Jyothi Tagore

ജനകീയ ഹോട്ടൽ

Jyothi Tagore

" ആവി പറക്കണ ചോറിൽ സാമ്പാറൊഴിക്കുമ്പോഴുള്ള ആ  മണമുണ്ടല്ലോ... എൻ്റെ സാറെ... " ഭാവാഭിനയസഹിതം അജ്മലിൻ്റെ കമൻ്റ്.
" ചുറ്റുമുള്ളതൊന്നും കാണാൻ പറ്റുകേല... അല്യോടാ..." സാറാമ്മച്ചേടത്തിക്ക് ചിരി പൊട്ടി.
ഫ്ലിപ്പ്കാർട്ടിലെ ഡെലിവറി ബോയിയാണ് അജ്മൽ. കളക്‌ട്രേറ്റ് പടിക്കൽ ഫോറങ്ങൾ വിൽക്കലും  പൂരിപ്പിച്ചുനൽകലുമാണ് സാറാമ്മച്ചേട്ടത്തിയുടെ പണി.
രണ്ടാളുടെയും സംസാരംകേട്ട് പൊലീസുകാരൻ സുഭാഷും തയ്യൽക്കാരി ആശയും മേസ്ത്രി  മാത്തുക്കുട്ടിയും വാർഡ് കൗൺസിലർ മുംതാസും ചിരിച്ചു. ജനകീയ ഹോട്ടലിലെ പതിവുകാരായി, ചങ്ങാത്തം കൂടിയവരാണെല്ലാവരും.
 " നിവിൻപോളി കളിക്കാതെ വേഗം തിന്നിട്ട് പോടാ അജൂ..." ഊഴം കാത്തുനിൽക്കുന്നവർക്കിടയിൽ നിന്ന് ലോട്ടറിക്കാരൻ ചന്ദ്രൻ്റെ സ്വരമുയർന്നു.


" അകത്തെ മുറിയിലെ ടേബിൾ ഇപ്പോ ഒഴിയും ചന്ദ്രേട്ടാ ; ഒരു ഫാമിലിയാ... നിങ്ങൾക്കവിടിരിക്കാം " സപ്ലെയ്ക്കായി വന്ന കുടുംബശ്രീ പ്രവർത്തക ലതാകുമാരി ചന്ദ്രനെ സമാശ്വസിപ്പിച്ചു.
" അങ്ങേർക്ക് ധൃതിയാണേൽ പോട്ടെ ലതേച്ചീ... ഫുഡ്ഡൊനും മിച്ചം വരില്ലല്ലോ..." കള്ളച്ചിരിയോടെ അജ്മൽ ചന്ദ്രനെ പ്രകോപിപ്പിച്ചു.
" ചേച്ചീ രണ്ടു പാർസൽ.. " ഒരു ചെറുപ്പക്കാരൻ.
" കറികളെല്ലാം തീരാറായല്ലോ മോനെ... പാർസലെടുക്കാൻ കാണുമോന്നറിയില്ല... " കൗണ്ടറിലിരിക്കുന്ന ആമിനാബീവി.
" ഉള്ളതെന്തേലും മതി..."
" ആ നോക്കട്ടെ... സ്പെഷ്യലെന്തേലും വേണോ...?! " എന്നുകൂടി ചോദിച്ചിട്ടവർ അകത്തേക്ക് പോയി.
രണ്ടുപൊതി കൈമാറുന്നേരം വാക്കുകളിൽ ഖേദം - " തോരനും തൊടുകറിം തീർന്നു... അച്ചാറും സാമ്പാറും മീൻചാറുമേയുള്ളൂ... "
പണം നൽകി, പൊതിയും വാങ്ങി ചെറുപ്പക്കാരൻ പോയതും ചന്ദ്രൻ അജ്മലിൻ്റെ തലയ്ക്കൊരു കിഴുക്കും കൊടുത്ത് അകത്തേയ്ക്ക് കയറി - " അവൻ്റെ വളിച്ച കോമഡി കേട്ടപ്പോഴെ കരുതീതാ കറികളൊക്കെ തീരുമെന്ന്..."
" വിട്ടുകള ചന്ദ്രേട്ടാ... കൊച്ചു പയ്യനല്ലേ..." അടുക്കളയിൽ നിന്ന് ആലീസിൻ്റെ വക സപ്പോർട്ട്.
" നിങ്ങളെല്ലാം കൂടാ ഇവനെ തലേൽ കേറ്റി വെയ്ക്കുന്നത്" കണ്ണുചിമ്മി കൃത്രിമദേഷ്യത്തോടെ ചന്ദ്രൻ ഉണ്ണാനിരുന്നു.
" എന്തോ... ആളുകൾക്ക് എന്നെ വലിയ ഇഷ്ടമാണ് " തോള് ചരിച്ച് ലാലേട്ടൻ കളിച്ചുകൊണ്ട് അജ്മൽ കൈകഴുകാൻ പോയി. അവൻ്റെ പോക്കുകണ്ട് ചന്ദ്രന് ചിരിപൊട്ടി. അത് മറ്റുള്ളവരിലേയ്ക്കും പടർന്നു.
and
കാശ് കൊടുക്കാൻ കൗണ്ടറിൽ നിൽക്കുമ്പോഴാണ് അജ്മലത് ശ്രദ്ധിച്ചത്. നേരത്തെ രണ്ടുപാർസൽ വാങ്ങിപ്പോയ ചെറുപ്പക്കാരൻ പൊതിയഴിച്ച്, ചാനലിൻ്റെ ചിഹ്നം പതിച്ചൊരു ബൊലേറോയുടെ ബോണറ്റിൽ വെച്ചിട്ട്, അത് ഷൂട്ട് ചെയ്യുന്നു.  കൂടെയുള്ള ഒരു പെൺകുട്ടി മൈക്ക് കൈയ്യിൽ പിടിച്ച് ആവേശത്തോടെ എന്തെക്കെയോ പറയുന്നുമുണ്ട്.
'' എടീ ആമിനാ... ഞാൻ പറഞ്ഞു തന്ന പൊടിക്കൈ ഏറ്റോടീ..." സാറാച്ചേടത്തിയുടെ സ്വരത്തിൽ അഭിമാനം
 " എന്തൊക്കെ ചെയ്തിട്ടും മാറാതിരുന്ന ഈച്ചകളുടെ പൊടി പോലുമില്ലല്ലോ..."
അജ്മൽ ചേട്ടത്തിയുടെ നേരെ തിരിഞ്ഞു - " ചേച്ചീടെ പൊടിക്കൈ ഒന്നുമല്ല കാര്യം..." ബൈറ്റ് എടുക്കുന്ന ചാനലുകാരെ നോക്കി അവൻ ശബ്ദമുയർത്തി - " ദേ... അങ്ങോട്ട് നോക്കിയേ... ഈച്ചയൊക്കെ അവിടുണ്ട്..."
ആമിനാബീവിയും സാറാമ്മയും അങ്ങോട്ട് നോക്കി. കാമറമാനെയും റിപ്പോർട്ടറെയും ചുറ്റി ഈച്ചകൾ വട്ടമിടുന്നു.
" ഇതെന്താപ്പാ ഇതിൻ്റെ ഗുട്ടൻസ്...?!" സാറാമ്മച്ചേട്ടത്തിക്ക് അത്ഭുതം.
" എന്തു ഗുട്ടൻസ്?! ഈച്ചയ്ക്ക് ചോറിലിരിക്കുന്നതിലുമിഷ്ടം മലത്തിന് ചുറ്റും ആർക്കുന്നതാ..." അജ്മലിൻ്റെ ഭാവം മാറുകയും ശബ്ദം ഉയരുകയും ചെയ്തു.

image_2
" ആളുകള് ഭക്ഷണം കഴിക്കുന്നിടത്ത് എന്ത് വൃത്തികെട്ട വർത്താനാടാ പറയുന്നത്...!!" സുഭാഷ് പൊലീസിൻ്റെ ശാസന.
'' അതുകൊണ്ടല്ലേ സാറെ, ഞാൻ ചാനലിൻ്റെ പേര് പറയാഞ്ഞത്... ഒരു വിധം ബോധമുള്ളവനത് കേട്ടാലല്ലേ അറപ്പ് വരുന്നത്... " അവൻ്റെ നോട്ടത്തെ പിന്തുടർന്നവരിലേയ്ക്ക് റിപ്പോർട്ടറുടെ  വാചകമടി ഒഴുകിയെത്തി -
" 20 രൂപയ്ക്ക് ലഭിക്കുന്ന ഊണിൽ കറികൾ കുറവെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ... "
 "ശെടാ...കറികൾ തീർന്നെന്ന് ഞാൻ ആ കൊച്ചനോട് പറഞ്ഞതാണല്ലോ..." ആമിനാബീവിയുടെ ആത്മഗതം.
 " മന്ത്രിപുത്രൻ കർഷകരെ കാറോടിച്ച്  കൊന്നതിന്  കർഷകസമരത്തിൽ സംഘർഷം എന്നെഴുതിപ്പിടിപ്പിച്ചവന്മാരാ...." കൗൺസിലർ മുംതാസിൻ്റെ സ്വരത്തിൽ രോഷം.
അജ്മൽ അങ്ങോട്ട് നടന്നു.

alappy-food-05
" ഡാ... നീ ഒന്നും പറയാൻ പോകണ്ട..." മാത്തുക്കുട്ടിയുടെ പിൻവിളി.
" ബ്രോ... ഒരു മിനിറ്റ്. " അജ്മൽ കാമറമാൻ്റെ തോളിൽ തട്ടിവിളിച്ചു.
"യേസ്..." അവൻ തിരിഞ്ഞുനോക്കി.
മുഖത്തു ഗൗരവം വരുത്തി, രഹസ്യഭാവത്തിലവൻ പറഞ്ഞു - " ബ്രോ... food കൊള്ളില്ലാന്ന് പറഞ്ഞ് വാർത്ത കൊടുക്കുമ്പോൾ ഹോട്ടലിൻ്റെ ബോർഡ് കാണുന്നവിധം കാമറ വെയ്ക്കണ്ടേ..."
റിപ്പോർട്ടറും കാമറമാനും പരസ്പരം നോക്കി.
"ട്രെയിനികളാണെന്ന് തോന്നുന്നെടാ... എക്സ്പീര്യയൻസിൻ്റെ കുറവാ..." ഗൂഢമായ ചിരിയോടെ മാത്തുക്കുട്ടിയുടെ പിന്തുണ.
ചിരിയൊളിപ്പിച്ച് രണ്ടാളും റോഡിലേയ്ക്കിറങ്ങവെ പിന്നാലെയെത്തിയ സുഭാഷ് പൊലീസ് കണ്ണുരുട്ടി- " നിനക്കിതെന്തിൻ്റെ കേടാ ചെറുക്കാ..."
" അങ്ങനേലും ഹോട്ടലിനൊരു പരസ്യമാകട്ടെ സാറെ... ഈ പാഷാണത്തിൽ കൃമികളെക്കൊണ്ട് വേറെന്താ ഗുണം!!! "
ചിരിച്ചുകൊണ്ടവർ താന്താങ്ങളുടെ വഴിക്ക് പിരിഞ്ഞു.
" ഊണിൻ്റെ തൃപ്തി കളയാനായിട്ട് ഓരോ നാറികള് എറങ്ങിക്കോളും..." കാർക്കിച്ചു തുപ്പി ലോട്ടറിചന്ദ്രൻ തങ്ങളെ മറികടക്കുന്നേരം മുഖത്തു വന്നിരുന്ന ഈച്ചകളെ തട്ടി മാറ്റി കാമറമാൻ പുതിയ ഫ്രെയിം സെറ്റ് ചെയ്യുകയായിരുന്നു. " ജനകീയഹോട്ടൽ " എന്ന ബോർഡിന് പുറം തിരിഞ്ഞ് റിപ്പോർട്ടർ കാമറയെ അഭിമുഖീകരിക്കുന്നേരം,
ഈച്ചകളൊഴിഞ്ഞ ഹോട്ടൽമുറിയിൽ, വൈകിയെത്തിയ വൃദ്ധന് ചോറ് വിളമ്പിക്കൊണ്ട് ലതാകുമാരി സങ്കടപ്പെട്ടു - " കറിയൊക്കെ തീർന്നല്ലോ അച്ഛാ... എന്തേ ഇത്ര വൈകിയത്?! "