ആണും പെണ്ണും ഒന്നിച്ചിരിക്കുന്നതും സംസാരിക്കുന്നതും സംശയദൃഷ്ടിയോടെ നോക്കുന്ന സമൂഹത്തില്‍ തന്നെയാണ് നമ്മളിന്നും ജീവിക്കുന്നത് .അതുകൊണ്ടുതന്നെ ഇതുരണ്ടു മല്ലാത്ത മനുഷ്യരെപ്പറ്റിയുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാട് എന്താണെന്നമ്പരക്കുന്നതില്‍ കഴമ്പില്ല. ആണ്‍ മേല്‍ക്കോയ്മ അതിന്റെ അങ്ങേയറ്റത്തെത്തി നില്‍ക്കുന്ന , ആണ്‍ -പെണ്‍ ബൈനറിക്കപ്പുറത്തേക്ക് ചിന്താശേഷി വളര്‍ന്നിട്ടില്ലാത്ത സമൂഹത്തില്‍ ഇത്തരം പൊതുബോധങ്ങളെയെല്ലാം തച്ചുടക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളും പ്രതിരോധങ്ങളും ഉയര്‍ന്നുവരേണ്ടത് അനിവാര്യമാണ. അതൊന്നു മാത്രമാണ് പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കാനുള്ള ഏക വഴി. അത്തരം ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് – യുവസമിതി പ്രവര്‍ത്തകര്‍ ഇക്കഴിഞ്ഞ ജനുവരി 15ന് കാസര്‍ഗോഡ് ജില്ലയിലെ പിലിക്കോട് വെച്ച് സംഘടിപ്പിച്ച ലിംഗേതരഫുട്ബോള്‍ മത്സരം. ആണും പെണ്ണും ട്രാന്‍സ്ജെന്ററും ഒന്നിച്ചൊരു ടീമായുള്ള കളി. ഇത് നമുക്കെന്തായാലും പരിചിതമല്ല. എന്തിന്, നാട്ടുമ്പുറങ്ങളിലെ വൈകുന്നേരക്കളികളില്‍ നാമൊരിക്കലും പെണ്‍ കുട്ടികളെയോ ലൈംഗിക ന്യൂനപക്ഷങ്ങളില്‍ പെട്ടവരെയോ കണ്ടിട്ടുണ്ടാവില്ല. സ്വതന്ത്രമായി യാത്ര ചെയ്യാന്‍ പോലും ഇവര്‍ക്ക് സാധിക്കുന്നില്ല. സുരക്ഷിതരല്ല എന്ന കാരണത്താല്‍ , രാത്രിയോ പകലോ ആവട്ടെ ഒറ്റയ്‌ക്കോ കൂട്ടായോ ഉള്ള യാത്രകള്‍ സ്ത്രീകള്‍ക്ക് നിഷിദ്ധമാണ് .എന്താണെന്ന് തിരിച്ചറിയാതെ ആ കൂച്ചുവിലങ്ങിേനാട് അവര്‍ സമരസപ്പെടുകയും ചെയ്യുന്നു. സംരക്ഷിക്കേണ്ടത് ഉത്തരവാദിത്തമാണ് എന്ന് പുരുഷ സമൂഹത്തെയും സംരക്ഷിക്കപ്പെടുകയെന്നത് അവകാശമാെണന്ന് സ്ത്രീകളെയും പഠിപ്പിച്ചു വിട്ടത് ആരാണ എന്നു മുതലാണ് ,എന്തിനു വേണ്ടിയാണ് എന്നിങ്ങനെ ചില ചോദ്യങ്ങള്‍ ഇവിടെ അവശേഷിക്കപ്പെടുന്നു.
ഇഷ്ടമുള്ള വസ്ത്രം ധരിച്ച് ഇഷ്ടമുള്ളിടത്തൊക്കെ സഞ്ചരിക്കുക എന്നത് എല്ലാ മനുഷ്യരുടേയും അവകാശമാണെന്നിരിക്കെ എങ്ങനെയാണ് ജീന്‍സും ലെഗിന്‍സും ധരിക്കുന്നത് കുറ്റകരമാവുന്നത്? ഇനി, ഇറുകിയതും കുറുകിയതുമായ വസ്ത്രധാരണം മറ്റുള്ളവരില്‍ ലൈംഗിക ചോദനയുണ്ടാക്കുന്നുവെങ്കില്‍ത്തന്നെ,സ്വയം നിയന്ത്രിക്കുക എന്നല്ലാതെ മറ്റൊരു വ്യക്തിയുടെ ശരീരത്തിലത് പ്രയോഗിക്കാന്‍ ആര്‍ക്കാണധികാരമുള്ളത് .ചുരുക്കിപ്പറഞ്ഞാല്‍ ഒരു വ്യക്തിയുടെ വസ്ത്രധാരണ രീതിയാണോ അല്ല അക്കാരണത്താല്‍ അവരുടെ മേല്‍ നടത്തുന്ന അതിക്രമങ്ങളാണോ തിരുത്തപ്പെടേണ്ടത് എന്നതാണ് ചോദ്യം.
സംരക്ഷണം എന്ന ഓമനപ്പേരിട്ടുകൊണ്ടുള്ള അടിച്ചമര്‍ത്തലുകളല്ല മറിച്ച് ലിംഗഭേദമന്യേ എല്ലാ മനുഷ്യര്‍ക്കും ഏത് സമയത്തും പുറത്തിറങ്ങി നടക്കാനും ഏതു വസ്ത്രം ധരിക്കാനും സമൂഹത്തില്‍ ഇടപെടാനുമുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടത്. ലിംഗ വ്യത്യാസമില്ലാതെ മനുഷ്യരോരിടപെടാന്‍ സ മൂഹത്തിന് സാധിക്കേണ്ടതുണ്ട്.ഇവിടെയാണ് യുവ സമിതി പോലുള്ള കൂട്ടായ്മകളുടെ പ്രസക്തി . ആണ്‍ -പെണ്‍ ബൈനറിയിലൊതുങ്ങാതെ ,സെക്ഷ്വല്‍ മൈനോറിറ്റി എന്നൊരു വിഭാഗം കൂടി സമൂഹത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് പൊതുജനങ്ങളിലേക്ക് പകരുക എന്ന വലിയ ഉത്തരവാദിത്തമാണ് ലിംഗേതര ഫുട്‌ബോള്‍ മത്സരത്തിലൂടെ നിറവേറ്റപ്പെടുന്നത് .ഒപ്പം ആണിന്റേത് മാത്രമായി വേര്‍തിരിക്കപ്പെട്ടിട്ടുള്ള ഇടങ്ങളെല്ലാം എല്ലാര്‍ക്കുമൊരുപോലെന്നവണ്ണം തിരിച്ചുപിടിക്കുക എന്നതും .
രാത്രിസഞ്ചാരം അപകടരഹിതമാകണമെങ്കില്‍ ,പൊതു ഇടങ്ങള്‍ െപാതു ഇടങ്ങള്‍ തന്നെയാകണമെങ്കില്‍ ലിംഗേതരഫുട്ബോള്‍ മത്സരം പോലെയുള്ള ശക്തമായ, വ്യത്യസ്തമായ പ്രതിരോധങ്ങള്‍ നാം കൂട്ടായ് ചേര്‍ന്ന് സംഘടിപ്പിക്കേണ്ടതുണ്ട്.ഇത്തരം കൂട്ടായ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് സമൂഹത്തെ പുരോഗമനപരമായ പല മാറ്റങ്ങളിലേക്കും വഴി തിരിച്ചുവിട്ടിട്ടുള്ളതും.