ഇത്തിരി മുടന്തുള്ളോ-
രാളെന്റെ മുന്നില്‍ വന്നു;
പുസ്തകക്കെട്ടൊന്നുണ്ടാ
കൈകളില്‍ താങ്ങീടുന്നു.
കാലു വയ്യാത്തോനാണെ-
ന്നാദ്യമേ ചൊല്ലീ പിന്നെ
കയ്യിലെ ഗ്രന്ഥക്കൂട്ടം
നീട്ടി നില്‍ക്കുന്നു മുന്നില്‍.
"പുസ്തകമൊന്നെങ്കിലും
വാങ്ങുക, സഹായിയ്ക്ക!
കാലു വയ്യാത്തോനീ ഞാന്‍!"
ചൊല്ലുന്നു വീണ്ടും വീണ്ടും.
പാചകക്കുറിപ്പുകള്‍,
നാമകീര്‍ത്തനങ്ങള്‍ പി-
ന്നേബിസീഡിപ്പുസ്തകം
കളറിംഗ് സഹായിയും.
എനിക്കു വേണ്ടല്ലോയി-
പ്പുസ്തകമൊന്നും, വേറെ-
യെങ്ങനെ സഹായിക്കും?
പണമായ് കൊടുത്താലോ?
ഏതെടുത്താലും പത്തു
രൂപയേയുള്ളൂ, എങ്കില്‍
വേണ്ടയെന്നാലും ചുമ്മാ
വാങ്ങുകയല്ലേ നല്ലൂ?
പണമായ് കൊടുത്തീടില്‍
വ്രണമായേക്കാമയാള്‍-
ക്കഭിമാനത്തി,ന്നപ്പോള്‍
പുസ്തകം തന്നേ നല്ലൂ.
എന്താണ് ചെയ്യേണ്ടതെ-
ന്നങ്ങനെ ചിന്തിച്ചും കൊ-
ണ്ടിത്തിരി നേരം കണ്ണും
മിഴിച്ചു നിന്നേ പോയി.
"തലയ്ക്കു സുഖമില്ലാത്തോ-
രെന്തു വായിക്കാനല്ലേ!"
പുസ്തകക്കെട്ടും കൊണ്ടാ
വില്‍പ്പനക്കാരന്‍ പോയി!