നിയോലിബറല്‍ യുക്തിക്കുള്ളിലെ ആഗോളവല്‍ക്കരണം ഒരു സാര്‍വത്രിക പ്രതിഭാസം എന്നതിലുപരി, ഒരു സ്വാഭാവികതയായി മാറ്റിക്കഴിഞ്ഞിരിക്കുന്നു. അതിന്റെ പരിണതഫലങ്ങളും, അത് മനുഷ്യജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനവും തികച്ചും സ്വാഭാവികമായി കാണാന്‍ നമ്മെ പഠിപ്പിച്ചു എന്നത് ഈ കാലഘട്ടത്തിന്റെ മാത്രം പ്രത്യേകതയാണ്. നിത്യജീവിതത്തിലെ നമ്മുടെ ചിന്തകളും പ്രവര്‍ത്തികളും ആഗോളവല്‍ക്കരണത്തിന്റെ വികാസത്തിന് സഹായകമായി വര്‍ത്തിക്കുന്നു. അതുതന്നെയാണ് ആഗോളവല്‍ക്കരണത്തിന്റെ വിജയവും. ഇത്തരമൊരു പരിപ്പ്രേക്ഷ്യത്തിനെ മിഷേല്‍ ഫുക്കോയുടെ ഭാഷ കടമെടുത്താല്‍ “ബയോപൊളിറ്റിക്” എന്ന് പറയാം.
ബയോപോളിറ്റിക്കല് അധികാര രൂപങ്ങളുടെ പ്രത്യേകത എന്നത്, അതിനു മൂര്‍ത്തമായ, അല്ലെങ്കില്‍ ബാഹ്യമായ അധികാര കേന്ദ്രങ്ങള്‍ ഇല്ല എന്നതാണ്. ഇവിടെ അധികാരത്തിന്റെ ഒബ്ജക്റ്റ് അല്ലെങ്കില്‍ അത് നിയന്ത്രിക്കുന്നത് വ്യക്തികളുടെ ശരീരത്തെയും മനസ്സിനെയുമാണ്. സ്വന്തം നിയന്ത്രണത്തില്‍ എന്ന് കരുതി വ്യക്തികള്‍ എടുക്കുന്ന ഓരോ തീരുമാനവും പ്രവര്‍ത്തിയും ഈ അധികാര രൂപത്തിന്റെ തന്നെ തീരുമാനമായി മാറുന്ന വിചിത്രാവസ്ഥ. ഇത്തരമൊരു ശൈലിയിലൂടെ നിയോലിബറല്‍ ബയോപോളിറ്റിക് അതിന്റെ അധികാരം നിലനിര്‍ത്തുകയും പുനരുല്‍പ്പാദിക്കുകയും ചെയ്യുന്നു. ഇതേ നിയോലിബറല്‍ യുക്തിയുടെ നിയന്ത്രണത്തിലാണ് മാനുഷിക മൂല്യങ്ങള്‍ എന്ന് നാം കരുതുന്ന പലതും. മനുഷ്യന് മൗലികം എന്ന് കരുതിയിരുന്ന ഓരോന്നും – വായു, വെള്ളം, പാര്‍പ്പിടം, ഭക്ഷണം – ഇന്ന് കച്ചവട ചരക്കുകള്‍ മാത്രമാണ് എന്നതും, ഇത്തരമൊരു യുക്തി യാതൊരു അസ്വാഭാവികതയും സൃഷ്ടിക്കുന്നില്ല എന്നതുമാണ് അതിനുള്ളിലെ വൈരുദ്ധ്യവും. മാനുഷിക വികാരങ്ങളായ സ്നേഹം, സൗഹൃദം, പ്രണയം എന്തിനു ദുഃഖം പോലും ഇന്ന് മനുഷ്യന് ഇതേ യുക്തിയിലൂടെ കാണാന്‍ ശീലിച്ചു കഴിഞ്ഞു. മാനുഷിക മൂല്യങ്ങളുടെയും, വികാരങ്ങളുടെയും തീവ്രത നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകം സാമ്പത്തിക വര്‍ഗ്ഗ വ്യത്യാസങ്ങളായിമാറി എന്നിടത്താണ് നിയോലിബറല്‍ വ്യവസ്ഥ ഒരു ബയോപവര്‍ ആയി മാറുന്നത്.
നിയോലിബറല്‍ അധികാരരൂപങ്ങള്‍ ഒരു ദേശരാഷ്ട്രത്തെയും പ്രത്യക്ഷത്തില്‍ നിയന്ത്രിക്കുന്നില്ലെങ്കിലും, ഒരു രാഷ്ട്രത്തിനും സാമ്പത്തികമായ പരമാധികാരം ഇല്ല എന്നതാണ് വസ്തുത. ഈയൊരു സാമ്പത്തിക ക്രമത്തിന് വിധേയമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ എന്ന സാഹചര്യം. ഇതിനൊരു ഉത്തമ ഉദാഹരണമാണ് ഒരു ശാസ്ത്രത്തെ പൂര്‍ണ്ണമായി സ്വാധീനിച്ചു കൊണ്ട് നിയോലിബറല്‍ ബയോപവര്‍ അതിന്റെ ക്രമങ്ങള്‍ ലോകരാഷ്ട്രങ്ങളില്‍ രൂപപ്പെടുത്തുന്നത്. നിലവില്‍ ഭൂരിഭാഗം ലോക രാജ്യങ്ങളില്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ് ആരോഗ്യത്തെ സാമ്പത്തിക ചരക്കു മാത്രമായി ചുരുക്കി കാണുക എന്നത്. ആധുനിക വൈദ്യശാസ്ത്രം അതിന്റെ മാനവിക വശങ്ങളെ ഉപേക്ഷിച്ചു കൊണ്ട് മേല്‍പ്പറഞ്ഞ യുക്തിക്കു വിധേയമായി വര്‍ത്തിക്കുന്ന ഉപകരണമായി മാറിക്കഴിഞ്ഞു. തലവേദനയ്ക്കുള്ള ചികിത്സാ മുതല്‍, ജീവന് രക്ഷ മരുന്നുകള്‍ പോലും പണമുല്പ്പാദനത്തിനുള്ള സ്രോതസ്സ് മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഇതേ നിയോലിബറല്‍ യുക്തി വ്യക്തികളില്‍ പ്രവര്‍ത്തിക്കുന്നത് മറ്റൊരു രീതിയില്‍ ആണ്. ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ വ്യവഹാരങ്ങളിലൂടെ (discourse) ആരോഗ്യവും അനാരോഗ്യവും വ്യക്തിയുടെ മാത്രം ഉത്തരവാദിത്വം ആയി കാണാന്‍ അത് പഠിപ്പിക്കുന്നു.
അസുഖങ്ങള്‍ എന്നത് സ്വന്തം പാളിച്ചകള്‍ കൊണ്ട് സംഭവിക്കുന്ന ഒന്നായി കാണാന്‍ ഇത് വ്യക്തികളോട് ആവശ്യപ്പെടുന്നു. ഇതിന്റെ വ്യക്തമായ ലക്ഷണങ്ങള്‍ രോഗങ്ങളുടെ പേരുകളില്‍ പോലും കാണാന്‍ സാധിക്കും. ഉദാഹരണത്തിന് ആധുനിക ചികിത്സാ ശാസ്ത്രം ഇന്ന് പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ മുതലായവയെ “ലൈഫ് സ്റ്റൈല്‍” രോഗങ്ങള്‍ , അല്ലെങ്കില്‍ മലയാളത്തില്‍ ജീവിതശൈലീ രോഗങ്ങള്‍ എന്നാണ് വിളിക്കുന്നത്. പക്ഷെ ഈ “ജീവിതശൈലി” എത്ര പേര്‍ക്ക്, അല്ലെങ്കില്‍ ആര്‍ക്കൊക്കെ സ്വതന്ത്രമായി മാറ്റാന്‍ കഴിയും എന്നത് അത് ഒരിക്കലും പ്രശ്നവത്കരിക്കപ്പെടുന്നില്ല. അങ്ങനെ വൈയക്തിക തലത്തിലും ശാസ്ത്രത്തിന്റെ വിശാലമായ തലത്തിലും പരസ്പരപൂരക യുക്തികളായി പ്രവര്‍ത്തിക്കുന്നതിലൂടെ നിയോലിബറല്‍ ക്രമം അതിന്റെ അധികാരം സംസ്ഥാപിച്ചും, പുനരുല്പ്പാദിച്ചുകൊണ്ടുമിരിക്കുന്നു.
ഇവിടെ ചോദ്യം, ആരോഗ്യം കേവലം വൈയക്തികമായി മാത്രം കാണാന്‍ കഴിയുമോ എന്നതാണ്. മനുഷ്യന് ഒരു സാമൂഹികജീവി ആണെന്നിരിക്കെ ഒരു വ്യക്തിയുടെ ആരോഗ്യം എത്രത്തോളം വ്യക്തിയുടെ മാത്രം ഉത്തരവാദിത്വം ആകുന്നു? ഇത് പ്രശ്നവല്‍ക്കരിക്കുന്നിടത്താണ് മേല്‍പ്പറഞ്ഞ കുയുക്തികളുടെ വൈകൃതം വ്യക്തമാകുന്നത്. കാരണം അനാരോഗ്യം എന്ന അവസ്ഥ ഒരു വലിയ പരിധി വരെ നിലവിലെ സാമ്പത്തിക ക്രമങ്ങളുടെ തന്നെ സൃഷ്ടിയാണ്. ഇന്ത്യ പോലുള്ള അവികസിത രാജ്യങ്ങളില്‍ പോലും ഇന്ന് പൊതു-ആരോഗ്യ സംവിധാനങ്ങള്‍ സ്വകാര്യ മേഖലയെക്കാള്‍ തുലോം തുച്ഛമാണ് എന്ന് മാത്രമല്ല, മാറി മാറി വരുന്ന കേന്ദ്ര ഭരണകൂടങ്ങള്‍ സ്വകാര്യ ചികിത്സാ മേഖലയെ നിയന്ത്രിക്കാനോ പൊതു-ആരോഗ്യ മേഖലയെ ശാക്തീകരിക്കാനോ, അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനോ ഉള്ള ശ്രമങ്ങള്‍ നടത്തുന്നില്ല. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പ്പാദനത്തിന്റെ ഉദ്ദേശം 5% ആണ് നിലവില്‍ ആരോഗ്യമേഖലയില്‍ ചിലവാക്കുന്നത്. അതില്‍ തുലോം 1% മാത്രമാണ് പൊതു ഖജനാവില്‍ നിന്ന് ചെലവാക്കുന്നത്. അതായത് ബാക്കി 4% എന്നത് ജനങ്ങള്‍ സ്വന്തം കയ്യില്‍ നിന്നും ചെലവാക്കുന്നു എന്നര്‍ത്ഥം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മൊത്തം ആരോഗ്യ സംബന്ധിയായ ചെലവിന്റെ ഏകദേശം 70% ജനങ്ങള്‍ സ്വന്തം കയ്യില്‍ നിന്ന് ചെലവാക്കേണ്ടി വരുന്നു. ഇതിന്റെ പരിണത ഫലം എന്നത്, ഇന്ത്യ പോലുള്ള അവികസിത രാജ്യങ്ങളില്‍ പാവപ്പെട്ടവരും പണക്കാരും തമ്മില്‍ ആരോഗ്യ സൂചകങ്ങളിലുള്ള അന്തരം ചിന്തിക്കാന്‍ പോലും കഴിയാത്ത വിധം പ്രബലമാകുന്നു എന്നതാണ്. കണക്കുകള്‍ പ്രകാരം ഇന്ന് ഇന്ത്യയില്‍ ഏറ്റവും ദരിദ്രമായ സാഹചര്യങ്ങളില്‍ ജനിച്ചു വീഴുന്ന ഒരു വ്യക്തിയുടെ ആയുര്‍ദൈര്‍ഗ്യം ഏറ്റവും പണക്കാരനായ വ്യക്തിയേക്കാള്‍ 8 വര്‍ഷത്തോളം കുറവാണ്. പ്രതിശീര്‍ഷ വരുമാനം കണക്കിലെടുക്കുമ്പോള്‍ ഏറ്റവും പാവപ്പെട്ട സാഹചര്യങ്ങളില്‍ നിന്ന് വരുന്നവര്‍ ആണ് ആരോഗ്യസേവനങ്ങള്‍ ക്കു താരതമ്യേന കൂടുതല്‍ പണം ചെലവാക്കേണ്ടി വരുന്നു എന്നതും ഈ സാഹചര്യം സൃഷ്ട്ടിക്കുന്ന വൈരുദ്ധ്യമാണ്.
ഇതിനെയാണ് ജൂലിയന്‍ റ്റിയൂദര് ഹാര്‍ട് എന്ന ബ്രിട്ടീഷ് ഡോക്ടര്‍ 1971ല്‍ “ദ ഇന്‍വെര്‍സ് കെയര്‍ ലോ” അല്ലെങ്കില്‍ വിപരീത ചികിത്സാ നിയമം എന്ന് വിശേഷിപ്പിച്ചത്. അതായത് മാര്‍ക്കറ്റ് യുക്തിയില്‍ ചലിക്കുന്ന ആരോഗ്യ മേഖലയില്‍ കൂടുതല്‍ ആരോഗ്യ സേവനം ആവശ്യമുള്ള വ്യക്തികള്‍ ക്കായിരിക്കും ഏറ്റവും കുറവ് ശ്രദ്ധ ലഭിക്കുന്നത് എന്ന നിരീക്ഷണം.
നിയോലിബറല്‍ യുക്തിപ്രകാരമുള്ള ആരോഗ്യസംവിധാനങ്ങളുടെ മുന്‍ഗണന, ചികിത്സാ സേവനങ്ങള്‍ അധികം വേണ്ട മേഖല ഏത് എന്നതല്ല, മറിച്ചു അധികലാഭം എവിടെ നിന്ന് ലഭിക്കും എന്നതാണ്. എന്നാല്‍ ഇത്തരം അസമത്വങ്ങള്‍ ബയോപോളിറ്റിക് അതിന്റെ അധികാര വിനിയോഗങ്ങളിലൂടെ അദൃശ്യവത്ക്കരിക്കുന്നു. അതുകൊണ്ടു മാത്രമാണ് ഇത്തരം ആന്തരിക വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കെത്തന്നെ ആരോഗ്യരംഗം മുതലാളിമാരുടെ കുത്തകയായി ഇന്നും നിലനില്‍ക്കുന്നത്. അതിനാല്‍ത്തന്നെ നിയോലിബറല്‍ സാമ്പത്തിക ക്രമങ്ങളുടെ വൈരുദ്ധ്യങ്ങള്‍ സൃഷ്ട്ടിക്കുന്ന സാമൂഹിക സാമ്പത്തിക അസമത്വങ്ങള്‍ കാണാതെ ആരോഗ്യം എന്ന സങ്കല്‍പ്പത്തെ സമീപിക്കാന്‍ കഴിയില്ല എന്നതാണ് വാസ്തവം.
അതേസമയം, കൊറോണ പോലുള്ള മഹാമാരികളുടെ പശ്ചാത്തലത്തില്‍ നിയോലിബറല്‍ സാമ്പത്തിക ക്രമത്തെ വിമര്‍ശനാത്മകമായി നോക്കികാണുവാനുള്ള വലിയ സാധ്യത കാണാതെ പോകരുത്. ആധുനികവൈദ്യശാസ്ത്രം ഇന്ന് ചിന്തിക്കാവുന്നതിനപ്പുറം വികസിച്ചു കഴിഞ്ഞെങ്കിലും, അതിന്റെ ഗുണഭോക്താക്കള്‍ ഒരു ചെറിയ ശതമാനം മാത്രമാകുന്നു എന്നതാണ് യാഥാര്‍ഥ്യം. ഇന്ന് ലോകമെമ്പാടും 3.5 ബില്യണ്‍ ജനങ്ങള്‍ യാതൊരു വിധ ആരോഗ്യ സേവനങ്ങളും ലഭ്യമാകാതെ ജീവിക്കുന്നു എന്ന് മാത്രമല്ല, പ്രതിവര്‍ഷം 100 മില്യണ്‍ ജനങ്ങള്‍ സ്വകാര്യ ആരോഗ്യസേവനങ്ങള്‍ വിലകൊടുത്തു വാങ്ങുന്നതിലൂടെ ദാരിദ്ര്യത്തിലേക്ക് വഴുതിവീഴുന്നു. കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ പൊതു-ആരോഗ്യ മേഖലയില്‍ ലഭ്യമായ ആശുപത്രി കിടക്കകള്‍ 1000 പേര്‍ക്ക് 0.55 എന്ന തോതില്‍ ആണ്. എന്നാല്‍ ഇതേ സമയം രാജ്യത്തുള്ള മൊത്തം ആശുപത്രി കിടക്കകളില്‍ 50% ത്തിലധികം സ്വകാര്യ മേഖലയിലാണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 22% ത്തിലധികം അതിദരിദ്രര്‍ ജീവിക്കുന്ന ഒരു രാജ്യത്താണ് ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നത് എന്നിടത്താണ് ഈ കണക്കുകളുടെ തീവ്രത വെളിപ്പെടുന്നത്.
അതേസമയം ഒരു പ്രതിസന്ധിഘട്ടത്തില്‍ പോലും എങ്ങിനെയാണ് ഇതേ ബയോപോളിറ്റിക് അധികാരക്രമം ഭരണവര്‍ഗത്തിന്റെ തീരുമാനങ്ങളെ അതിന്റെ ഇച്ഛയ്ക്കനുസരിച്ചു മാറ്റിയെടുക്കുന്നു എന്നതും കൗതുകകരമാണ്. ഇതിനുദാഹരണമാണ് ലോകമെമ്പാടും കൊറോണ പകര്‍ച്ചവ്യാധി പൊട്ടിപുറപ്പെട്ടപ്പോളും തുടക്കത്തില്‍ സ്വീകരിച്ച നടപടികളില്‍ പലതും ജനങ്ങളുടെ ആരോഗ്യത്തെക്കാള്‍ സാമ്പത്തിക വെല്ലുവിളികള്‍ നേരിടാനുള്ള നടപടികളായിരിന്നു എന്നത് . ഉത്പ്പാദനപ്രക്രിയയുടെ സുഗമമായ നടത്തിപ്പിലൂടെ കുത്തക മുതലാളിയുടെ നഷ്ടം കുറയ്ക്കാന്‍ എന്ത് നടപടി കൈക്കൊള്ളാം എന്നതായിരുന്നു പല ലോകരാഷ്ട്രങ്ങളുടെയും പ്രഥമ പരിഗണന. അതുകൊണ്ടു തന്നെ ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ നിയോലിബറല്‍ സാമ്പത്തിക ക്രമങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള സാമൂഹിക സാമ്പത്തിക അസമത്വങ്ങളുടെ തീവ്രതയും വ്യാപ്തിയും പൊടുന്നനെ വെളിപ്പെടുത്തുന്നു.
ഈ പകര്‍ച്ചവ്യാധിയുടെ നിയന്ത്രണത്തിനായി ലോകം മുഴുവന്‍ സ്തംഭനമടക്കമുള്ള നടപടികളിലേക്ക് നീങ്ങുമ്പോള്‍ , അത്തരം സാഹചര്യങ്ങള്‍ പോലും വര്ഗ്ഗാടിസ്ഥാനത്തില് എത്രത്തോളം വിവേചനപരമായ പ്രത്യാഘാതങ്ങളും, കൂടുതല്‍ അസമത്വങ്ങളും സൃഷ്ടിക്കുന്നു എന്നത് പരിശോധനക്ക് വിധേയമാക്കേണ്ട വസ്തുതയാണ്. പകര്‍ച്ചവ്യാധി നേരിടുന്ന പ്രദേശങ്ങളിലെല്ലാം അത് സാമ്പത്തികമായും, ആരോഗ്യപരമായും ഏറ്റവും തീവ്രമായി ബാധിക്കുന്നതു ദരിദ്രരെയാണ് എന്നതാണ് യാഥാര്‍ഥ്യം. ദിവസങ്ങളും മാസങ്ങളും നീളുന്ന നിയന്ത്രണത്തിലൂടെ നേരിടേണ്ടിവരുന്ന കൂലി നഷ്ടം അവരെ വീണ്ടും ദാരിദ്ര്യത്തിന്റെയും അനോരോഗ്യത്തിന്റെയും ചാക്രികതയിലേക്കു തള്ളിയിടുന്നു. കൊറോണ പോലുള്ള പുതിയ പകര്‍ച്ചവ്യാധികള്‍ ക്കുള്ള പരിശോധനകളും ചികിത്സാ സംവിധാനങ്ങളും കുറവാണെന്നിരിക്കെ, അവ ലഭ്യമാകാനുള്ള സാഹചര്യങ്ങള്‍ ഒരു നിയോലിബറല്‍ ക്രമത്തിനുള്ളില്‍ വര്‍ഗാടിസ്ഥാനത്തിലുള്ള വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്നു. ഏറ്റവും വലിയ സാമ്പത്തികശക്തി എന്ന് കരുതപ്പെടുന്ന അമേരിക്കയില്‍ പോലും ഇതിനുള്ള ഉദാഹരണങ്ങള്‍ ധാരാളമാണ്. അവിടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോലുള്ള സംവിധാനങ്ങള്‍ ഇല്ലാത്ത പാവപ്പെട്ട ആളുകള്‍ അടിസ്ഥാന പരിശോധനക്കും ചികിത്സക്കും വേണ്ടി ചെലവാക്കേണ്ടി വരുന്നത് ലക്ഷങ്ങളാണ്. നേരെമറിച്ചു ധനികനായ ഒരു വ്യക്തിക്ക് തന്റെ സ്വകാര്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉപയോഗിച്ച് വളരെ പെട്ടന്ന് വേണ്ട പരിശോധനകളും ചികിത്സയും ലഭ്യമാക്കുകയും ചെയ്യാം.
ഇന്ന് നമ്മുടെ നാട്ടില്‍ പോലും സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്ന വര്‍ക്ക് ഫ്രം ഹോം രീതി പോലും ഒരു പ്രത്യേക വര്‍ഗ്ഗവിഭാഗത്തിന്റെ പ്രിവിലേജ് മാത്രമല്ലേ? മാത്രമല്ല വീട്ടില്‍ നിന്നു ജോലി തുടരുന്നതിലൂടെ ആരുടെ ആവശ്യങ്ങളാണ് വീണ്ടും സംരക്ഷിക്കപ്പെടുന്നത്. നിത്യ വേതനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ജീവിക്കേണ്ടി വരുന്ന ലക്ഷകണക്കിന് വരുന്ന വിഭാഗങ്ങള്‍ ക്ക് വര്‍ക്ക് ഫ്രം ഹോം ഒരു വിദൂരസാധ്യതയാണ്. കൊറോണ അധികമായി ബാധിക്കാന്‍ സാധ്യതയുള്ളത് പ്രായമായവരെയും മറ്റു രോഗങ്ങള്‍ ഉള്ള വ്യക്തികളെയും ആണെന്ന് പറയുന്നു. അവിടെയും ചോദ്യം സമൂഹത്തിലെ ഏതു വര്ഗ്ഗവിഭാഗത്തിനാണ് രോഗാതുരത കൂടുതല്‍ എന്നതാണ്. വികസിത രാജ്യമായ അമേരിക്കയില്‍ നടന്ന പഠനങ്ങളില്‍ പോലും തെളിയുന്നത്, വരുമാനം കുറയുന്നതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളില്‍ രോഗാതുരതയും കൂടുന്നു എന്നുള്ളതാണ്. ബ്രിട്ടന് പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ആസ്ത്മ, ഡയബെറ്റിസ്, ശ്വാസകോശ സംബന്ധമായ മറ്റു രോഗങ്ങള്‍ , ഏറ്റവുമധികം കാണുന്നത് ദാരിദ്ര്യം അനുഭവിക്കുന്ന വിഭാഗം ജനങ്ങളില്‍ ആണ് എന്നുള്ളതാണ്. വികസിത രാജ്യങ്ങളിലെ അവസ്ഥ ഇതാണെങ്കില്‍ അവികസിത മേഖലകളായ ആഫ്രിക്കയും ഏഷ്യയും പോലുള്ള വന്‍കരകളില്‍ ഉള്ള രാജ്യങ്ങളുടെ സ്ഥിതി എന്തായിരിക്കും എന്ന് ഊഹിക്കാമല്ലോ.
ഇവിടെയാണ് ബയോപോളിറ്റിക് അധികാരവും, കൊറോണ പോലുള്ള മഹാമാരികളുടെ പശ്ചാത്തലത്തില്‍ വെളിപ്പെടുന്ന അസമത്വങ്ങളും തമ്മില്‍ കൂട്ടി വായിക്കേണ്ടത്. ഈ മഹാമാരി മനുഷ്യകുലത്തിനു ചില സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. നിലവിലുള്ള വികസന കാഴ്ചപ്പാടുകളെ പുനര്‍നിര്‍വചിക്കാന്‍ അത് ആവശ്യപെടുന്നു. ഭൂമിയിലെ എല്ലാത്തിനെയും ഒരേ ചട്ടക്കൂടിലൂടെ കാണാന്‍ സാധിക്കില്ല എന്നും, വികസനം എന്നത് ചിലരുടെ മാത്രം ആവരുത് എന്നും അത് സൂചിപ്പിക്കുന്നു. ഇത്തരം പ്രതിസന്ധികള്‍ക്ക് മാത്രമേ ഒരുപക്ഷെ സാര്‍വത്രികമായി പ്രബലമായി നില്ക്കുന്ന അധികാര രൂപങ്ങളെ പൊളിക്കുവാനും പുതിയത് സൃഷ്ടിക്കുവാനും സാധിക്കുകയുള്ളു. ഇത് വിപ്ലവകരമായ ഒരു മാറ്റത്തിന്റെ കൂടി സന്ദര്‍ഭമാണ്. മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ ആരോഗ്യം പോലുള്ള മേഖലകള്‍ നിയോലിബറല്‍ യുക്തികളുടെ ചട്ടക്കൂടില്‍ നിന്ന് പുറത്തു കൊണ്ട് വരാന്‍ നമ്മെ പ്രേരിപ്പിക്കേണ്ടതുണ്ട്.
ആരോഗ്യം എന്നത് സാമൂഹിക ഉത്തരവാദിത്വം ആണ് എന്ന തിരിച്ചറിവും, ആരോഗ്യസേവനങ്ങള്‍ എല്ലാവര്ക്കും ഒരു പോലെ ലഭിക്കേണ്ട മനുഷ്യാവകാശങ്ങളില്‍ ഒന്നാണെന്നുമുള്ള തിരിച്ചറിവിന്റെ മുഹൂര്‍ത്തം. “യൂണിവേഴ്സല്‍ ഹെല്‍ത്ത് കെയര്‍” അല്ലെങ്കില്‍ സാര്‍വത്രിക ആരോഗ്യ സേവനങ്ങള്‍ പോലുള്ള മാതൃകകളിലേക്കു ലോകരാഷ്ട്രങ്ങള്‍ മാറേണ്ടതുണ്ട്. ദരിദ്രന് ധനികന് എന്ന വ്യത്യാസം ഇല്ലാതെ എല്ലാവര്ക്കും ഒരേ നിലവാരത്തില്‍ ഉള്ള ആരോഗ്യ സേവനങ്ങള്‍ പൊതു മേഖലയിലൂടെ സൗജന്യമായി ലഭ്യമാക്കുന്ന ആരോഗ്യവ്യവസ്ഥ. ഇത്തരം പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ഇന്ന് നമ്മുടെ മുന്നില്‍ ഉള്ള ഏറ്റവും വലിയ ആയുധം എന്നത് അതിനെ യഥാസമയം പ്രതിരോധിക്കുക എന്നത് മാത്രമാണ്. എപ്പോഴൊക്കെ എളുപ്പത്തില്‍, പണച്ചിലവ് ഇല്ലാതെ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാകാത്ത സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടോ, അപ്പോഴൊക്കെ അവ അതിന്റെ തുടക്കത്തില്‍ തന്നെ നമുക്ക് നിയന്ത്രിക്കാന്‍ കഴിയാതെ പോകുന്നു. മറിച്ചു ജനകീയവും, ഫലപ്രദവും, പര്യാപ്തമായ മാനവ ശേഷിയുമുള്ള ഒരു പൊതു-ആരോഗ്യ സംവിധാനത്തിലൂടെ മാത്രമേ പ്രാദേശികമായി ഇത്തരം പകര്‍ച്ച വ്യാധികള്‍ നേരത്തെ കണ്ടെത്തി വേണ്ട നിയന്ത്രണങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളു.