Rahul S

ഒരൊറ്റ വാക്ക്
നീ തന്ന
മിട്ടായിക്കവറുകള്‍
നെഞ്ചോടു ചേര്‍ത്ത്
പോക്കറ്റില്‍ ഒളിപ്പിക്കാനായിരുന്നു
ഏറെയിഷ്ടം.
കവികള്‍ പാടിയ
ചെത്തിയും മുല്ലയും
ചെഞ്ചാറു ചുരത്തിയ ചെമ്പരത്തിയും
തേന്‍ കുടിച്ച തെറ്റിയും
ഞെട്ടറ്റുനരച്ചുപോയ്.
ഒരുപിടി സ്വപ്നങ്ങള്‍
എന്നോ അടച്ച പുസ്തകത്തില്‍
കോറിയിട്ടിട്ടുണ്ട്.
വെളിച്ചം പാകിയ
മിന്നാമിനുങ്ങും
അതില്‍ പെട്ടതോര്‍ത്തുപോകുന്നു.
ഓരോ മഴയിലും
നിന്റെ താളം, ലയം.
ഇത്രമാത്രം കരയാന്‍
മേഘങ്ങളാരെയാകാം പ്രണയിച്ചത് ?
മുങ്ങിയ കളിവഞ്ചികളില്‍
നിനക്കായി കുറിച്ച
കവിതകളായിരുന്നു.
മഷിപടര്‍ന്നുചത്തത്
നമ്മുടെ സ്വപ്നങ്ങള്‍.
ഇനിയെഴുതുവാന്‍
വാക്കുകള്‍ കൂട്ടിനില്ല.
ഒരൊറ്റ വാക്കു മാത്രം
ഓര്‍മ്മയുണ്ട്
‘നീ’.