കടലേ,
എന്‍ പ്രിയരുടെ വാര്‍ത്തകള്‍
ചൊല്ലൂവേഗം
അവിശ്വാസികളുടെ ബന്ധത്തിലല്ലായിരുന്നുവെങ്കില്‍
ഞാന്‍ നിന്നിലേക്കൂളിയിട്ടെന്റെ
പ്രിയകുടുംബത്തിലണഞ്ഞേനെ
അല്ലെങ്കില്‍
നിന്റെ കൈകളില്‍ കിടന്നുമരിച്ചേനെ
നിന്റെ തീരങ്ങള്‍ വിഷാദമാണ്,
അത് തടവറയും വേദനയും അനീതി നിറഞ്ഞതുമാണ്
നിന്റെ കയ്പ്പ്
എന്റെ ക്ഷമകെടുത്തുന്നു
നിന്റെ ശാന്തത മരണമത്രേ
നിന്റെ കൊടുംതിരമാലകളെത്ര വിചിത്രം
നിന്നില്‍ നിന്നുയരുന്ന മൌനം
വഞ്ചനയെ വരിക്കുന്നു
ഇനിയും നിന്റെ മൌനം തുടര്‍ന്നാല്‍
അത് കപ്പിത്താന്‍ വകവരുത്തും
കപ്പലോട്ടക്കാരന്‍ തിരകളിലൊടുങ്ങും
നീ മൌനമായി
ബധിരവും മൂകവുമായി,
ഒന്നുമറിയാത്തപോലെ
കുപിതവേഗത്തില്‍
കുഴിമാടങ്ങളുണ്ടാക്കുന്നു.
കാറ്റ് നിന്നെ കുത്തിനോവിച്ചാല്‍
നിന്റെ അനീതി വെളിവാകും
കാറ്റ് നിന്നെ നിശബ്ദമാക്കിയാല്‍
ഏറ്റിറക്കങ്ങള്‍ മാത്രം
കടലേ,
ഞങ്ങളുടെ ചങ്ങലകള്‍
എന്നെ കളിയാക്കുന്നുവോ?
ഞങ്ങള്‍ ദിനംപ്രതി വന്നുപോകുന്നത്
നിര്‍ബന്ധംകൊണ്ടു മാത്രം
ഞങ്ങളുടെ പാപങ്ങള്‍ നിങ്ങള്‍ക്കറിയുമോ?
ഞങ്ങള്‍ ഈ ദു:ഖങ്ങളിലേക്ക് എടുത്തെറിയപ്പെട്ടവര്‍
കടലേ,
നീ ഞങ്ങളുടെ തടവറയില്‍ അലോസരമാകുന്നു
നീ ശത്രുക്കള്‍ക്കൊപ്പം ഞങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്നു
പാറകള്‍ അവയ്ക്കിടയില്‍ നടന്ന
പാതകങ്ങള്‍ നിന്നോട് പറഞ്ഞിട്ടില്ലേ?
കീഴടക്കപ്പെട്ട ക്യൂബ അതിന്റെ കഥകള്‍
നിനക്കായ് മൊഴിമാറ്റം ചെയ്യുന്നില്ലേ
മൂന്ന് കൊല്ലം നീ ഞങ്ങള്‍ക്കൊപ്പമിരുന്നിട്ടെന്തു നേടി?
കടലില്‍ കവിതയുടെ തോണികള്‍
എരിയുന്ന നെഞ്ചിലെ അണഞ്ഞ തിരി
കവിയുടെ വാക്കുകളാണ്
ഞങ്ങള്‍ക്ക് ലിപിമാതൃക
അവന്റെ കാവ്യമാണ്
ഞങ്ങളുടെ ഹൃദയത്തിനാശ്വാസം
---------------------------
കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഇംഗ്ലീഷ് ബിരുദ പാഠപുസ്തകത്തില്‍ നിന്നും അമേരിക്കന്‍ നിയന്ത്രിത കുപ്രസിദ്ധ ഗ്വാന്റിനാമോ ജയിലിലെ തടവുകാരനായിരുന്ന ഇബ്രാഹിം അല്‍ റുബൈഷിന്റെ കവിത Ode to the Sea ; കവി തീവ്രവാദിയെന്ന ആരോപണത്തെത്തുടര്‍ന്ന് ഏകപക്ഷീയമായി ഒഴിവാക്കപ്പെട്ടിരിക്കുന്നു. അറിവുകളുടെ ജനാധിപത്യവല്‍ക്കരണത്തിനായുള്ള സംവാദങ്ങള്‍ സജീവമാകുന്ന നവ സാംസ്ക്കാരിക പരിസരത്തില്‍, പഠനത്തിനായി തിരഞ്ഞെടുക്കപ്പെട്ട കവിതയുടെ കാവ്യാത്മകതയും സന്ദേശവുമാണ് പ്രസക്തമെന്ന നിലപാടു പിന്‍പറ്റുന്നവര്‍ നിരവധിയുണ്ട് . കവിയുടെ വ്യക്തിഗത വിവരങ്ങള്‍ കവിതയേക്കാള്‍ പ്രസക്തമെന്നു കരുതുന്നവരും അനവധി ..
ആവിഷ്ക്കാര സ്വാതന്ത്രം ആരുടെ തോന്നലാണ് ?
അക്ഷരം മാസിക സംഘടിപ്പിക്കുന്ന സംവാദ പരമ്പരയെ നിലപാടുകളാല്‍ സമ്പുഷ്ടമാക്കുമല്ലോ ..