Aiswarya Ajithan

ഗിരീഷ് കര്‍ണാഡ് : കലയുടെ മതനിരപേക്ഷ മുഖം

കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി ഇന്ത്യന്‍ നാടക ലോകത്തിന് കരുത്തുറ്റ സംഭാവനകള്‍ നല്‍കിയ നാടകകൃത്ത് ഗിരീഷ് രഘുനാഥ് കര്‍ണാഡ് വിടവാങ്ങി. നാടകകൃത്ത് എന്നതിലുപരി എഴുത്തുകാരന്‍, അഭിനേതാവ്, സിനിമ സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളിലെല്ലാം പ്രശസ്തനായ ഗിരീഷ് കര്‍ണാഡ് തെന്നിന്ത്യന്‍, ബോളിവുഡ് ചിത്രങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.


സമകാലിക വിഷയങ്ങളെ ചരിത്രവും പുരാണങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ആറു പതിറ്റാണ്ടുകള്‍ പഴക്കമുള്ള കര്‍ണാഡിന്റെ നാടകങ്ങള്‍. ഇരുപത്തിമൂന്നാം വയസ്സില്‍ എഴുതിയ യയാതി ആയിരുന്നു ആദ്യനാടകം. മഹാരാഷ്ട്രയില്‍ ജനിച്ചുവളര്‍ന്ന കര്‍ണാഡ് എഴുതിയിരുന്നത് കന്നട ഭാഷയിലായിരുന്നു. 1964 ല്‍ എഴുതിയ രണ്ടാമത്തെ നാടകമായ തുഗ്ളക്ക് രാജ്യത്ത് കര്‍ണാഡിന്റെ തന്റേതായ സ്ഥാനമുറപ്പിച്ചു കൊടുത്തു. 1988-ലെ നാഗമണ്ഡലയിലൂടെ കര്‍ണാടക സാഹിത്യ അക്കാദമി അവാര്‍ഡും സ്വന്തമാക്കി.


naxel


1970 പുറത്തിറങ്ങിയ സംസ്കാര എന്ന നാടകത്തിലൂടെ കന്നട ചിത്രത്തിലൂടെ അഭിനയ, തിരക്കഥാരചന എന്നീ രംഗങ്ങളിലേക്കിറങ്ങിയ കര്‍ണാഡ് വംശവൃക്ഷ എന്ന സിനിമയിലൂടെ സംവിധായക കുപ്പായവും അണിഞ്ഞു. പദ്മശ്രീ, പദ്മഭൂഷണ്‍, ജ്ഞാനപീഠം എന്നിവയടക്കം നിരവധി അവാര്‍ഡുകളും സ്വന്തമാക്കി.


സമൂഹത്തിന്റെ ഒരു വിഭാഗത്തെ കര്‍ണാഡ് തന്റെ നാടകങ്ങള്‍ കൊണ്ട് എതിര്‍ത്തപ്പോള്‍ മറ്റൊരു വിഭാഗത്തെ തന്റെ ആക്ടിവിസം കൊണ്ട് എതിര്‍ത്തു. തീവ്ര ഹിന്ദുത്വത്തിനെതിരെ പോരാടിയ കര്‍ണാഡ് കല്‍ബുര്‍ഗിയുടേയും ഗൗരി ലങ്കേഷിന്റേയും കൊലപാതകത്തിനെതിരെ ശബ്ദമുയര്‍ത്തി. ഗൗരി ലങ്കേഷിന്റേയും കല്‍ബുര്‍ഗിയുടെയും കൊലപാതകികള്‍ കൊലചെയ്യാന്‍ ഗൂഢാലോചന നടത്തിയവരുടെ ലിസ്റ്റില്‍ ആദ്യ പേര് കര്‍ണാഡിന്റെയായിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകള്‍ തീവ്രഹിന്ദുത്വ വാദികളെ അത്രത്തോളം അലോസരപ്പെടുത്തിയിരുന്നു.


gk


ഏപ്രിലില്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ വൈവിധ്യവും തുല്യവുമായ ഇന്ത്യക്ക് വോട്ടു ചെയ്യാനായി ഇന്ത്യക്കാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ച 200 എഴുത്തുകാരില്‍ ഒരാളായിരുന്നു കര്‍ണാഡ്.


സെപ്റ്റംബറില്‍ ഗൗരി ലങ്കേഷിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ ബാംഗ്ലൂരില്‍ വച്ച് നടന്ന അനുസ്മരണ സമ്മേളനത്തില്‍ മീ ടൂ അര്‍ബന്‍ നക്സല്‍ എന്നെഴുതിയ പ്ലക്കാര്‍ഡ് കഴുത്തില്‍ ധരിച്ചാണ് കര്‍ണാഡ് പങ്കെടുത്തത്. സംഘപരിവാര്‍ രാജ്യത്ത് വച്ച് പുലര്‍ത്തുന്ന ഫാസിസത്തിനെതിരേയും രാജ്യത്തുടനീളം സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിനെതിരെയും അദ്ദേഹം ശബ്ദം ഉയര്‍ത്തി. തന്റെ നിലപാടുകള്‍ കൊണ്ടും തന്‍റെ കലകള്‍ കൊണ്ടും രാജ്യത്തെ അസഹിഷ്ണുതയെ നേരിട്ട വ്യക്തിത്വമായിരുന്നു ഗിരീഷ് കര്‍ണാഡ്.