധാന്തികനും സാംസ്കാരികവിമര്‍ശകനുമായതുകൊണ്ടാണ്. 1983ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം 1996ല്‍ പരിഷ്കരിച്ചു. മാര്‍ക്സിയന്‍ പാരമ്പര്യത്തില്‍ അടിയുറച്ചതാണ് ഈഗിള്‍ടണിന്‍റെ സമീപനം. അതേസമയം ഘടനാവാദം (Structuralism), അപനിര്‍മ്മാണം (De-construction) തുടങ്ങിയ ആധുനിക സങ്കേതങ്ങളും ആശയങ്ങളും നിരൂപണത്തിനായി അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. ഉത്തരാധുനികതയെ മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടില്‍ വിശകലനം ചെയ്യുന്ന ഗ്രന്ഥമാണ് ഫ്രെഡറിക് ജയിംസന്‍റെ ‘ഉത്തരാധുനികത അഥവാ പില്‍ക്കാലമുതലാളിത്തത്തിന്‍റെ സാംസ്കാരികയുക്തി’ (Postmodernism or The Cultural Logic of Late Capitalism). സാംസ്കാരികരംഗത്തെ നവീനപ്രവണതകളെ സമകാലിക മുതലാളിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ അവലോകനം ചെയ്യുകയാണ് ജയിംസണ്‍. 1984ല്‍ ‘ന്യൂ ലെഫ്റ്റ് റിവ്യൂ’ എന്ന പ്രസിദ്ധീകരണത്തില്‍ അച്ചടിക്കപ്പെട്ട ലേഖനം 1991ലാണ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്. വൈരുദ്ധ്യാത്മകവീക്ഷണത്തില്‍ ഉത്തരാധുനികതയെയും പില്‍ക്കാലമുതലാളിത്തത്തെയും പരിശോധിക്കുകയാണ് ജയിംസണ്‍. ജീവിതത്തിന്‍റെ വ്യത്യസ്ത മേഖലകള്‍രാഷ്ട്രീയം, സാമൂഹികം, സാംസ്കാരികം തമ്മിലും വിവിധ വര്‍ഗ്ഗങ്ങളും അവയ്ക്കോരോന്നിനും ഓരോ മേഖലയിലുമുള്ള പങ്കും തമ്മിലും ഉള്ള സങ്കീര്‍ണ്ണമായ വ്യത്യാസം നിലനില്‍ക്കുന്ന സ്ഥാപനവല്‍കൃത വ്യവസ്ഥയും യഥാര്‍ഥ്യത്തെ സംബന്ധിക്കുന്ന അവകാശവാദവും തമ്മിലുള്ള സംഘര്‍ഷത്തിലൂടെ പരിഹരിക്കാവുന്നതാണ് എന്ന ഉത്തരാധുനികരുടെ വാദത്തെ അദ്ദേഹം എതിര്‍ക്കുന്നു. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ വൈവിധ്യമില്ലാതെ ഒന്നില്‍ത്തന്നെ എല്ലാത്തിനെയും ഏകോപിപ്പിക്കുന്ന ഉത്തരാധുനികതയുടെ രീതി സാംസ്കാരിക മണ്ഡലത്തിലെ കോളനിവല്‍ക്കരണത്തിന്‍റെ ഫലമാണ്. കോര്‍പ്പറേറ്റ് മുതലാളിത്തം അതിനെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. ഉത്തരാധുനികതയെ കോമിക് അനുകരണമായും ചരിത്രപരതയുടെ പ്രതിസന്ധിയായും കാണണമെന്നാണ് ജയിംസണ്‍ വാദിക്കുന്നത്. അമേരിക്കയുടെ വര്‍ത്തമാന സാമൂഹ്യ അവസ്ഥയും പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കുന്ന ആ രാഷ്ട്രത്തിന്‍റെ ചരിത്രവും തമ്മില്‍ ജൈവബന്ധമേ ഇല്ലായെന്ന വസ്തുത, ചരിത്രത്തെ നിരാകരിക്കുന്ന മുതലാളിത്തയുക്തിക്കു തെളിവായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ചരിത്രസംസ്കാരങ്ങളും മനുഷ്യസമൂഹവുമായുള്ള ജൈവബന്ധം ഇ എം എസ് പലസന്ദര്‍ഭത്തിലും വ്യക്തമാക്കിയിട്ടുണ്ട്. 'ജന്തുക്കളില്‍വച്ച് ഏറ്റവും വളര്‍ച്ച പ്രാപിച്ച കുരങ്ങുകളെക്കാള്‍ മനുഷ്യന്‍ വളരെക്കുറച്ചുമാത്രം ഉയര്‍ന്ന വികസനദശയിലെത്തിയ പ്രാക്ചരിത്രയുഗത്തില്‍ ലോകസാഹിത്യത്തിലെ മഹാരഥന്മാര്‍ ആരെങ്കിലും സൃഷ്ടിക്കപ്പെടുമായിരുന്നു എന്നു ചിന്തിക്കാന്‍ പ്രയാസമാണ്. പ്രാക്ചരിത്രസമൂഹത്തിന്‍റെ അവസാനദശയില്‍പ്പോളും ഏറ്റവും പ്രാകൃതരൂപത്തിലുള്ള നൃത്തം, ഗാനം, ചിത്രകലകളില്‍ ഉയര്‍ന്ന ഒന്നും മനുഷ്യന്‍ സൃഷ്ടിച്ചിരിക്കയില്ല. ബുദ്ധിപരമോ ആത്മീയമോ ആയ അധ്വാനവും കായികാധ്വാനവും തമ്മില്‍ ഒരു വിഭജനമുണ്ടാവുകയും കലാസൗന്ദര്യാത്മകവും മറ്റുമായ രൂപങ്ങളിലുള്ള സാംസ്കാരികപ്രവര്‍ത്തനങ്ങളില്‍ ചെറുസംഘം ആളുകള്‍ വ്യാപൃതരാവുകയും ചെയ്യത്തക്കവണ്ണം മനുഷ്യസമൂഹം അതിന്‍റെ ഉല്‍പാദനക്ഷമത വളര്‍ത്തിയ ശേഷം മാത്രമാണ് കലാസൗന്ദര്യാത്മകമായ സിദ്ധികള്‍ കൈവരിക്കാന്‍ കഴിഞ്ഞത്'. (ഹ്യൂമനിസവും വര്‍ഗ്ഗസമരവും സാഹിത്യത്തില്‍).

III

ദൈനംദിനരാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടിരുന്ന മുഴുവന്‍സമയരാഷ്ട്രീയപ്രവര്‍ത്തകനായിരുന്നു ഇ എം എസ്. സമൂഹവുമായി ബന്ധപ്പെട്ട എന്തിനെയും മാര്‍ക്സിസ്റ്റ് നിലപാടില്‍ വീക്ഷിക്കുന്നതിന്‍റെ ഭാഗമായി അദ്ദേഹം കലയെയും സാഹിത്യത്തെയും സംബന്ധിക്കുന്ന നിലപാടുകള്‍ വ്യക്തമാക്കുകയാണുണ്ടായത്. കലാസാഹിത്യരംഗമായിരുന്നില്ല അദ്ദേഹത്തിന്‍റെ മുഖ്യപ്രവര്‍ത്തനരംഗം. സാഹിത്യത്തെയോ കലയെയോ സവിശേഷപഠനത്തിനു വിധേയമാക്കി, അതേക്കുറിച്ച് സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തുകയോ മാര്‍ക്സിസ്റ്റ് കലാദര്‍ശനത്തെത്തന്നെ നവീനപ്രവണതകള്‍ വിലയിരുത്താനായി പ്രയോഗിക്കുകയോ ചെയ്യുക അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ മുഖ്യോദ്ദേശ്യമായിരുന്നില്ല. ആ അര്‍ഥത്തില്‍ ഇ എം എസ് ഒരു മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രജ്ഞനല്ല. അതേസമയം, മലയാളത്തില്‍ മാര്‍ക്സിയന്‍ സൗന്ദര്യദര്‍ശനം ആദ്യമായി അവതരിപ്പിച്ചത് ഇ എം എസ് ആണെന്നതില്‍ തര്‍ക്കമില്ല. കെ ദാമോദരനും എം എസ് ദേവദാസുമുള്‍പ്പെടെയുള്ളവരുടെ കലാചിന്തകള്‍ മലയാളത്തിലെ മാര്‍ക്സിസ്റ്റ് സൗന്ദര്യദര്‍ശനത്തെ പോഷിപ്പിച്ചു എന്നതും വാസ്തവമാണ്.

മാര്‍ക്സും ഏംഗല്‍സും സാന്ദര്‍ഭികമായി പരാമര്‍ശിച്ച കലാസാഹിത്യചിന്തകളില്‍ നിന്ന് മാര്‍ക്സിസ്റ്റ് സൗന്ദര്യദര്‍ശനം രൂപപ്പെടുത്താനും അത് മലയാളസാഹിത്യത്തില്‍ പ്രയോഗിക്കാനുമാണ് ജീവല്‍സാഹിത്യപ്രസ്ഥാനം ആദ്യനാളുകളില്‍ ശ്രമിച്ചത്. അതിന് നേതൃത്വം നല്‍കിയവര്‍ നേരിട്ട സ്വാഭാവികമായ പരിമിതിയെക്കുറിച്ച് ഇ എം എസ് വ്യക്തമാക്കിയിട്ടുമുണ്ടല്ലോ. മാര്‍ക്സും ഏംഗല്‍സും മുന്നോട്ടുവച്ച സാഹിത്യവീക്ഷണം തന്നെയും ആദ്യകാലത്ത് ശരിയായ വിധത്തില്‍ ഉള്‍ക്കൊള്ളുന്നതില്‍ താനുള്‍പ്പെടെയുള്ള സാഹിത്യപ്രവര്‍ത്തകര്‍ക്കു തെറ്റുപറ്റിയെന്ന് ഇ എം എസ് പറയുന്നുണ്ട്. അതേസമയം, അതൊരു പരാജയമായല്ല അദ്ദേഹം വിലയിരുത്തിയത്: 'അന്ന് ഞാനെടുത്ത നിലപാടില്‍ മൗലികമായ എന്തെങ്കിലും തെറ്റുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ, അത് അപര്യാപ്തമാണ്. രൂപഭദ്രതാവാദക്കാരും കമ്മ്യൂണിസ്റ്റ്സാഹിത്യകാരന്മാരും തമ്മിലുള്ള അഭിപ്രായഭേദത്തിന്‍റെ ദാര്‍ശനികമായ ഉള്ളടക്കത്തിലേക്ക് ഞാന്‍ കടന്നുചെന്നില്ല. അവരുടെ ദാര്‍ശനിക വീക്ഷണം ആശയവാദപരവും അതിനെ എതിര്‍ത്ത ഞങ്ങളുടേത് ചരിത്രപരമായ ഭൗതികവാദത്തിന്‍റേതുമാണ് എന്ന വസ്തുത ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ മുതിര്‍ന്നില്ല.'(മലയാളനിരൂപണത്തില്‍ മാര്‍ക്സിസത്തിന്‍റെ സ്വാധീനം).

മാര്‍ക്സും ഏംഗല്‍സും അവതരിപ്പിച്ചതും ലെനിനുള്‍പ്പെടെയുള്ളവര്‍ രൂപംകൊടുക്കാന്‍ ശ്രമിച്ചതും പില്‍ക്കാല സൈദ്ധാന്തികര്‍ വികസിപ്പിച്ചതുമായ മാര്‍ക്സിസ്റ്റ് സൗന്ദര്യദര്‍ശനത്തിന്, ത്വരിതഗതിയില്‍ പരിവര്‍ത്തനം സംഭവിച്ചുകൊണ്ടിരിക്കുന്ന സാംസ്കാരികപശ്ചാത്തലത്തില്‍ നിരന്തരമായ വിശകലനവും നവീകരണവും ആവശ്യമുണ്ട്. മലയാളത്തിന്‍റെ സവിശേഷസാഹചര്യത്തിലും ഇത് അനിവാര്യമാണ്. ഉത്തരാധുനികതയുടെ സ്വാധീനത്തില്‍പ്പെട്ട മലയാള കലാസാഹിത്യരംഗത്തെ മാര്‍ക്സിസ്റ്റ് രീതിശാസ്ത്രമനുസരിച്ച് വിലയിരുത്താന്‍ ഇ എം എസ് ശ്രമിച്ചിട്ടുള്ളതായി കാണുന്നില്ല. മലയാളത്തില്‍ ഇ എം എസ് രൂപപ്പെടുത്താന്‍ ശ്രമിച്ച മാര്‍ക്സിസ്റ്റ് സൗന്ദര്യസങ്കല്‍പത്തെ മാറിക്കൊണ്ടിരിക്കുന്ന സാംസ്കാരിക പശ്ചാത്തലത്തില്‍ പുന:പരിശോധിക്കുകയും വികസിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഇ എം എസ് തുടങ്ങിവെച്ചതും പില്‍ക്കാലത്ത് സ്വയംവിമര്‍ശനങ്ങളിലൂടെ അദ്ദേഹം നവീകരിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നതുമായ മാര്‍ക്സിസ്റ്റ് നിരൂപണ പദ്ധതി മലയാളത്തില്‍ അദ്ദേഹം അവസാനിപ്പിച്ചിടത്തുതന്നെ നില്‍ക്കുന്ന അവസ്ഥയാണുള്ളത്. അതിനെ മുന്നോട്ടുകൊണ്ടുപോകുകയെന്ന ചരിത്രദൗത്യം കേരളത്തിലെ പുരോഗമനസാഹിത്യപ്രസ്ഥാനത്തില്‍ നിക്ഷിപ്തമാണ്.

(ഗ്രന്ഥസൂചിയില്‍ കൂട്ടിച്ചേര്‍ക്കേണ്ടത്)