Chathuri Mohan

കാളിന്ദി

ചെയ്യാതെ പോയി ഞാനത്രയും പുണ്യം

നിന്‍ കാലടി ചൂടുന്ന പൂവായി മാറാന്‍

വയ്യാതെ പോയെനിക്കിത്രയും ജന്മം നിന്‍

കുഴല്‍ വിളി തേടുന്ന പയ്യായ്പിറക്കാന്‍

 

ആമയമാറ്റുന്നോരാനന്ദ രൂപന്റെ

കോലക്കുഴല്‍ നാദം കേള്‍ക്കാതെ പോയിവള്‍

മാറിലെ മന്ദാര മാലയും മൌലിയില്‍

മാമയില്‍ പീലിയും കാണാതെ പോയിവള്‍

 

ചേലെഴും നിന്നുടെ ചെഞ്ചുണ്ടിലൂറുന്ന

തേനുണ്ണുവാൻന്‍ തെല്ലും മോഹിച്ചതില്ലിവള്‍

കോമളരൂപന്റെ കണ്ണുകളെയ്യുന്ന

കൂരമ്പാലേറ്റം പിടഞ്ഞതില്ലെന്നുള്ളം

 

കാമസ്വരൂപന്‍ നിന്‍ കരവലയത്തില്‍ കേഴും

കാമിനിയാമൊരു ഗോപികയല്ല ഞാന്‍

കണ്ണന്റെ കഴലിണ കഴുകാതെ പോകയാ

കണ്മഷയയൊരു കാളിന്ദിയാണു ഞാന്‍