Sreevaraham Murali

പ്രണയം പകുത്തയാൾ

Sreevaraham Murali

സായന്തനസൂര്യൻ തൂകുമൊരരുമയാംവസന്തത്തിൻ മൃദുമന്ദഹാസങ്ങളൊക്കെയും
കൺചിരാതുകളിലൊഴിച്ചും കുടിച്ചും,കുന്നിൻചരുവിനെത്തഴുകും
കാറ്റിൻകാതിൽ രാവേറെകണ്ട രാഗസ്വപ്നത്തിൻ കഥയാകെ
വാമൊഴി ചൊല്ലിയും,പ്രണയത്തിൻ ചിറകുകൾ ഉടലിലേറ്റിയുമയാളൊരു
പറവയാകുകയായിരുന്നു !

സന്ധ്യാംബരത്തിൻ മൗനനൊമ്പരങ്ങളിലുമവളുടെ
മഞ്ഞൾ ഗന്ധമൂറും മുഖക്കുരു കവിളിണയിലും
ദ്രുതമിറങ്ങിവരും സ്വേതബിന്ദുക്കളിലുമയാളുടെ
കണ്ണുകൾ ചുണ്ടുകൾക്കൊപ്പമൊരു
യാത്ര പോകുകയായിരുന്നു!
കുന്നുകൾക്കൊപ്പം
ആകാശത്തേയ്ക്ക്!
കിതപ്പിൻ കടിഞ്ഞാണുകൾ പൊട്ടിയ പട്ടമായി പാറുകയായിരുന്നയാൾ!

പൂക്കൾ വിടരുന്നതും
കിളികൾ തേൻ നുകരുന്നതും
പരിഭവമുണർത്തുമാ മനസിന്റെയാഴങ്ങളിൽ
മുങ്ങിത്താണയാൾ പവിഴപ്പുറ്റുകൾ തീർത്തു.
പ്രണയ നൂലിഴകളിൻ വൽമീകത്തിൽനിന്നയാൾ
മൗനത്തിൻ വയൽവരമ്പുകൾ
വകുന്നും, കായലോളങ്ങളിൽ
കാറ്റ് കടം കൊണ്ട മുത്തുകൾ പെറുക്കിയും
പ്രണയംപകുത്ത ഉടൽപാതിയെത്തേടിയലഞ്ഞു.
ഒടുവിലായുടലൂരിയെറി
ഞ്ഞയാളൊരു നദിയായി
കടൽ നെഞ്ചിലേക്കൊഴുകി
വർഷമേഘമായവളിൽ പെയ്തിറങ്ങാനായി!