Manu Mottammal

മൊബൈല്‍

പ്രിന്‍സിപ്പള്‍ അലറി ഗെറ്റ് ഔട്ട്‌ ..

എടുത്തുകൊണ്ടു പോകാന്‍ പറഞ്ഞില്ലേ ..അവന്റെ ഒരു അപ്പ്ളിക്കേഷന്‍ ..?.......ഇഡിയറ്റ് .

എവിടെ നിന്ന് വരുന്നു ഇവനൊക്കെ ..മനുഷ്യന്റെ സമയം മെനക്കെടുത്താന്‍ ...നാശങ്ങള്‍ ..

എന്താണ് സാര്‍ ..? എന്താ പ്രശനം ..?

പ്രശ്നം എന്താണ് എന്ന് നിനക്കറിയില്ലേ ..?

പറയാതെ എങ്ങനെ അറിയും സാര്‍ ..?

പ്രിന്‍സിപ്പലിന്റെ ദേഷ്യംഇരട്ടിച്ചു .

എവിടുന്നാടാ താനൊക്കെ വലിഞ്ഞു കയറി വന്നിരിക്കുന്നത് ..?

വലിഞ്ഞു കയറി അല്ല സാര്‍ നടന്നാണ് വന്നത് .

ആണോ എന്നാല്‍ താന്‍ ഇവിടെ പരീക്ഷ എഴുതണ്ട ..

എന്തുകൊണ്ടാണ് സാര്‍ ..?

പ്രിന്‍സിപ്പലിന്റെ മുഖം ചുവന്നുതുടുത്തു അദേഹം ദേഷ്യം കൊണ്ട് വിറച്ചു

എഴുന്നേറ്റു മുന്നോട്ടഞ്ഞു അപേക്ഷാഫോറം

എടുത്തു ഈ അപേക്ഷയില്‍ താന്‍ എന്തൊക്കെ ആണ് എഴുതി വച്ചിരിക്കുന്നത് ..? ഇങ്ങനെ എഴുതിയാല്‍ ഞാന്‍ തന്നെ എങ്ങനെ പരീക്ഷയ്ക്കിരുത്തും ..എന്ത് തോന്നിവാസവും കാണിക്കമെന്നാണോ ..? അതും പറഞ്ഞു അദ്ദേഹം ആ അപേക്ഷ ഫോറം ഉച്ചത്തില്‍ വായിക്കാന്‍ തുടങ്ങി ..

പേര് ..:കണ്ണന്‍ ( കൃത്യമായി അറിയില്ല ..കുന്നിയമ്മ എന്നെ അങ്ങനെയാണ് വിളിച്ചത് )

അച്ഛന്റെ പേര് : അറിയില്ല

അമ്മയുടെ പേര് :അറിയില്ല

ജനിച്ച സ്ഥലം : അറിയില്ല

പോസ്റ്റ്‌ :അറിയില്ല

വില്ലേജു :അറിയില്ല

ജില്ല : ഇപ്പോള്‍ കോഴിക്കോട് (ചിലപ്പോള്‍ മാറിയേക്കാം )

സംസ്ഥാനം :ഇപ്പോള്‍ കേരളം (നാളെ മാറിയേക്കാം )

ജാതി :അറിയില്ല

മതം :അറിയില്ല

അഡ്രസ്സ് : ഇല്ല

ഫോണ്‍ നമ്പര്‍ :9 4 475123315.................................

തിരിച്ചറിയല്‍ മാര്‍ക്ക് :നെറ്റിയുടെ വലതു ഭാഗത്ത് രണ്ടു കുത്ത് .ഒരു ചെവിയുടെ കഷണം

അടര്‍ന്നു പോയിട്ടുണ്ട് ..

ഇതാണോടാ എസ് എസ് എല്‍ സി പരീക്ഷ എഴുതാന്‍ അപേക്ഷ പൂരിപ്പികേണ്ട രീതി ..?

എന്താണ് സാര്‍ അതില്‍ തെറ്റ് ..?

എനിക്ക് കൂടുതല്‍ ഒന്നും അറിയില്ല സാര്‍ .

പ്രിന്‍സിപ്പല്‍ ദേഷ്യം കൊണ്ട് വിറച്ചു .

നിനക്ക് ആകെ ഉള്ളത് മൊബൈല്‍ നമ്പര്‍ മാത്രമാണ് അല്ലെ ..? നീയൊന്നും പരീക്ഷ എഴുതണ്ട .എഴുതിയിട്ടും വലീയ കാര്യമൊന്നും ഇല്ല .ചുമട്ടു തൊഴിലാളി ആവാനും ..പറമ്പില്‍ പണിയെടുക്കാനും ഒന്നും ആളെ കിട്ടുന്നില്ല ..അതുകൊണ്ട് നീയൊന്നും പരീക്ഷ എഴുതണ്ട .

ഇത്രയും പറഞ്ഞു പ്രിന്‍സിപ്പല്‍ അപേക്ഷാ ഫോറം

ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞു....

കടന്നു പോടാ എന്റെ മുന്നില്‍ നിന്ന് പ്രിന്‍സിപ്പല്‍ അലറി ..

കറുത്തിരുണ്ട ഭൂഗോളത്തിലാണ് താനെന്നും ..ഏതാനും നിമിഷം കൊണ്ട് താന്‍ കരിഞ്ഞില്ലാതാകും എന്നും തോന്നി ..ഒരു വലീയ തീഗോളം തന്നെ ചാമ്പലാക്കാന്‍ തന്റെ അടുക്കലേക്കു പാഞ്ഞടുക്കുന്നതായി അവനു തോന്നി ...

പെട്ടെന്ന് കഴുത്തിന്‌ പിറകില്‍ ഒരടിപൊട്ടി ..കടന്നു പോടാ എന്നൊരു ആക്രോശവും കേട്ടു . അത് പ്രിന്‍സിപ്പല്‍ ആയിരുന്നു ..അപ്പോഴാണ് സ്ഥലകാല ബോധം തിരിച്ചു കിട്ടിയത് ..

അദേഹം ചുരുട്ടി വലിച്ചെറിഞ്ഞ തന്റെ ഭാവി കടലാസു ഗോളവും എടുത്തു പുറത്തേക്കു നടന്നു ...

സ്കൂളിന്റെ വരാന്തയിലൂടെ നടക്കുമ്പോള്‍ ..ഓര്‍മ്മകള്‍ തട്ടി തികച്ചു വന്നു ..

പുതിയ പ്രിന്‍സിപ്പല്‍ ആയതുകൊണ്ടാണ് തന്നെ മനസ്സിലാവാതിരുന്നത് എന്ന് സമാധാനിച്ചു ....പക്ഷെ അദേഹം എന്തിനാ ഇത്രയും ദേഷ്യപ്പെട്ടത് ഏന്നു ഒരു എത്തും പിടിയും കിട്ടുന്നില്ല ..കാരണം താന്‍ ആ അപേക്ഷയില്‍ പറഞ്ഞതൊന്നും കളവല്ല ..സത്യമാണ് ..

ച്ചയായ വെറും സത്യങ്ങള്‍ മാത്രമാണ് .മനസിലേക്ക് തള്ളിക്കയറി വന്ന ഓര്‍മ്മകളിലേക്ക് ഒരു തൂക്കുപാലം പണിതു അതിന്റെ മുകളില്‍ കൂടി നടക്കാന്‍ ആരംഭിച്ചപ്പോഴേക്കും ..മൊബൈല്‍ ഫോണ്‍ റിങ്ങ് ചെയ്തു .ചിരപരിചിതമായ നമ്പര്‍ തന്നെ .വലീയ ഉദ്യേഗം ഒന്നും കൂടാതെ തന്നെ ഫോണ്‍ എടുത്തു ചെവിയില്‍ വച്ചുകൊണ്ട് നടന്നു .

രണ്ടുമൂന്നു ദിവസം പരീക്ഷയുടെ അപേക്ഷ ഫോറം പരിശോധിക്കുന്ന തിരക്കിലായിരുന്നു എല്ലാം ഭംഗിയായി ചേര്‍ത്ത് കെട്ടിവെച്ചു നാളെ അയക്കണം അടുത്താഴ്ചയാണ് ലാസ്റ്റ് ഡേറ്റ് ...എന്നാലും എല്ലാം കൃത്യമായി മുന്നേ അടുക്കിവെക്കണം ..എത്ര വട്ടം പരിശോധിച്ചാലും പിന്നെയും ഒരു ആധിയാണ് എന്തെങ്കിലും

തെറ്റ് സംഭവിച്ചാല്‍ ഒരു കുട്ടിയുടെ ഒരു വര്‍ഷം പോകും പിന്നെ പുലിവാലാകും ..പണ്ടൊരിക്കല്‍ അങ്ങനെ സംഭവിച്ചതും ആണ് ..എല്ലാം അടുക്കി വെച്ച് പ്രിന്‍സിപ്പല്‍ രാവുണ്ണി മാഷ് പ്യൂണിനെ വിളിച്ചു ഒരു കട്ടന്‍ ചായ കൊണ്ടുവരാന്‍ പറഞ്ഞു ..പ്യുണ്‍ കുമാരന്‍ ചായവാങ്ങാന്‍ പുറത്തു പോയി ..പ്രിന്‍സിപ്പല്‍ പരീക്ഷയുടെ ഷെഡ്യൂള്‍

നോക്കുക ആയിരുന്നു . ചായവങ്ങാന്‍ പോയ കുമാരന്‍ തിരിച്ചു വന്നപപോള്‍ കയ്യില്‍ ഒരു കത്തും ഉണ്ടായിരുന്നു

രാവുണ്ണി മാഷേ പോസ്റ്റുമാന്‍ ഒരു കത്ത് തന്നിട്ടുണ്ട്

ഉം ...ആ മേശമേല്‍ വെച്ചേക്ക്‌ ..

കുമാരന്‍ ചായ അവിടെ വെച്ച് തിരിഞ്ഞു വരാന്തയിലേക്ക്‌ പോയി. കട്ടന്‍ ചായ ഒരു ഇറുക്ക് വായിലെടുത്തു കൊണ്ട് പ്രിന്‍സിപ്പല്‍ രാവുണ്ണി മാഷ്

കത്ത് പൊട്ടിച്ചു വായിച്ചു ..കത്തിലെ അക്ഷരങ്ങള്‍ കണ്ടപാടെ മാഷിന്റെ ദേഷ്യം സടകുടഞ്ഞെണീറ്റു. ഇന്നലെ

ഇവിടെ വന്നു തോന്നിയവാസം എഴുതി വെച്ചിട്ട് പോയ ആ ചെക്കന്റെ കത്താണ് . മാഷിന്റെ പുരികം മേലോട്ട് വളഞ്ഞു നാസിക ചുവന്നു ചെവി ചുവന്നു തുടുത്തു .. മാഷ്‌ കത്ത് വായിക്കാൻ തന്നെ തീരുമാനിച്ചു .

പ്രിയപ്പെട്ട പ്രിന്‍സിപ്പലിന് കണ്ണന്‍ എഴുതുന്നത്

കണ്ണന്‍ എന്നാണോ എന്റെ പേര് എന്നെനിക്കറിയില്ല. എന്നെ കുന്നിയമ്മ അങ്ങനെ ആണ് വിളിച്ചിരുന്നത് .ആറു വയസ്സുവരെ ഞാന്‍ കുന്നിയമ്മയുടെ കൂടെ ആയിരുന്നു .അവള്‍ക്ക് എന്നെ കിട്ടിയത് ഒരു കുറ്റിക്കാട്ടില്‍ നിന്നായിരുന്നു എന്നവര്‍ പറഞ്ഞിട്ടുണ്ട് .( മാഷിന്റെ ദേഷ്യം തെല്ലൊന്നു തണുത്തു ..മാഷ് വായന തുടര്‍ന്നു ) ഏതോ ഒരു പട്ടണത്തിലെ കുററിക്കാടിനരികില്‍ കുന്നിയമ്മ മൂത്രമൊഴിക്കാന്‍ പോയതായിരുന്നു പോലും ..അപ്പോള്‍ അതിനെതിര്‍വശം ഒരു കുട്ടിയുടെ കരച്ചിലും ഒരു പട്ടിയുടെ മുരള്‍ച്ചയും കേട്ടു .കുന്നിയമ്മ പതുക്കെ ചെന്ന് നോക്കിയപ്പോള്‍ ഒരു ചോരക്കുഞ്ഞിന്ടെ ചെവി കടിച്ചു വലിക്കുന്ന പട്ടിയെ ആണ് കണ്ടത് .കുന്നിയമ്മ തന്റെ (ഊന്നു വടി )കുത്തി നടക്കുന്ന വടികൊണ്ട് പട്ടിയെ തുരത്തിയോടിച്ചു .തന്റെ ഭാണ്ഢത്തില്‍ നിന്ന് ഒരു തുണിയെടുത്ത് പൊതിഞ്ഞു കൂടെ കൊണ്ട് പോയി ..ചില പച്ച മരുന്നുകള ഒക്കെ ചതച്ചു ചെവിക്ക് വെച്ച് കെട്ടി ..എന്നിട്ടും അത് പഴുത്തു. പട്ടി കടിച്ച ചെവിയുടെ ഒരു ഭാഗം പഴുത്ത് അറ്റുപോയി പിന്നെ ഏതോ ധര്‍മ്മാശുപത്രിയില്‍ കൊണ്ടു പോയി ...കുന്നിയമ്മ മരുന്ന് വെപ്പിച്ചു. അങ്ങനെ ആണ് എന്റെ ചെവി പോയത് ..അതാണ് എന്നെ തിരിച്ചറിയാനുള്ള അടയാളമായി ഞാന്‍ എഴുതിയത് .അത് കള്ളമല്ല സാര്‍ ..പിന്നെ നെറ്റിയിലെ ജന്‍മനാ ഉള്ള രണ്ടു കറുത്ത കുത്തും ആ എഴുതിയത് സത്യമായിരുന്നു സാര്‍ ..എന്നെ പിന്നെ നോക്കിയത് കുന്നിയമ്മ ആയിരുന്നു ..കുന്നിയമ്മ എന്നെ അവരുടെ കൂടെ കൂട്ടി. വിശക്കുമ്പോള്‍ ഭിക്ഷ യാചിച്ചു കിട്ടുന്ന എന്തെങ്കിലും തന്നു എന്റെ വയറു നിറച്ചു. പലപ്പോഴും അവര്‍ പട്ടിണി കിടന്നു ..എങ്കിലും എന്റെ വിശപ്പ്‌ അവര്‍ മാറ്റിയിരുന്നു ഇടതു തോളില്‍ ഒരു ഭാണ്ഡക്കെട്ടും വലതു കയ്യില്‍ ഉന്നു വടിയും ഇടതു കൈകൊണ്ട് എന്റെ വലതു ക്കയ്യും പിടിച്ചു മുത്തിയമ്മ പട്ടണങ്ങള്‍ മാറി മാറി സഞ്ചരിച്ചു കൊണ്ടിരുന്നു . എന്റെ കൈയും പിടിച്ചു നടന്നു നീങ്ങുന്ന കുന്നിയമ്മ നഗരങ്ങള്‍ക്ക് അലങ്കരമായിരുന്നില്ല ..അപമാനമായിരുന്നോ എന്നുമറിയില്ല . ..പലരുടെയും കണ്ണുകളില്‍ വെറുപ്പിന്റെ നിഴലാട്ടം ഞാന്‍ കണ്ടിട്ടുണ്ട് ..എങ്കിലും എന്റെ കൈയ്യും പിടിച്ചു കുന്നിയമ്മ പട്ടണങ്ങളായ പട്ടങ്ങളൊക്കെ അലഞ്ഞു നടന്നു പിച്ച തെണ്ടി, എന്നെ ഊട്ടി കടത്തിണ്ണയിലും തെരുവോരങ്ങളിലും അന്തിയുറങ്ങി ...അവരുടെ കണ്ണുകളില്‍ വളര്‍ന്ന തെരുവും ജീവിതവും കണ്ടിരുന്നതായി ഓര്‍ക്കുന്നു ..അവരുടെ മുഖത്തെ വടുക്കുകളില്‍ കാലം ഏല്പിച്ച പരുക്ക് വായിച്ചെടുക്കാമായിരുന്നു .അനുഭവങ്ങള്‍ ഏറെ ഉണ്ടായിട്ടും .അവരെന്നെ വെറുത്തില്ല . അവരെന്നെ കൂടെ കൊണ്ട് നടന്നു ..കൂടെ കിടത്തി ഉറക്കി ..തണുപ്പുള്ള രാത്രികളില്‍ കെട്ടിപ്പിടിച്ചു കിടന്നു ..ഉണരുമ്പോള്‍ വിശപ്പടക്കി ...ആരോ ഏല്പ്പിച്ചു കൊടുത്ത നിയോഗം പോലെ ..അവരുടെ ഭാണഡത്തിന്റെ കൂടെ എന്നും ഞാനുമുണ്ടായിരുന്നു കൂട്ടിനു ..ഒരു ദിവസം രാവിലെ ഉണര്‍ന്നു നോക്കിയപ്പോള്‍ കുന്നിയമ്മയെ കണ്ടില്ല. ചുറ്റും പരതി നോക്കി. കണ്ടില്ല ..പരിഭ്രമത്തോടെ വട്ടം ചുറ്റി ഓടി ...കുറച്ചകലെ തെരുവിന്റെ ഓരത്ത് ഓടകള്‍ക്ക് മുകളിലായി ഒരു വിറങ്ങലിച്ച ശരീരം കിടക്കുന്നുണ്ടാ യിരുന്നു. ആരും തിരിഞ്ഞു നോക്കാത്തതു കൊണ്ടു ഈച്ച ആര്‍ത്തുകൊണ്ട് കിടക്കുന്നു . ആദ്യം എന്തിനാണ്‌ കുന്നിയമ്മ അങ്ങനെ അവിടെ

കിടക്കുന്നത് എന്ന് മനസിലായില്ല. ചെന്ന് വിളിച്ചു. എണീറ്റില്ല ... തട്ടി വിളിച്ചു ..എഴുന്നേറ്റില്ല . ഉരുട്ടി വിളിച്ചു ...പ്രയോജനം ഉണ്ടായില്ല ...എന്തോ പന്തികേട്‌ തോന്നി ..അപ്പോഴും എന്താണ് സംഭവിച്ചത് എന്ന് മനസിലായില്ല .

കുന്നിയമ്മയ്ക്കരുകില്‍ കുത്തിയിരുന്ന് വിശന്നപ്പോള്‍ കരഞ്ഞു ...ആരും അതു കണ്ടില്ല ..ഒരു ദിവസം മുഴുവന്‍ അങ്ങനെ അവിടെ കിടന്നും ഇരുന്നും കഴിച്ചുകൂട്ടി . കുന്നിയമ്മ എഴുന്നേറ്റില്ല ..അടുത്ത ദിവസം

രാവിലെ മുന്‍സിപ്പാലിറ്റി വണ്ടി വന്നു കുന്നിയമ്മയെ വലിച്ചിട്ടു എങ്ങോട്ടോ കൊണ്ട് പോയി. അവിടെ നിന്ന എന്നെ ആരും കണ്ടില്ല ..അവിടെ കിടന്നു വിശന്നു കരയുന്ന എന്നെ ആളുകള്‍ തിരിഞ്ഞുനോക്കി കടന്നു പോയ്കൊണ്ടിരുന്നു ..കുന്നിയമ്മ ഇനി കൂടെ ഉണ്ടാവില്ല എന്ന് പതുക്കെ ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങി ..

രാവിലെ മുന്‍സിപ്പാലിറ്റി വണ്ടി വന്നു കുന്നിയമ്മയെ വലിച്ചിട്ടു എങ്ങോട്ടോ കൊണ്ട് പോയി. അവിടെ നിന്ന എന്നെ ആരും കണ്ടില്ല ..അവിടെ കിടന്നു വിശന്നു കരയുന്ന എന്നെ ആളുകള്‍ തിരിഞ്ഞുനോക്കി കടന്നു പോയ്കൊണ്ടിരുന്നു ..കുന്നിയമ്മ ഇനി കൂടെ ഉണ്ടാവില്ല എന്ന് പതുക്കെ ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങി ..നേരെ ചെന്ന് ഭാണഡവുമെടുത്തു ,(കുന്നിയമ്മയുടെ സമ്പാദ്യം ). നടന്നു തുടങ്ങി ..ആ കുന്നിയമ്മയെ ഞാന്‍ എങ്ങനെ അമ്മെ എന്ന് വിളിക്കും സാര്‍ ..അവരെ എങ്ങനെ അച്ഛന്‍ എന്ന് വിളിക്കും ..അതിനെക്കാളും എത്രയോ ഉയരത്തിലാണ് സാര്‍ എനിക്കവര്‍ ...ദൈവത്തിന്റെ കൂട്ടത്തിലോ മാലാഖമാരുടെ കൂട്ടത്തിലോ ആണ് സാര്‍ എന്റെ മനസ്സില്‍ അവര്‍ക്ക് സ്ഥാനം ..പിന്നെ എങ്ങനെ ഞാന്‍ ...(രാവുണ്ണി മാഷിന്റെ മുഖം മ്ലാനമായി അദ്ദേഹം വായന തുടര്‍ന്നു ) ആ നടത്തം വിശപ്പില്‍ നിന്ന് തുടങ്ങിയത്കൊണ്ട് ഒരു സ്കൂളിന്റെ ഉച്ചകഞ്ഞി ഷെഡ്‌ഡില്‍ ആണ് എത്തിയത് .അവിടെ വിശന്നു വീണ എനിക്ക് കഞ്ഞി വെക്കുന്ന കാര്‍ത്ത്യാനി ചേച്ചി കുടിക്കാന്‍ ഇത്തിരി കഞ്ഞി തന്നു ..കഞ്ഞി കുടിച്ചതിനു ശേഷം എവിടെയും പോകാനില്ലാത്തത് കൊണ്ട് അവിടത്തന്നെ കിടന്നു, ഉറങ്ങിപ്പോയി ..രാത്രിയില്‍ ഉറക്കം ഞെട്ടി ..ഭയം കൊണ്ട് പുറത്തിറങ്ങിയില്ല അവിടെത്തന്നെ കിടന്നു ..രാവിലെ കാര്‍ത്ത്യാനി ചേച്ചി വന്നു . എന്നെ കണ്ടു ചോദിച്ചു .പോയില്ലേ ? ഞാന്‍ എവിടെ പോകാന്‍ .?

എല്ലാം കാര്‍ത്ത്യാനി ചേച്ചിയോട് പറഞ്ഞു ...അവര്‍ ഒരു കട്ടന്‍

ചായ ഇട്ടു തന്നു ...(പെട്ടെന്ന് രാമുണ്ണി മാഷ്ക്ക് താന്‍ കുടിച്ചു കൊണ്ടിരുന്ന കട്ടന്‍ ചായ കയിപ്പുള്ളതായി തോന്നി ..അത് മേശമേല്‍ വച്ചിട്ട് മാഷ് വായന തുടര്‍ന്നു ) പിന്നെ അവരെ സഹായിച്ചു അവിടെ തന്നെ കൂടി. വയസ്സ് ആറോ ഏഴോ ആയിക്കാണും ..ആയിടയ്ക്ക് ഒരു സംഭവം ഉണ്ടായി ..സ്കൂളില്‍ എ ഇ ഓ വന്നു ...ഒന്നാം ക്ളാസ്സില്‍ കുട്ടികള്‍ തികയാതെ വന്നു. റിപ്പോര്‍ട്ട് കൊടുക്കാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ സ്കൂള്‍ മാനേജര്‍ കുഞ്ഞിരാമന്‍ ..പരിഭ്രാന്തനായി. ഒരു ടീച്ചറുടെ ജോലിപ്പോകുമത്രേ ..ഡെപ്പോസിറ്റ് തിരിച്ചു കൊടുക്കേണ്ടി വരും, മുതലാളിക്ക് വെപ്രാളം ആയി. ...അപ്പോഴാണ് കാര്‍ത്യാനി ചേച്ചി എന്നെക്കുറിച്ച് പറഞ്ഞത് ..മുതലാളിക്ക് കിട്ടിയ പിടിവള്ളി ആയിരുന്നു ഞാന്‍ ..എനിക്ക്‌ പുതിയ ഷര്‍ട്ടും ട്രൌസറും വാങ്ങിത്തന്നു ഒന്നാം ക്ളാസ്സിലിരുത്തി ..കാരണം കുന്നിയമ്മയുടെ ഭാണ്ഡത്തില്‍ ഒരു പിച്ചപാത്രവും ..ഒരു കഞ്ഞി പ്ളയിട്ടും ഒരു ഓട്ടു ഗ്ളാസും പിന്നെ രണ്ട് മൂന്ന് തുണിക്കഷണങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളു ..അങ്ങനെ ഞാന്‍ ഒന്നാം ക്ളാസ്സില്‍ എത്തി ..അന്ന് അവര്‍ക്ക് ഫോറം ഒന്നും വേണ്ടിയിരുന്നില്ല ...ഹാജര്‍പ്പട്ടികയില്‍ ഒരു പേര് ..അത് മാത്രം മതിയാരുന്നു ..അങ്ങനെ രാവിലെ കാര്‍ത്ത്യാനി ചേച്ചി തരുന്ന ചായ കുടിച്ചും ഉച്ചക്കഞ്ഞി തന്നെ രാത്രിയും കുടിച്ചു .കഞ്ഞി ഷെഡില്‍ തന്നെ കിടന്നുറങ്ങി . ഞാനും പഠിതാവായി ...ഒന്നാം ക്ളാസ്സില്‍ മൂന്നു വര്‍ഷം ഞാന്‍ പഠിച്ചു പിന്നെ എനിക്ക് പകരം ഒരാളെ കിട്ടിയപ്പോള്‍ രണ്ടാം ക്ളാസ്സിലേക്ക് മാറ്റി ..പിന്നെ ..സരസ്വതി ടീച്ചര്‍ക്ക് തോന്നിയ എന്തോ അനുകമ്പ ആയിരിക്കാം എനിക്ക് ഒന്ന് രണ്ടുടുപ്പുകള്‍ കിട്ടി ..പുസ്തകങ്ങള്‍ പഴയതാണ്.എങ്കിലും കിട്ടിത്തുടങ്ങി അങ്ങനെ ഞാന്‍ പഠിച്ചു ..പിന്നെ ക്ളാസില്‍ ഒന്നാമനായ്യപ്പോള്‍ ..അദ്ധ്യാപകരൊക്കെ ചേര്‍ന്ന് പൈസ പിരിച്ചെടുത്ത് എന്നെ സഹായിച്ചു. അതോടൊപ്പം ഞാന്‍ രാവിലെ എഴുന്നേറ്റു ഒന്ന് രണ്ടു വര്‍ത്തമാന പത്രങ്ങളൊക്കെ കൊണ്ട് പോയിത്തുടങ്ങി അതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ പത്തുവരെ ഞാന്‍ പഠിച്ചത് .കൂടെ പത്രക്കാരന്‍ മുതലാളി ഒരു പഴയ മൊബൈര്‍ തന്നു.. അദേഹത്തിന്റെ പത്രം കൊണ്ട് പോകാനും പൈസ പിരിച്ചു കൊടുക്കാനും..അദ്ദേഹത്തിനു വിളിക്കുമ്പോള്‍ എന്നെ കിട്ടാനും വേണ്ടി ക .. ..അവസാനം എന്റെ വിദ്യാഭ്യാസം ഇങ്ങനെ ആയി ..ആ ഫോറത്തില്‍ ഞാന്‍ പറഞ്ഞതൊന്നും കള്ളമായിയിരുന്നില്ല സാര്‍. എല്ലാം സത്യങ്ങള്‍ മാത്രമായിരുന്നു ..ഇനി എന്ത് ചെയ്യണമെന്നു എനിക്കറിയില്ല സാര്‍ ..ഒരു നിശ്ചയവുമില്ല.

വലീയ പൈസ കൊടുത്തു പഠിക്കുന്ന ഇംഗ്ളീഷ് മാനേജ്മെന്റ് സ്കൂളില്‍ ചേരാന്‍ ..മേല്‍പ്പറഞ്ഞ അച്ഛന്റെ പേരോ അമ്മയുടെ പേരോ ഒന്നും വേണ്ട സാര്‍ പൈസ മാത്രം മതി.

അവരാവശ്യപ്പെടുന്ന തുക എത്രയാണോ അത് കൊടുത്താല്‍ മറ്റെല്ലാം അവരുണ്ടാക്കിക്കോളും

.അച്ഛനെയും അമ്മയെയും ..ജാതിയും മതവും ഒക്കെ.പൈസ ഉണ്ടെങ്കില്‍ നമ്മുടെ നാട്ടില്‍ നടക്കാത്തതോ കിട്ടാത്തതോ ആയി ഒന്നുമില്ല സാര്‍ .പക്ഷെ എന്നെപ്പോലെ ഒരാള്‍ക്ക് ................? ഇനി എന്ത് ചെയ്യണമെന്നോ എങ്ങോട്ട് പോകണമെന്നോ അറിയില്ല സാര്‍ .കുന്നിയമ്മ കാണിച്ചു തന്ന മാര്‍ഗ്ഗം മാത്രമേ ഇനി എന്റെ മുന്നില് ഉള്ളു ...നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് ...അപ്പോഴും ഞാന്‍ ഒന്ന് ഭയപ്പെടുന്നുണ്ട് സാര്‍ ചിലപ്പോള്‍ എന്റെ ജന്മം പോലെ ..എന്നില്‍ കൂടിയും ഏതെങ്കിലും പൊന്തക്കാട്ടില്‍ പട്ടി കടിച്ചു വലിക്കുന്ന ഒരു ജീവന്‍ ...അത് തെരുവിന്റെ കുറ്റമല്ല സാര്‍ , തെരുവിന്റെ ശാപമാണ് ...തെരുവിന് പണ്ടേതോ മഹര്‍ഷി വര്യന്‍ സമ്മാനിച്ച ശാപമാണ് .അല്ലെങ്കില്‍ നീയോഗം .ഇനിയും സാറിന്റെ മുന്നില്‍ വന്നു യാത്ര പറയാനുള്ള ധൈര്യം ഇല്ലാത്തതു കൊണ്ടാണ് ഇങ്ങനെ ഒരു സാഹസത്തിനു മുതിര്‍ന്നത് .എന്നോട് ക്ഷമിക്കുക ...സാറിന് നല്ലത് വരട്ടെ .

എന്ന്

പ്രിയ ശിഷ്യന്‍

കണ്ണന്‍

വായിച്ചു കഴിഞ്ഞ കത്ത് പ്രിന്‍സിപ്പലിന്റെ കയ്യില്‍ നിന്ന് വിറച്ചു ..മേശമേല്‍ വച്ചിരുന്ന കട്ടന്‍ ചായ തണുത്ത മരവിച്ചിരിക്കുന്നു ..ജീവിതത്തില്‍ ആദ്യമായിട്ടാണ്

കട്ടന്‍ ചായക്ക് ഇത്രയും കയിപ്പു അനുഭവപ്പെട്ടത് . അദ്ദേഹം കുറച്ചു സമയം തന്റെ കസേരയില്‍ കണ്ണടച്ച് ചാരിയിരുന്നു .

പെട്ടെന്ന് അദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു ..പരിചയമുള്ള നമ്പര്‍ ആണ് ..അരുടെതെന്നു മനസിലായില്ല ..അദ്ദേഹം ഫോണെടുത്ത് ചെവിയില്‍ വെച്ചു .

ഹലോ

ങ്ങ .ഹലോ രാമുണ്ണി മാഷല്ലേ ഞാന്‍ ഡി ഇ ഓ ഓഫിലെ ഹെഡ് ക്ലര്‍ക്ക് ഗോപാലനാണ്

മ്മ് ... എന്താ ഗോപാലാ

അല്ല സാര്‍ , പരീക്ഷയുടെ ഒരുക്കങ്ങളൊക്കെ എവിടം വരെ ആയി എന്നറിയാന്‍ വിളിച്ചതാണ്

എല്ലാം ഓക്കെ ആണ് ,പെട്ടെന്ന് തന്നെ ഞാന്‍ ഫോറം അവിടെ എത്തിക്കാം

ഗോപലന്‍ .ശരി സാര്‍ .ഓക്കെ

രാവുണ്ണി: .ബൈ

ഗോപലാന്‍ : ബൈ

ഫോണ്‍ കട്ടായി .രാവുണ്ണി മാഷ് വീണ്ടും ചിന്തയിലേക്ക് വഴുതി വീണു .പിന്നെ എന്തോ ആലോചിച്ചുറച്ച മട്ടില്‍ എഴുന്നേറ്റു അലമാര തുറന്നു ഒരു കവറും ലെറ്റര്‍ പാഡും സ്റ്റാംപും എടുത്തു .ഒരു കത്തെഴുതാന്‍ ആരംഭിച്ചു .

പ്രിയപ്പെട്ട കണ്ണന്

ഒന്നും അറിയാതെ ആണല്ലോ കുട്ടി ഞാന്‍ നിന്നെ വഴക്ക് പറഞ്ഞത് .ഇതിന്റെ എന്തെങ്കിലും സൂചന എനിക്ക് കിട്ടിയിരുന്നു എങ്കില്‍ ഞാന്‍ ഒരിക്കലും നിന്നെ വഴക്ക് പറയില്ലരുന്നു .തെരുവിലെ കുന്നിയമ്മയും കണ്ണനും ഇന്നലെയും ഉണ്ടായിരുന്നു ..ഇന്നും ഉണ്ട് ..നാളെയും ഉണ്ടായിക്കൊണ്ടിരിക്കും ..അത് ചരിത്രം തരുന്ന പാഠം .അവര്‍ക്ക് എല്ലാവര്‍ക്കും വേണ്ടി എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല .പക്ഷെ കണ്ണന് വേണ്ടി എനിക്ക് ചിലതെല്ലാം ചെയ്യാന്‍ കഴിയും .കണ്ണനെ ഞാന്‍ എന്റെ മകനായി പരീക്ഷ എഴുതിക്കാം .എന്റെ ഭാര്യയുടെ പേര് അമ്മയായി കോളത്തില്‍ ചേര്‍ക്കാം എന്റേതെല്ലാം ചേര്‍ക്കാം ...കാരണം ഇതൊക്കെ വേണം എന്നത് നിയമമാണ് കുട്ടി ..ഞാനോ നീയോ അല്ലെങ്കില്‍ ഭരിക്കുന്നവനോ അല്ലെങ്കില്‍ ഭരിക്കപ്പെടുന്നവനോ വിചാരിച്ചാല്‍ മാറ്റാന്‍ കഴിയാത്ത നിയമങ്ങള്‍ . ആരോ ആര്‍ക്കോ വേണ്ടി ഉണ്ടാക്കിയ നിയമങ്ങള്‍ .

നമുക്കാവശ്യമില്ലാത്ത ഈ നിയമങ്ങള്‍ ഒക്കെ നമ്മുടെ ജീവിത്തെ കുരുക്കിട്ടു ബന്ധിച്ചു നിര്‍ത്തിയിരിക്കുന്നു .ആ കുടുക്കുകളൊക്കെ പോട്ടിച്ചെറിയുന്ന കാലം നമുക്ക് സ്വപ്നം കാണാം കുട്ടി .ഇനിയുള്ള ജീവിതത്തില്‍ കണ്ണന്‍ പഠിച്ചു വലിയ അറിവുള്ളവനായി ഈ നാടിനു മാതൃക കാണിക്കണം. ...കണ്ണനെ പ്പോലെയുള്ളവരുടെ മാതൃകയാണ് ഈ നാടിനിന്നാവശ്യം .പോരാട്ടങ്ങളില്‍ പരീക്ഷണങ്ങളില്‍ തളരാതെ പിടിച്ചു നില്ക്കാന്‍ നിനക്കാവട്ടെ കുട്ടീ ..എവിടെ ആയാലും എത്രയും പെട്ടെന്ന് നീ മടങ്ങി വരണം .എന്നാല്‍ ആവുന്നതെല്ലാം ഞാന്‍ ചെയ്യാം .ഈ വര്‍ഷം തന്നെ നീ പരീക്ഷ എഴുതണം ..അത് നിന്റെ മാത്രമല്ല എന്റെയും ആവശ്യമാണ് കണ്ണാ .

എന്ന്

സ്നേഹപൂര്‍വ്വം

കണ്ണന്‍ മാഷ്

കത്തെഴുതി ഒട്ടിച്ചു അഡ്രസു എഴുതാന്‍ നോക്കിയപ്പോള്‍ മാഷ് വീണ്ടും ഞെട്ടി കണ്ണന്‍ എന്ന പേരും കത്ത് പോസ്റ്റു ചെയ്ത പോസ്റ്റോഫിസിന്റെ അഡ്രസും അല്ലാതെ മറ്റൊന്നും

കണ്ണന്ടെ കത്തില്‍ ഉണ്ടായിരുനില്ല ..എന്ത് ചെയ്യണമെന്നറിയാതെ മാഷ് വീണ്ടും ആലോചനയില്‍ മുഴുകി ..അവസാനം ..കവറിനു പുറത്തു മേല്‍വിലാസം എഴുതി .

ടൂ ,

കണ്ണന്‍

മാങ്കാവ് (പി .ഒ )

കോഴിക്കോട് 7

കോഴിക്കോട് ജില്ല

താഴെ പോസ്റ്റു മാസ്റ്റര്‍ക്ക് ഒരു കുറിപ്പും ...കണ്ണന്‍ ഇനി അവിടെ വരികയാണെങ്കില്‍

ഈ കത്ത് അവനെ ഏല്‍പ്പിക്കണം .....ഇത്രയും എഴുതി ആ കത്ത് കുമാരനെ പോസ്റ്റു ചെയ്യാന്‍ ഏല്പിച്ചു ..മാഷിന്റെ മുഖഭാവം ശ്രദ്ധിച്ച കുമാരന്‍ ചോദിച്ചു ..എന്ത് പറ്റി മാഷെ ?ആര്‍ക്കാ കത്ത് ?..പെട്ടെന്ന് ഇങ്ങനെ ..?

രാവുണ്ണി :.ഏയ്‌ ഒന്നുമില്ല

കുമാരന്‍ :കണ്ണില്‍ വെള്ളം നിരഞ്ഞിരിക്കുന്നല്ലോ

രാവുണ്ണി :അത് ഒരു കരടു പോയതാ

കുമാരന്‍ : ഞാന്‍ നോക്കണോ

രാവുണ്ണി : ഓ വേണ്ട അതു പോയി

പെട്ടെന്ന് മുഖം തിരിച്ചു പിടിച്ചു കൊണ്ട് രാവുണ്ണീ മാഷ് പറഞ്ഞു കുമാരന്‍ വേഗം പോയി ആ കത്ത് പോസ്റ്റ്‌ ചെയ്യു . അതു കേട്ട കുമാരന്‍ കത്തുമായി പുറത്തേക്കു പോയി .കുമാരന്‍ പോയി എന്ന് ഉറപ്പു വരുത്തി രാവുണ്ണി മാഷ് ..തന്ടെ കസേരയില്‍ ചാരിയിരുന്നു കണ്ണടച്ച്‌ അല്പം കിടന്നു .എപ്പോഴോ ഉറങ്ങിപ്പോയി പെട്ടെന്ന് അദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ഇതുവരെയില്ലാത്ത ശബ്ദത്തില്‍ അദ്ദേഹത്തെ വിളിച്ചുണര്‍ത്തി .കണ്ണ് തുറന്നു നോക്കിയപ്പോള്‍ ആ മൊബൈലിനു സീരിയസ്സായ എന്തോ തന്നോട് പറയാനുണ്ട് എന്ന് അദേഹത്തിന് തോന്നി. .എവിടെയോ വായിച്ച മൊബൈല്‍ നമ്പര്‍ ആയിരുന്നു അത് .. എവിടെയാണ് എന്ന് ഓര്‍ ത്തെടുക്കാന്‍ ശ്രമിച്ചു കൊണ്ട് ..അദേഹം ആ മൊബൈല്‍ ഫോണിനെ തന്റെ ചെവിയോടു ചേര്‍ത്തു വച്ചു .