പ്രിയപ്പെട്ട മലയാളി സുഹൃത്തുക്കള്‍ക്ക് എന്റെ വണക്കം. കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായി കേരളത്തോടും മലയാള ഭാഷയോടുമുള്ള എന്റെ അടുപ്പം കൂടിവരുന്നു. വേറൊരു രീതിയില്‍ പറയുകയാണെങ്കില്‍ നിങ്ങളെന്നെ കടക്കാരനാക്കിയിരിക്കുന്നു. തമിഴരുടെ ഇടയില്‍ ഒരു സംസാരമുണ്ട്. കുബേരന്റെ കടം തീര്‍ക്കാന്‍ വേണ്ടിയാണ് തിരുപ്പതി ക്ഷേത്രത്തിലെ വെങ്കിടാചലപതി കാലാകാലങ്ങളായ് ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന്. തമിഴര്‍ക്ക് ഒരായുഷ്‌ക്കാലത്തെ വീട്ടാക്കടമുണ്ടെന്നു തോന്നുന്നു. അതുകൊണ്ടാണ് അന്യസംസ്ഥാന ക്ഷേത്രങ്ങളായ തിരുപ്പതിക്കും ശബരിമലയ്ക്കും നടന്നു നടന്നു ഞങ്ങള്‍ കടം വീട്ടിക്കൊണ്ടിരിക്കുന്നത്.
ഇതുപോലത്തെ ഒരു ദൈവം തമിഴ്‌നാട്ടിന് കിട്ടിയില്ലല്ലോ എന്ന് വിചാരിക്കാറുണ്ട്. ഒരു പക്ഷെ, ഞാന്‍ ശബരിമലയ്ക്ക് നടക്കുന്നതുകൊണ്ട് എന്റെ കടം എനിക്ക് വീട്ടാന്‍ കഴിഞ്ഞേക്കാം. ദൈവങ്ങളുടെ പേര് പറയുന്നത് കൊണ്ട് പ്രശ്‌നങ്ങളൊന്നും അനുഭവിക്കില്ലായെന്ന് ഞാന്‍ വിശ്വസിക്കട്ടെ. എനിക്കും ഹിന്ദു എന്ന മതപരമായ അടയാളം ചാര്‍ത്തപ്പെട്ടിട്ടുണ്ട് അതുകാരണം ദൈവങ്ങളുടെ പേരുപറയാന്‍ എനിക്കും അവകാശമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഞാന്‍ കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളായ് തമിഴില്‍ എഴുതുന്നു. എന്റെ ഒരു കവിത ആറ്റൂര്‍ രവിവര്‍മ്മ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഒന്നോ രണ്ടോ കഥകള്‍ ഹിന്ദി ഇംഗ്ലീഷ് ഭാഷകളില്‍ നിന്നും വിവര്‍ത്തനം ചെയ്ത് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളം വായനക്കാരുടെ നോട്ടത്തില്‍ ഒരു ഫലിത ബിന്ദുവിനുള്ള സ്ഥാനംപോലും അവയ്ക്കുണ്ടാവില്ല എന്നാണ് എന്റെ വിശ്വാസം. മികച്ച സാഹിത്യസമ്പത്തുള്ള മലയാളത്തില്‍ എന്റെ എഴുത്തിന്റെ സ്ഥാനമെന്തായിരിക്കുമെന്ന് എനിക്കറിയില്ല. എന്നാല്‍ രണ്ടരവര്‍ഷത്തിനുമുമ്പ് ഞാന്‍ മറക്കാനാഗ്രഹിക്കുന്നതും എന്നാല്‍ അതിനു സാധ്യമല്ലാത്തതുമായ ഒരു സംഭവം മലയാള സാംസ്‌ക്കാരിക ലോകത്തില്‍ എന്റെ പേരിനോട് ചേര്‍ത്ത് ചര്‍ച്ച ചെയ്യപ്പെട്ടു. ഇന്ന് നിങ്ങളുടെ പുസ്തകശേഖരത്തില്‍ എന്റെ രണ്ട് നോവലുകളും ചില കഥകളും ഏതാനും കവിതകളും ഉണ്ടായിരിക്കും. അത് നിങ്ങള്‍ക്കു നല്‍കുന്ന സാഹിത്യാനുഭവം ഏത് തരത്തിലായിരിക്കുമെന്ന് എനിക്കറിയില്ല.
എന്നെ കേരളത്തിലേക്ക് ക്ഷണിക്കാനും ചില പരിപാടികളില്‍ പങ്കെടുപ്പിക്കാനും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പല ശ്രമങ്ങളും നടന്നിട്ടുണ്ട് ഒരു ദിവസം ശരാശരി മൂന്ന് മൊബൈല്‍ വിളിയെങ്കിലും ഉണ്ടാകുമായിരുന്നു. മിക്കവാറും മലയാളത്തിലായിരിക്കും സംസാരം. എന്റെ പരിമിതമായ ഇംഗ്ലീഷില്‍ ഞാന്‍ മറുപടി നല്‍കും. കഴിയാതെ വരുമ്പോള്‍ തമിഴില്‍ത്തന്നെ തുടരും. സഹോദരഭാഷയാണല്ലോ, അതുകൊണ്ട് എന്റെ ഇംഗ്ലീഷിനെക്കാളും തമിഴ് അവര്‍ക്ക് മനസ്സിലാകുമായിരുന്നു. എനിക്ക് മലയാളമങ്ങനെയാണ്. സാഹിത്യയോഗങ്ങള്‍, അവാര്‍ഡുദാന ചടങ്ങുകള്‍, യൂണിവേഴ്‌സിറ്റി സെമിനാറുകള്‍ എന്നിവയ്ക്ക് മാത്രമല്ല, യുവജന സമ്മേളനത്തിനും പ്രതിഷേധ ജാഥകള്‍ക്കും ഉത്ഘാടകനായിപ്പോലും എന്നെ ക്ഷണിച്ചിട്ടുണ്ട്.
ഒരു പരിപാടിയിലും പങ്കെടുക്കാതെ ഞാന്‍ എന്റെ കുടുംബത്തെക്കരുതി എല്ലാ ക്ഷണങ്ങളില്‍ നിന്നു ഒഴിഞ്ഞു നിന്നു. ഈ രണ്ടു വര്‍ഷവും എന്റെ മൊബൈല്‍ നമ്പര്‍ തിരഞ്ഞുപിടിച്ച് പലരും എന്നെ ക്ഷണിച്ചു. എന്റെ അടുത്ത സുഹൃത്തുക്കളായ കാലച്ചുവട് കണ്ണന്‍, സുകുമാരന്‍, തമിഴ്‌നാട് പുരോഗമന സാഹിത്യ കലാ സംഘത്തിന്റെ പ്രസിഡന്റ് തമിഴ് ചെല്‍വാന്‍ എന്നിവര്‍ മുഖേന ചിലര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. എന്റെ പ്രസാധകനായ കണ്ണന്‍ എന്നോട് ദേഷ്യപ്പെടുക പോലും ചെയ്തിട്ടുണ്ട്. “മാതോരുപാകന്‍” ചര്‍ച്ചയായ സമയത്ത് കേരളത്തില്‍ പലയോഗങ്ങളിലും ചര്‍ച്ചയായ താന്‍ പ്രസംഗിക്കേണ്ടിവന്നതിനെക്കുറിച്ച് തമിഴ്കവിയായ സുകുമാരന്‍ എന്നോടു പറയുകയുണ്ടായി. അദ്ദേഹം പറഞ്ഞത് ഞാന്‍ അദ്ദേഹത്തെ അധിക പ്രസംഗിയാക്കി എന്നാണ്. നിങ്ങളുടെ തീരുമാനം എനിക്ക് ഇഷ്ടപ്പെടാത്തതാണെങ്കില്‍ പോലും ഞാന്‍ നിങ്ങളെ അനുകൂലിക്കുമെന്ന് തമിഴ് ചെല്‍വന്‍ പറയുകയുണ്ടായി. എന്റെ ഈ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ ചെയ്ത ശുപാര്‍ശകളെ അവഗണിക്കാനിടയായതില്‍ എനിക്കു വേദനുണ്ടായിരുന്നു.
നേരിട്ട് സംസാരിച്ചവരോട് എന്റെ നിസ്സഹായാവസ്ഥ ഞാന്‍ വെളിപ്പെടുത്തി. ചിലര്‍ സ്‌നേഹം, ശല്യം എന്നിവയിലൂടെ പ്രതികരിച്ചു. അവരുടെ ക്ഷമ നശിച്ച സമയത്ത് ചിലര്‍ എന്നെ ചീത്ത പറഞ്ഞു. മലയാളത്തില്‍ തെറി കേള്‍ക്കാന്‍ രസകരമായിരുന്നു. ഞാന്‍ നിസ്സഹായനായി നിന്ന ഘട്ടത്തില്‍ എനിക്കാദരവ് പ്രകടിപ്പിച്ചും അനുകൂല നിലപാട് കൈക്കൊണ്ടും നിന്നവരോട് ക്ഷോഭിക്കാന്‍ എനിക്ക് എന്ത് അവകാശമുള്ളത്. ഇങ്ങനെ തെറിയഭിഷേകം കഴിഞ്ഞ ഒരു ദിവസം രാത്രി സുകുമാരനോട് ഞാന്‍ ചോദിച്ചു. എന്റെ അവസ്ഥയെക്കുറിച്ച് ഒരു പ്രസ്താവന തയ്യാറാക്കിക്കൊടുത്താലോ എന്ന്. അതിനു ശ്രമിക്കും മുന്‍പെ കാലത്തിന്റെ മുഖം മറ്റൊന്നായിമാറി. മാനസിക സംഘര്‍ഷത്തില്‍ അകപ്പെട്ട ഒരു സന്ദര്‍ഭത്തില്‍ ഞാന്‍ സുഹൃത്തുക്കളോടു പറഞ്ഞു “ശല്യത്തെ അതിജീവിക്കുന്നതിനെക്കാള്‍ കഷ്ടമാണ് സ്‌നേഹശല്യത്തെ അതിജീവിക്കുന്നത്” എന്ന്.
മികച്ച എഴുത്തുകാരും മികച്ച വായനക്കാരുമുള്ള നാടാണ് കേരളം. അവിടെ പ്രാസംഗീകരില്ലാതെയല്ല. ഞാന്‍ മികച്ച പ്രാസംഗികനുമല്ല. പാലക്കാട് ഗവണ്‍മെന്റ് കോളേജ് തമിഴ് വിഭാഗം നടത്തിയ ഒരു പരിപാടിയില്‍ മുന്‍പ് പ്രസംഗിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമി തിരുവനന്തപുരത്ത് നടത്തിയ ഒരു പരിപാടിയില്‍ എന്റെ ചെറുകഥയുടെ ഇംഗ്ലീഷിലുള്ള വിവര്‍ത്തനം വായിക്കുകയുണ്ടായി. വിജയകരമായ ഒരു പരാജയമായിരുന്നു അന്നത്തെ വായന. പരിപാടി നടന്ന മസ്‌കറ്റ് ഹോട്ടല്‍ കവാടത്തില്‍ ദലിത് എഴുത്തുകാര്‍ നടത്തിയ പ്രതിഷേധ സമരം ഇപ്പോഴും ഓര്‍മ്മയിലുണ്ട്. എന്റെ പ്രസംഗം കേള്‍ക്കാന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ എന്നെ കേരളത്തിലേക്ക് ക്ഷണിച്ചത്. എന്നു ഞാന്‍ കരുതുന്നില്ല.
നമ്മുടെ സമൂഹത്തി•േല്‍ ബാധിച്ചിരിക്കുന്ന അസഹിഷ്ണുത എന്ന ദുരന്തത്തിന്റെ അടയാളമാണ് ഞാന്‍ എന്നതായിരിക്കാം എന്നെ ക്ഷണിക്കാനുള്ള കാരണം. ഇതുപോലുള്ള ഒരടയാളമാകാന്‍ ഒരിക്കലും ഞാനാഗ്രഹിച്ചതല്ല. ഞാന്‍ സ്വകാര്യത ഇഷ്ടപ്പെടുന്നൊരാളാണ്. ഒരിക്കലും ബഹളങ്ങളില്‍പ്പെടാതെ കൃഷിക്കാരുടെ ഇടയില്‍ നിന്നും വിദ്യാഭ്യാസം നേടി ജീവിതത്തിന്റെ മറ്റൊരു തലത്തിലേക്ക് വന്നയാളാണ്. കാര്‍ഷിക ജീവീതത്തില്‍ ബഹളത്തിനു സ്ഥാനമില്ല. ഞങ്ങളുടെ കര്‍ഷകര്‍ അത്യധികം ക്ഷമാശീലരാണ്. ഞങ്ങള്‍ കൃഷി ചെയ്യുന്ന രീതിയെ ‘മാനാവാരി വ്യവസായം’ എന്നാണ് പറയുക. മേടമാസത്തിലെ വേനല്‍മഴയില്‍ വിത്തിട്ടാല്‍ ഒന്‍പതു മാസക്കാലത്തോളം കാത്തിരിക്കണം. അതാണ് ഞങ്ങളുടെ സ്വഭാവം. എന്റെ ജീവിതവും ജീവിത ചുറ്റുപാടുകളും ഇന്ന് പാടെ മാറിയിട്ടുണ്ടെങ്കിലും ഈ മാനസികാവസ്ഥയ്ക്ക് ഇന്നുമൊരു കോട്ടവും തട്ടിയിട്ടില്ല. മലയാള കവി സച്ചിദാനന്ദന്‍ പറയുന്നതുപോലെ “മനസ്സില്‍ കാടുള്ള ഒരു മൃഗമാണ് ഞാന്‍” ബഹളങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും മാറി നില്‍ക്കുന്നതാണ് എന്റെ സ്വഭാവം. എന്റെ തൊഴില്‍ അദ്ധ്യാപനമായതിനാല്‍ ഞാന്‍ അല്പമെങ്കിലും സംസാരിക്കുന്നു എന്നെയുള്ളു അല്ലാതെ പ്രസംഗത്തോടു എനിക്ക് താത്പര്യമില്ല.
എഴുത്തിലാണ് എനിക്ക് താത്പര്യം. തോന്നുന്ന എന്തും കുത്തിക്കുറിക്കുന്ന ബാല്യകാല ശീലമാണ് ഇന്നും തുടരുന്നത്. പലരും കാണാത്ത ഒന്നിനെ എഴുത്ത് കാണുന്നു. എല്ലാരും കാണുന്ന ഒന്നിന്‍മേല്‍ എഴുത്ത് പുതിയ പ്രകാശം പരത്തുന്നു. സമൂഹത്തിലുള്ള മൂല്യങ്ങളെ തുടര്‍ന്നും വിമര്‍ശന വിധേയമാക്കുന്നതാണ് എഴുത്ത്. ബന്ധനങ്ങളെ ഭേദിക്കുന്നതാണ് എഴുത്തിന്റെ അടിസ്ഥാന സ്വഭാവം. മൂല്യങ്ങളുടെ പേരില്‍ സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുന്നതിനെക്കുറിച്ചാണ് എഴുത്ത് സംസാരിക്കുന്നത്. സമൂഹത്തിന്റെ ഇരുണ്ട പുറങ്ങളില്‍ എഴുത്ത് പ്രകാശം പടര്‍ത്തുന്നു. ഈ വെളിച്ചം പലരുടെയും കണ്ണടച്ചിരിക്കുന്നു. മിഥ്യയില്‍ ജീവിക്കുന്നവര്‍ മിഥ്യയെ മൂലധനമാക്കി സഞ്ചരിക്കുന്നു. അവര്‍ ഈ പ്രകാശത്തെ ഇഷ്ടപ്പെടുന്നില്ല. മൂലധനത്തിന് ശോഷണം സംഭവിക്കുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല. സാധാരണ ജനങ്ങളുടെ ജീവിതത്തെ സാധാരണ ഭാഷയില്‍ എഴുതിക്കൊണ്ടിരിക്കുന്ന ഒരു സാധാരണ എഴുത്തുകാരന്‍ മാത്രമാണ് ഞാന്‍. ഇങ്ങനെയൊരു അടയാളം എന്നില്‍ സങ്കോചമുളവാക്കുന്നു. ഇത് എന്റെ സ്വഭാവത്തിനും താത്പര്യത്തിനും വിരുദ്ധമാണ്. ഇതിനെ എങ്ങനെ മറികടക്കാം എന്നതാണ് എന്നെ ഇപ്പോള്‍ അലട്ടുന്ന പ്രശ്‌നം.
‘മാതോരൂപാകന്‍’ പ്രശ്‌നത്തില്‍ ചെന്നൈ ഹൈക്കോടതി എനിക്കനുകുലമായ വിധി പുറപ്പെടുവിച്ചതിനോടുള്ള എന്റെ കൃതജ്ഞത വെളിപ്പെടുത്താനെങ്കിലും ഒരു പരിപാടിയില്‍ പങ്കെടുക്കണമെന് ഞാന്‍ ആഗ്രഹിച്ചു. പത്തുമാസത്തിനുശേഷം ഇന്ന് ആഗ്രഹം സഫലമായിരിക്കുന്നു. മലയാളത്തിന്റെ പ്രധാനപ്പെട്ട കവിയായ അയ്യപ്പപണിക്കരുടെ പേരിലുള്ള ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു.
അയ്യപ്പപ്പണിക്കരുടെ ഏതാനും കവിതകളുടെ തമിഴ് വിവര്‍ത്തനങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ‘കുരുക്ഷേത്രം’ എന്ന കവിതയുടെ വിവര്‍ത്തനം വായിച്ചിട്ടുണ്ട്. 1960 കളില്‍ നീലപത്മനാഭനും നകുലനും ചേര്‍ന്ന് സമാഹരിച്ച ‘കുരുക്ഷേത്രം’ എന്ന സമാഹരത്തിലുള്ള ഈ കവിതകള്‍ മുതല്‍ അടുത്ത് കാലം വരെ വിവര്‍ത്തനം ചെയ്യപ്പെട്ടതായ അയ്യപ്പപണിക്കരുടെ കവിതകള്‍ എനിക്ക് പരിചിതമാണ്.
സാഹിത്യ നിരൂപണത്തില്‍ അയ്യപ്പപണിക്കര്‍ രൂപപ്പെടുത്താനാഗ്രഹിച്ച ഒന്നാണ് “തിണൈ കോട്പാട്” (തിണ സിദ്ധാന്തം). ഇതില്‍ എനിക്ക് അതിയായ താത്പര്യ മുണ്ട്. ഈ സിദ്ധാന്തത്തെ അടിസ്ഥാനമാക്കി അദ്ദേഹം രചിച്ച ചില ലേഖനങ്ങള്‍ തമിഴില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അയ്യപ്പപണിക്കര്‍ ഈ സിദ്ധാന്തത്തെ പരിചയപ്പെടുത്തുന്നത് തമിഴ് വ്യാകരണ കൃതിയായ “തൊല്‍കാപ്പിയ” ത്തെ ആധാരമാക്കിയാണ്. ദ്രാവിഡ തിണൈ കോട്പാട് എന്നാണ് അദ്ദേഹം തന്നെ ഈ സിദ്ധാന്തത്തെ വിളിക്കുന്നത്. രണ്ടായിരം വര്‍ഷത്തിനു മുന്‍പുള്ള ഈ സാഹിത്യ സിദ്ധാന്തത്തെ ആധുനിക സാഹിത്യാന്തരീക്ഷത്തില്‍ പ്രയോഗിക്കാവുന്ന രീതികളെക്കുറിച്ച് അദ്ദേഹം ചിന്തിച്ചിട്ടുണ്ട്. മാതൃകാപരമായ ഗവേഷണങ്ങളും നടത്തിയിട്ടുണ്ട്. ഈ സിദ്ധാന്തത്തെ ആധുനിക സാഹിത്യ നിരൂപണത്തിനായി ഞാനും പ്രയോഗിച്ചിട്ടുണ്ട്. “തിണൈ മയക്കം” എന്ന ഒരാശയത്തെക്കുറിച്ച് ഞാന്‍ കാപ്പിയത്തില്‍ പറയുന്നു. അതിനെ അടിസ്ഥാനമാക്കി പണിക്കര്‍ “തിണൈ ഇണക്കം” (തിണൈ ലയനം) എന്ന പുതിയ രീതിയെ വികസിപ്പിച്ചെടുക്കുന്നു. അയ്യപ്പപ്പണിക്കരുമായി ഞാന്‍ അടുക്കുന്നതിനു കാരണം ഇതാണ്.
‘തൊല്‍ കാപ്പിയ’ത്തില്‍ മാത്രമല്ല അതിനുശേഷം രചിക്കപ്പെട്ട വ്യാകരണ കൃതികളിലും ഈ സിദ്ധാന്തം പരാമര്‍ശിക്കപ്പെടുന്നുണ്ട്. നമ്മുടെ ജീവിതത്തില്‍ ഇന്ന് ഉപയോഗിക്കുന്ന ഭാഷയിലെ പല കാര്യങ്ങളും ഈ സിദ്ധാന്തത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എനിക്ക് ആടുകളോടും മാടുകളോടും സംസാരിക്കാനറിയാം. അവ പറയുന്നത് മനസ്സിലാക്കാനും കഴിയും. ജഡവസ്തു സംസാരിക്കുമെന്നോ കേള്‍ക്കുമെന്നോ സംശയിക്കേണ്ട ആവശ്യമില്ല. സാഹിത്യത്തില്‍ അത് അനുവദിക്കപ്പെട്ട ഒന്നാണ്.
തമിഴ് സാഹിത്യകാരന്‍ ജയമോഹന്‍ അയ്യപ്പപ്പണിക്കരുടെ ‘കുതിര നൃത്തം’ എന്ന കവിതയെ തമിഴിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഈ കവിതയില്‍ കുതിരകള്‍ സംസാരിക്കുന്നു. അണിഞ്ഞൊരുങ്ങുന്നു, നൃത്തം വയ്ക്കുന്നു. ഇത് സാഹിത്യം അനുവദിക്കുന്നു. കവിത വെളിപ്പെടുത്തുന്ന അര്‍ത്ഥം പ്രത്യക്ഷത്തില്‍ കാണപ്പെടുന്നു. പരോക്ഷമായി കാണുന്നതിന്റെ അര്‍ത്ഥം മനസ്സിലാക്കുന്നതിനെയാണ് സാഹിത്യം എന്ന് വിളിക്കുന്നത്.
‘കുതിര നൃത്തം’ എന്ന കവിതയെ ഒന്ന് വിശദമായിക്കാണാം. ഇതിന്റെ നേരായ അര്‍ത്ഥം എന്താണ്? നാലുകുതിരകള്‍ അണിഞ്ഞൊരുങ്ങി വരുന്നു. നാലും കുതിരയാണെങ്കിലും നാലിന്റെയും ശരീരം ഒരേ സ്വഭാവത്തിലുള്ളതല്ല. ഒന്നിന് നാലുകാല്‍ മറ്റൊന്നിന് മൂന്നു കാല്‍, വേറൊന്നിന് രണ്ടുകാല്‍, അവസാനത്തേതിന് ഒറ്റക്കാല്‍. ഈ ഒറ്റക്കാലന്‍ കുതിരയാണ് നേതൃത്വം വഹിക്കുന്നത്. അത് പറയുന്നു. നമുക്ക് ഒരു കാലില്‍ നൃത്തമാടാം. നൃത്തം തുടങ്ങുന്നു. ബാക്കിയുള്ള കുതിരകള്‍ മറിഞ്ഞു വീഴുന്നു. ഒറ്റക്കാലന്‍ കുതിരമാത്രം ആടിക്കൊണ്ടിരിക്കുന്നു.
എന്താണ് ഈ കവിതയുടെ നേരായ അര്‍ത്ഥം. നേരായ അര്‍ത്ഥം ഇതിലുണ്ടോ? ‘തിണൈ സിദ്ധാന്തം’ അനുസരിച്ച് കവിതയ്ക്ക് നേരായ അര്‍ത്ഥമൊന്നുണ്ട്. അതുമാത്രമല്ല പരോക്ഷമായ മറ്റൊരര്‍ത്ഥവുമുണ്ട്. എന്നാല്‍ ആധുനിക കവിതയില്‍ നേരായ അര്‍ത്ഥമാവശ്യമില്ല. പരോക്ഷമായ അര്‍ത്ഥം മാത്രം മതി. ‘കുതിര നൃത്തം’ ആ രീതിയില്‍പ്പെട്ട മികച്ച കവിതയാണ്.
നാലു കുതിരകളില്‍ ഏറ്റവും ദുര്‍ബലന്‍ ഒറ്റക്കാലന്‍ കുതിരയാണ്. എന്നാല്‍ അതാണ് മറ്റുള്ളവരെ നയിക്കുന്നത്. അതിനേക്കാളും മികച്ച രൂപവും ഭാവവും ശക്തിയുമുള്ള കുതിരകള്‍ക്ക് സ്വന്തമായി ബുദ്ധിയില്ല. ആ ഒറ്റക്കാലന്‍ കുതിരയ്ക്ക് എന്തും ചെയ്യാന്‍ കഴിയുമെന്നത് അന്ധവിശ്വാസമായിരിക്കാം. അതുകൊണ്ട് നൃത്തമാടാന്‍ അനുവദിക്കുന്നു. പക്ഷെ സംഭവിക്കുന്നത് മറ്റൊന്നാണ്. ഒറ്റക്കാലില്‍ നൃത്തമാടാന്‍ പരിശീലനം ലഭിച്ച കുതിരയോട് നാലുകാലുകളുണ്ടെങ്കിലും പരിശീലനമില്ലാതെ മത്സരിക്കാന്‍ കഴിയുമോ? കൂടുതല്‍ കാലുകള്‍ ബാക്കിയുള്ളവയ്ക്ക് അവ ഒരു ഭാരമായി മാറുന്നു. ഞാന്‍ ഈ കവിതയെ ‘സംവരണം’ എന്ന ആശയത്തോട് ചേര്‍ത്തു കാണുന്നു. നാലുകാല്‍ നമ്മുടെ മുന്‍പിലുള്ള വെല്ലുവിളിയാണ്. നാലുകാല്‍ ഉണ്ടെങ്കില്‍ സവാരിക്ക് പോകൂ. മൂന്നു കാലുണ്ടെങ്കില്‍ ഭാരം ചുമക്കാന്‍ പോകൂ. രണ്ടുകാലുണ്ടെങ്കില്‍ കാവല്‍ നില്‍ക്കൂ. ഒറ്റക്കാല്‍ മാത്രമാണെങ്കില്‍ നൃത്തമാടാന്‍ വരൂ എന്നാണല്ലോ ഈ കവിത പറയുന്നത്. എത്ര സൂക്ഷ്മമായി ഈ ശബ്ദത്തെ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ‘കുതിര നൃത്തം’ പറയുന്നത് കുതിരകളുടെ നൃത്തത്തെക്കുറിച്ച് മാത്രമല്ല. മറ്റൊന്നിനെക്കുറിച്ചാണ്.
പ്രതിഷേധത്തെ അടിസ്ഥാനമാക്കുന്ന സാഹിത്യം വര്‍ത്തമാന കാലത്തില്‍ ഏത് രൂപത്തിലായിരിക്കണം. നേരായ അര്‍ത്ഥം മാത്രം ഉള്ളതായാല്‍ പോര, പരോക്ഷമായ അര്‍ത്ഥവും അതിനുള്ള സൂചനയും ഉള്ളതായിരിക്കണം. ‘കുതിര നൃത്തം’ പോലെ.
---*അയ്യപ്പപ്പണിയ്ക്ര്‍ ഫൗണ്ടേഷന്‍ തിരുവനന്തപുരത്തു സംഘടിപ്പിച്ച എഴുത്തും പ്രതിരോധവും പരിപാടിയില്‍ സംസാരിച്ചത്.