K N Sanil

മോഷ്ടിക്കപ്പെടുന്ന ഉണ്ണിക്കണ്ണന്മാര്‍

ഇന്ത്യന്‍ പാരമ്പര്യത്തില്‍ ഏറെ വൈവിധ്യം പുലര്‍ത്തുന്ന ദൈവ സങ്കല്‍പ്പമാണ് ശ്രീകൃഷ്ണന്‍. കൃഷ്ണന്‍ ഒരു പ്രഹേളികയാണ്. പലര്‍ക്കും കൃഷ്ണന്‍ പലതാണ്. പിച്ചവച്ചുകളിക്കുന്ന നിഷ്കളങ്കനായ കുരുന്നുമുതല്‍ തന്ത്രങ്ങളും കുതന്ത്രങ്ങളുംമെനയുന്ന യുദ്ധ പ്രയോക്താവ് വരെയാണ് ശ്രീകൃഷ്ണന്‍. അതില്‍ കളിക്കൂട്ടുകാരനുണ്ട്, കാമുകനുണ്ട്, കുറുമ്പുകാട്ടുന്ന ബാലനുണ്ട്, മകനുണ്ട്,രക്ഷകനുണ്ട്. മറ്റൊരു ദൈവസങ്കല്‍പ്പത്തിനും ഇത്തരത്തിലൊരു വൈവിധ്യവും വൈജാത്യവും കാണാനാവില്ല. അമ്മമാര്‍ക്ക് പലര്‍ക്കും തങ്ങളുടെ മക്കള്‍ ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണനാണ്. പാരമ്പര്യ വിശ്വാസങ്ങളിലുള്ള ഈ ദൗര്‍ബല്യത്തിത്തെ അല്ലെങ്കില്‍ ലോല വികാരത്തെ തങ്ങളുടെ മുതലെടുപ്പിനുള്ള ആയുധമാക്കി മാറ്റുകയാണ് സംഘ പരിവാര്‍.



ജന്മാഷ്ടമി നാളില്‍ ഇന്ന് പ്രധാന നഗരങ്ങളുടെ തെരുവുകളില്‍ ഓടിക്കളിച്ചു നടക്കുന്ന ഉണ്ണിക്കണ്ണന്‍മാരെ അണി നിരത്തുന്നത് അത്ര നിഷ്കളങ്കമായല്ല. അതില്‍ പങ്കെടുക്കുന്ന പലര്‍ക്കും അതിന്‍റെ ഉള്ളറകള്‍ മനസിലാകണമെന്നില്ല. എന്നാല്‍, കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തിന്‍റെ ഭാഗമായാണ് ബാലഗോകുലത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍. ബാലഗോകുലത്തിലൂടെ നമ്മുടെ ഭാവി തലമുറയെ ഇവര്‍ എങ്ങോട്ടാണ് നയിക്കുന്നത് എന്ന് മനസിലാക്കാതിരുന്നുകൂട. ഉണ്ണിക്കണ്ണന്‍ വേഷം കെട്ടുന്ന പ്രായം പിന്നിടുന്നവരില്‍ പലരും എത്തിപ്പെടുന്നതിന് ആര്‍എസ്എസിന്‍റെ ശാഖകളിലേക്കാണ്. കേരളത്തില്‍ സമീപകാലത്തായി വര്‍ധിക്കുന്ന കുട്ടിക്കുറ്റവാളികളുടെ എണ്ണത്തില്‍ ആര്‍എസ്എസിനുള്ള പങ്ക് ചെറുതല്ല. ആര്‍എസ്എസ് പ്രതിസ്ഥാനത്തുവരുന്ന ക്രിമിനല്‍ കേസുകളിലെ പ്രതികളുടെ പ്രായം പരിശോധിച്ചാല്‍ ഇതിന്‍റെ ഭീകരത നമുക്ക് വെളിപ്പെടും.



ജന്മാഷ്ടമി അടുത്ത കാലം വരെ മലയാളിക്ക് അത്ര പരിചിതമായ ഒന്നായിരുന്നില്ല. ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ പ്രയോഗത്തിന്‍റെ ഭാഗമായാണ് ചില പോക്കറ്റുകളില്‍ ഒതുങ്ങിനിന്ന ആഘോഷം ഇത്ര വിപുലമാക്കപ്പെട്ടത്. ജന്മാഷ്ടമി ഒരു ഭാവനാലോകത്തിന്‍റെ പ്രയോഗമാണ്. ഒരു ജനതയുടെ ഭാവനയെ രാഷ്ട്രീയമായി ഉരുക്കിയെടുക്കുന്നതിന്‍റെ രാഷ്ട്രീയസങ്കീര്‍ണത അതിനുണ്ട്. അമ്പാടിയില്‍ ഓടിക്കളിക്കുന്ന കണ്ണന്‍മാരെയാണ് ഘേഷയാത്രയില്‍ അണിനിരത്തുന്നതെങ്കിലും ബാലഗോകുലത്തിന്‍റെ സംഘാടകരായ ആര്‍എസ്സ് മുന്നോട്ടുവയ്ക്കുന്നത് കാലിച്ചെറുക്കനായ, പ്രേമരൂപനായ മുരളീവാദകനെയല്ല. യുദ്ധത്തിന്‍റെ തന്ത്രങ്ങളും കുതന്ത്രങ്ങളും മെനഞ്ഞെടുക്കുന്ന രാഷ്ട്രതന്ത്രജ്ഞനായ കൃഷ്ണനെയാണ്.



മനുഷ്യനെ അവന്‍റെ കര്‍മോല്‍സുകതയില്‍നിന്നും സൃഷ്ടിപരതയില്‍നിന്നും മാറ്റി കേവലം ചാതുര്‍വര്‍ണ്യത്തിന്‍റെ നടത്തിപ്പുകാരനാക്കി മാറ്റുന്ന ഗീതോപദേശത്തിന്‍റെ വക്താവാണ് ആര്‍എസ്എസിന്‍റെ കൃഷ്ണന്‍. ആരുടെയൊക്കെയോ തലകൊയ്തെടുക്കുവാന്‍ ചക്രം ചുഴറ്റി നില്‍ക്കുന്ന കൃഷ്ണനാണ് ആര്‍ര്‍എസ്എസിന്‍റേത്. ഒരു ജനതയുടെ ജീവിത പ്രയാണത്തില്‍ രൂപപ്പെട്ടുവന്ന മിത്തുകളെ തങ്ങളുടെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ സംഘപരിവാര്‍ നടത്തുന്ന പല വിധ പരിശ്രമങ്ങളില്‍ ഒന്നുമാത്രമാണ് ജന്മാഷ്ടമി ആഘോഷം. ഈ ചതിക്കുഴി തിരിച്ചറിഞ്ഞ് പ്രതിരോധിക്കുകയാണ് ജനാധിപത്യ-പുരോഗമന വിശ്വാസികളുടെ കടമ.