Santha Thulasidharan

മാനസാന്തരം

മാനസാന്തരം സംശയിക്കണ്ട , ആര്‍ക്കും സംഭവിക്കാ വുന്നതും പലര്‍ക്കും സംഭവി ക്കേണ്ടതുമായ ഒരു സംഗതിയാണെന്ന് കഥ വായിച്ചു കഴിയുമ്പോള്‍ നിങ്ങള്ക്ക് മനസിലാകും. ഒരു പക്ഷെ നമ്മളൊക്കെ ( ചിലരെങ്കിലും ) ഒരു മാനസാന്തര വഴിയിലൂടെ സഞ്ചരിക്കാനും സാധ്യതയുണ്ട്. അതേ; അത്തരം സാധ്യതകളാണല്ലോ സൃഷ്ടിയുടെ പിന്‍ബലവും .അല്ലെങ്കില്‍പ്പിന്നെ ഭൂമിയില്‍ ഇത്രയേറെ സൃഷ്ടികളും സൃഷ്ടികര്‍ത്താക്കളും ഉണ്ടാകുമോ ?ഭൂമി തന്നെ ഒരു സൃഷ്ടിയായിരിക്കെ ഭൂമിയില്‍ സൃഷ്ടിക്കപ്പെട്ട സകലമാന ജീവജാലങ്ങളുടേയും അജീവജാലങ്ങളുടെയും പിന്നില്‍ അതായത് അവയുടെ എല്ലാം സൃഷ്ടിക്കു പിന്നില്‍ ഏതൊക്കെയോ ചില സാധ്യതകള്‍ ഉണ്ടായിരുന്നിരിക്കണം . പൂര്‍ണമായും മൌലികമെന്നു പറയാവുന്ന സൃഷ്ടികള്‍ നന്നേ കുറവാണ് എന്നതിനപ്പുറം ഏതോ മൌലിക സൃഷ്ടിയുടെ അനുസ്പന്ദമോ പ്രതിസ്പന്ദമോ സമാന സ്പന്ദമോ ഒക്കെ ആയിട്ടല്ലേ ഇന്ന് നാം കാണുന്നതും എന്നോ കണ്ടുകഴിഞ്ഞതും ഇനി കാണാനിരിക്കുന്നതും ആയ സൃഷ്ടികളെല്ലാംസംഭവിച്ചതും സംഭവിക്കുന്നതും എന്നുള്ളതില്‍ ബഹുപക്ഷം പോയിട്ട് രണ്ടു പക്ഷം പോലും ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് എപ്പോഴോ നമ്മളും മനസ്സിലാക്കിയിരിക്കുന്നു. ഇത്തരം തിരിച്ചറിവുകള്‍ സാധ്യതകളുടെ സാധൂകരണങ്ങളോ നീതീകരണങ്ങളോ ഒക്കെ ആവുന്നിടത്താണ് എന്റെ സാധ്യതാ പര്യവേക്ഷണം ആരംഭിക്കുന്നത്.മേല്‍പ്പറഞ്ഞ പര്യവേക്ഷണ കാലം യഥേഷ്ടം ഇന്നലെ , ഇന്ന് , നാളെ ഇവയില്‍ ഏതെങ്കിലും ഒന്നോ അല്ലെങ്കില്‍ മൂന്നും ചേര്‍ന്നോ ആകാവുന്നതെയുള്ളു . മാനസാന്തരം നടപ്പിലാക്കുക എന്നതാണ് ഈ സൃഷ്ടിയുടെ ഗൂഡമായ ലക്‌ഷ്യം എന്നതില്‍ നിന്നും സൃഷ്ടിക്കു പിന്നില്‍ ഒരു ഗൂഡമായ ലക്ഷ്യവും ഉള്‍ ചേര്‍ന്നിരിക്കുന്നു എന്ന് പിന്നീട് കണ്ടെത്താവുന്നതെയുള്ളൂ . അഥവാ ഓരോ സൃഷ്ടിയും ഒരു ലകഷ്യ സാക്ഷാല്‍ക്കാരമോ ലകഷ്യ പ്രാപ്തിയോ ആയി കണക്കാക്കപ്പെടുന്നതിലും പക്ഷഭേദം കാണാനിടയില്ല. ഈ പറയുന്ന ലക്ഷ്യപ്രാപ്തി സൃഷ്ടി കര്‍ത്താവിന്റെ മുന്നൊരുക്കമോ നിശ്ചയമോ കൂടി ആകുന്നിടത്ത് മാനസാന്തരം സംഭവിപ്പിക്കുക എന്ന തലത്തിലേക്ക് സൃഷ്ടിയെ വഴി തിരിച്ചു വിടാന്‍ സൃഷ്ടികര്‍ത്താവ് നിയമിതനാകുന്നു. അല്ലെങ്കില്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിതത്വത്തില്‍ നിന്നും അണുവിട വ്യതിചലിക്കാതെ വേണം സൃഷ്ടി കര്‍മം നടത്തേണ്ടത് എന്ന മുന്നറിവില്‍ ഉറച്ചു നിന്നുകൊണ്ടുള്ള ഒരു തരം പ്രഖ്യാപിത പ്രക്രിയ യായി സൃഷ്ടി പരിണാമിക്കപ്പെടുമെന്നുള്ള ( പരിണാമിക്കപ്പെടണ മെന്നുള്ള ) ദൃഡ നിശ്ചയത്തോടെ ഞാന്‍ കഥയിലേക്ക്‌ കടക്കാം.

കഥ തീരുന്നതിനു മുന്നേ നിങ്ങള്‍ അത്ഭുതം കൂറിയേക്കാം നീവരാത്ത ചൂണ്ടുവിരല്‍ പോലും മൂക്കിനു മുകളില്‍ ഞെളിഞ്ഞു പിരിഞ്ഞു നിന്ന് ചോദിച്ചേക്കാം ഇങ്ങനെയും പെണ്ണുങ്ങളോ ? ഇതിലപ്പുറവും എന്ന് ചിലര്‍ പ്രതിവചനം നടത്തിയേക്കാം. ഭയങ്കരം എന്ന് സാമാന്യ തത്വം പറയാനും ഇടയുണ്ട്. നോക്കണേ ഇവിടെയും സാധ്യതകള്‍ ചെറുതും വലുതുമായവ , തെറ്റും ശെരിയുമായവ വിശ്വസനീയവും അല്ലാതെയുമുള്ള സാധ്യതകള്‍. അതൊക്കെ പോട്ടെ, നമുക്ക് കഥയിലേക്ക്‌ കടക്കാം ഒരു ഇടത്തരം കുടുംബത്തിലെ അഭ്യസ്ത വിദ്യയും സര്‍ക്കാര്‍ ജോലിക്കാരിയുമായ സുശീല അതെ നിലവാരത്തിലുള്ള കുടുംബത്തിലെ വാസുദേവന്‍ എന്ന ചെറുപ്പക്കാരനെ വിവാഹം കഴിക്കുന്നത്‌ വരെയുള്ള ഭാഗം കഥയുടെ ഫ്രെയിമിനു പുറത്താണ്. ധാരാളം പുസ്തകങ്ങള്‍ വായിച്ചും സുഹൃത്തുക്കളുടെ അനുഭവ കഥകളില്‍ നിന്നുമായി ദാമ്പത്യ ജിവിതം എങ്ങനെ ആയിരിക്കണം എന്ന വിഷയത്തില്‍ അര ഡോകടരെറ്റ് ആരുമറിയാതെ പ്രബന്ധരൂപത്തില്‍ ഹൃദിസ്ഥമാക്കിയിരുന്നു. നന്നായി ; എന്ന് പറയാന്‍ വരട്ടെ നമ്മുടെ നാട്ടിലെ ഇടത്തരം കുടുംബങ്ങളില്‍ ജനിച്ചു വളരുന്ന പെണ്‍ കുട്ടികളെ സംബന്ധിച്ച് മേല്‍ പറഞ്ഞ പ്രബന്ധ രചന അത്ര എളുപ്പമല്ല. എപ്പോഴും ഒരുതരം സി ഐ ഡി കണ്ണുകളുമായി ര ക്ഷകര്‍ത്താക്കള്‍ കൂടെ ഉണ്ടാവും. അവിടെയും ആകെയുള്ള സാധ്യത ഹോസ്ടലുകളാണ് . അതിന്റെ പിന്നില്‍ വലിയൊരു അപകടം പതിയിരിക്കുന്നുണ്ട്. ഹോസ്ടലില്‍ മിക്കവാറും സമപ്രായക്കാരോ സമാന അനുഭവസ്താരോ ആയിരിക്കും . അവിടെ സാമര്ധ്യക്കാരികള്‍ ഭാവനയ്ക്കനുസരിച്ച്‌ പൊടിപ്പും തൊങ്ങലും വച്ചാണ് അറിവ് പങ്കുവക്കുന്നത് . അതുകൊണ്ടുതന്നെ വികലമായതും ശാസ്ത്രീയാനുഭവ പിന്ബലമില്ലാത്തതും ആയിരിക്കാനും സാധ്യതയുണ്ട്. ഇപ്പോള്‍ മനസ്സിലായില്ലേ സുശീലയുടെ പ്രബന്ധരചനയുടെ പശ്ചാത്തലവും പ്രബന്ധത്തിലെ വിഷയങ്ങളും. ഒരു രതിവിജ്ഞാനകോശം സ്വന്തമായി സൂക്ഷിക്കാനുള്ള പരിമിതികളാണ് കേട്ടറിവുകളെ ആശ്രയിക്കാന്‍ സുശീലയെ പ്രേരിപ്പിച്ചത് . സ്വപ്നങ്ങളുടെ മധുരം വേണ്ടുവോളം ചേര്‍ത്ത മില്‍മ പാലുമായി മണിയറയിലേക്ക് ചെന്ന സുശീല അക്ഷരാര്‍ഥത്തില്‍ ഞെട്ടി .

സുശീലയുടെ ജീവിതത്തിലെ ആദ്യ ഞെട്ടലല്ല എന്നാല്‍ ദാമ്പത്യ ജീവിതത്തിലെ ആദ്യ ഞെട്ടലായി വേണമെങ്കില്‍ പറയാം. ഞാനെത്ര ഞെട്ടിയിരിക്കുന്നു .? എന്ന് പറയുന്നവരും കൂട്ടത്തില്‍ ഉണ്ടാവും. ഒരു ഞെട്ടലല്ലേ എന്ന് പുശ്ചിക്കുന്നവരും കാണും. അതൊന്നുമല്ലല്ലോ ഇവിടെ പ്രശ്നം സുശീല ഞെട്ടിയതെന്തിനു ? സുശീല കടന്നു ചെന്നപ്പോള്‍ വാസുദേവന്‍ എന്ന നവവരന്‍ ഭിത്തിക്ക് അഭിമുഖമായി ഇരുന്നു എന്തോ എഴുതുന്ന തിരക്കിലായിരുന്നു. സുശീല മനോവിചാരപ്പെട്ടു വാസുദേവനെ തന്നെ നോക്കി നിന്നു . തന്റെ സ്വപ്നങ്ങള്‍ക്ക് നിറം പകരേണ്ടാവന്‍ വര്‍ഷങ്ങളായി മനസ്സില്‍ ഒരുക്കിയിട്ടിരുന്ന മണിയറയിലെ രതിദേവന്‍ സ്വര്‍ഗവാതില്‍ തുറന്നു ആത്മ നിര്‍വൃതിയുടെ കൊടുമുടികളിലേക്ക് തന്നെ കൊത്തിക്കൊണ്ടു പറക്കെനടവന്‍ വരാനിരിക്കുന്ന നിമിഷങ്ങള്‍ക്ക് ജീവന്‍ നല്‍കേണ്ടവന്‍ എഴുതിക്കൊണ്ടിരിക്കുന്നത്‌ വല്ല കവിതയോ . സുശീലക്ക്‌ ആകാംക്ഷ അടക്കാനായില്ല. എങ്കിലും കാത്തുനിന്നു . പൂര്‍ത്തിയാക്കട്ടെ തന്നെക്കുറിച്ച് ആയിരിക്കുമല്ലോ കവിതയെന്ന ചിന്തയില്‍ സുശീല പുളകിതയായി . ഇപ്പോള്‍ സുശീലക്ക്‌ സ്വന്തം ഹൃദയമിടിപ്പ്‌ ഒരു സ്റെതസ്കോപ്പിന്റെ സഹായമില്ലാതെ തന്നെ കേള്‍ക്കാം. ഇടയ്ക്കു അതിന്റെ ശബ്ദത്തില്‍ വാസുദേവന്‍ എന്ന ഭര്‍ത്താവ് ഞെട്ടി എണീക്കുമോ എന്നുപോലും ഭയപ്പെട്ടുപോയീ. അടുത്ത നിമിഷം തന്നിലേക്ക് ഒഴുകിയെത്തുന്ന പ്രണയാശ്ലെഷങ്ങളെ സ്വീകരിക്കാന്‍ ഒരു തയാറെടുപ്പ് നടത്തി സുശീല .ശബ്ദമുണ്ടാക്കാതെ ഗ്ലാസ്സ് മേശപ്പുറത്തു വച്ച് ഒതുങ്ങി നിന്നു .നഷ്ടപ്പെടുന്നത് സ്വര്ഗാരോഹണ മാത്രകള്‍ ആണെന്ന തില്‍ ലേശം കുണ്ടിതം തോന്നാതിരുന്നില്ല . ഒരു രാത്രികൊണ്ട്‌ ഒന്നും അവസാനിക്കുന്നില്ലല്ലോ .വരാനിരിക്കുന്ന രാത്രികളും . സുശീലക്ക്‌ ഓര്‍ത്തപ്പോഴേ രോമാഞ്ചം വന്നു . ആഹാ സുശീല വന്നോ ? ഞാന്‍ കണക്കെഴുതുകയായിരിന്നു കസേരയും മേശയുമൊക്കെ വാടകയ്ക്ക് എടുത്തതാണ് പിന്നീടായാല്‍ മറന്നുപോകും. അതുമല്ല നാളെ കിട്ടേണ്ട പലിശ സുശീലക്ക്‌ മനസ്സിലെ മണിയറയിലേക്ക് ഉരുണ്ടുവീണ കല്ലുകളെ എടുത്തുമാറ്റാന്‍ ആയില്ല .ഉള്ളം കാലില്‍ തുടങ്ങിയ പെരുപ്പ്‌ അതോ മരവിപ്പോ മുകളിലേക്ക് ശക്തിയായി ഇരച്ചു കേറി .അരുതെന്ന് പറയുന്നതിന് മുന്നേ അത് തലച്ചോറിലെത്തി പൊട്ടിത്തെറിച്ചു .അതിന്റെ ചീളുകള്‍ കണ്ണില്‍ വീണത്‌ എടുക്കാനായി സാരിത്തുമ്പ് കൊണ്ട് കണ്ണ് തുടച്ചു. പെട്ടെന്ന് എന്തോ ഓര്‍ത്തിട്ടെന്നോണം വാസുദേവന്‍ എണീറ്റ്‌ സുശീലയുടെ അടുത്തേക്ക്‌ ചെന്നു . ഒരു ആലിംഗനം പിന്നെ ആ കൈകളില്‍ സുശീല കല്ലുകള്‍ മാറ്റി തയാറെടുത്തു നിന്നു.ഒരു കൊരിത്തരിപ്പിനായി സ്വന്തം ശരീരത്തെ ഒരുക്കി നിര്‍ത്തി . വാസുദേവന്‍ തൊട്ടു മുന്നില്‍ എത്തിയതും സുശീല കണ്ണുകള്‍ അടച്ചു തല കുനിച്ചു നിന്നു നിമിഷങ്ങള്‍ . ഒന്ന് രണ്ടു മൂന്നു ദാ ഇത് കുടിക്കു പാതി പാല് ഭാര്യക്കുള്ളതാനെന്നാണ്‌ പറയുന്നത്. അതും ആദ്യരാത്രിയില്‍. സുശീല വീണ്ടും ഞെട്ടി എന്താ ഇങ്ങനെ /? യാന്ത്രികമായി ഗ്ലാസ്സ് വാങ്ങി അതിലുണ്ടായിരുന്ന തു മുഴുവനും ഒറ്റവലിക്ക് കുടിച്ചു. അത്രയ്ക്ക് ദാഹമുണ്ടായിരുന്നു .പെട്ടെന്ന് പാല് അകത്തേക്ക് ചെന്നതുകൊണ്ടാവണം സുശീലക്ക്‌ ഓക്കാനം വന്നു . വയറിന്റെ ഉള്ളില്‍ എവിടെയോ ഗുളു ഗുളു ഗുളു ഗുളാന്നു പാലി ളകി മറിഞ്ഞു .

പാലിനൊപ്പം നേരത്തെ കഴിച്ച പൊറോട്ടയും ചിക്കനും ചേര്‍ന്ന് പുളിച്ചു മേല്‍പ്പോട്ടു വന്നതും സുശീല ഞെട്ടി . ഈശ്വരാ ആദ്യരാത്രിയില്‍ ചര്ദിക്കുന്ന ഭാര്യയോടുള്ള ഭര്‍ത്താവിന്റെ സമീപനം ഞെട്ടലായതും വായില്‍ എത്തിയതിനെ തിരിച്ചയച്ചു സുശീല സംയമനം പാലിച്ചു.എങ്ങനെയോ ഓക്കാനത്തെ അടക്കി . നിങ്ങള്‍ സ്വര്‍ണം വാങ്ങീത് ഭീമയില്‍ നിന്നാണോ ,, ? സുശീല ദയനീയമായി നോക്കി. അല്ലാ ; അവിടെ വലിയ കളിപ്പീരില്ലാന്നാണ് കേട്ടത്. സുശീലക്ക്‌ കൈ കാലുകള്‍ തളരുന്നതുപോലെ തോന്നി. ഒരു ലുങ്കി എടുത്തു ഉടുത്തുകൊണ്ട് വാസുദേവന്‍ പറഞ്ഞു ആ അലമാരയില്‍ ട്രെ സുണ്ട് ഇതൊക്കെ മാറ്റിയിട്ടു വേറെ ഏതെങ്കിലും എടുത്തു ഉടുത്തോളൂ . മൌനം വാരിച്ചുറ്റിയ സുശീലക്ക്‌ കാലുകള്‍ വെച്ചുപോകുന്നതായി തോന്നിയെങ്കിലും അലമാരയില്‍ നിന്നു മറ്റൊരു സാരി എടുത്തു. അത് കണ്ട വാസുദേവന്‍ പറഞു നൈറ്റി കാണും ഇനി എന്തൊക്കെയാണ് നടക്കുകയെന്നത്‌ തന്റെ സ്വന്തം പ്രബന്ധത്തില്‍ അരിച്ചുപെറുക്കിയിട്ടും കണ്ടില്ല വരുന്നിടത്ത് വച്ച് കാണാം . സുശീല സമരസപ്പെട്ടു പ്രബന്ധം അടച്ചുവച്ചു. വസ്ത്രം മാറി കട്ടിലിനടുത്ത് ചെന്ന സുശീലയോട് ഭര്‍ത്താവ് പറഞ്ഞു കുടുംബ ജീവിതത്തിന്റെ വിജയം വിട്ടുവീഴ്ചയും സഹനവുമാണ്. പരസ്പരം മനസ്സിലാക്കി നമുക്ക് ജീവിക്കാം . ഒരു മറുപടിക്കായി അയാള്‍ സുശീലയെ നോക്കി, ഒരുതരം മരവിച്ച ചിരി മാത്രമായിരുന്നു സുശീലക്ക്‌ സ്വന്തമായി ഉണ്ടായിരുന്നത്. കിടക്കാം ലൈറ്റ് വേണോ ? ഏതോ നരകത്തിലേക്ക് കൂട്ട് വിളിക്കുന്നതായിട്ടാണ് സുശീലക്ക്‌ അനുഭവപ്പെട്ടത്.സ്വപ്‌നങ്ങള്‍ തകര്‍ന്നു വീഴുന്ന ശബ്ദം കേള്‍ക്കാതിരിക്കാന്‍ കാതുകള്‍ പൊത്തിപ്പിടിച്ച സുശീലയുടെ പ്രബന്ധം പിറ്റേന്ന് രാവിലെ തന്നെ കത്തിച്ചുകളഞ്ഞു.

സുശീല മാറി .സ്വപ്നവും സ്വര്‍ഗ്ഗവും യാധാര്ധ്യവുമായി പൊരുത്തപ്പെടാതെ ശേഷിച്ചു.പിന്നെ ഒക്കെ ശീലമായി. ഒരുതരം യാന്ത്രിക ജീവിതം . രാവിലെ പോകുന്ന വാസുദേവന്‍ വീടിലെത്തുന്നത് രാത്രി എട്ടു മണിക്കാണ്. സുശീലയോട് വാസുദേവന് സ്നേഹവും ബഹുമാനവും കൂടിക്കൊണ്ടിരുന്നതിന്റെ കാരണം ബിസ്സിനസ്സിലെ നേട്ടങ്ങള്‍ ആയിരുന്നു . . വര്‍ഷങ്ങള്‍ സുശീലയെ മെരുക്കി. വീട് ഓഫീസ് ഭര്‍ത്താവ് കുട്ടികള്‍ വായന മതിയാക്കി. തന്നെ വഴിതെറ്റിച്ചതില്‍ വായനക്കും പങ്കില്ലേ എന്ന് സംശയിച്ചു. മനസ്സും ശരീരവും ഉറക്കംതൂങ്ങി കിളികളായി മാറിയിരുന്നു. അവിചാരിതമായിട്ടാണ് ചേച്ചിയുടെ ഭര്‍ത്താവ് സുശീലയുടെ വീട്ടിലെത്തുന്നത് . പട്ടണത്തില്‍ എന്തോ ആവശ്യത്തിനു വന്നപ്പോള്‍ കയറിയെന്നെ ഉള്ളു. സുശീല തനിച്ചായിരുന്നുവീട്ടില്‍. കുടുംബ കാര്യങ്ങള്‍ പലതു പറഞ്ഞ കൂട്ടത്തില്‍; ചേച്ചിയുടെ അമിത ഭക്തിയും വൃതവും ഒക്കെ ചര്‍ച്ച ചെയ്യപ്പെട്ടു.വിഷയം വഴിതെറ്റി ചെന്ന് വീണത്‌ പഴയ പ്രബന്ധത്തില്‍ ആയിരുന്നു.ഒരേ തൂവല്പ്പക്ഷികള്‍ ആയിരുന്നു സുശീലയും രാജ്മോഹനും . തകര്‍ന്നടിഞ്ഞ സ്വപ്നങ്ങളുടെ തുണ്ടുകള്‍ രണ്ടുപേരും പെറുക്കിക്കൂട്ടി . അടുക്കിവച്ചുതുടങ്ങിയപ്പോഴാണ് പഴയ കിനാവുകള്‍ക്ക് ജീവന് വച്ചത്. സാധ്യതകള്‍ അവരെ ഒരേ വഴിക്ക് നയിച്ച്‌. സുശീല എല്ലാ അര്‍ഥത്തിലും അവളെ അറിഞ്ഞു.സ്വന്തം ശരീരത്തിന്റെ സാധ്യതകളില്‍ അവള്‍ അത്ഭുതപ്പെട്ടു.തന്റെ സ്വപ്നങ്ങള്‍ക്ക് ചിറകു മുളച്ചതും ഉപേക്ഷിച്ചുകളഞ്ഞ കൊടുമുടികളിലേക്ക് പരന്നുയര്‍ന്നതും മറ്റൊരു സ്വപ്നം പോലെ അവള്‍ അനുഭ വിച്ചു. രാത്രിയില്‍ അത്താഴം വിളമ്പുന്നതിനിടയില്‍ സുശീല പറഞ്ഞു മോഹനന്‍ ചേട്ടന്‍ വന്നിരുന്നു. അതാ നിന്റെ മുഖത്തൊരു സന്തോഷം. ബന്ധുക്കളെ കാണാത്തതിന്റെ സങ്കടം നിനക്കുണ്ട്‌ അല്ലെ ? സാരമില്ല നമുക്കവിടം വരെ പോകാം ചേച്ചിയെ കാണാം . ആഹാരം കഴിച്ചിട്ടാണോ പോയത് ? അതെ; അത്യാവശ്യം ഉണ്ടെന്നു പറഞ്ഞു. ഭക്ഷണം കഴിഞ്ഞു വാസുദേവന്‍ കിടപ്പുമുറിയിലേക്ക് പോയി.അവിടെയാണ് അദ്ദേഹം കണക്കുപുസ്തകങ്ങള്‍ സൂക്ഷിക്കുന്നതും കണക്കുകള്‍ പരിശോധിക്കുന്നതും .

സുശീല അടുക്കളയില്‍ ഒറ്റക്കായി. മനസ്സില്‍ ഒരു വീണ്ടുവിചാര കലമ്പല്‍ വേണ്ടായിരുന്നു സുശീലയുടെ ഉള്ളിലെ സദാചാരി കയര്‍ത്തു. അതുകേട്ടു സുശീലയിലെ സ്ത്രീ ചൊടിച്ചു എന്തുകൊണ്ട് ? നീ ചെയ്തത് തെറ്റല്ലേ നിന്റെ ഭര്‍ത്താവിനെ വഞ്ചിച്ചി ല്ലേ ? ഇത്രയും കാലം ഞാന്‍ എന്നെത്തന്നെ വന്ചിക്കുകയായിരുന്നില്ലേ ? ഏന്റെ വികാരങ്ങള്‍ വിചാരങ്ങള്‍ സ്വപ്‌നങ്ങള്‍ ഒക്കെ കുഴിച്ചുമൂടിയപ്പോള്‍ ആരും വന്നില്ലല്ലോ ഗുണദോഷിക്കാന്‍ സ്ത്രീയല്ലേ അടക്കണം. അല്ലെങ്കില്‍ കുടുംബം തകരില്ലേ ? ആരും തകരില്ല ആരെയും തകര്‍ക്കാനുമല്ല മറിച്ചു ഒരു രക്ഷപ്പെടലല്ലേ ,, രക്ഷപ്പെടുത്തലല്ലേ ? സ്വന്തം വികാരങ്ങളെ കുഴിച്ചുമൂടി കാലക്രമേണ ഒരു മനോരോഗിയോ അപസ്മാര രോഗിയോ ആകണോ ? അതിലും ഭേദമല്ലേ ശരീരത്തിന്റെ ആരോഗ്യം ?സന്തോഷം ?ഈ ജീവിതത്തില്‍ അനുഭവിക്കാനുള്ളതല്ലേ അതൊക്കെ ? അല്ലെങ്കിലും ശരീരം ഒരു ശാപമാണോ ? സുശീലയുടെ മനസ്സില്‍ രാജമോഹന്‍ ചിരിക്കുന്നു സ്നേഹസാന്ദ്രമായ ചിരി.ഒരു കുഞ്ഞിനെയെന്നപോലെ അടിമുടി താലോലിക്കുന്ന രാജ്മോഹനനോട് സുശീലക്ക്‌ സ്നേഹം കലര്‍ന്ന ബഹുമാനമാണ് തോന്നിയത്. നല്ലൊരു കര്‍ഷകനാണ് മോഹനന്‍ എന്ന് കേട്ടിട്ടുണ്ട് .മണ്ണും പെണ്ണും ഒരുപോലെയാനെന്നാണ് മോഹനന്റെ വാദം .കൈകാര്യം ചെയ്യുന്നതിന്റെ രീതിയിലാണ് വിളവു തരുന്നത്. ഒരിഞ്ചു മണ്ണ് പോലും പാഴാക്കാതെ അടിമുടി പൊന്ന്‌ വിളയിക്കുന്ന കൃഷിക്കാരന് അറിയാം ഏതു മണ്ണില്‍ ഏതു വിത്തിടണ മെന്നും എങ്ങനെ പരിപാലിക്കനമെന്നും. വേണ്ടത്ര വെള്ളവും വളവും പരിചരണവും കൊണ്ട് നൂറുമേനി വിളയിക്കാനറിയുന്ന കര്‍ഷകന്‍ . ഭൂമിയുടെ കിടപ്പ്, മണ്ണിന്റെ ഘടന ,നിമ്നോന്നതങ്ങള്‍ . വെള്ളക്കെട്ടുകള്‍, ഒക്കെ ഫല പുഷ്ടമാക്കാന്‍ അറിയുന്ന കര്‍ഷകന്റെ അഭിരുചികള്‍ മനസ്സിലാക്കാന്‍ ശ്രമിക്കാത്ത ഭാര്യയോടു പക്ഷെ തരിമ്പും വെ രുപ്പില്ല. അവളുടെ ഭക്തിയും പ്രാര്ധനയുമാണ് തന്റെ വിജയത്തിന് പിന്നിലെന് സ്വയം വിശ്വസിക്കുന്ന കൃഷിക്കാരന്റെ സ്വപ്നങ്ങളില്‍ സുശീല ചേക്കേറി . രാജമോഹനന്‍ ഇടക്കൊക്കെ പട്ടണത്തില്‍ വന്നുപോയി അപൂര്‍വമായി സുശീല ചേച്ചിയെ കാണാനെത്തി . ചേച്ചിക്ക് ജീവനായിരുന്നു സുശീലയെ പ്രത്യേകിച്ചും മക്കളിലാത്തതിന്റെ സങ്കടം മറക്കുന്നത് ഇങ്ങനെഒക്കെയായിരുന്നു. കൂടിക്കാഴ്ചകള്‍ അവിസ്മരണീ യങ്ങളായിരുന്നു എന്നതില്‍ സുശീലക്കോ മോഹനനോ സംശയമില്ലായിരുന്നു. ഒരു ദിവസം മോഹനന്റെ ഫോണ്‍ വന്നു . ചേച്ചി തീര്ധാടനത്തിനു പോയി . ഒരാഴ്ച കഴിഞ്ഞേ വരൂ. വിളിയുടെ ഉദ്ദേശവും ലകഷ്യവും പറയാതെ തന്നെ സുശീലക്കറിയാം . രാവിലെ ഉള്ള ട്രെയിനില്‍ പോയാല്‍ വൈകീട്ട് മടങ്ങിവരാം . ഏതെങ്കിലും മീറ്റിങ്ങ് എന്നോ ഓഡിറ്റ് എന്നോ പറയാം . പിറ്റേന്ന് രാവിലെ സുശീല പതിവിലും നേരത്തെ റെഡി ആയി . ഓഡി റ്റ് ആണെന്ന് മാത്രം പറഞ്ഞു. അല്ലെങ്കിലും വാസുദേവന്‍ കൂടുതലൊന്നും ചോദിക്കാറില്ല.\ എന്തിനു കിടപ്പ് മുറിയില്‍ പോലും . സമയം വെറുതേ പാഴാക്കരുതെന്നാണ് വാസുദേവന്റെ സിദ്ധാന്തം അത് എന്തിനായാലും .പലപ്പോഴും തിരിഞ്ഞു കിടന്നുറങ്ങുന്ന വാസുദേവനോട് വെറുപ്പ്‌ തോന്നിയിട്ടുണ്ട്. സ്വന്തം ശരീരത്തോട്പുശ്ചം കലര്‍ന്ന വെറുപ്പായിരുന്നു. തുടര്‍ചോദ്യങ്ങള്‍ പലിശക്കണക്കിലോ വായ്പ്പ കണക്കിനോ ഒക്കെ ഉണ്ടാകാം അല്ലാതെ വെറുതേ ചോദ്യങ്ങള്‍ ചൊടിച്ചു ഭാര്യയെ ബുദ്ധിമുട്ടിക്കനോന്നും വാസുദേവന്‍ മെനക്കെടാറില്ല. അതിന്റെ ആവശ്യവും ഇല്ലല്ലോ. ഓഫീസും ,വീടും കുട്ടികളും ഒക്കെ സുശീലയുടെ മേഖലകള്‍ ആയിരുന്നല്ലോ എന്നും. സുശീല രാവിലെത്തെ ട്രെയിന്‍ പിടിക്കുന്നതിനായി ധൃതിയില്‍ പുറപ്പെട്ടു. ഭാഗ്യം വണ്ടി വരാന്‍ അഞ്ചു മിനിട്ട് കൂടിയുണ്ട്. അടുത്തുകണ്ട ബുക്ക് സ്ടാളില്‍ നിന്നും ഒരു മാതൃഭൂമി വാരിക വാങ്ങി .നിര്‍ത്തിവച്ച വായന പുനരാരംഭിച്ചതിന്റെ തെളിവായിരുന്നു മാതൃഭൂമി വാരിക.

ട്രെയിനില്‍ സൈഡു സീറ്റ് പിടിച്ചു അതാവുമ്പോ അടുത്താരും വന്നിരിക്കില്ല പുറം കാഴ്ചകള്‍ കാണാം. ആളുകളുടെ ഇടപെടലുകള്‍ ഒഴിവാക്കാം,, സ്വസ്ഥമായി വായിക്കാം. കഴിയുന്നത്ര അപരിചിതരെ ( പരിചിത്രെയും) ഒഴിവാക്കാം . സുശീലയുടെ മനസ്സറിഞ്ഞെന്നോണം സൈഡു സീറ്റിലെ മദ്ധ്യ വയസ്സന്‍ എഴുന്നേറ്റു അടുത്ത കമ്പാര്ട്ടുമെന്റിലേക്ക് പോയി . സുശീല വാരിക എടുത്തു വായന തുടങ്ങി .ആദ്യം കണ്ട കവിത വായിച്ചു അല്‍പ്പനേരം ആലോചനയിലാണ്ടു.അത് കഴിഞ്ഞാണ് ആ കഥ കണ്ണില്‍പ്പെട്ടത്. ഇടത്തരം മലയാളി വീട്ടമ്മമാര്‍ക്ക് ഒരു മുന്നറിയിപ്പ് കഥാകാരന്റെ പേരു കണ്ടതോടെ സുശീലക്ക്‌ കൂടുതല്‍ ഉത്സാഹമായി. അല്ലെങ്കിലും സുശീലക്ക്‌ ഏറെ ഇഷ്ടമുള്ള കഥാകാരനാനല്ലോ സക്കറിയ . കഥയിലേക്ക്‌ കടക്കുന്തോറും സുശീലക്ക്‌ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു . അനുക്രമമായ കധാമുന്നെറ്റം സുശീലയെ അസ്വസ്ഥയാക്കി തുടങ്ങി. പെട്ടെന്നാണ് ബാഗിനുള്ളിലെ ഫോണ്‍ ശബ്ദിച്ചത്. വാരിക മടിയില്‍ വച്ച് ഫോണെടുത്തു സ്ക്രീനില്‍ എം കാളിങ്ങ് സുശീല ഫോണ്‍ ചെവിയോടു ചേര്‍ത്തു പിടിച്ചു. വണ്ടി അപ്പോള്‍ ഒരു പാലത്തിലൂടെയാണ് ഓടിക്കൊണ്ടിരുന്നത്. പാലത്തിലൂടെ ബോഗികള്‍ കടന്നുപോകുമ്പോഴുണ്ടാകുന്ന കട കട ശബ്ദം സുശീലക്ക്‌ അലോസരമുണ്ടാക്കി. ഫോണിന്റെ അങ്ങേത്തലക്കല്‍ നിന്നു സ്നേഹസാന്ദ്രമായ അറിയിപ്പ് കേട്ടു സ്റെഷന്റെ മുന്നിലെ ആല്‍മരത്തിന്റെ ചുവട്ടില്‍ കാര്‍ കാണും ഞാനും നേരേ ഇങ്ങോട്ട് വന്നാല്‍ മതി. വീണ്ടും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. വീണുകിട്ടുന്ന ഒരു പകലിനെ പൂര്‍ണമായും അനുഭവിക്കാനുള്ള തയാറെ ടുപ്പിലായിരുന്നു മോഹനന്‍ എന്ന് ശബ്ദം വിളിച്ചു പറയുന്നുണ്ടായിരുന്നു.സുശീലയുടെ കാതുകളില്‍ രണ്ടു ശബ്ദങ്ങള്‍ ഇടകലര്‍ന്നു കേട്ടു കട കട .കട കട ആല്‍മരത്തിന്റെ ചുവട്ടില്‍ . വലിയ ശബ്ദം ചെറുതിനെ വിഴുങ്ങിയതും സുശീല ഫോണ്‍ കട്ട് ചെയ്തു വായനയിലേക്ക് മടങ്ങി. കഥയിലെ നായിക ഇന്ദിര സൂര്യഗ്രഹണ ദിവസം ഭര്‍ത്താവിന്റെ സ്കൂട്ടറിനു പിന്നിലിരുന്നു ബ്യൂട്ടി പാരലറിലേക്ക് പോകുന്നു. പാര്‍ലറിനു മുന്നില്‍ സ്കൂട്ടര്‍ നിര്‍ത്തി ഭര്‍ത്താവ് പറയുന്നു സൂര്യഗ്രഹണ മാണ് സൂക്ഷിക്കണം കണ്ണട വച്ചോളൂ രണ്ടു മണിക്കൂര്‍ കഴിഞ്ഞു വന്നാല്‍ മതി ഞാന്‍ വിളിക്കാം അത് പറഞ്ഞു കൂളിങ്ങ് ഗ്ലാസ്സും വച്ച് ഇന്ദിര പാരല റിലേക്ക് നടക്കുന്നു. ഭര്‍ത്താവ് അതിവേഗം വീട്ടിലേക്കു മടങ്ങിപ്പോകുന്നു. അതെ സമയം റോഡിന്റെ മറുവശത്തുനിന്നു ഒരു കാര്‍ വന്നു കൂളിംഗ് ഗ്ലാസ്സ് വച്ച സ്ത്രീയുടെ അടുത്തു നില്‍ക്കുന്നു.ഇന്ദിര പെട്ടെന്ന് ഡോര്‍ തുറന്നു കാറില്‍ കയറി, കാര്‍ വേഗം വന്ന വഴിയെ തിരിച്ചുപോയി ഏകദേശം ഒന്നര മണിക്കൂര്‍ കഴിഞ്ഞു അതെ കാര്‍ ബ്യൂട്ടി പാര്ലരിനു മുന്നില്‍ എത്തുന്നു കൂളിംഗ് ഗ്ലാസ്സിട്ട ഇന്ദിര ഡോര്‍ തുറന്നു പുറത്തിറങ്ങുന്നു ഇന്ദിര ചുറ്റിനും നോക്കിയിട്ട് പാരലരിലേക്ക് നടക്കുന്നു.

പെട്ടെന്ന് എന്തോ ഓര്‍ത്തിട്ടെന്നോണം അതോ ഏതോ പ്രേരണയാലോ ഗ്ലാസ്സ് മാറ്റി ഗ്രഹണം കഴിഞ്ഞോ എന്ന് ഉറപ്പുവരുത്തുന്നു. അടുത്ത നിമിഷം ഞെട്ടലില്‍ പൂണ്ടുപോയി ഇന്ദിര. കണ്ണില്‍ വലകെട്ടിയ പോലെ കാഴ്ചകള്‍ മറഞ്ഞു കിടന്നു.ഈശ്വരാ .എന്ത് മറിമായം ഇന്ദിര നിലവിളിച്ചു അതെ സമയം ഭര്‍ത്താവിന്റെ സ്കൂട്ടറിന്റെ ശബ്ദം അകലെ കേട്ടു എന്നാല്‍ ആരെയും ഒന്നും കണ്ടില്ല എന്തിനു സ്വന്തം ശരീരം പോലും കാണാനായില്ല റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ഒച്ചയല്ലാതെ അവയെ കാണാന്‍ കഴിയുന്നില്ലെന്ന് ഇന്ദിര ഞെട്ടലോടെ ഓര്‍ത്ത്‌.പുറം കാഴ്ചകള്‍ മരവിച്ചുകിടന്നു ഭര്‍ത്താവിന്റെ ശബ്ദമല്ലാതെ അദ്ദേഹത്തിന്‍റെ രൂപം കണ്ണില്‍ കടക്കാന്‍ മടിച്ചു നിന്നു.ഇന്ദിര പൊട്ടിക്കരഞ്ഞു .അപ്പോഴും കൂളിങ്ങ് ഗ്ലാസ്സ് കയ്യില്‍ ത്തന്നെ ഉണ്ടായിരുന്നു.ഭര്‍ത്താവിന്റെ സ്കൂട്ടര്‍ ഇന്ദിര കണ്ടില്ല ഭര്‍ത്താവിനെയും.കണ്ടില്ല ആകെ കണ്ടത് കണ്ണില്‍ കുത്തുന്ന ഇരുട്ട് മാത്രമായിരുന്നു. കഥ വായിച്ചു കഴിഞ്ഞ സുശീലയുടെ കണ്ണ് നിറഞ്ഞു. ചുണ്ടുകള്‍ വിറയാര്‍ന്നു നെഞ്ചിനുള്ളില്‍ കല്ല്‌ കയറ്റിവച്ച ഭാരം . വണ്ടി അതിവേഗം ലക്ഷ്യത്തിലേക്കുള്ള പ്രയാണം തുടര്ന്നുകൊണ്ടിരിക്കെ സുശീല ചിന്തിച്ചു അല്ല; ശെരിയായി വീണ്ടുവിചാരപ്പെട്ടു ഒരു പക്ഷെ വരാനിരിക്കുന്ന ഏതോ ഒരു ദുരന്തത്തിന്റെ മുന്നറിയിപ്പാണോ ഈ കഥ ? ഇന്ദിര എന്നത് ഒരു യഥാര്‍ഥ സ്ത്രീ തന്നെ യാകുമോ ? കഥാകാരന് ഭാവനയില്‍ എന്തും സൃഷ്ടിക്കാമല്ലോ എന്നാലും ചില സാധ്യതകള്‍ എല്ലാ പ്രതിരോധങ്ങള്‍ക്കും അപ്പുറത്ത് കാണാം അങ്ങനെ സംഭവിച്ചാല്‍ ദുരന്തങ്ങളുടെ ഒരു മെഗാഷോ തന്നെയായിരിക്കുമെന്നതിനു സംശയമില്ല. സഹപ്രവര്‍ത്തകര്‍ മൂക്കില്‍ മാത്രമല്ല പലേടത്തും കൈവച്ചു ചോദിക്കും സുശീ ലക്ക് എന്ത് പറ്റി ? എന്തിനാണ് ഓഡിറ്റെന്നു കള്ളം പറഞ്ഞു അവിടെ പോയത് ? ചേച്ചിയെ കാണാനാണെങ്കില്‍ കള്ളം പറയണോ ?അല്ലെങ്കിലും സുശീല ഈയിടെ വല്ലാതെ മാറിപ്പോയി . പഴയ അടക്കമോന്നും ഇല്ല . ശെരിയാണ് കാര്യമായി എന്തോ സംഭാവിച്ചു കാണും ഒരിക്കലും ഒന്നും ചോദ്യംചെയ്തിട്ടില്ലാത്ത ഭര്‍ത്താവ് എങ്ങനെ പ്രതികരിക്കും ? കുട്ടികളുടെ മുഖത്തു എങ്ങനെ നോക്കും ? നാളെ അവരെന്നെ തളളി പ്പറയില്ലേ ? വയ്യ ഒന്നും വേണ്ടാ ഇതൊരു കഥയല്ലേ ഉള്ളിലിരുന്നു പഴയ സ്ത്രീചോദിച്ചു .അതിനെ സുശീല നഖശിഖാന്തം എതിര്‍ത്തു. തീയില്ലാതെ പുകയുണ്ടാകുമോ ?ശൂന്യതയില്‍ നിന്നല്ല കഥകള്‍ പിറക്കുന്നത്‌. അതിന്റെ ബീജം ഈ ഭൂമിയില്‍ ഈ നാട്ടിലോ മറുനാട്ടിലോ അല്ലെങ്കില്‍ സ്വന്തം അനുഭവത്തില്‍ അങ്ങനെ വരുമ്പോള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ഈശ്വരാ . സുശീല മനസ്സില്‍ പലതും ഓര്‍ത്ത്‌ അപ്പോഴേക്കും കണ്ണുകള്‍ നിറഞ്ഞു കാഴ്ച്ചയെ മറച്ചു സുശീല ഞെട്ടി ദൈവമേ കാഴ്ച പോയോ ? ഒരു മറക്കപ്പുറ ത്തെന്നോണം വഴിയോര ക്കാഴ്ചകള്‍ പിന്നാക്കം പാഞ്ഞു വേണ്ടാ .ഇനി വേണ്ടാ ആവര്ത്തിക്കാതിരിക്കണം .കഴിഞ്ഞതൊക്കെ അബദ്ധപ്പട്ടികയില്‍ ചേര്‍ക്കാം ഇനി വേണ്ടാ അറിഞ്ഞിട്ടും ആവര്‍ത്തിച്ചു അപരാധപ്പട്ടിക പെരുക്കണ്ടാ . വണ്ടിയുടെ വേഗം കുറഞ്ഞു. സുശീലക്ക്‌ ഇറങ്ങേണ്ട സ്റൊപ്പായി. ഒരിക്കല്‍ക്കൂടി കണ്ണ് തുടച്ചു കാഴ്ച്ചയെ വീണ്ടെടുത്തു.പരിചയക്കാരെ ആരെയും കാണരുതേ എന്ന് നെഞ്ചുരുകി പ്രാര്‍ഥിച്ചു ബാഗും വാരികയുമെടുത്തു പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോഴേക്കും ഉറച്ച തീരുമാനം എടുത്തിരുന്നു സുശീല.ബാഗില്‍ മൊബൈല്‍ ശബ്ദിച്ചുകൊണ്ടിരുന്നു.അറിയാം ആരായിരിക്കുമെന്ന് എന്നിട്ടും എടുത്തില്ല മനസ്സിനെ ഉറപ്പിക്കുകയായിരുന്നു. ഇളകാത്ത മനസ്സുമായി സുശീല പ്ലാറ്റ്ഫോമിലൂടെ നടന്നു ഇടയ്ക്കു എക്സിറ്റ് എന്ന ചുവന്ന അക്ഷരങ്ങള്‍ കണ്ടു അപ്പുറത്ത് കാത്തുനില്‍ക്കുന്നത് സ്വകാര്യ സന്തോഷമാനെന്നു അറിഞ്ഞിട്ടും സുശീല നേരേ പോയത് ടിക്കറ്റ് കൌന്ടരിന്റെ അടുത്തേക്കാണ്. തിരിച്ചുപോകാനുള്ള ടിക്കറ്റിനായി ക്യൂവില്‍ നില്‍ക്കുമ്പോഴും മൊബൈല്‍ഫോണ്‍ നിലക്കാതെ ശബ്ദിച്ചുകൊണ്ടിരുന്നു നിവര്‍ത്തികെടിന്റെ നിലവിളിപോലെയാണ് സുശീലക്ക്‌ അപ്പോള്‍ തോന്നിയത്.

ഇല്ല ഇനിയില്ല അപകട സൂചനകളെ പാടെ അവഗണിക്കുന്നത് ശെരിയല്ല. ഇപ്പോള്‍ റെയില്‍വേ സ്റെഷനിലെ തിരക്ക് ഏതാണ്ട് ഒഴിഞ്ഞു. അടുത്ത വണ്ടി വരാന്‍ ഒരു മണിക്കൂര്‍ കൂടിയുണ്ട്. അപ്പോഴും നിലവിളി പോലെ ആ ഫോണ്‍ ശബ്ദം ബാഗിനുള്ളില്‍ മുഴങ്ങിക്കൊണ്ടിരുന്നു. സുശീല ടിക്കറ്റെടുത്ത് നേരേ വെയിറ്റിങ്ങ് റൂമിലേക്ക്‌ നടന്നു ഫാനിന്റെ കീഴില്‍ ഇരുന്നു കണ്ണുകള്‍ മുറുക്കി അടച്ചു. മനസ്സില്‍ മാനസാന്തരത്തിന്റെ ആശ്വാസം നേര്‍ത്ത കുളിരായി കടന്നുവന്നു നേരത്തെ ആവാമായിരുന്നു ഇപ്പോഴെങ്കിലും കഴിഞ്ഞല്ലോ . എല്ലാം നല്ലതിനാണെന്ന് സ്വയം ആശ്വസിച്ചു. പഴയ പ്രബന്ധത്തെ വലിച്ചു പുറത്തിട്ടു എന്നന്നേക്കുമായി ഉപേക്ഷിച്ചു സമ്മിശ്രചിന്തകള്‍ സുശീലയിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്നു.അവ തലങ്ങും വിലങ്ങും ബോധമണ്ടലത്തില്‍ പ്രകടനം നടത്തി ഭര്‍ത്താവ്, കുട്ടികള്‍ , സഹപ്രവര്‍ത്തകര്‍, ചേച്ചി , മോഹനന്‍ ചേട്ടന്‍ . അയ്യോ അദ്ദേഹത്തോട് കാര്യം പറയാമായിരുന്നു. പേരാലിന്റെ ചുവട്ട്ടില്‍ കാത്തുനില്‍ക്കുന്ന ആ മനുഷ്യനോടു ഒരു വാക്ക് പോലും പറയാതെ പാവം വിഷമിക്കില്ലേ ? ഒരു പക്ഷെ അദ്ദേഹവും ഒരു മാനസാന്തരത്തിന് ആഗ്രഹിക്കുന്നുണ്ടെങ്കിലോ ?ഇല്ലെങ്കില്‍ ത്തന്നെ സാമാന്യമര്യാദ എന്നൊന്നില്ലേ ? എന്തുപറ്റി മോളെ ? കാതുകളില്‍ അമൃതമഴ സുശീലക്ക്‌ കണ്ണുകളെ വിശ്വസിക്കാനായില്ല തൊട്ടടുത്ത സീറ്റില്‍ മോഹനന്റെ ആശങ്കാകുലമുഖം . കാണാഞ്ഞിട്ട് ഞാന്‍ ഭയന്നു എത്ര വട്ടം വിളിച്ചു എന്താ എന്തുപറ്റി ?സുഖമില്ലേ ? അതോ പതുക്കെ കയ്യില്‍ പിടിച്ചുകൊണ്ടു മോഹനന്‍ പറയുന്നു വാ മോളെ എന്തായാലും നമുക്ക് സമാധാനമായി സംസാരിക്കാം .വരൂ ചെറുത്തുനില്‍ക്കാന്‍ ത്രാണി യില്ലാതെ വീണ്ടുവിചാരത്തിന്റെ നെല്ലിപ്പലകയില്‍ നിന്നും സുശീല എഴുന്നേറ്റു പതുക്കെ നടന്നു. അപ്പോഴും കാഴ്ച നഷ്ട്ടപ്പെട്ട ഇന്ദിര ബാഗിനുള്ളില്‍ കിടന്നു നിശ്ശബ്ദം തേങ്ങുന്നുണ്ടായിരുന്നു ഒരു മാനസാന്തര വഴിയിലൂടെ സഞ്ചരിക്കാനും സാധ്യതയുണ്ട്.