Vipin Kelembeth

ദൈവം എന്ന നിന്നെ പടച്ചത്
ഞങ്ങള്‍ മനുഷ്യരാണ്.

നിറങ്ങളും ചായ കൂട്ടുകളും ചേര്‍ത്ത്

നിന്നെ വരച്ചെടുത്തതും,

സതിയും രതിയും സ്ഥിതിയുമായി

കരിങ്കല്‍ പാളികളിള്‍

കടഞ്ഞെടുത്തതും

ഞങ്ങളില്‍ ചില മികവുറ്റവര്‍ ..

വ്യാസനും, വാല്മീകിയും നിന്റെ ചരിത്രം

വിശ്വസിക്കുംവിധം എഴുതിച്ചേര്‍ത്ത

മാനവകുലത്തിന്റെ പൂര്‍വികര്‍ .

ശ്രീകോവിലകങ്ങളുടെ തടവറയില്‍

നിന്നെ കുടിയിരുത്തിയത്

ഞങ്ങള്‍ക്ക്‌ തെറ്റുകള്‍ ചെയ്യാന്‍ .

സൃഷ്ടിയില്‍ തൊട്ടു ഞങ്ങല്‍

മനുഷ്യരിന്നു ഒരുപാട് വളര്‍ന്നിരിക്കുന്നു

പക്ഷെ നീയോ? ഞങ്ങള്‍ സ്രഷ്ടാക്കള്‍

നല്കിയ അസ്തിത്വവും പേറി

ശൈശവത്തില്‍ തന്നെ..

തീര്‍ഥാടകര്‍ ഞങ്ങളീ ഭൂമി തേടി വന്നവര്‍

മടുക്കുമ്പോള്‍ തിരിച്ചു പോകുവോര്‍

നീയോ..?

എന്റെ തലമുറകളുടെ

കൊള്ളരുതായ്മകളുംപേറി

ചുറ്റമ്പലങ്ങളിലെ ഹോമാഗ്നി പുകയില്‍

വേദസൂക്തങ്ങള്‍ക്കൊപ്പം വെന്തു തീരുന്നു.