Rasmi Binoy

പെണ്‍കുട്ടി സെമിനാറില്‍ പങ്കെടുക്കുന്നു

ഇപ്പോഴെനിക്ക് ഇരിപ്പിടം വിട്ട്

മറ്റേ അറ്റത്തേക്കു പോകണമെന്നുണ്ട്.

അവിടെയാണു കുടിവെള്ളം.

ആദ്യമീ മുടിയൊന്നൊതുക്കട്ടെ.

കാതുകള്‍ മാത്രം പ്രൊഫസര്‍ക്ക് വിട്ടുകൊടുത്ത് ഹാളിന്റെ

കണ്ണുകള്‍ എന്നിലേക്കു തിരിഞ്ഞുവെന്ന് എനിക്കറിയാം.

ചിത്രത്തുന്നലുള്ള ദുപ്പട്ട കാണും വിധം വിടര്‍ത്തിയിട്ടല്ലോ...

കാതിലെ ഞാത്ത് വീഴാന്‍ പാകത്തിലാവുമോ?

കറുപ്പും ചുവപ്പും ചിത്രപ്പണി ചെയ്ത എന്റെ ടെറാകോട്ട കമ്മലുകള്‍,

140 രൂപ കൊടുത്തു, അവയ്ക്ക്.

അപ്പുറത്തെ നീല കോട്ടണ്‍ സാരിക്കാരി

അവയെ നോക്കുന്നതു ഞാന്‍ ശ്രദ്ധിച്ചിരുന്നു.

ഇമെയില്‍ ഐഡി ചോദിച്ചെത്തിയ ചെറുപ്പക്കാരന്‍

മുഗധനായി നോക്കുന്നുണ്ട്, എനിക്കറിയാം; അയാളെ നോക്കാതെ തന്നെ.

മയിലിന്റെ പടമുള്ള നോട്ടുപുസ്തകപ്പേജ്

വച്ചുനീട്ടുമ്പോള്‍

കണ്ണുകളാല്‍ വലിച്ചെടുക്കുമെന്നു തോന്നിച്ച അതേ നോട്ടം.

എന്തിനാണീ ദുപ്പട്ട വഴുതുന്നത്? ഒന്നു പിന്‍ ചെയ്യാമായിരുന്നു.

കൈയുയര്‍ത്തി മുടിയൊതുക്കണമെന്നുണ്ട്-

ഉടല്‍വടിവു കാണിക്കാനാണെന്നു കരുതുമോ?

ഗ്ളാസ്സുയര്‍ത്തി ചുണ്ടു തൊടാതെ ഒഴിക്കുമ്പോള്‍

പതിവുപോലെ വെള്ളം വായും കവിഞ്ഞ് ഒഴുകിത്തുടങ്ങിയിരിക്കുന്നു.

ആരെങ്കിലും കാണുന്നുണ്ടാവുമോ?

കഴുത്തിലൂടെ വീണ് ഉടുപ്പ് നനഞ്ഞിരിക്കുമോ?

തുടച്ചാല്‍ ദേഹത്തൊട്ടിപ്പിടിക്കുമോ?

ആ ചെറുപ്പക്കാരന്‍ ഇപ്പോഴും നോക്കുന്നുണ്ട്.

തിരിച്ചു സീറ്റില്‍ പോയിരിക്കാം.

ആദ്യമീ മുടിയൊന്നൊതുക്കട്ടെ.