ചിലത് അങ്ങിനെയാണ് .. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ബോധപൂര്‍വ്വം അകന്നു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നവ.. സജിന്റെ അസാന്നിധ്യത്തെ എന്തുകൊണ്ടാണ് ഇപ്പോഴും ഉള്‍ക്കൊള്ളാനാകാത്തത് ... ആഗസ്റ്റിലെ അവസാന വ്യാഴാഴ്ച്ചയായിരുന്നു അത് . ധനുവച്ചപുരം ഐ.ടി.ഐ- യില്‍ എസ്.എഫ്.ഐ. പ്രകടത്തിനു നേരെ സം ഘപരിവാര്‍ ഏകപക്ഷീയമായ നിലയില്‍ ബോംബും മാരാകായുധങ്ങളുമായി കായികാക്ക്രമണം നടത്തുകയായിരുന്നു. സജിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരിക്കുന്നു . ആശുപത്രികിടക്കയിലും അവന്റെ കണ്ണുകളില്‍ പ്രതിഷേധത്തിന്റെ കൊടുംകാറ്റു കണ്ടു. യാങ്കികളുടെ യന്ത്രത്തോക്കിനു മുന്‍പില്‍ നിരായുധനായ് മരണത്തെ മുഖാമുഖം കണുമ്പോള്‍ ധീര വിപ്ലവകാരി ചെ ഗുവേരയും ഇങ്ങനെ തന്നെ ആയിരിക്കണം .
അവന് 19 വയസ്സേ ഉണ്ടായിരുന്നുള്ളൂ. പഠനത്തിനൊപ്പം കുടുംബം പോറ്റാന്‍ സജിന്‍ ചെറു ജോലികള്‍ ചെയ്തു വന്നു. മരുതൂര്‍ക്കോണം പട്ടം താണുപിള്ള മെമ്മോറിയല്‍ സ്കൂളിലെ പഠന കാലയളവില്‍ തന്നെ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. മികച്ച സംഘാടകന്‍. എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന നിരന്തരമായ ആര്‍ എസ് എസ് അതിക്ക്രമണങ്ങള്‍ക്കെതിരെ സജിനും സഖാക്കളും പ്രതിരോധം തീര്‍ത്തു. അനുബന്ധമായി പലവിധം കടന്നാക്ക്രമണങ്ങള്‍ക്കു വിധേയനായി. രക്തനക്ഷത്രാങ്കിത ശുഭ്ര പതാകയെ ഹൃദയം ചേര്‍ത്ത് സജിന്‍ ഉയര്‍ത്തിപ്പിടിച്ച സാമൂഹിക പ്രതിബദ്ധത രാഷ്ഷ്ട്രീയ ഭേദമെന്യേ അനുമോദിക്കപ്പെട്ടിരുന്നു.കുട്ടികളുടെ ദൈനംദിന പ്രശ്നങ്ങളിലടക്കം മികച്ച നിലയിലാണ് സജിന്‍ ഇടപെട്ടുകൊണ്ടിരുന്നത്.
ആശുപത്രിയില്‍ നിന്നും മകന്റെ ശരീരം ഏറ്റുവാങ്ങുമ്പോള്‍ ആ പിതാവിന്റെ കണ്ണുകളില്‍ നിസ്സഹായത നിഴലിച്ചു നിന്നു; ഏതു കല്‍ക്കെട്ടുകളേയും അലിയിപ്പിക്കുന്നത്. ജനാവലി ഐ.ടി.ഐ.-യില്‍ എത്തിയിരിക്കുന്നു. രക്തപതാകയില്‍ സഖാവിന്റെ ചേതയറ്റ ശരീരം കിടത്തിയിരിക്കുന്നു. കൂട്ടുകാര്‍ മുദ്രാവാക്യം മുഴക്കിക്കൊണ്ടിരുന്നു.. 'ഇല്ല . ഇല്ല മരിച്ചിട്ടില്ല'.. .. .., സഖാവ് സജിന്‍ മരിച്ചിട്ടില്ല. ചികിത്സയിലായിരുന്നപ്പോള്‍ കാണാനാകതിരുന്ന സജിന്റെ പ്രിയ നിര്‍മ്മല ടീച്ചര്‍ അവ കെട്ടിപ്പുണര്‍ന്ന് കരഞ്ഞുകൊണ്ടിരുന്നു.
" സജിന്റെ വീട്ടിലെത്തിയിരിക്കുന്നു. എവിടെനിന്നോ ഒരു പതിഞ്ഞ കാറ്റുവീശുന്നുണ്ട് ; ചോര മണക്കുന്നത്. മുറ്റത്തെ പടുകൂറ്റന്‍ ആഞ്ഞിലി മരത്തില്‍ സജിന്‍ കോറിയിട്ട മുദ്രാവാക്യങ്ങള്‍ തെളിഞ്ഞു നില്‍ക്കുന്നു. ' സ്വാതന്ത്രം, ജനാധിപത്യം, സോഷ്യലിസം'.. അതിലേക്ക് ഞാന്‍ കൈയെത്തിച്ചു. സജിന്‍ എന്നെ തൊടുന്നതായി തോന്നി. അവന്റെ വിരലുകള്‍ക്ക് നല്ല ചൂടുണ്ടായിരുന്നു. അവന്‍ ഇന്‍ക്വീലാബ് മുഴക്കാന്‍ ആവശ്യപ്പെട്ടു"
നാടിനും വീടിനും പ്രിയങ്കരനായ ഒരു കൗമാരക്കാരനെ എന്തിനാണ് ആര്‍ എസ് എസ് ആരുംകൊല ചെയ്തത്. ശരിയെ തെറ്റിനാല്‍ നേരിടുന്ന സംഘപരിവാര്‍ അജണ്ട ആദ്യം നടപ്പിലായത് ഗാന്ധിജിയിലൂടെയായിരുന്നല്ലോ. എസ് എഫ് ഐ യയുടെ ഉശിരന്മാരായ നിരവധി പോരാളികളെയാണ് അവര്‍ ശാരീരികമായി ഉന്മൂലനം ചെയ്തത്. സജിന്റെ ചേതനയറ്റ ശരീരത്തിനു സമീപത്തു നിന്നുയര്‍ന്ന ഉമ്മയുടെ നിലവിളി ഇപ്പോഴും കേള്‍ക്കാം.. ഒന്നു തീര്‍ച്ച ഒരു നൂറു സജിന്മാരുണ്ടിപ്പോള്‍ .. ഉമ്മയുടെ കണ്ണീരൊപ്പാനായ് .. പ്രിയ സജിന്‍ നിന്റെ അസാന്നിധ്യം ഞങ്ങളെ വേദനിപ്പിക്കുന്നു. ഒട്ടും വിഷമിക്കേണ്ടതില്ല .. ഉമ്മയ്ക്കും വാപ്പയ്ക്കും കുടുംബത്തിനും ഞങ്ങളുണ്ട് ....