Shyju Ravindran

ബാല്ല്യം
 

ബാല്ല്യമായിരുന്നിതെപ്പോഴും ഓര്‍മ്മയില്‍

ബാലനായ് വീണ്ടും വളരുവാനാശപോല്‍

ചേലും ചിറകും ചിരിമൊഴി മുത്തുമായ്

മൂല്ല്യം കുറയാത്തൊരെന്‍റെയാ ബാല്ല്യവും .

 

ഓലപ്പന്തിനായ് ഓടിക്കളിക്കുവാന്‍

ഓണപ്പൂവിറുത്തിട്ടാടി കളിക്കുവാന്‍

ഒന്നിച്ചുറങ്ങുവാന്‍ ഒപ്പം നടക്കുവാന്‍

ഓരോന്നു ചൊല്ലുവാന്‍ ഉണ്ണിക്കിടാങ്ങളും .

 

നാട്ടു വഴിയിലൂടോടി നടന്നിട്ടു

നാലുദിക്കും തേടി ഞാവല്‍ക്കനികളും

നന്മയും തിന്മയും വേര്‍തിരിച്ചറിയാതെ

നല്ലതുമാത്രം കാണുന്നിതെന്‍ ബാല്യം .

 

നട്ടുച്ച നേരവും പുതുമഴ ചാറ്റലും

ഒട്ടും നിനക്കാതെ മുറ്റത്തിറങ്ങുവാന്‍

പട്ടം പറത്തുവാന്‍ ഇഷ്ടം തുടങ്ങുന്നു

കുട്ടിക്കുറുമ്പുമായ് എന്നുമെന്‍ ബാല്ല്യവും .

 

അമ്മക്കു ചുറ്റിലും വട്ടമിട്ടന്നേരം

ആശിച്ചതെല്ലാം ഉരുളയായ് കൈകളില്‍

അച്ഛന്‍ മടിയില്‍ കുസൃതിക്കുടുക്കയായ്

ആദ്യം കയറുവാന്‍ എത്തുന്നിതെന്‍ ബാല്ല്യം .

 

ഏട്ടനു ദേഷ്യം പിടിപ്പിക്കയെങ്കിലും

നീട്ടുമീ കൈകളില്‍ മുത്തം തുളുമ്പിടും

മുട്ടുകുത്തി അടുത്തെത്തുന്നനുജനു

ഏട്ടന്‍റെ ദേഷ്യം നടിക്കുന്ന ബാല്ല്യവും .

 

മുത്തശ്ശി ചൊല്ലും പഴങ്കഥ പാട്ടിനായ്

ചിത്തം തുടിക്കുന്നതിപ്പൊഴും നിത്യവും

പുത്തനുടുപ്പിട്ടു കൊച്ചു പൂന്തൊട്ടിയില്‍

അത്തത്തിനായ് പൂക്കള്‍ തേടുന്ന ബാല്ല്യവും .

 

പാടവരമ്പത്ത് പാത്തും പതുങ്ങിയും

പൂത്തുമ്പിയെ തേടി പിഞ്ചു കരങ്ങളായ്

പൊയ്പ്പോയ ബാല്ല്യവും മിന്നിമറയുന്നു

പോയകാലം വെറും ഓര്‍മ്മകള്‍ മാത്രമായ് .