Vibhu Pirappancode

ചിലർ

 

Vibhu Pirappancode

ചിലരുണ്ട്..
പുലരിയിൽ വന്നറിയുമോയെന്നുചോദിക്കുന്ന
സുഖദസ്വപ്നം പോലെ..
വെറും സ്വപ്നമാണെങ്കിലും
രാവിലെ കാണുന്ന സ്വപ്നം ഫലിക്കുമെന്ന
വാടിക്കരിഞ്ഞ കൊഴുന്നു മണമൊഴുകുന്നോർമ്മയിൽ.
ഒരു ചിരിയൊരു വാക്കിലൊതുക്കുമുപചാര തേൻമൊഴി
പലമൊഴിയൊളിപ്പിച്ച പരിഭവത്തിൻ ധ്വനി..
എന്നാണെവിടെവച്ചേതു പെരുവഴിയിൽ
വന്നാലൊരാൾക്കൊഴിയും ചെറുവഴിയിൽ
ഒന്നു കടന്നു പോകുമ്പോളറിയാതെയന്യോന്യം
നീട്ടിയുടക്കും മിഴിക്കോണിലന്നോളം പൂക്കാത്ത
ചെന്നിറം തിങ്ങും മനസ്സിൻറെ നൻമൊഴിയിൽ.

ചിലരുണ്ട്
കത്തിയെരിഞ്ഞു പകൽ തന്നു മറയുന്ന സത്യസാക്ഷികളല്ല..
ഇരവിൻറെ കട്ടിക്കയത്തിലാഴതിരിക്കുന്ന വെട്ടപ്പെരുക്കവുമല്ല.
കാലത്തിനപ്പുറമെരിഞ്ഞു തീർന്നപ്പൊഴുമാദ്യദ്യുതിയായുറയുന്ന

തിങ്കൾ പോലെ ചിലർ.
അന്തിത്തിരി മാത്രമാരോ കൊളുത്തുന്ന
നാട്ടമ്പലത്തിന്റെയാൽത്തറച്ചുറ്റിൽ 
നാഗനാളങ്ങളായാളാതെ
കാറ്റണച്ചിട്ടും വെറുതെ സ്പന്ദിച്ചവർ
എണ്ണ ക്കരിയിലലിഞ്ഞു മറഞ്ഞവർ.
തൊട്ടടുക്കുന്നു നെററിയിൽ ചാർത്തുവാൻ.

ചിലരുണ്ട്
പൂത്തിറയാടാതെ പൂവിതളാർദ്ദതയായവർ.
കൂലമെടുക്കാതെ കുളിരായറിഞ്ഞവർ
കുംഭമാസപ്പുഴയായൊഴുകുമ്പോഴും
കുമ്പിൾ നിറയെ തരാൻ കൊതിയുളളവർ
പട്ടിണിക്കാലപ്പരലുപ്പു കലർത്തിയ
കഞ്ഞിത്തെളിയിലൊളിപ്പിച്ച വററിൻറെ
വെൺമ പോൽ നൻമപോലെന്നുമെന്നും ചിലർ.
ഏറിയ ഭാണ്ഡങ്ങളേൽപ്പിച്ചു വഴിമടങ്ങുന്ന കാലത്ത്
കുളിരും തെളിച്ചവുമിവിടെയുണ്ടാകുമോ?
പുലരിയിൽ കണ്ട സ്വപ്നമല്ലേ
മൊഴിക്കൊഴുന്നിൻറെ മണമല്ലേ?