Harsha Prakash

അതേ , ഞങ്ങളെക്കുറിച്ച് തന്നെ

വീണ്ടുമൊരു വനിതാദിനം .ദേശത്തിന്റെ അതിരുകള്‍ക്കപ്പുറത്ത, ലോകമെമ്പാടുമുള്ള വനിതകള്‍ക്കായി ഒരു ദിനം. ഈ ദിനം ഒരാശ്വാസമാണ്, സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തലും. സ്ത്രീ സ്വാതന്ത്ര്യം എന്നത് കുറേ കാലങ്ങളായി നമ്മുടെ പൊതു സമൂഹം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു വലിയ വിഷയമാണ്.സ്വസ്ഥവും സ്വതന്ത്രവുമായി നടക്കുക എന്നത് ഏത് സ്ത്രീയുടേയും ആഗ്രഹമാണ്.രാത്രികളില്‍ ഇറങ്ങി നടക്കുക എന്നത് സ്വപ്‌നമാണ്.പൊട്ടിച്ചിരിക്കാനും തനിച്ച് നടക്കാനും കൊതിക്കുന്നവരാണ് എല്ലാ പെണ്ണുങ്ങളും.നിര്‍ഭയരായി ജീവിക്കാനാവാതെ ,യാത്ര ചെയ്യാനാവാതെ, ബസ് സ്റ്റോപ്പില്‍ നില്‍ക്കാനാവാതെ, സിനിമാ ശാലകളില്‍ പോകാനാവാതെ, വീടിനുള്ളില്‍ പോലും കഴിയാനാവാതെ, പെണ്ണുങ്ങള്‍,പെണ്‍കുട്ടികള്‍,പിഞ്ചുകുഞ്ഞുങ്ങള്‍,വ്യദ്ധകള്‍ വരേയും ഒരുപാട് പീഡനങ്ങള്‍ സഹിച്ച് ആരെയൊക്കയോ ഭയന്ന് ഒട്ടും സുരക്ഷികമല്ലാത്ത ജീവിതം ജീവിച്ച് തീര്‍ക്കുന്നു. ഈ ഒരു സാഹചര്യത്തിലൂടെയാണ് ഇത്തവണത്തെ വനിതാ ദിനവും കടന്നു പോകുന്നത്.

ഇന്ന് സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഏറ്റവും പ്രയാസമേറിയ രാജ്യങ്ങളിലൊന്നായി മാറികൊണ്ടിരിക്കുകയാണ് നമ്മുടെ ഭാരതം.ഇന്ത്യയില്‍ ഓരോ 29 മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നു എന്നാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത. അങ്ങനെയെങ്കില്‍ ഒരു മണിക്കൂറില്‍ രണ്ട് സ്ത്രീകള്‍.എങ്കില്‍ ഒരു ദിനം എത്രയെത്ര സ്ത്രീകള്‍.......?

 

2012 ഡിസംബര്‍ 16 എന്നത് ആധുനിക ഇന്ത്യാചരിത്രത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസമാണ്.ആ രാത്രി ഡല്‍ഹിയിലെ തിരക്കേറിയ നഗരപരിധിയില്‍ ഓടികൊണ്ടിരിക്കുന്ന ബസില്‍ ഒരു പെണ്‍കുട്ടിക്ക് നേരെ 6 പേര്‍ നടത്തിയ അതിക്രൂരമായ ആക്രമണമായിരുന്നു, രാജ്യത്തെ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ ഒരിക്കലും മറക്കാനാവാത്ത ഒന്ന്. ഇന്നും ആ സംഭവത്തിന്റെ പേരില്‍ വിവാദങ്ങള്‍ ആളി പടര്‍ന്നുകൊണ്ടിരിക്കുകയാണ്.''ഇന്ത്യാസ് ഡോട്ടര്‍ '' എന്ന പേരില്‍ പുറത്തിറക്കിയ ഡോക്യുമെന്ററിയാണ് ഇപ്പോഴത്തെ വിവാദ നായകന്‍.

ഡല്‍ഹി കേസിലെ മുഖ്യ പ്രതി മുകേഷ് സിംഗിന്റെ അഭിമുഖമടങ്ങുന്ന ഡോക്യൂമെന്ററി ഒഴിവാക്കേണ്ടതായിരുനെന്ന വിവാദത്തെ തുടര്‍ന്ന്, പ്രസ്തുത ഡോക്യുമെന്ററി ഇപ്പോള്‍ ഇന്ത്യയില്‍ നിരോധിച്ചിരിക്കുകയാണ്. എങ്കിലും സാങ്കേതിക വിദ്യയുടെ സമകാലീനതയില്‍ നിരോധിത വീഡിയോകള്‍ കാണാനാണ് കൂടുതല്‍ എളുപ്പം.അതുകൊണ്ട് കാണാന്‍ താത്പര്യമുള്ളവര്‍ തീര്‍ച്ചയായും കണ്ടിരിക്കും.എന്തായാലും ആ ഡോക്യൂമെന്ററിയിലൂടെ ബലാത്സംഗത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന പ്രതി, എന്ത് ചിന്തിക്കുന്നു,എങ്ങനെ ചിന്തിക്കുന്നു എന്നത് ഈ ''മഹാരാജ്യത്ത് '' ജീവിക്കുന്ന മുഴുവന്‍ മനുഷ്യരെയും നിര്‍ബദ്ധമായും കാണിക്കുകയാണ് വേണ്ടത്.

'' ഒരിക്കലും ഒരു 'നല്ല പെണ്‍കുട്ടി ' രാത്രി 8 മണിക്ക് ശേഷം ഒരു ആണ്‍സുഹ്യത്തിനൊപ്പം ഇറങ്ങി നടക്കില്ല.തങ്ങളെ ബലാത്സംഗം ചെയ്യാന്‍ പ്രേരിപ്പിച്ചത് പെണ്‍കുട്ടിയാണ്.ക്രൂരമായി പീഡിപ്പിക്കുമ്പോള്‍ അവള്‍ മിണ്ടാതിരുന്നെങ്കില്‍ തങ്ങള്‍ കൊല്ലാതെ വെറുതെ വിടുമായിരുന്നു''.എന്നിങ്ങനെയുള്ള പ്രതിയുടെ മൊഴി കേട്ടാല്‍ സത്യത്തില്‍ അമ്പരന്ന് പോകും.ഒരു കുററവാളിയുടെ ചിന്തയും,നമ്മുടെ സമൂഹത്തിലെ സ്ത്രീ സംരകഷകരായി നടിക്കുന്ന ആളുകളുടെ ചിന്തയും സമാനമാണെന്ന് തോന്ിപോവും.എല്ലാവരുടേയും സ്വരത്തിലും വാദത്തിലും ഇരയായ പെണ്‍കുട്ടിയാണ് കുറ്റക്കാരി.ഇത്രയേറെ വിവാദങ്ങള്‍ ഉണ്ടായിട്ടും കുറ്റബോധത്തിന്റെ ഒരംശം ആ പ്രതികള്‍ക്ക് ഇല്ലാത്തതിന്റെ കാരണം നമ്മുടെ സാമൂഹിക വ്യവസ്ഥിതിയാണ്.അവള്‍ക്ക് അര്‍ഹതപ്പെട്ട ശിക്ഷയാണ് നല്‍കിയതെന്ന് വിശ്വസിക്കുന്ന ആ കുറ്റവാളിയുടെ ചിന്താഗതിയെ വളര്‍ത്തിയെടുത്ത സമൂഹത്തെയാണ് ആ ഡോക്യുമെന്ററി തുറന്ന് കാട്ടുന്നത്. എന്തായാലും ലെസ്ലി ഉഡ്‌വിന്റെ ഡോക്യൂമെന്ററി ഇന്ത്യന്‍ മനസില്‍ വേരുകളാഴ്ത്തി കിടക്കുന്ന പുരുഷാധിപത്യ ചിന്താഗതിയെ പുറത്തേക്കെടുക്കാന്‍ ഒരപരിധി വരെ ഹായിക്കുന്നുണ്ട്.

സൂര്യനെല്ലി ,കവിയൂര്‍,കിളിരൂര്‍,പറവൂര്‍,ഐസ്‌ക്രീം പാര്‍ലര്‍,സൗമ്യ തുടങ്ങിയ ഒട്ടനവധി പീഡന കഥകളുള്ള നമ്മുടെ കൊച്ചുകേരളത്തില്‍ പീഡനങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ല. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം സാക്ഷര കേരളം സ്്ത്രീ പീഡനകേസുകളില്‍ ഏറെ മുന്നിലാണ്.പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ കൂടുതലുള്ള കേരളത്തില്‍ പോലും സ്ത്രീയെന്ന വിഭാഗം മൊത്തമായി അസുരക്ഷിതരാണ്.പക്ഷെ ഇങ്ങനെയൊക്കെ ആണെങ്കിലും കുറ്റവാളികളെ ശിക്ഷിക്കുക എന്ന പദിവ് പല്ലവിക്കപ്പുറം യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പഠിക്കാനോ ,ഗൗരവപൂര്‍വം ചര്‍ച്ച ചെയാനോ കേരളീയ സമൂഹം തയ്യാറാവുന്നില്ല എന്നതാണ് സത്യം.സ്ത്രീ പ്രശ്‌നങ്ങള്‍ സ്ത്രീകളുടെ മാത്രം പ്രശ്‌നമായി കാണാതെ സമൂഹത്തെ ബാധിക്കുന്ന ഒരു വന്‍ വിപത്തെന്ന രീതിയില്‍ കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്ത്രീയും പുരുഷനും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്.പുരുഷന്മാരുടെ ഔദാര്യമാകരുത് സ്ത്രീകളുടെ ജീവിതം. ഇരുവരും ഒന്നിച്ച് മുന്നോട്ട് പോകുന്ന ഒരു സമൂഹമാണ് വേണ്ടത്. വീടിനുള്ളില്‍ കുടുംബകാര്യങ്ങളില്‍ മാത്രം ശ്രദ്ധിച്ച് ജീവിക്കുന്ന പെണ്‍കുട്ടികളുടെ കാലമല്ല ഇത്. കുടുംബ / സാമൂഹ്യ / ഔദ്യോഗിക ജീവിതങ്ങള്‍ ഒരേപോലെ കൊണ്ടുപോകാന്‍ ശീലിച്ച തലമുറയാണ് ഇന്നത്തെ പെണ്‍കുട്ടികള്‍.

ചുരുക്കത്തില്‍ ''സ്ത്രീ സ്വാതന്ത്ര്യം'' എന്നത് സ്ത്രീ - പുരുഷ സമത്വ ബോധത്തിലൂടെ നടപ്പിലാക്കാന്‍ കഴിയുന്ന ഒന്നാണ്.ഒരു സ്ത്രീയെ ആക്രമിച്ചതിനോ,പീഡിപ്പിച്ചതിനോ ശേഷം ആ കുറ്റവാളിയെ എങ്ങനെ ശിക്ഷിക്കണമെന്ന് ചര്‍ച്ച ചെയ്യുന്നതിനേക്കാള്‍ നല്ലത് അത്തരമൊരു അവസ്ഥ ഇല്ലാതാക്കുകയാണ്.ഈ ഒരു ബോധം സമൂഹത്തില്‍ പൂര്‍ണമായി ഉള്‍ചേരാന്‍ ചിലപ്പോള്‍ കുറേ കാലങ്ങള്‍ കഴിഞ്ഞേക്കാം.എന്നാലും ആണ്‍കോയ്മ ബോധത്തിനെതിരെ നിരന്തരം കലഹിക്കുക. എങ്കില്‍ മാത്രമെ ,നാളത്തെ സ്ത്രീകള്‍ക്കെങ്കിലും 'സ്വാതന്ത്ര്യം'എന്തെന്ന് പൂര്‍ണമായി മനസിലാക്കാന്‍ സാധിക്കു.അത്തരമൊരു നാളയിലാവട്ടെ ഇനിയുള്ള വനിതാ ദിനം.