Hima Shankar Sheematty

ശരീരം - വ്യക്തി - സമത്വം

നിത്യ ജീവിതത്തിന്റെ പൊതു സവിശേഷതയാണ് നിരന്തരവും നിതാന്തവുമായ വര്‍ഗ്ഗീകരണം. വിവിധ തരം മാനദണ്ഡങ്ങള്‍ ഇതിനായി അനുവര്‍ത്തിക്കപ്പെടാറുണ്ട്. പേരുകളെന്തു ചാര്‍ത്തപ്പെട്ടാലും വര്‍ഗ്ഗങ്ങള്‍ രണ്ടേയുള്ളൂ , ആണും പെണ്ണും. അസ്തിത്വങ്ങള്‍ രണ്ടേയുള്ളൂ; സ്ത്രീത്വവും പുരുഷത്വവും. ഇതര വര്‍ഗ്ഗ വിശേഷണങ്ങളെല്ലാം 'സൗകര്യങ്ങള്‍ക്കായി' മനുഷ്യന്‍ നിര്‍മ്മിച്ചതു മാത്രമാണ്. മനുഷ്യര്‍ തന്നെ നിര്‍മ്മിച്ച നിയമങ്ങള്‍ അവരുടെ തന്നെ സ്വതന്ത്രമായ ജീവിതത്തെയും ജൈവിക പ്രക്രിയകളേയും അവകാശങ്ങളേയും ഒരു നിലയിലും ഹനിക്കുന്ന നിലയിലാകരുത്. സ്വാഭാവിക ചോദനകള്‍ തടസ്സപ്പെടുന്നതോടെ അസ്വസ്ഥത/ മാനസിക ദൗര്‍ബല്യം/ അക്ക്രമം / അസമത്വം / അരാജകത്വം തുടങ്ങിയവ സമൂഹത്തിന്റെ പൊതു സ്വഭാവമായ് മാറുന്നു.

സമത്വം എന്ന പൊതു വിവക്ഷ പൊതുവില്‍ ലിംഗ - സാമ്പത്തിക - സാമൂഹ്യ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സംവടിക്കപ്പെടുക. പക്ഷേ, ലിംഗ ഭേദമെന്യേ നിര്‍ബന്ധം നിലനില്‍ക്കേണ്ട ശാരീരിക സമത്വത്തെക്കുറിച്ച് വ്യവസ്ഥ ബോധപൂര്‍വ്വം മൌനം ആചരിക്കുന്നു. ഇന്ത്യന്‍ തത്വ ശാസ്ത്രവും, ആധുനിക ശാസ്ത്രവും തുല്യ നിലയില്‍ കണ്ടെത്തിയ ശരീരത്തിന്റെ അവസ്ഥകളിലൊന്നാണ് ' hidden identity' (അദൃശ്യ അസ്ഥിത്വം).പുരുഷനായ് പിറക്കുന്ന വ്യക്തിക്ക് ജനനത്തോടെ സ്ത്രീ ഭാവം മറഞ്ഞു പോകുന്നു. സമാനമായ് സ്ത്രീയായ് ജനിക്കുന്ന വ്യക്തിക്കും ജനനത്തോടെ പുരുഷ ഭാവം മറഞ്ഞു പോകുന്നു. ആണ്‍ - പെണ്‍ പരസ്പ്പാരാകര്‍ഷണത്വത്തിന്റെ അടിസ്ഥാനം മറഞ്ഞിരിക്കുന്ന ശരീരഭാവം / തിരയല്ലാതെ മറ്റൊന്നാകുന്നില്ല.

അര്‍ദ്ധ നാരീശ്വരത്വത്തെ സംബന്ധിച്ച ശാസ്ത്രീയ വിശകലനങ്ങള്‍ ശരീരത്തെ രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇടതു വശം സ്ത്രീയും അതു നിയന്ത്രിക്കുന്നത് വലതു ഭാഗത്തെ തലച്ചോറുമാണെന്നും, ഇടതു ഭാഗത്തെ തലച്ചോറ് ശരീരത്തിന്റെ വലതു ഭാഗത്തെ നിയന്ത്രിക്കുന്നുവെന്നുമാണ് വിശദീകരിക്കുന്നത്. ലിംഗഭേദമെന്യേ മനുഷ്യന്റെ പൂര്‍ണ്ണതക്കും പാരസ്പ്പരതക്കും എതിര്‍ ലിംഗ സഹവര്‍ത്തിത്വമുണ്ടാകണം. അതല്ലെങ്കില്‍ സ്വശരീര സമത്വം നിലനിര്‍ത്താന്‍ ചിട്ടയായ പരിശീലനം / മാനസിക വളര്‍ച്ച, ശക്തി തുടങ്ങിയവ ആര്‍ജ്ജിച്ചെടുക്കാനാകണം.

സമത്വത്തെ സംബന്ധിച്ച സാമാന്യ വിശകലനങ്ങളില്‍ ശരീരങ്ങളില്‍ തെളിഞ്ഞിരിക്കുന്നതും മറഞ്ഞിരിക്കുന്നതുമായ അസ്ഥിത്വങ്ങളുടെ സന്തുലനങ്ങളെ സംബന്ധിച്ച് മറന്നു പോകാറുണ്ട്. വ്യക്തികളുടെ ശാരീരവും മാനസും ആരോഗ്യകരമായ നിലയില്‍ സന്തുലിതമായിരുന്നെങ്കില്‍ മാത്രമേ ബന്ധപ്പെട്ടത് സമൂഹത്തിലും പ്രതിഫലനമാകൂ. അടിച്ചമര്‍ത്തലുകളില്ലാത്ത ബന്ധങ്ങള്‍ വ്യാപകമാകൂ. ശരീര സമത്വത്തിന്റെ ശരിയായ പാഠങ്ങള്‍ ഉള്‍ക്കൊള്ളാത്ത ചുറ്റുപാടുകളില്‍ അവനവന്റെ ശരീര താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി അപരരെ ഉപദ്രവിക്കുന്നതിലേക്കും സംപ്തൃപ്തമാകാതെ മനോവൈകൃതങ്ങള്‍ വിവിധതരം മാനസികാസ്വാസ്ഥ്യങ്ങള്‍ തുടങ്ങിയവയായി വളരുകയും ചെയ്യുന്നു. പ്രസ്തുത നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലല്ലാത്ത സാമൂഹിക വിമര്‍ശനങ്ങള്‍ ഉപരിപ്ളവമായിരിക്കും.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ അനസ്യൂതം വര്‍ദ്ധിക്കുന്നു. അതിക്രമണങ്ങളുടെ കാരണങ്ങളെ സംബന്ധിച്ച ലിംഗ ബോധത്തിലൂന്നിയ പഴിചാരലുകള്‍ തുടരേ തുടരുന്നു. വൈകൃതങ്ങളെ നിയമങ്ങളാള്‍ വരിഞ്ഞു മുറുക്കിയും ഭയപ്പെടുത്തിയും താത്ക്കാലികമായി അടിച്ചമര്‍ത്താമെങ്കിലും ശാരീരികമായ അസമത്വം നിയമലംഘനത്തിനുള്ള എരിവു പകര്‍ന്നു കൊണ്ടേ ഇരിക്കുന്നു.സ്നേഹം, നീതി , സാഹോദര്യം, സൗഹൃദം തുടങ്ങിയവക്കെല്ലാമപ്പുറം ആണ്‍ - പെണ്‍ സ്വത്വ ബോധത്തിലൂന്നിയ വിദ്വേഷങ്ങളിലും വീടും , ബന്ധുക്കള്‍ പോലും അവിശ്വാസത്തിന്റെ അടയാളങ്ങളായി പരിണമിക്കുന്ന നിലയിലേക്ക് മനുഷ്യര്‍ വര്‍ഗ്ഗമെന്ന നിലയി ല്‍ മാറ്റപ്പെട്ടിരിക്കുന്നു.സ്ത്രീയും പുരുഷനും ശാരീരികമായ അസമത്വങ്ങളെ നിരന്തരം നേരിട്ടുകൊണ്ടിരിക്കുന്നു. സ്വാഭാവികമായും ആരോഗ്യകരമായ സാമൂഹികക്രമം അസാധ്യമാകുന്നു.

ലിംഗ ബോധാങ്ങളിലൂന്നിയ ചട്ടക്കൂടുകളു ടേയും ' His story' കളിലെ അടയാളപ്പെടാതെ പോയ സ്ത്രീകളെക്കുറിച്ചും വിമര്‍ശനബുദ്ധ്യെ പരിശോധനകള്‍ തുടരേണ്ടതുണ്ട്. സ്ത്രീ പുരുഷ സൌഹൃദങ്ങള്‍, പ്രണയം , ലൈംഗികത, സഹവാസംതുടങ്ങിയവയിലെല്ലാം കൊടിയ പാതകങ്ങള്‍ ദര്‍ശിക്കുന്ന കപട സദാചാര പ്രിയരായ സമൂഹമാണ് നിലവിലുള്ളത്. ഇതര വര്‍ഗ്ഗത്തോടുള്ള ( ആണിന് പെണ്ണിനോടും തിരിച്ചും) സ്വാഭാവികമായ ആകര്‍ഷണം പോലും പാപമായി മുദ്ര വെയ്ക്കപ്പെടുന്നു. ഈ നിലയില്‍ ഉത്പ്പാടിപ്പിക്കപ്പെടുന്ന കപട ബോധം കുട്ടികളുടെ മാനസിക നിലകളെ രോഗാതുരമായി സ്വാധീനിക്കുന്നു. തികച്ചും സ്വാഭാവികമായ ചോദനകളെ തെറ്റെന്ന നിലയില്‍ അടി ച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ കുഞ്ഞു പുസ്തകങ്ങളും , നീലച്ച്ചിത്രങ്ങളും വഴികാട്ടികളെന്നു ധരിച്ച് അസന്തുലിതമാകുന്ന മാനസിക സാഹചര്യത്തില്‍ നിന്നാണ് സ്വാഭാവികതകളെ അപ്രസക്തമാക്കി വൈകൃതങ്ങള്‍ക്കു പിന്നാലെ പായാന്‍ മനസ്സ് തയ്യാറാകുന്നത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികമായ അതിക്രണങ്ങള്‍ക്ക് ശാസ്ത്രീയമായ പരിഹാരം നിര്‍ദ്ദേശിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടിരിക്കുന്നു. അധികാരി വര്‍ഗ്ഗവും ശാരീരികമായ അസമത്വങ്ങളില്‍ നിന്നും പാപബോധങ്ങളില്‍ നിന്നും അശേഷം മോചിതമല്ല എന്നിതു സൂചിപ്പിക്കുന്നു. ശാരീരിക അസമത്വം പിന്‍പറ്റുന്നവരുടെ മനസ്സ് പ്രതിലോപകരമായി വര്‍ത്തിച്ചു കൊണ്ടിരിക്കും. ആണ്‍ - പെണ്‍ സ്വാഭാവിക ഇടപെടലുകള്‍ പോലും അധികാരി വര്‍ഗ്ഗത്തെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കും. വിമോചനം എളുപ്പമുള്ളൊരു വഴിയല്ല. ചാരിത്രം, പ്രസവം, ആര്‍തതവം , ശരീര ഘടന, വീട്ടു മൃഗം തുടങ്ങിയ പരികല്‍പ്പനകളില്‍ നിന്നും സ്വയം മോചിപ്പിക്കപ്പെടേണ്ടതുണ്ട്. കാലങ്ങളായി അടിമത്വത്തിന്റെ നുകം പേറുന്ന സ്ത്രീകള്‍ തങ്ങളുടെ കുഞ്ഞുങ്ങളെയും ഇത്തരം അടിമ പ്രസ്ഥാനങ്ങളുടെ അമരക്കാരാകുന്നതിനുള്ള പരിശീലനം നല്‍കിയാണ്. അവളുടെ ശരീരത്തെ തന്നെ ഒരു വിലങ്ങാക്കി മാറ്റുന്നു. അതിന്റെ തടവറയില്‍ കുരുക്കി നിര്‍ത്തുന്നു. പക്ഷേ ഇതുകൊണ്ട് ഏറ്റവും നഷ്ടമുണ്ടാകുന്നത് പുരുഷനും കൂടിയാണ്. പുരുഷന് സത്യസന്ധമായ പ്രണയം നിഷേധിക്കപ്പെടും.

സ്വാതന്ത്രത്തിന്റെ നീലാകാശങ്ങളില്‍ നിന്നും അരണ്ട വെട്ടമുള്ള ഇരുട്ടു മുറികളിലേക്ക് പ്രണയവും കാമവും തളച്ചിടപ്പെട്ടുകൊണ്ടിരിക്കുന്നു. സ്വാഭാവികമായ മനുഷ്യ പ്രകൃതിയെ ദുര്‍ബാലമാക്കാന്‍ ഭരണകൂടോപകരണങ്ങള്‍ അടക്കം കൂട്ടുനില്‍ക്കുന്ന ലജ്ജാകരമായ അവസ്ഥയും കാലത്തിന്റെ കണ്ണാടിയല്ലാതെ മറ്റോന്നാകുന്നില്ല. ആണ്‍ - പെണ്‍ സൌഹൃദങ്ങള്‍ വരുടെ നിഘണ്ടുക്കളിള്‍ കാമാസക്തികള്‍ മാത്രമാണ്. കുടുംബങ്ങളില്‍പ്പോലും സ്വാഭാവികത ചോര്‍ന്നു പോകുന്നു. സ്വാഭാവികതളെ അതിലംഘിക്കുന്ന ഓരോ ഇടപെടലും ശാരീരികാസമത്വം വര്‍ദ്ധിപ്പിക്കുന്നു. മുറിവിനു മേല്‍ മാത്രം മരുന്നു വെയ്ക്കുന്ന സമീപനമല്ലാതെ ആഴമുള്ളതും ശാസ്ത്രീയമായതുമായ സമീപനമാണ് 'അസുഖങ്ങള്‍ക്കു ' പ്രതിവിധി.

മനുഷ്യനെ സ്വാഭാവികതകളിലേക്കു മടക്കിക്കൊണ്ടു വരേണ്ടതുണ്ട്. ഭരണകൂടവും വ്യവസ്ഥിതിയും സദാചാര ഹാമറുകള്‍ വലിച്ചെറിഞ്ഞ് മാനവികതയിലേക്കു നടന്നടുക്കുന്ന സമത്വത്തിന്റെ കാലത്തെ സാധ്യമായ മാര്‍ഗ്ഗങ്ങളെല്ലാം, ചേര്‍ത്തു വെച്ച് ശക്തമാക്കിടാം.