Maya Avani

മഴയെ വരച്ചിടുന്നത്

Maya Avani

എന്നിൽ ചേക്കേറുന്ന ഏകാന്തതയുടെ
ഓരം ചേർന്നിരുന്ന് ഞാനൊരു മഴയെ
വരച്ചിട്ടും, ഇടിയും മിന്നലുമില്ലാതെ
തെളിഞ്ഞുപെയ്യുന്നൊരു മഴയെ,
പിന്നെ ഞാനാമഴയിലൂടെ ഇറങ്ങിനടക്കും.

പതുക്കെ ഞാനാമഴയെ മായ്ക്കും,
മഴതോർന്നൊരു രാവിനെയും നിലാവിനെയും
നക്ഷത്രത്തെയും ചന്ദ്രനെയും വരയ്ക്കും.

നിറയെ മൊട്ടുകൾ നിറഞ്ഞൊരു മുല്ല,
ചെമ്പകത്തെ ചുറ്റി ആകാശത്തിലേക്ക് മിഴിയെറിഞ്ഞുനിൽക്കും,
രാവുതീർന്ന് പുലരിതെളിയെ മൊട്ടുവിടർന്ന് പൂവാകും,
വരച്ചിടാതൊരു വസന്തം വന്നുചേരെ
ഞാനെന്റെ ഏകാന്തതയെ വിട്ട് വസന്തത്തിനൊപ്പം ചേക്കേറും.

ഋതുകൾ മാറിമാറിവരുന്നതും,
ഒരിക്കലും പൂക്കാതെപോയ ഒരു മരത്തിന്റെ
കാത്തിരിപ്പിന്റെ കഥ പറഞ്ഞുതരുന്നതും,
ഓരോവേനലിലും മഴയെപ്രാർത്ഥിക്കുന്ന
വിത്തുകളെ കാട്ടിത്തരുന്നതും ഈ ഏകാന്തതയാണ്.

ഞാനെന്റെ ഉന്മാദാവസ്ഥയിൽ നർത്തനമാടുന്നതും പാടുന്നതും,
ചെമ്പക്കാടായി ഉണർന്നുലയുന്നതും
ഇതേ ഏകാന്തതയുടെ കൈ പിടിച്ചാണ്.