ഫെബ്രുവരി 28, ഇന്ത്യയുടെ സമുന്നത ശാസ്ത്രപ്രതിഭയും നോബല്‍ ജേതാവുമായ സി. വി. രാമന് രാമന് പ്രഭാവം ( Raman Effect) കണ്ടെത്തിയതിനെ അനുസ്മരിച്ചുകൊണ്ട് ശാസ്ത്രത്തിന്റെ ജനകീയവത്കരണത്തിനായി ഒരു ദിനം. “ ശാസ്ത്രം രാഷ്ട്ര നിര്‍മ്മാണത്തിന്” എന്നതാണ് ഈ വര്‍ഷത്തെ ദേശീയ ശാസ്ത്രദിനത്തിന്റെ തീം. ശാസ്ത്രരംഗത്ത് നിന്നുള്ള വിവാദങ്ങള്‍ ഇനിയും കത്തിതീരാത്ത അന്തരീക്ഷത്തിലാണ് ഇത്തവണത്തെ ദേശീയ ശാസ്ത്രദിനം വന്നെത്തുന്നത്.
ശാസ്ത്രം എന്നത് പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം സ്വീകരിക്കപ്പെടുന്നതും അതേ സമയം തെളിവുകളുടെ അടിസ്ഥാനത്തില്‍ എപ്പോള്‍ വേണമെങ്കിലും തിരുതിയെഴുതപ്പെടാന് സാധ്യത അവശേഷിപ്പിക്കുന്നതുമായ വസ്തുതകളുടെ, അറിവുകളുടെ ആകെത്തുകയാണ്. മാറ്റം എന്നാ സാധ്യതയെ അംഗീകരിക്കുമ്പോഴും ശാസ്ത്രത്തിന്റെ വിശ്വാസ്യത നിലനിര്‍ത്തുന്നത് തെളിവുകളുടെ ആധാരമാക്കിയുള്ള നിലനില്‍പ്പ് കൂടാതെ അതിന്റെ തനത് രീതിശാസ്ത്രമാണ്. അത് തന്നെയാണ് മറ്റ് വിശ്വാസങ്ങളില്‍ നിന്നും മതങ്ങളില്‍ നിന്നും ശാസ്ത്രത്തെ വ്യത്യസ്തമാക്കുന്നതും.
ദേശീയ ശാസ്ത്രദിനം ആചരിക്കപ്പെടുന്നത് ജനങ്ങളില്‍ ശാസ്ത്രാവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആണെന്ന് വിവക്ഷിക്കപ്പെടുന്നു. പക്ഷേ എത്രത്തോളം അത്തരം ഒരു ലക്ഷ്യം സാക്ഷാത്കരിക്കാന്‍ അല്ലെങ്കില്‍ അതിനായി ഒരു ശ്രമം മുന്നോട്ട് വെക്കാന്‍ പോലും അത് കൊണ്ട് കഴിഞ്ഞിട്ടുണ്ട്? കാലാകാലങ്ങളായി പിന്തുടരുന്ന വിശ്വാസ പ്രമാണങ്ങളുടെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ ശാസ്ത്രാവബോധം പ്രേരിപ്പിക്കും എന്നത് കൊണ്ട് തന്നെയാവണം അത്തരം ഒരുദ്യമം ഉണ്ടാകാതെ പോകുന്നതും. ശാസ്ത്രജ്ഞന്മാര് തന്നെ അധികാര കേന്ദ്രങ്ങളുടെ പിന്‍പറ്റി സാങ്കല്പിക കഥകള്‍ പ്രചരിപ്പിക്കാന്‍ നേതൃത്വം നല്കുന്ന, അന്ധവിശ്വാസങ്ങളുടെ പിന്‍പറ്റുന്ന ഇരുണ്ട കാലത്ത് ഔദ്യോഗിക ദിനാചരണത്തിന്റെ സഫലത ഊഹിക്കാവുന്നതേ ഉള്ളൂ. പക്ഷേ യാഥാര്‍ത്ഥ്യബോധത്തോടെ ശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ഈ ദിനം ഓര്‍മ്മിപ്പിക്കേണ്ട ചിലതുണ്ട്. ശാസ്ത്രം മനുഷ്യ വര്‍ഗ്ഗത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ മാത്രമുള്ളതല്ലെന്നും കാഴ്ചപ്പാടുകളുടെ നവീകരണത്തിലൂടെ ആരോഗ്യകരമായ സാമൂഹിക വ്യവസ്ഥ സൃഷ്ടിക്കാന്‍ കൂടി ശ്രമിക്കേണ്ടിയിരിക്കുന്നു എന്നും തിരിച്ചറിയണം.സ്വന്തം ജീവിതത്തില്‍ ശാസ്ത്രീയ രീതികള്‍ പുലര്‍ത്തിക്കൊണ്ട് കൂടിയാവണം അത്. ഒരു ദിനം കൊണ്ട് അവസാനിക്കുന്നതല്ല ഈ ദൗത്യം. ശാസ്ത്രീയാവബോധമുള്ള പ്രക്രുത്യുന്മുഖമായ ഒരു നവസമൂഹമാവട്ടെ നമ്മുടെ ലക്ഷ്യം. അതിനാവട്ടെ നമ്മുടെ എഴുത്തും പ്രവര്‍ത്തനങ്ങളും.