Sreemayi S L

പാലാ അല്‍ഫോന്‍സാ കോളേജ് അധികാരികള്‍ക്ക് സല്‍ബുദ്ധി തോന്നേണമേ

ഒരുപാട് കഷ്ടതകളും പീഡനങ്ങളും അനുഭവിച്ചും സമരം ചെയ്തു പൊരുതി ഉണര്‍ന്നെഴുന്നേറ്റും ഒക്കെയാണ് താഴേക്കിടയിലെ പല മനുഷ്യരും ഉയര്‍ന്നു വന്നിട്ടുള്ളത്. ട്രാന്‍സ് മനുഷ്യരും അങ്ങനെ തന്നെയാണ്. എന്നാല്‍ പോരാട്ടങ്ങളെ വളരെ അനുഭാവപൂര്‍വം കാണുകയും കാര്യത്തോട് അടുക്കുമ്പോള്‍ പുറംതിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന രീതിയാണ് നിലവില്‍ കാണുന്നത്. വിദ്യാഭ്യാസം ഏതൊരു സമൂഹത്തിന്റെയും ഉയര്‍ച്ചയിലേക്ക് നയിക്കുന്ന ഒന്നാണ്. വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന ഗുരു വചനം ഓര്‍ക്കുന്നു. അതുകൊണ്ടുതന്നെയാണ് ട്രാന്‍സ് മനുഷ്യരുടെ വിദ്യഭ്യാസ പിന്നോക്ക അവസ്ഥ മനസിലാക്കി സാക്ഷരത മിഷന്‍ ഉള്‍പ്പടെ ഉള്ളവര്‍ മുന്നോട്ടു വരുകയും ബന്ധപ്പെട്ടവരെ വിദ്യഭ്യാസത്തിന്റെ പുതിയ വിഹായസുകളിലേയ്ക്ക് പിടിച്ചുയര്‍ത്തിയതും.


nationofchange.org_


കേരളത്തിലെ സര്‍വ്വകലാശാലകള്‍ ഒരുപടി കൂടി മുന്നോട്ട് പോവുകയും എല്ലാ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളിലും നിലവിലുള്ളതിനേക്കാള്‍ രണ്ടു സീറ്റുകള്‍ അധികമായി ട്രാന്‍സ് വ്യക്തികള്‍ക്കു സംവരണം ചെയ്യുകയും ചെയ്തത്. കേരള / എം ജി സര്‍വ്വകലാശാലകളോട് അതിനാല്‍ തന്നെ ട്രാന്‍സ് സമൂഹത്തിന് നന്ദിയും ഉണ്ട്‌. 2018 ജൂലൈ 3 നാണ് കോളേജുകളില്‍ ട്രാന്‍സ് ജെന്ററുകള്‍ക്ക് സീറ്റ് സംവരണം ചെയ്യണമെന്ന ഉത്തരവ് പ്രസിദ്ധപ്പെട്ടത്.


images


എന്നാല്‍ അതേ സംവരണത്തെ ചോദ്യം ചെയ്തിരികയുകയാണ് പാലാ അല്‍ഫോന്‍സാ കോളേജ് അധികൃതര്‍. വനിതകള്‍ മാത്രം പഠിക്കുന്ന കോളേജില്‍ ട്രാന്‍സ് മനുഷ്യര്‍ക്ക് പ്രവേശനം നല്‍കിയാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകും എന്നു പറഞ്ഞാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിയ്ക്കുന്നത്. ഹര്‍ജ്ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോടും എം ജി സര്‍വ്വകലാശാലയോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സത്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് നിങ്ങള്‍ തന്നെ ആണ്. ഒരു സമൂഹം കഷ്ട പെട്ടു നേടിയെടുക്കുന്ന സാധ്യതകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് നിങ്ങള്‍.


images (1)


ട്രാന്‍സ് വനിതകള്‍ ഒരു വനിത കോളേജില്‍ പഠിച്ചാല്‍ എന്താണ് പ്രശ്നം ഇതാണോ ലിംഗ സമത്വം. ഇപ്പോഴും ഞങ്ങള്‍ നേരിടുന്ന ലിംഗ വിവേചനത്തിന് ഏറ്റവും വലിയ ഉദാഹരണം ആണിത്. ലിംഗ പദവിയെ കുറിച്ച് ഇതേ കോളേജില്‍ രണ്ടു വര്‍ഷം മുന്‍പ് ജില്ല നിയമസഹായ വേദിയുടെ ആഭിമുഖ്യത്തില്‍ ട്രാന്‍സ് വ്യക്തികള്‍ ഉള്‍പ്പടെ ഉള്ളവര്‍ സംസാരിച്ചിരുന്നതാണ്. അതെല്ലാം കുടംകമഴ്ത്തി ജലം നിറച്ചതിന് സമം ആയിപോയല്ലോ എന്നോര്‍ത്ത് വിഷമിക്കുന്നു ഞങ്ങളും. ന്യൂന പക്ഷമാണ് ഏറ്റവും താഴെക്കിടയില്‍ ഉള്ളവര്‍ അങ്ങനെ ഇരിക്ക പാലാ അല്‍ഫോന്‍സാ കോളേജിന്റെ പ്രവര്‍ത്തി അത്യന്തം വിരോധാഭാസം നിറഞ്ഞതും ദ്രോഹപരവുമാണ്