Subramannian T R

സമരങ്ങളുടെ രാഷ്ട്രീയം ; വിരുദ്ധതയുടേയും

"The history of all hitherto existing society is the history of class struggles."

അതിങ്ങനെയും വായിക്കാം, നാളിതുവരെയുള്ള ലിഖിതപ്പെട്ട ചരിത്രം സമരങ്ങളുടെയും അവയ്ക്കെതിരായ സമരങ്ങളുടെയും ചരിത്രമാണ്.

നിലവിലുള്ള വ്യവസ്ഥയെ ചോദ്യം ചെയ്യുന്നവരെ കുരിശ്ശിലേറ്റുക, വിഷം കൊടുക്കുക , അതുമല്ലെങ്കില്‍ തടവിലാക്കുക എന്നത് ആ വ്യവസ്ഥയെ സംരക്ഷിക്കേണ്ടവരുടെ ബാദ്ധ്യതയാണ്. ലോകത്തുണ്ടായ എല്ലാ മാറ്റങ്ങള്‍ക്കുപിന്നിലും സാധാരണക്കാരുടെ ചോരയില്‍ കുതിര്‍ന്ന സമരത്തിന്റെ, പോരാട്ടത്തിന്റെ ചരിത്രമാണ് പറയാനുണ്ടാകുക. അതതു കാലഘട്ടങ്ങളില്‍ സമരക്കാര്‍ക്ക് സമരവിരുദ്ധരോടും കലഹിക്കേണ്ടി വന്നീട്ടുണ്ട് എന്നതും ചരിത്രമാണ്.

സമരമെന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മുഖം ചുളിയുന്നത്‌ നമ്മളില്‍ രൂപപ്പെടുത്തിയെടുത്ത സാമാന്യബോധത്താലാണ്. വ്യവസ്ഥയുടെ നിലനില്പിന്നാവശ്യമായ ഓക്സിജന്‍ സാമാന്യ ബോധമായി സാമാന്യജനതക്ക്മേല്‍ കെട്ടിവെക്കുന്നത് ആ വ്യവസ്ഥയുടെ എണ്ണത്തില്‍ കുറഞ്ഞ ഗുണഭോക്താക്കളുടെ പ്രധാന കര്‍ത്തവ്യമാണ്.

ഫ്രാന്‍സിലെ പ്രഭുക്കന്മാരും പുരോഹിതവര്‍ഗവും കാലങ്ങളായി രൂപപ്പെടുത്തിയെടുത്ത കോമണ്‍സെന്സിനെതിരായി ഫ്രഞ്ച് കോമണ്‍സിനുണ്ടായ രാഷ്ട്രീയ അവബോധത്തിന്റെ പരിണിതഫലമാണ് 1789 ലെ ഫ്രഞ്ച് വിപ്ലവം.സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയ പ്രക്ഷോഭകാരികളെ പരിഹസിക്കാനും തുറന്നെതിര്‍ക്കാനും വലിയൊരു മാധ്യമപ്പടതന്നെ തയ്യാറായി നിന്നിരുന്നു. പക്ഷെ അവരുടെ ലേഖനങ്ങള്‍ക്കും കാര്‍ടൂണുകള്‍ക്കും മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങളെ ലോകചരിത്രത്തില്‍ ഒരു നാഴികകല്ല്‌ നാട്ടുന്നതില്‍ നിന്നും പിന്തിരിപ്പിക്കാനായില്ല.

പോരാട്ടം കൂടാതെ ആരും തന്നെ സൌജന്യമായി അവകാശങ്ങള്‍ അനുവദിച്ചു തന്ന ചരിത്രം ലോകത്തെങ്ങും കാണാനാകില്ല. വനിതകളുടെ വോട്ടാവകാശത്തിനായി ലോകമെങ്ങും സമരം നടത്തീയീട്ടു ഒരു നൂറ്റാണ്ടു പോലും തികഞ്ഞീട്ടില്ല.കറുത്ത വര്‍ഗക്കാരെ മനുഷ്യരായി അംഗീകരിക്കാന്‍ ലോകത്തെമ്പാടും നടത്തീയീട്ടുള്ള പോരാട്ടങ്ങള്‍ ഒരു ചരിത്രത്തിനും വിസ്മരിക്കാനാകില്ല. സവര്‍ണ്ണ , സമ്പന്ന, പുരുഷ ആധിപത്യം എല്ലാ രംഗത്തും നിറഞ്ഞു നിന്നിരുന്നു. അത് ഇന്നും നാം ഭാഷയിലൂടെയും പഴഞ്ചൊല്ലുകളിലൂടെയും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ഗാന്ധിജി ലോകം മുടിക്കാന്‍പിറന്ന അന്തിക്രിസ്തുവാണ് എന്ന് മലയാളമനോരമ എഴുതുന്ന കാലത്ത് അവരുടെ നെറ്റിയിലൊട്ടിചിരുന്ന എംപ്ലത്തില്‍ പാറി പറന്നിരുന്നത് ബ്രിട്ടീഷ് പതാകയായിരുനു എന്നത് യാതൃശ്ചികമല്ല.ബ്രിട്ടീഷുകാര്‍ ഇന്ത്യവിടുമെന്ന് ഉറപ്പായപ്പോള്‍ തിരുവിതാംകൂര്‍ രാജചിന്ഹമായ ആനകളും ശങ്ഖും ആ സ്ഥാനത്തിരുന്നതും യാതൃശ്ചികമാകാന്‍ ഇടയില്ല.മനോരമയുടെ നടത്തിപ്പുകാര്‍ക്ക് ജയില്‍വാസമനുഷ്ടിക്കേണ്ടിവന്നത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായല്ല, മറിച്ച് നാഷണല്‍ ക്വയിലോണ്‍ ബാങ്ക് തട്ടിപ്പിനെ തുടര്‍ന്നാണ്‌ എന്നും അറിയുന്നവര്‍ ഒരുപാടില്ല എന്നതിനാലാണ് ബിസിനസ്സിലോളിപ്പിച്ച രാജ്യസ്നേഹം പ്രകടിപ്പിക്കാന്‍ അവര്‍ക്ക് അവസരം ലഭിക്കുന്നത്.

സ്വന്തം മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ ചരിത്രമുള്ള മാതൃഭൂമിയുടെ ചിത്രം തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ പത്രത്തിലൂടെ ശ്മശാനഭൂമിയുടെ സംസ്കാരം പ്രചരിപ്പിക്കാന്‍ വേണ്ടത്ര മുന്‍കാല പരിചയം ഇല്ലാത്തതിന്റെ പോരായ്മകള്‍ അവരുടെ ധീര,വീര പ്രവര്‍ത്തനങ്ങളില്‍ പലപ്പോഴും പ്രകടമാകാറുണ്ട്‌.

പ്രീ പൈഡ് ന്യൂസുകളുടെ കഥകള്‍ നമ്മോടു പറയുന്നത്, നമുക്ക് ചുറ്റുമുള്ളത് എല്ലാം യാതൃശ്ചികമോ സ്വാഭാവികാമോ അല്ല എന്നും ഒരു -pre -മുന്‍ നിശ്ചയപ്രകാരമുള്ള അജണ്ട എല്ലാറ്റിലും ഒളിഞ്ഞു കിടക്കുന്നു എന്നുള്ളതാണ്.

ചാന്നാര്‍ സ്ത്രീകള്‍ മാറുമറയ്ക്കാന്‍ നടത്തിയ പോരാട്ടം മുഖ്യധാരക്ക്‌ വെറും ചാന്നാര്‍ ലഹള മാത്രമാണ്. 1915 ളെ പെരിനാട് സമരത്തിലൂടെയാണ്‌ കീഴ്ജാതിക്കാര്‍ക്കും മാറ് മറയ്ക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചത്.അരയ്ക്കു മുകളില്‍ തുണിയിട്ടുചെന്നാല്‍ സ്ത്രീകളുടെ മാറുതന്നെ ഛെദിച്ചു കളഞ്ഞിരുന്ന അവസ്ഥക്കാണ്‌ അന്ന് മാറ്റം ഉണ്ടായത്.കുടചൂടരുത്,പാദരക്ഷപാടില്ല , പശുവിനെ കറക്കരുത്,സ്വര്‍ണാഭരണം തീരെ പാടില്ല , എന്തിനേറെ ഉച്ചാരണ ശുദ്ധിയോടെ സംസാരിക്കുന്നതുപോലും താഴ്ന്ന ജാതിക്കാരെ സംബന്ധിച്ചിടത്തോളം മുക്കാലിയില്‍ കെട്ടിയടിക്കാന്‍ പോന്ന കുറ്റമായിരുന്നു.

ഇന്നും ഇന്ത്യയില്‍ ചിലയിടങ്ങളില്‍ ചത്തപശുവിനെ തൊലിയുരിഞ്ഞ ദളിതനെ ജീവനോടെ തൊലിയുരിയുന്നതിന്റെ പ്രധാന കാരണം, അവിടെ ഒരു അംബേദ്‌കര്‍ മാത്രമേ ജീവിച്ചിരുന്നുള്ളൂ എന്നതാകാം.അയ്യങ്കാളി മുതല്‍ ശ്രീനാരായണഗുരു വരെയുള്ള നവോത്ഥാന സമര നായകന്മാരുടെ നീണ്ട നിരയാല്‍ സമ്പന്നമാണ് കേരള സംസ്കാരം.

നാല്‍ക്കാലികള്‍ക്ക് പോലും യഥേഷ്ടം സഞ്ചരിക്കാമായിരുന്ന ഇടത്ത് ഇരുകാലികളായ മനുഷ്യര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം ലഭിക്കുന്നതിനായി വൈക്കത്ത് സമരമേറെ നടത്തേണ്ടിവന്നു.ദൈവത്തിനു മുന്നില്പോലും ജാതീയമായ വിവേചനമനുഭവിച്ചര്‍ രണ്ടാംകിടക്കാരായിരുന്നു. ഇവരുടെ വിശ്വാസം സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു കമ്യൂണിസ്റ്റ് കാരുള്‍പ്പെടെ നടത്തിയ ഗുരുവായൂര്‍ സത്യാഗ്രഹം.

പഴയകാലത്ത് കമ്യൂണിസ്റ്റ് നേതാക്കളെ ജീവനോടെയോ അല്ലാതെയോ പിടിച്ചുകൊടുക്കുന്നവര്‍ക്ക് ഗവര്‍ന്മെന്റ്റ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സമരത്തിനെതിരായി സമരം ചെയ്യുന്നവര്‍ക്ക് ഇന്നു പ്രഖ്യാപിക്കുന്ന മാധ്യമ പാരിതോക്ഷിതങ്ങള്‍ അതാണ്‌ ഓര്‍മ്മപ്പെടുത്തുന്നത്‌. ഔസെഫ് കൊച്ചാണെങ്കിലും ചെയ്യുന്നത് വലിയ കാര്യം തന്നെയാണ്, ചില വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം.

മുന്‍ മുഖ്യമന്ത്രി ശ്രീ കരുണാകരന്‍ ഒരിക്കല്‍ മനോരമയില്‍ എഴുതിയത്, താന്‍ ആദ്യമായി തിരുവനന്തപുരം സന്ദര്‍ശിച്ചപ്പോള്‍ കണ്ട മനോഹരമായ കാഴ്ച, തിരുവിതാംകൂര്‍ രാജാവിന്റെ പരിവാര സമേതമുള്ള യാത്രയും റോഡരികിലുള്ള ജനങ്ങളുടെ സാഷ്ടാംഗപ്രണാമവുമായിരുന്നു. അദ്ദേഹത്തിനെതിരെ നവാബ് രാജേന്ദ്രന്‍ ഒരിക്കല്‍ നല്‍കിയ പരാതി ശ്രീ കരുണാകരന്റെ സന്ദര്‍ശനവേളയില്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന പോലീസിനെതിരായിരുന്നു.അന്നൊന്നും നമുക്കിടയില്‍ ഒരു കൊച്ചു ഓസേഫോ സന്ധ്യയോ ഉദിച്ചുയര്‍ന്നിരുന്നില്ല .

കേരളത്തിലെ കമ്യൂണിസ്റ്റ് സമരങ്ങളുടെ ഫലമാണ് അവരുടെ നേതൃത്വത്തില്‍ രൂപംകൊള്ളുന്ന മന്ത്രിസഭകള്‍ . അതിനെ എതിര്‍ക്കുന്ന സമരമായിരുന്നു വിമോചന സമരം.ആ സമരത്തെ പിന്തുണക്കാന്‍ നമ്മുടെ മുഖ്യധാരകള്‍ മാത്രമല്ല സാക്ഷാല്‍ അമേരിക്കന്‍ ചാര സംഘടനപോലും മുന്നിട്ടിറങ്ങി.

കേരള സര്‍വ്വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ സുരേഷ് കുറുപ്പ് എന്ന ചുവന്ന നേതാവ് ജയിച്ചുകയറുന്നത്വരെ വിദ്യാര്‍ഥി രാഷ്ട്രീയം നമുക്ക് അലര്‍ജിയുണ്ടാക്കിയിരുന്നില്ല. അവരുടെ തുടര്‍ച്ചയായ ചുവപ്പ് വിജയങ്ങള്‍ നമ്മെ പതുക്കെ പതുക്കെ വിദ്യാര്‍ഥി രാഷ്ട്രീയതിനെതിരായി സമരം ചെയ്യാന്‍ ; അതിനുവേണ്ട സാമൂഹ്യ ബോധം വളര്‍ത്തിയെടുക്കാന്‍ നമ്മെ പ്രേരിപ്പിച്ചു.ആദ്യ കമ്യൂണിസ്റ്റ് ഗവര്‍ണ്മെന്റിനെതിരെ കല്ലെറിയാന്‍ വിദ്യാര്‍ഥി നേതാക്കളെ കല്ലെറിയാന്‍ പ്രേരിപ്പിച്ചതും ഈ നമ്മള്‍ തന്നെയായിരുന്നുവെന്ന് മുഖ്യധാര മറക്കുന്ന വിഷയങ്ങളാണ്, അല്ലെങ്കില്‍ മറയ്ക്കുന്ന വിഷയങ്ങളാണ്.

നമ്മളെങ്ങനെ നമ്മളായി എന്ന് നമ്മളോര്‍ക്കുമ്പോള്‍ മുഖ്യധാരയുടെ കുതന്ത്രങ്ങള്‍ പോളിയുകതന്നെചെയ്യും. സ്വന്തം കുഞ്ഞിനെ സൂചികൊണ്ട് കുത്താനായി നേര്സിനെ നാം ഏല്‍പ്പിക്കുന്നത്, അതിന്റെ രോഗം മാറ്റാനാണ്. അതോടൊപ്പം സ്വന്തം കുഞ്ഞിന്റെ ജീവനെടുക്കുക എന്ന ലക്ഷ്യത്തോടെ അതിനെ കുത്താന്‍ വരുന്ന സമരാഭാസങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കുക തന്നെ വേണം.