C Anoop

അതികായന്‍

എന്തിനാണ് ഹാജിമസ്താന്‍ എന്നെ വിളിച്ചത്? പതിനെട്ടുവര്‍ഷത്തിലേറെയായി ഞങ്ങള്‍ തമ്മില്‍ നേരിട്ടുകണ്ടിട്ട്. ഇക്കാലത്തിനിടയില്‍ ധാരാവിലേയും ചെമ്പൂരിലേയും ചില ഉത്സവങ്ങളില്‍ മിന്നായംപോലെ മസ്താന്‍ വന്നുപോകുന്നത് ഞാന്‍ നോക്കി നിന്നിട്ടുണ്ട്. അപ്പോഴൊക്കെയും ഭീതിയുടെ നിശബ്ദത ശേഷിപ്പിച്ചുകൊണ്ടാണ് മസ്താന്‍ അപ്രത്യക്ഷനാകുക. ഇപ്പോള്‍, നേരം പരപരാന്ന് വെളുത്തു തുടങ്ങിയിട്ടേയുള്ളു. ഇന്നലെ പുറത്ത് തെരുവില്‍ രണ്ടു സംഘങ്ങള്‍ തമ്മില്‍തല്ലി തലകീറുന്നതും, തെരുവാകെ രക്തം പടരുന്നതും കണ്ട ഭയത്തോടാണ് ഞാന്‍ ജനാല അടച്ചത്. എത്ര ശ്രമിച്ചിട്ടും ഉറക്കം വന്നില്ല.

വെട്ടം വീണോ എന്നുറപ്പിക്കാനായി ജനാല തുറക്കാന്‍ തുടങ്ങുമ്പോഴാണ് മുറിയുടെ ഇളകിവീഴാറായ വാതിലില്‍ ആരോ തട്ടിവിളിച്ചത്. സാധാരണ ഈ നേരത്ത് എന്നെ അറിയുന്നവരാരും വാതിലില്‍ വന്നു തട്ടുമായിരുന്നില്ല. പകല്‍ മുഴുവന്‍ മറ്റുള്ളവരുടെ ഷൂ പോളിഷ് ചെയ്ത് തളര്‍ച്ചയോടാവും ഞാന്‍ ചേരിയോടുചേര്‍ന്നുള്ള മുറിയിലെ കിടക്കയിലെത്തുക. കഷ്ടിച്ച് ഒരു പായവിരിക്കാന്‍ മാത്രം ഇടമുള്ള മുറിക്ക് മാസംതോറും എണ്ണൂറുരൂപയാണ് വാടക. അത്രയും നല്‍കാനുള്ള പാങ്ങുണ്ടായിട്ടല്ല. എത്രരാത്രിയായിട്ടാണെങ്കിലും നേരേ ചൊവ്വേ ഒന്നുറങ്ങിയില്ലെങ്കില്‍ ഉച്ച കഴിയുന്നതോടെ ഉറക്കം കണ്ണില്‍ വന്ന് കനംതൂങ്ങും. അതൊഴിവാക്കിയില്ലെങ്കില്‍ റെയില്‍വേ സ്റേഷനിലെ ഇരിപ്പിടം നഷ്ടമാകും. എന്നും സ്റേഷന്‍ മാസ്ററുടെ ഷൂ സൌജന്യമായി പോളിഷ് ചെയ്തു കൊടുക്കുന്നതു കൊണ്ടുമാത്രമല്ല രണ്ടുമൂന്നു പൊലീസുകാര്‍ക്ക് ഒരു സംഖ്യ കൈമടക്കു കൊടുക്കുന്നതു കൊണ്ടുകൂടിയാണ് ഇരിക്കാന്‍ ഒരിടം സ്റേഷനുള്ളില്‍ തരമായത്.

സ്വന്തം ജീവിതത്തെക്കുറിച്ച് ഇങ്ങനെ ഓരോന്ന് ആലോചിച്ചുകുറെ നേരം കിടക്കുന്നത് എന്റെ ശീലമാണ്. പുറത്ത് വെളിച്ചമായോ എന്നു നോക്കിയശേഷം വീണ്ടും കുറച്ചു നേരംകൂടി പായയില്‍ കിടന്ന് ഓര്‍മ്മകളെ തിരികെ വിളിച്ചശേഷം പുറത്തേക്കിറങ്ങണമെന്നും പ്രഭാത കൃത്യങ്ങള്‍ നീണ്ട ക്യൂവില്‍ നിന്ന് നിര്‍വ്വഹിക്കണമെന്നും കരുതി. പക്ഷേ നിര്‍ത്താതുള്ള തട്ടു സഹിക്കാനാവാതായപ്പോള്‍ ഹിന്ദിയില്‍ ഒരിടത്തരം തെറി വിളിച്ചുകൊണ്ടാണ് ഞാന്‍ വാതില്‍ തുറന്നത്.

മുന്നില്‍ നില്‍ക്കുന്നത് ആറടിക്കുമേല്‍ പൊക്കമുള്ള ഒരുവന്‍. അയാള്‍ എനിക്കുനേരെ ഒരു കവര്‍ നീട്ടി. പെട്ടെന്നത് വാങ്ങാന്‍ ഭയം തോന്നി. ഇത് ബോംബെയാണ്. ആളുമാറി കൊല്ലപ്പെടുന്നതും കുത്തും തല്ലുമൊക്കെ കിട്ടുന്നതും ഇവിടെ പതിവാണ്. എന്താണെന്നു ചോദിക്കാതെ കവര്‍ വാങ്ങണ്ട എന്ന് ഞാന്‍ ഉറച്ചു. എന്നാല്‍ അമിതാഭ് ബച്ചനെക്കാള്‍ പൊക്കമുള്ള അയാള്‍ മഞ്ഞപ്പല്ലുകാട്ടി ചിരിച്ചുകൊണ്ട് എന്റെ മുറിയിലേയ്ക്ക് പ്രവേശിച്ചു. പിന്നെ വളരെ സൌഹാര്‍ദ്ദത്തോടെ പറഞ്ഞു.

'നിങ്ങളെ ഭായ് കാണണമെന്നു പറഞ്ഞു. ഇപ്പോള്‍, ഇപ്പോള്‍ തന്നെ എനിക്കൊപ്പം കൂട്ടിക്കൊണ്ടുചെല്ലാനാണ് പറഞ്ഞിരിക്കുന്നത്'.

കവര്‍ ഞാന്‍ വാങ്ങി. വായിച്ചു. അതെ, അയാള്‍ പറഞ്ഞതുപോലെയാണ് കവറിനുള്ളിലെ നീല നിറമുള്ള കടലാസിലും എഴുതിയിരിക്കുന്നത്. അതു വായിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെ എന്റെ ഉള്ള് കിടുങ്ങാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒന്നിച്ചു നടന്ന കാലത്ത് ചെയ്ത ഏതെങ്കിലും അപരാധത്തിന് ശിഷിക്കാനാകുമോ ഈ വിളി. അതോ സ്വന്തം സംഘത്തില്‍ ചേര്‍ത്ത് ആരെയെങ്കിലും കൊല്ലാന്‍ വിടാനായിരിക്കുമോ?

എന്തു തന്നെയായാലും ഞാന്‍ മുറിയില്‍ വന്ന മനുഷ്യനൊപ്പം പുറപ്പെടണ്ട എന്നു തന്നെ തീരുമാനിച്ചു. അക്കാര്യം അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ ഞാന്‍ അയാളോട് പറയുകയും ചെയ്തു. അയാളുടെ ഭാവം പെട്ടെന്നുമാറി. അയഞ്ഞുകിടന്ന പാന്‍സിന്റെ പോക്കറ്റില്‍ നിന്നും ഒരു റിവോള്‍വര്‍ പുറത്തെടുത്ത് എന്റെ നെറ്റിയിലേയ്ക്ക് അയാള്‍ ചൂണ്ടി. ക്രുദ്ധമായിരുന്നു അയാളുടെ ഭാവം. ഏതു നിമിഷവും അയാള്‍ ട്രിഗര്‍ വലിക്കുമെന്നും എന്റെ തല പൊട്ടിച്ചിതറുമെന്നും ഞാന്‍ ഭയന്നു. ഓര്‍മ്മവന്ന എല്ലാ ദൈവങ്ങളെയും വിളിച്ച് ഞാന്‍ പ്രാര്‍ത്ഥിച്ചു. പക്ഷേ, തോക്കിന്‍ മുനയില്‍ നിന്നും എന്നെ രക്ഷിക്കാന്‍ ആ ദൈവങ്ങളൊന്നും പ്രത്യക്ഷരായില്ല.

ഗത്യന്തരമില്ലാതെ ഞാന്‍ പുറപ്പെടാന്‍ തന്നെ തീരുമാനിച്ചു. പതുക്കെ മുറി ചാരി അയാള്‍ക്കൊപ്പം ഞാന്‍ പുറത്തേക്കിറങ്ങി. ചേരിയിലെ വൃത്തിഹീനമായ വഴിയിലൂടെ നടക്കുമ്പോള്‍ അയാള്‍ എന്റെ ചുമലില്‍ കൈവച്ചു. ആത്മസ്നേഹിതന്മാര്‍ തോളില്‍ കൈയ്യിട്ട് നടക്കുംപോലെയായിരുന്നു ഞങ്ങളുടെ നടപ്പ്.

ഞങ്ങള്‍ കാറിനടുത്തെത്തി. വിലപിടിപ്പുള്ള വെളുത്ത നിറമുള്ള ബന്‍സുകാറായിരുന്നു അത്. ആദ്യമായാണ് ഇങ്ങനെ ശീതീകരിച്ച ഒരു കാറില്‍ ഞാന്‍ യാത്ര ചെയ്യുന്നത്. മുന്നിലെ ഡോര്‍ തുറന്ന് ആംഗ്യഭാഷയില്‍ കാറിലേയ്ക്ക് കയറിയിരിക്കാന്‍ അയാള്‍ ആജ്ഞാപിച്ചു. പിന്നെ ഡ്രൈവിംഗ് സീറ്റില്‍ അയാള്‍ കയറിയിരുന്നു.

ഭയങ്കര വേഗതയില്‍ അയാള്‍ കാറോടിച്ചു. അത്ര തിരക്കില്ലാത്ത വഴികളായിരുന്നു അയാള്‍ തെരഞ്ഞെടുത്തത്. ഓരോ തിരിവുതിരിയുമ്പോഴും മുന്നില്‍ അപകടം പതിയിരിക്കുന്നതായി ഞാന്‍ പേടിച്ചു. എന്നാല്‍ ഹിന്ദിപ്പാട്ടുകളുടെ രണ്ടും മൂന്നും വരികള്‍ പാടിക്കൊണ്ട് അയാള്‍ കാറോടിച്ചു കൊണ്ടിരുന്നു. എതിരെ വന്ന ചില ടാക്സിക്കാര്‍ അയാളെ കണ്ട് വഴിമാറിക്കൊടുത്തു. എനിക്ക് ഒരു ചായ കുടിക്കണമെന്നു തോന്നി. തൊണ്ട വരണ്ടു തുടങ്ങിയിട്ട് കുറെ നേരമായി. പതിവനുസരിച്ച് രാവിലെ ഉറക്കമുണര്‍ന്ന് പുറത്തേക്കിറങ്ങിയാലുടനെ രണ്ടോ മൂന്നോ ചായ കുടിക്കുന്നതാണ്.

ഞാന്‍ ചായയെക്കുറിച്ച് ആലോചിച്ചതിന്റെ തൊട്ടടുത്ത നിമിഷം ഒരു വലിയ ഹോട്ടലിന്റെ മുന്നില്‍ കാര്‍ നിര്‍ത്തി. തുരുതുരെ ഹോണ്‍ മുഴക്കി. എന്തിനാണ് അയാള്‍ ഇതുപോലെ വലിയൊരു ഹോട്ടലിന്റെ മുന്നില്‍ വണ്ടി നിര്‍ത്തിയതെന്ന് എനിക്കൊരെത്തും പിടിയും കിട്ടിയില്ല. ഞാന്‍ അയാള്‍ നോക്കിയ ദിശയിലേയ്ക്ക് നോക്കിയിരുന്നു. പെട്ടെന്ന് തലപ്പാവൊക്കെ വെച്ച ഒരാള്‍ ഒരു ഡ്രേയുമായി കാറിനരികിലേയ്ക്ക് നടന്നു വന്നു. പിന്നെ രണ്ടു ഗ്ളാസുകളില്‍ ചായ പകര്‍ന്ന് എനിക്കും അയാള്‍ക്കും നേരേ നീട്ടി.

ഹായ് എന്തൊരു രുചികരമായ ചായ. ഏലയ്ക്കയുടെ മണം

ഞാന്‍ ചായ കുടിച്ചു. അയാള്‍ ഒരു ഗ്ളാസ് കുടിച്ച ശേഷം വീണ്ടും ഗ്ളാസ് പുറത്തു നിന്ന തലപ്പാവുകാരനു നേരെ നീട്ടി. അയാള്‍ വീണ്ടും ഗ്ളാസ് നിറച്ച് ചായ പകര്‍ന്നു. എന്നോട് വീണ്ടും ചായ വേണോ എന്ന് അവര്‍ രണ്ടുപേരും ചോദിച്ചില്ല.

കാര്‍ വീണ്ടും യാത്ര തുടര്‍ന്നു. എന്തിനാണ് എന്നെ ഹാജിമസ്താനരികിലേയ്ക്ക് കൊണ്ടുപോകുന്നതെന്ന് ഞാന്‍ പലതവണ അയാളോട് ചോദിച്ചു. എന്നാല്‍ അര്‍ത്ഥഗര്‍ഭമായി ചിരിച്ചതല്ലാതെ അയാള്‍ ഒരുത്തരവും പറഞ്ഞില്ല.

നഗരം ഉണര്‍ന്നു വരുന്നതേയുണ്ടായിരുന്നുള്ളു. മൂരി നിവര്‍ത്തി നിന്ന ചില ചാന്തുപൊട്ടുകാര്‍ ഞങ്ങളുടെ കാറിലേയ്ക്കു നോക്കി ചിരിച്ചു. ചില ആണുങ്ങള്‍ ഗലികളിലൂടെ ഓടിയകന്നു.

ഇതൊക്കെ കണ്ട് ഞാന്‍ അന്തംവിട്ട് ഇരിക്കുകയായിരുന്നു. എന്തുതന്നെയായാലും ഇയാളില്‍ നിന്ന് എനിക്ക് രക്ഷപ്പെടാനാവില്ല. കാറില്‍ നിന്നും ഇറങ്ങി ഓടിയാല്‍ ഈ മനുഷ്യന്‍ എന്നെ വെടിവെയ്ക്കും. എന്തും ചെയ്യാന്‍ ഒരുക്കമുള്ള ചിരിയായിരുന്നു സ്ഥാനത്തും അസ്ഥാനത്തും അയാള്‍ കാഴ്ചവെച്ചുകൊണ്ടിരുന്നത്.

വീതികുറഞ്ഞ ഗലികളില്‍ നിന്നും വീതി കൂടിയ ഗലികളിലേയ്ക്കും തിരിച്ചും കാര്‍ മുന്നേറിക്കൊണ്ടിരുന്നു. ഒടുവില്‍ ഒട്ടും ആള്‍പെരുമാറ്റമില്ലാത്ത ഒരു വഴിയില്‍ നിന്നും കണ്ണഞ്ചിപ്പിക്കുന്ന ഒരു ബംഗ്ളാവിന്റെ മുന്നിലേയ്ക്ക് അയാള്‍ കാറോടിച്ചു കയറ്റി.

വലിയൊരുഗേറ്റ് തുറക്കപ്പെട്ടു. ബംഗ്ളാവിന്റെ മുറ്റത്തേയ്ക്ക് കാര്‍ കയറ്റി. വല്ലാത്തൊരു നശ്ശബ്ദത അവിടമാകെ വേരാഴ്ത്തിയിരിക്കുന്നതായി എനിക്കു തോന്നി. എന്തുചെയ്യണമെന്നറിയാതെ ഞാന്‍ കാറില്‍ തന്നെ ഇരുന്നു. അയാളെ ദയനീയമായി നോക്കി. അയാളാകട്ടെ പുറത്തേക്കിറങ്ങി കാറിന്റെ പിന്നിലൂടെ നടന്ന് എന്റെ ഡോര്‍ തുറന്നു. ഡോറില്‍ ചാരിയിരിക്കുകയായിരുന്ന ഞാന്‍ പുറത്തേയ്ക്ക് ചാഞ്ഞു വീഴാന്‍പോയി. അയാള്‍ എന്നെ വീഴാതെ താങ്ങി നിര്‍ത്തി. പിന്നെ അയാള്‍ക്കൊപ്പം നടക്കാന്‍ നിര്‍ദ്ദേശിച്ചു. ഞാന്‍ മറുത്തൊന്നും പറയാതെ വിധിയില്‍ മാത്രം വിശ്വസിച്ച് അനുസരണയോടെ നടന്നു.

ബംഗ്ളാവിന്റെ മുന്‍വാതില്‍ തുറന്ന് ഞാനും അകത്തേയ്ക്കു കയറി. അപ്പോള്‍ ആത്മവിശ്വാസം തെല്ലുകുറഞ്ഞ്, എന്തിനെയൊക്കെയോ അയാളും ഭയക്കുന്നതായി എനിക്കു തോന്നി. പെട്ടെന്ന്, അയാള്‍ എന്നെ ബംഗ്ളാവിന്റെ സന്ദര്‍ശക മുറിയില്‍ തനിച്ചാക്കി പിന്നോട്ടു നടന്നു. പ്രവേശിച്ച വാതിലിലൂടെ മറഞ്ഞു.

സാവധാനം ആ വാതില്‍ ശബ്ദമുണ്ടാക്കാതെ അടയുന്നത് ഞാന്‍ കണ്ടു. ചുറ്റും കൂടുതല്‍ ലൈറ്റുകള്‍ തെളിയുന്നതായും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം മുറിയിലാകെ നിറയുന്നതും ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നു. എന്താണ് അടുത്ത നിമിഷം സംഭവിക്കുന്നതെന്ന് യാതൊരു നിശ്ചയവുമുണ്ടായിരുന്നില്ല. ഒരു പക്ഷേ പണ്ടുപറഞ്ഞ ഏതെങ്കിലും കന്നന്തരവിന് ശിക്ഷിക്കാനാവും പതിനെട്ടുവര്‍ഷങ്ങള്‍ക്കുശേഷം ഹാജിമസ്താന്‍ എന്നെ വിളിപ്പിച്ചിരിക്കുന്നത്. അല്ലെങ്കില്‍ ഷൂപോളീഷ് ചെയ്തുകൊടുക്കുന്നതിനിടയില്‍ ഹാജി മസ്താന്റെ വിശ്വസ്തരിലാരെങ്കിലും എന്റെ മുന്നില്‍ വന്നിട്ടുണ്ടാകും. അവരെ ഞാന്‍ വേണ്ടവിധം ഗൌനിച്ചിട്ടുണ്ടാവില്ല. അവര്‍ നല്‍കിയ പരാതിക്കു ലഭിക്കാന്‍ പോകുന്ന ശിക്ഷയാകും എന്നെ കാത്തിരിക്കുന്നത്. ഞാന്‍ ഭയചകിതനായി വര്‍ധിച്ച നെഞ്ചിടിപ്പോടെ കാത്തുനിന്നു.

എന്റെ തലയ്ക്കു മുകളില്‍ തൂങ്ങിക്കിടന്ന ഒരു ആനത്തലയില്‍ നിന്നും വല്ലാത്ത ചില ശബ്ദങ്ങള്‍ കേള്‍ക്കുകയും പെട്ടെന്നത് അവസാനിക്കുകയും ചെയ്തു. ഏതൊക്കെയോ ചില ലൈറ്റുകള്‍ കത്തുകയും കെടുകയും ചെയ്തു. ഓടിരക്ഷപ്പെടണമെന്ന് ആലോചിക്കാനുള്ള ധൈര്യം പോലും എനിക്കപ്പോള്‍ നഷ്ടമായിരുന്നു. നാട്ടില്‍ തന്റെ കത്തും കാശും കാത്തിരിക്കുന്ന ഭാര്യയെയും മകളെയും മകനെയുമൊക്കെ ഞാന്‍ ഓര്‍ത്തു. ദൈവത്തിന്റെ കടാക്ഷം അവരില്‍ ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ ജീവനോട് ഓണത്തിന് വീട്ടിലെത്തുമെന്നുമാത്രം ചിന്തിച്ചു.

അതാ വരുന്നു ഒരു കുര്‍ത്താധാരി. പൈപ്പ് വലിച്ച്, ചില പ്രതാപികളായ രാജാക്കന്മാരെ അനുസ്മരിപ്പിക്കുന്ന വേഷമായിരുന്നു അയാള്‍ക്ക്. പണ്ട് ചില ശിവകാശി കലണ്ടറുകളില്‍ കണ്ടിട്ടുള്ള രാജാക്കന്മാരുടെ രൂപം. അയാള്‍ എനിക്കു നേരേ നടന്നുവന്നു. രൂക്ഷമായി നോക്കി. പതിനെട്ടുവര്‍ഷം കൊണ്ട് എന്തൊരു മാറ്റമാണ് ഹാജിമസ്താനില്‍ സംഭവിച്ചിരിക്കുന്നത്. പണ്ട് കൈലി മുണ്ടുടുത്ത്, നാട്ടില്‍ നിന്ന് ഞാന്‍ കൊണ്ടുവരുമായിരുന്ന ദിനേശ് ബീഡിയും വലിച്ച് ജൂഹുവിലെ സിനിമാ നടിമാരുടെ വീടുകളുടെ ബാല്‍ക്കണിയിലേക്കു നോക്കി നടന്ന രാത്രികള്‍ എനിക്ക് ഓര്‍മ്മവന്നു.

'നിനക്കെന്നെ മനസ്സിലായോ?'

രാജപ്രതാപി ചോദിച്ചു. എന്തെങ്കിലുമൊരു ഉത്തരം പറയാന്‍ എനിക്കു ധൈര്യമുണ്ടായിരുന്നില്ല. ഉത്തരം തെറ്റിയാല്‍ തോക്കുകൊണ്ടാണെങ്കിലോ മറുപടി എന്ന ഭീതിയായിരുന്നു എനിക്ക്. എന്തുപറയണമെന്നറിയാതെ ഏങ്ങി നിന്ന എന്നെ ചേര്‍ത്തു പിടിച്ചുകൊണ്ട് അയാള്‍ പറഞ്ഞു.

'എടാ, ഗോപാലകൃഷ്ണാ, ഇത് ഞാന്‍ തന്നെയാ ഹാജിമസ്താന്‍'.

അത്ഭുതപരതന്ത്രനായി ഞാന്‍ അവനെതന്നെ നോക്കി നിന്നു. ആദ്യം ഇങ്ങനെ സ്നേഹത്തില്‍ തുടങ്ങി ഒടുവില്‍ വെടിവെച്ചു നിലത്തിട്ടശേഷം വല്ല കടലിലോ കൊണ്ടെറിയുന്നതാണല്ലോ അധോലോക രാജാക്കന്മാരുടെ രീതി. എന്തു തന്നെയായാലും ജീവനോടെ ഇവിടെ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞാല്‍ ഗുരുവായൂരില്‍ നൂറ്റൊന്നുതവണ ശയന പ്രദക്ഷിണം നടത്താമെന്ന് നേര്‍ന്നു.

'എന്തിനാണ് എന്നെ ഇങ്ങനെ?' ഞാന്‍ വിക്കി വിക്കി ചോദിച്ചു.

ഹാജിമസ്താന്‍ ഉറക്കെ ചിരിച്ചു.

'ഇന്നു രാത്രിയില്‍ നീ എനിക്കൊപ്പം ഉണ്ടാകണം. പെരുമഴ പെയ്തില്ലെങ്കില്‍ നമുക്കിന്ന് രാത്രി ജൂഹുവിലൂടെ പഴയപോലെ ഒന്നു നടക്കണം.'

'അതിന് നിന്നെ മറ്റുള്ളവര്‍ മനസ്സിലാക്കില്ലേ' ഭയം കുറച്ചകന്ന തന്റേടത്തില്‍ കൊല്ലാനല്ല ഇവന്‍ വിളിപ്പിച്ചതെന്ന് വിശ്വസിച്ച് ഞാന്‍ ചോദിച്ചു.

'നമ്മള്‍ ചെല്ലും മുമ്പ് ജൂഹുവിലെ സന്ദര്‍ശകരെയും പൊലീസുകാരെയുമൊക്കെ ഒഴിവാക്കാന്‍ ഞാന്‍ ഏര്‍പ്പാടാക്കും'. ഹാജി മസ്താന്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു.

'അതുകഴിഞ്ഞ് എന്നെ എന്റെ മുറിയിലേയ്ക്കുവിടുമോ? വേണ്ട അവിടെ കൊണ്ടുചെന്നാക്കണ്ട, ഞാന്‍ വല്ല ബസിലോ നടന്നോ പൊയ്ക്കൊള്ളാം'. ഞാന്‍.

ഹാജിമസ്താന്റെ ഭാവം മാറി.

ഇല്ല അതുപറ്റില്ല'.

'പിന്നെ?' ഞാന്‍.

'രാവിലെ ആകാശവാണിയുടെ കാലാവസ്ഥാ നിരീക്ഷണം നീ കേട്ടോ?' ഹാജിമസ്താന്‍ ചോദിച്ചു.

'ഇല്ല' ഞാന്‍.

'ഇന്നു രാത്രിയില്‍ പെരുമഴയും ഒപ്പം ഭയങ്കരമായ കൊള്ളിയാനും ഇടിയുമുണ്ടാകുമെന്നും നഗരം മുങ്ങുമെന്നുമാണ് മുന്നറിയിപ്പ്'. ഹാജിമസ്താന്‍

'അതുകൊണ്ട്?'

'നിനക്കറിയാമല്ലോ എനിക്ക് കൊള്ളിയാനും ഇടിയും പേടിയാ. സാധാരണ അങ്ങനെയുള്ള സമയത്ത് ഞാന്‍ ബോംബൈ വിട്ട് മറ്റേതെങ്കിലും ഒളിയിടങ്ങളിലേയ്ക്ക് പോകാറാണ് പതിവ്. ഇന്നും അതിനുള്ള ശ്രമം നടത്തി. പക്ഷേ വിമാന ടിക്കറ്റ് കിട്ടിയില്ല'. ഹാജിമസ്താന്‍.

'ഞാനെന്താണ് വേണ്ടത്?' ഞാന്‍ ചോദിച്ചു.

'ഒന്നും വേണ്ട. കൊള്ളിയാനും ഇടിയും തുടങ്ങിയാല്‍ നമ്മള്‍ ദാ ആ കാണുന്ന മുറിയില്‍ കയറി സാക്ഷയിടും. എന്നിട്ട് നീ പഴയപോലെ ആ ഹാര്‍മോണിയം വായിച്ച് ഉറക്കെ പാട്ടുപാടണം. അങ്ങനെ ഞാന്‍ ഇടിമുഴക്കം കേള്‍ക്കാതിരിക്കും. കണ്ണുകളടച്ചിരുന്നാല്‍ കൊള്ളിയാന്‍ കാണുകയുമില്ല '

ഹാജിമസ്താന്‍ ശബ്ദത്തോടെ അടഞ്ഞ ജനാലയിലേയ്ക്കു നോക്കി തോക്കെടുത്തു.

അന്നു രാത്രിക്കുശേഷം വിമാനടിക്കറ്റ് മുടങ്ങുന്ന ഓരോ പെരുമഴയും കൊള്ളിയാനും ഇടിയുമുള്ള ദിവസങ്ങളിലും ഹാര്‍മോണിയം വായനയും അപശ്രുതിയുള്ള എന്റെ പാട്ടും കേട്ടാണ് ഹാജിമസ്താന്‍ സ്വന്തം ഭയത്തെ നിര്‍വീര്യമാക്കിയത്.

പാവം അതികായന്മാരുടെ ഓരോ ഭയങ്ങള്‍