Praveena K

എസ്‌.എഫ്.ഐ LGBTQ വിനോട് ചെയ്തത്

ആണ്‍  പെണ്‍ എന്നീ രണ്ടു കോളങ്ങള്‍ക്കൊപ്പം ഇന്ത്യയില്‍ ആദ്യമായി ഒരു വിദ്യാര്‍ത്ഥി സംഘടന ‘മറ്റുള്ളവര്‍’ എന്നുകൂടി ചേര്‍ത്ത് ലൈംഗിക ന്യൂനപക്ഷങ്ങളെ സംഘടനാരംഗത്തേക്ക് കൈപിടിച്ചുയര്‍ത്തി ജീവിതത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാന്‍ ശ്രമിച്ചതിന്റെ ആദ്യദിവസങ്ങളിലൂടെയാണ് എല്ലാ എസ്.എഫ് ഐ പ്രവര്‍ത്തകരും അഭിമാനത്തോടെ കടന്നു പോകുന്നത്. എസ്.എഫ്.ഐ മുന്നോട്ടു വെച്ച ഈ സാമൂഹ്യ ദൗത്യത്തില്‍ ഇന്ത്യയില്‍ ആദ്യത്തെ അംഗത്വമെടുത്ത ട്രാൻസ് ജെന്ററായ  നന്ദന തന്റെ വ്യക്തിജീവിതത്തെ പൊതുസമൂഹം നോക്കിക്കാണുന്നതെങ്ങിനെയെന്ന് ചടുലമായി പറഞ്ഞു വെച്ചു.


88f6abd8-af6c-482c-ae9a-bc9912cc9d8f


പുരുഷനായി പിറന്ന് സ്ത്രീനാമം സ്വീകരിച്ചു് സ്ത്രീയായി ജീവിക്കാന്‍ മോഹിക്കുന്ന നന്ദന എന്ന ഇരുപത്തിയൊന്ന് വയസ്സുള്ള ട്രാൻസ് ജെന്ററർ   പിറന്നു വീണ കുടുംബത്തെക്കുറിച്ചാണ് ആദ്യം പറഞ്ഞത്. അക്കാദമി മുറ്റത്തു നിന്നാരംഭിച്ച്‌ തൊട്ടടുത്തുള്ള ഹോട്ടലിലെ ഭക്ഷണ മേശയുടെ ഇരുവശമിരുന്ന് നന്ദനയുമായി ദീര്‍ഘനേരം സംസാരിച്ചപ്പോള്‍ കേരളത്തിലെ എല്‍ ജി ബി ടി സമൂഹം നേരിടുന്ന അമാനവിക ജീവിതം ഏറെക്കുറെ വ്യക്തമായി.


LGBTQ


നന്ദന പിറന്നു വീണ കുടുംബത്തില്‍ തന്നെ അവര്‍ക്ക് വിവേചനം നേരിടേണ്ടി വന്നു. ആണെന്നോ പെണ്ണെന്നോ വേര്‍പിരിക്കാനാവാത്ത അവരുടെ ലൈംഗിക സ്വത്വം പക്ഷെ, കാഴ്ചക്കാരില്‍ , ബന്ധുമിത്രാദികളില്‍ ആണായി അടയാളപ്പെടുത്തപ്പെട്ടു. വിഷ്ണു എന്നു ആദ്യകാലത്തു പേരിട്ടു വിളിക്കപ്പെട്ട നന്ദന ബോധമുറയ്ക്കുംതോറും ആണിന്റെ ശരീര പ്രകൃതത്തെ പെണ്ണിന്റെ മാനസിക പ്രകൃതവും ശാരീരിക ചേഷ്ടകളും വസ്ത്ര ധാരണവും കൊണ്ട് മറികടക്കാന്‍ കഠിനമായി ശ്രമിച്ചു. ‘ആണായി ജീവിക്ക് ‘ എന്നു ഓരോരുത്തരും ഓരോ ശ്വാസത്തിലും പറഞ്ഞു. പക്ഷെ പെണ്ണായി ജീവിച്ചാല്‍ മതി എന്നു നന്ദനയുടെ മനസ്സും ശരീരവും പറഞ്ഞു. കാഴ്ചയില്‍ എങ്ങനെ പെണ്ണാവാം എന്നത് സാദ്ധ്യമാക്കാന്‍, കഴിഞ്ഞ പത്തു പതിനാറു കൊല്ലമായി അവര്‍ തീവ്രമായി യത്നിക്കുന്നു. അച്ഛനും അമ്മയും ജന്മം കൊടുത്തവരുടെ ആത്മസ്നേഹമുള്ളവരായതിനാല്‍ അവര്‍ നന്ദനയെ സ്വന്തം ഇഷ്ടത്തിന് വിടുന്നു. അതിനപ്പുറം കുടുംബവും ബന്ധുമിത്രാദികളും നന്ദനയെ നാണക്കേടിന്റെ അടയാളമായി കരുതിപ്പോരുകയും ചെയ്യുന്നു.


a60f4f06-f314-4799-b92a-b4ed3d669ca4


വിദ്യാഭ്യാസം നന്ദനയ്ക്ക് ഇടമുറിഞ്ഞു പോയ ഒരിടം ആണ് . സ്കൂള്‍ ക്ലാസ്സുകളില്‍ തന്നെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വ്യത്യാസമില്ലാതെ കൂട്ടത്തില്‍ കൂടാന്‍ മടികാണിച്ചു .അത്തരം സഹപാഠികളുടെ കൂടെ ജീവിച്ച കാലത്തു തന്നെ നന്ദനയ്ക്ക് വിദ്യാഭ്യാസപ്രക്രിയയുടെ തുടര്‍ച്ച മാനസികമായി നഷ്ടപ്പെട്ടിരുന്നു. സ്കൂളില്‍ അദ്ധ്യാപകര്‍ കാണിച്ച വിവേചനം കൂടിയായപ്പോള്‍ സ്‌കൂള്‍ അമാനവികതയുടെ കൂടായി മാറിയത് നന്ദന ഓര്‍ക്കുന്നുണ്ട് . അക്കാലത്ത് നൃത്തം ഒരു ലഹരിയായിരുന്നു , നന്ദനയ്ക്ക് . പെണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യാനുള്ള താല്പര്യത്തെ ചീത്തപറഞ്ഞു തല്ലിക്കെടുത്തിയ ടീച്ചറെക്കുറിച്ചു നന്ദന പറഞ്ഞു നിര്‍ത്തി. അപ്പോള്‍ നന്ദനയുടെ വാക്കുകളില്‍ സ്‌കൂള്‍ പീഡനകാലത്തിന്റെ ഓര്‍മ്മ കത്തി നിന്നിരുന്നു. മുതിര്‍ന്നു വരുംതോറും കൂട്ടത്തില്‍ നിന്നു ഒറ്റപ്പെട്ടു പോയതായിരുന്നു മനസ്സിനേറ്റ ദാരുണാനുഭവം. കൂടെ ബെഞ്ചിലിരിക്കാന്‍ കൂട്ടാക്കാത്ത , കൂടെ നടക്കാന്‍ കൂട്ടാക്കാത്ത , ഒരുമിച്ചിരുന്ന് ഉണ്ണാന്‍ കൂട്ടാക്കാത്തവര്‍ . വല്ലപ്പോഴും കൂടെ ഇരുന്നവരും നടന്നവരും തള്ളിപ്പറഞ്ഞ അവസ്ഥകള്‍ . വല്ലപ്പോഴും കൂടെ വന്നവര്‍ സ്വവര്‍ഗ്ഗ ലൈംഗികതയ്ക്ക് കൂട്ടിക്കൊണ്ടു പോയ കാലം . വിദ്യാലയത്തിലെ ഒറ്റപ്പെടലിനെ നേരിടാനുള്ള രാഷ്ട്രീയമായ കടുത്ത ആഗ്രഹമുണ്ടായിരുന്നിട്ടും സംഘടിതമായ രാഷ്ട്രീയ ബോധത്തിന്റെ തണലില്ലായ്മ നന്ദനയെപ്പോലെ ഒരാള്‍ക്ക് ഒറ്റപ്പെടലിന്റെ ആഴം കൂട്ടിയതേയുള്ളൂ. പ്ലസ് ടു കഴിഞ്ഞതോടെ നന്ദനയുടെ വിദ്യാഭ്യാസം നിലച്ചു . പലരും ലൈംഗികാവശ്യങ്ങള്‍ക്ക് നിരന്തരമായി ഉപയോഗിക്കുമെന്ന അവസ്ഥ വന്നപ്പോള്‍ നന്ദന ഉന്നത വിദ്യാഭ്യാസത്തെ അന്ന് കൈവിട്ടു .രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പഠിക്കണം എന്ന നന്ദനയുടെ സ്വപ്നത്തിന് ചിറക് നല്‍കുന്നത് എസ്.എഫ്.ഐയുടെ ഈ വര്‍ഷത്തെ മെമ്പര്‍ഷിപ്പ് ക്യാംപയിനിങ്ങാണ്.


5342bfc9-c135-4bac-8de1-3f49ccbc0643


പിന്നീട് തൊഴിലിടങ്ങളിലായി നന്ദനയുടെ ജീവിതം . നൃത്തത്തിന്റെ കോസ്റ്റ്യൂം വിതരണം ചെയ്യുന്ന കടയിലെ ‘സെയില്‍സ് ഗേള്‍ ‘ ആയി ജീവിച്ച കാലം. തൊഴിലിടം നൃത്തത്തോട് ബന്ധപ്പെട്ടതുകൊണ്ട് സ്ത്രീകളും നൃത്താദ്ധ്യാപകരുമായി മാത്രം ഇടപെടേണ്ടി വന്നതുകൊണ്ട് ലൈംഗികമായ ആവശ്യം ഉന്നയിക്കുന്നവരുടെ എണ്ണം ചുരുങ്ങി വന്നു . എന്നാല്‍ മറ്റു തൊഴില്‍ മേഖലയില്‍ നന്ദനയ്ക്കു പ്രവേശനം ലഭിച്ചില്ല.അതിനപ്പുറം തൊഴില്‍ കഴിഞ്ഞു നേരം തെറ്റി വരുമ്പോള്‍ പോലീസുകാരില്‍ നിന്നു വരെ നേരിടേണ്ടി വന്ന അപമാനങ്ങള്‍ ധാരാളം . സ്വവര്‍ഗ്ഗരതിയ്ക്ക് ‘കസ്റ്റമറെ’ തിരഞ്ഞിറങ്ങിയ ഒരാള്‍ എന്ന മട്ടില്‍ പോലീസ് നിരന്തരം പെരുമാറിയിട്ടുണ്ടെന്ന് നന്ദന ആവര്‍ത്തിച്ചു പറയുന്നു.


images


പൊതു ഇടങ്ങള്‍ അന്യമായ ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ് നന്ദന . എല്ലാ പൊതു ഇടങ്ങളും പൊതുവെ രാഷ്ട്രീയ ബോധത്തിന്റെ സൃഷ്ടികളാണ് . കേരളീയരുടെ പൊതു ഇടങ്ങളില്‍ രാഷ്ട്രീയ ബോധം അതിന്റെ എല്ലാ അവസ്ഥകളിലും നിറഞ്ഞു നിന്നിട്ടുമുണ്ട്. പക്ഷെ അവിടെ ആണെന്നും പെണ്ണെന്നുമുള്ള രണ്ടു സംവര്‍ഗ്ഗങ്ങളില്‍ ആ ബോധം ഒതുങ്ങിയിട്ടുമുണ്ട്. നന്ദന ഈ സങ്കുചിത ബോധത്തെ എതിര്‍ക്കാനുള്ള ഒരായുധം തിരയുമ്പോഴാണ് എസ്.എഫ് .ഐ L G B T Qവിഭാഗത്തെ കൂടി പരിഗണിക്കുന്നത് .ഈ വര്‍ഷം രാജസ്ഥാനില്‍ വെച്ച് ചേര്‍ന്ന SFI അഖിലേന്ത്യാ സമ്മേളനത്തിന്റെ പ്രമേയങ്ങളിലൊന്ന് L G B T Q വിഭാഗത്തെ രാഷ്ട്രീയമായി മുഖ്യധാരയില്‍ എത്തിക്കാനുള്ള ആഹ്വാനമായിരുന്നു. കേരളത്തില്‍ എസ്.എഫ്. ഐ അതേറ്റെടുത്തപ്പോള്‍ നന്ദന ആ രാഷ്ട്രീയ ദൗത്യത്തിലെ ആദ്യത്തെ കണ്ണിയായി.


download


മുഖ്യധാര ആര്‍ക്കും അന്യമല്ല . മനുഷ്യന്റെ ചിന്തയെ ,ഇച്ഛയെ ,സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരവുമില്ല. ഈ രാഷ്ട്രീയാവശ്യത്തെ ഇന്ന് ഏറ്റവും സര്‍ഗാത്മകമായി എസ്.എഫ് .ഐ നേരിടുമ്പോള്‍ നന്ദന ഒരു വലിയ സാദ്ധ്യത ജീവിതത്തില്‍ കാണുന്നുണ്ട്.ഇങ്ങനെയൊരു അംഗത്വം എസ്.എഫ്.ഐയില്‍ നേടുമ്പോള്‍ താന്‍ നേരിടുന്ന വ്യക്തിപരമായ പ്രയാസങ്ങളെ ക്കുറിച്ചല്ല മറിച്ച്‌ ഇതു തന്നെപ്പോലുള്ളവര്‍ക്കു നല്‍കുന്ന സന്ദേശമായിട്ടാണ് നന്ദന കരുതുന്നത്. അതുകൊണ്ടുതന്നെ ഇതൊരു വലിയ മുന്നേറ്റമായി അവര്‍ വിലയിരുത്തുന്നു. ഇനിമുതല്‍ സമൂഹത്തില്‍ ഒറ്റപ്പെടാതെ ജീവിക്കാനാകും എന്ന ആത്മവിശ്വാസം തിരിച്ചു വരുന്നു എന്നു അവര്‍ പറഞ്ഞു . പഠിക്കണം പോരാടണം ലിംഗഭേദമില്ലാത്ത സമൂഹത്തില്‍ വളരണം എന്ന നന്ദനയുടെ ആത്മാഭിമാനത്തിന്റെ രാഷ്ട്രീയമായി അതുകൊണ്ടാണ് ഈ സംരംഭം അടയാളപ്പെടുന്നത്. രാഷ്ട്രീയം ഒരേ സമയം സ്ഥൂല ദര്‍ശിനിയും സൂക്ഷ്മ ദര്‍ശിനിയുമാണ് . L G B T Q വിഭാഗം എസ്.എഫ്.ഐ പ്രസ്ഥാനത്തിലേക്ക് സ്വമേധയാ കയറി വരുമ്പോള്‍ സൂക്ഷ്മദര്‍ശന രാഷ്ട്രീയ പ്രയോഗം ആണ് സംഭവിക്കുന്നത് . അത്തരമൊരു പ്രയോഗത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന മാനുഷികതയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ശക്തി .