Vinod Vaisakhi

ബീഡി

വിരലിനുള്ളില്‍ വിലങ്ങനെ,

വിണ്ടതാം ചുണ്ടുതേടും

ചുരുണ്ട ചിന്തക്കുഴല്‍ .

 

ചുക്ക പോലെ -

വരണ്ടവര്‍ക്കിന്ധനം

ചിന്തകൊണ്ടു -

നരച്ചവര്‍ക്കോക്സിജന്‍

 

 

രാത്രിയില്‍ മഴക്കൊള്ളി-

കൊണ്ടോര്‍മയെ

ചേര്‍ത്തുരയ്ക്കും-

കവിയ്ക്കൊരോടക്കുഴല്‍.

 

പരിചിതരല്ലയെങ്കിലും

നേര്‍ക്കുനേര്‍

വന്നടുക്കുവാനീ-

സൗഹൃദക്കുഴല്‍

 

ഇല ചുരുട്ടി നിറയ്ക്കുന്ന

ഇന്ധന ക്ഷമതയാ-

ലിഴഞ്ഞോടുന്ന ജീവിത-

ച്ചുവടിലാടിപ്പൊളിഞ്ഞ-

പാളങ്ങളെ,കൂട്ടിവച്ചു

കിനാവുനല്‍കും കുഴല്‍

 

ഹൃദയഭിത്തി തുരക്കും

കരിമ്പുകച്ചുഴിയിതേറെ-

ക്കടുപ്പമറിഞ്ഞുനാം

പുകയെടുക്കുന്നു-

ഹൃല്‍സ്പന്ദനച്ചരടറ്റു

താളം

പിഴയ്ക്കാതിരിക്കുവാന്‍

 

സിഗ്നലായൊട്ട-

ണഞ്ഞു കത്തും

കുഴലറ്റമൂറ്റുന്ന

ഭ്രാന്തമാം ചുണ്ടുകള്‍

എന്നുമുണ്ടെന്നറി-

ഞ്ഞിരുള്‍പ്പാതയെ

പ്പിന്നിലാക്കി പ്പുക-

ഞ്ഞകലുന്നു നാം.

*എന്റെ നാട്ടില്‍ നക്സല്‍ പ്രസ്ഥാനത്തിലെ സുഗതനുണ്ടായിരുന്നു..ഞങ്ങള്‍ സ്കൂളിലേക്ക് പോകുമ്പോള്‍ സുഗതരാജ് കാല്‍ച്ചങ്ങലയില്‍ വഴിയരുകിലിരുന്ന് കൊതിയോടെ ബീഡി വലിക്കുന്നത് കാണാറുണ്ട് .