'ഒരു ജാതി ' ഏര്‍പ്പാട്
ഏതൊരു നാടിന്റെയും മുഖവും ചിന്തയും മനസ്സും സ്വപ്നങ്ങളുമെല്ലാം അതതു പ്രദേശങ്ങളിലെ എല്‍ പി സ്ക്കൂളുകളോ വായനശാലകളോ ആണെന്ന് പൊതുവില്‍ വിലയിരുത്തപ്പെടാറുണ്ട്. ഇത് പേരാമ്പ്ര. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ സവിശേഷമായ അടയാളങ്ങള്‍ തീര്‍ത്ത കോഴിക്കോട് ജില്ലയിലെ പുരോഗമന പക്ഷം ഉയര്‍ത്തിപ്പിടിക്കുന്നിടം .. ഇവിടത്തെ സര്‍ക്കാര്‍ വെല്‍ഫെയര്‍ ലോവര്‍ പ്രൈമറി സ്ക്കൂളില്‍ പഠനം പൂര്‍ത്തീകരിച്ച് പൊതുസമൂഹത്തിനാകെ മാതൃകയായ നിരവധി പേരുണ്ടിവിടെ. നെല്ലിമരത്തിന്റെയും കിണര്‍വെള്ളത്തിന്റെയും ഓടിക്കളിച്ചതിന്റെയും ഒരുമിച്ചിരുന്നതിന്റേയും സ്നേഹോഷ്മളോര്‍മ്മകള്‍ക്കിടയില്‍ ചെന്നിനായകം പോലെ കയ്ച്ചിറങ്ങുന്ന ചില ന്യൂ ജെന്‍ അനുഭവങ്ങളുമുണ്ട്. ഡിവിഷന്‍ ഫാളിന്റെയോ , തൊഴില്‍ നഷ്ടമാകുന്ന അധ്യാപകരുടേയോ , ആല്‍മരമാകുന്ന അരികിലെ അണ്‍ ഏയ്‌ഡഡ് സ്ക്കൂളോ ഒന്നുമല്ല ഇവിടത്തെ പ്രശ്നം , മറിച്ച് 'ഒരു ജാതി ' ഏര്‍പ്പാടത്രേ.
സ്ക്കൂളിലെ ആകെയുള്ള 13 വിദ്യാര്‍ത്ഥികളില്‍ 12 പേരും പറയ സമുദായാംഗങ്ങളാണ്. ഭൂപടം പോലെ വൈവിധ്യങ്ങളുടെ കൊളാഷാകേണ്ട വിദ്യാലയം , എങ്ങിനെയാണ് പാര്‍ശവല്‍ക്കരിക്കപ്പെട്ട ഒരു പ്രത്യേക വിഭാഗത്തിലെ കുട്ടികള്‍ മാത്രം പഠിക്കുന്ന ഇടമായി മാറുന്നത്. അന്വേഷണങ്ങളുടെ ബാക്കി പത്രമായി തെളിയുന്നത് നാഴികയ്ക്കു നാല്‍പ്പതു വട്ടം പുരോഗമത്തില്‍ കുളിച്ചെണീക്കുന്ന പ്രബുദ്ധ മലയാളിയുടെ കപട മുഖമല്ലാതെ മറ്റൊന്നുമാകുന്നില്ല.
പാഠം ഒന്ന് : അയിത്തം
എങ്ങിനെയാണ് വൈവിധ്യങ്ങളുടെ സംഗീതം പൊഴിക്കേണ്ട മാതൃകാ വിദ്യാലയം ദലിത് വിഭാഗങ്ങളിലെ കുട്ടികള്‍ മാത്രം പഠനം നടത്തുന്ന " ദലിത് " സ്ക്കൂളായി മാറിയതെന്നതിന് കഴിഞ്ഞ 10 വര്‍ഷക്കാലത്തെ സ്ക്കൂളിലെ പഠിതാക്കളുടെ പൊതുസ്വഭാവം ഇങ്ങനെ തന്നെ ആയിരുന്നുവെന്ന അധ്യാപകരുടെ സാക്ഷ്യപ്പെടുത്തലുകളോടെ ഇതര വിഭാഗങ്ങളുടെ സംഘടിതമായ നിസ്സഹകരണത്തിലേക്കു വിരല്‍ ചൂണ്ടുന്നു. നിരവധിയായ പരിശ്രമങ്ങള്‍ സംഘടിപ്പിച്ചുവെങ്കിലും കഴിഞ്ഞ പത്തു വര്‍ഷക്കാലമായി ചുറ്റുപാടുമുള്ള ഇതര ജാതി വിഭാഗങ്ങളിലെ കുട്ടികളെ ഇവിടെയ്ക്ക് അയക്കാറില്ലത്രേ !
കോഴിക്കോട് ജില്ലയില്‍ നിന്നും 40 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന പേരാമ്പ്ര, വിവിധ വിഭാഗങ്ങള്‍ ഇടതിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങളിലൊന്നാണ്. സര്‍ക്കാര്‍ വെല്‍ഫെയര്‍ ലോവര്‍ പ്രൈമറി സ്ക്കൂളിനരികിലായി പട്ടിക ജാതി (എസ്.സി) സാംബവ / പറയ വിഭാഗങ്ങളിലുള്ളവര്‍ താമസിച്ചു വരുന്ന കോളനിയുണ്ട് ; നായര്‍ , നമ്പ്യാര്‍, തിയ്യ (ഓ. ബി . സി ) വിഭാഗങ്ങളിലുള്ളവരും ചുറ്റുവട്ടങ്ങളിലായുണ്ട്. കോളനി നിവാസികള്‍ ബഹുഭൂരിപക്ഷവും പ്രതിദിനം 500 രൂപ വരെ മാത്രം വരുമാനമുള്ള തൊഴിലാളികളാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ മനുസ്മൃതി പ്രകാരം രൂപഘടന ചെയ്യപ്പെട്ട മേല്‍ ജാതി ശ്രേണികളിലെ പുരോഗമനം പിന്‍പറ്റുന്ന കുടുംബങ്ങളിലേതടക്കമുള്ള ഒരു കുട്ടി പോലും ഇവിടെ ചേര്‍ന്നിട്ടില്ലത്രേ. പ്രദേശത്തെ മുസ്ലിം വിഭാഗത്തിലെ കുട്ടികള്‍ മുന്‍ കാലങ്ങളില്‍ ഇവിടെ ചേരാറുണ്ടെങ്കിലും സാമ്പത്തിക പുരോഗതിയുടെ ഭാഗമായി പ്രസ്തുത വിഭാഗങ്ങളിലെ കുട്ടികള്‍ സ്വകാര്യ വിദ്യാലയങ്ങളെയാണ് തിരഞ്ഞെടുത്തു വരുന്നത്. ക്രൈസ്തവ കുടുംബങ്ങളിലെ കുട്ടികള്‍ പരബരാഗതമായി സ്വകാര്യ സ്ക്കൂളുകളില്‍ അധ്യയനം നടത്തി വരുന്നു.
'ഫയങ്കര ഗ്രഹാതുരത'
57 ലെ ഇ എം എസ് സര്‍ക്കാരാണ് തുല്യ വിദ്യാഭ്യാസം ലക്‌ഷ്യം വെച്ച് സര്‍ക്കാര്‍ വെല്‍ഫെയര്‍ ലോവര്‍ പ്രൈമറി സ്ക്കൂള്‍ ആരംഭിക്കുന്നത്. പ്രാസ്തുത കാലയളവില്‍ ജാതി - മത ഭേദമെന്യേ എല്ലാ വിഭാഗങ്ങളിലെ കുട്ടികളും ഇവിടെ അധ്യയനം നടത്തിയിരുന്നു. ഇരുന്നൂറിനു മേലെ കുട്ടികളുമായി പരിസരത്തെയാകെ സല്‍ക്രിയമാക്കിയ കുട്ടിത്തങ്ങളുടെ ഓര്‍മ്മകളെ പരിസരവാസികളായവര്‍ തികഞ്ഞ ഗൃഹാതുരതയോടെയാണ് ഓര്‍ത്തെടുക്കുന്നത്.
ഒരു പ്രത്യേക ജാതി വിഭാഗത്തിലെ കുട്ടികള്‍ക്കൊപ്പം ഇടപഴകുന്നതും പഠിക്കുന്നതും ഒഴിവാക്കുന്നതിന് മക്കളുടെ അധ്യയനം പോലും വേണ്ട നിലയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്ക്കൂളുകളിലേയ്ക്കു മാറ്റി ഉള്ളിലെ ജാതി ഭ്രാന്തിനെ താലോലിയ്ക്കുന്ന അഭിനവ മാതാപിതാക്കള്‍ പൊതുസാമാന്യത്തെ എത്ര ലളിതമായാണ് പകുത്തു മാറ്റുന്നതെന്ന് തിരിച്ചറിയാന്‍ പേരാമ്പ്ര മികച്ച മാതൃകയാകുന്നു. തങ്ങളുടെ മക്കള്‍ 'പറയര്‍ക്കൊപ്പം' പഠിക്കുന്നത് അവരോട്ടും ഇഷ്ടപ്പെടുന്നില്ലത്രേ ; പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരധ്യാപകന്‍ ഗദ്ഗദത്തോടെ പറഞ്ഞു നിര്‍ത്തി.
എന്തുണ്ടായിട്ടെന്താ ; നിങ്ങടെ ജാതി .. !
ചുറ്റുവട്ടത്തെ ഇതര സ്ക്കൂലുകളെ അതിശയിപ്പിക്കും വിധമുള്ള അടിസ്ഥാന സൗകര്യങ്ങളാണ് സര്‍ക്കാര്‍ വെല്‍ഫെയര്‍ ലോവര്‍ പ്രൈമറി സ്ക്കൂളിനുള്ളത്. മികച്ച കമ്പ്യൂട്ടര്‍ ലാബും അനുബന്ധ ഉപകരണങ്ങളുമടങ്ങുന്ന സ്മാര്‍ട്ട് റൂമുകള്‍ ഇവിടത്തെ മാത്രം പ്രത്യേകതയാണ്. ഇളം പാദങ്ങളുടെ തലോടലേല്‍ക്കാന്‍ വിശാലമായ കളിമൈതാനം .. ശാസ്ത്ര മേളകളിലെ ഉജ്വല വിജയങ്ങള്‍ .. എന്നിട്ടും ജനനം കൊണ്ട് ഒരു പ്രത്യേക വിഭാഗത്തില്‍ ആയവര്‍ / ആക്കിയവര്‍ പഠിക്കുന്നു എന്നതു കൊണ്ടു മാത്രം ഇതര വിഭാഗങ്ങള്‍ അഥവാ 'അപ്പര്‍ ക്ലാസ് ' ; വിദ്യാലയത്തെ / സഹവര്‍ത്തിത്വത്തെ മാനുഷിക മൂല്യങ്ങളുടെ ഇഴയടുപ്പങ്ങളെ അപ്പാടെ റദ്ദ് ചെയ്ത് വംശ ഹത്യയുടെ പ്രാരംഭം കുറിക്കുന്നു. 2005 വരെ പ്രദേശത്തെ ഓ ബി സി വിഭാഗങ്ങളിലെ കുട്ടികള്‍ ഇവിടെ പഠിക്കാനെത്തിയിരുന്നെങ്കിലും അതി വേഗത്തില്‍ കൊഴിഞ്ഞു പോക്ക് ആരംഭിക്കുകയായിരുന്നുവെന്ന് അധ്യാപകര്‍ സാക്ഷ്യം ചെയ്യുന്നു.
' ഞാളും പോവാറുണ്ട് ; ഹെഡ് മാസ്റ്റര്‍ രഘുദാസ് മാഷിന്റെ കൂടെ, സ്ക്കൂളിലേക്ക് കുട്ടികളെ പഠിക്കാന്‍ അയക്കണമെന്ന് പറഞ്ഞ്.. പക്ഷേ , ചേര്‍ക്കാം എന്നു പറയുന്നതല്ലാതെ ഞാളെ കുട്ടികള്‍ക്കൊപ്പം ഒരുമിച്ചിരുത്തി പഠിക്കാന്‍ കുട്ടികളെ വിടാറില്ല. ഞങ്ങള്‍ക്കുമുണ്ട് മോഹം , എല്ലാ കുഞ്ഞുങ്ങള്‍ക്കുമൊപ്പം ഞങ്ങള കുട്ടികളും പഠിക്കണമെന്ന്. ഞാള് താഴ്ന്നോരായി പോയെന് മക്കള് എന്ത് പെഴച്ചു. തൊട്ടപ്പുറത്തെ സ്ക്കൂളിനേക്കാള്‍ ഇവിടെ പഠിപ്പുണ്ട് ; പുസ്തകവും , കുടയും ബാഗും എല്ലാമുണ്ട്. നല്ലോണം പഠിപ്പിക്കണ മാഷന്മാരുമുണ്ട്. പക്ഷേ ഒരാളും ഇവിടെ കുട്ടികളെ ചേര്‍ക്കണില്ല. ഞാള് പഠിക്കണ കാലത്തായിരുന്നു ജാതി പറയല് കൂടുതല് .. അന്ന് ഞാളോട് ഒന്നിച്ചിരുന്ന് പഠിക്കാന്‍ നായരും, തിയ്യരും , പുലയനും ഒക്കെ ഉണ്ടായിരുന്നു. ഒന്നിച്ച് ചിരിച്ച് കളിച്ച് പഠിച്ചാണ് ഞങ്ങള് വളര്‍ന്നത്. എന്നാല്‍ ഇന്നെല്ലാം തിരിഞ്ഞു. ഇവിടെ പഠിച്ചു കഴിഞ്ഞാ പിന്നെ പേരാബ്ര സ്ക്കൂളിലാണ് ഞങ്ങളെ മക്കള് പഠിക്കേണ്ടത്. ചിലര്‍ പിന്നേം പഠിക്കും. ചിലര്‍ക്ക് മറ്റുള്ളവര്‍ക്കൊപ്പം ഒരുമിച്ചിരുന്ന് [പഠിക്കാന്‍ മടിയായി തുടങ്ങും . ഒരുതരം അപകര്‍ഷതാ ബോധം ; എല്‍ പി സ്ക്കൂള്‍ പഠനത്തിന്റെ ബാക്കി ! ചെറിയ ക്ലാസിലേ ഒന്നിച്ചു പഠിച്ചിരുന്നുവെങ്കില്‍ ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ല. പലപ്പോഴും അങ്ങനെ പഠിത്തം അവസാനിപ്പിക്കുന്നവരെ വെല്‍ഫെയര്‍ സ്ക്കൂളിലെ മാഷന്മാര്‍ ഇടപെട്ട് ഹൈസ്ക്കൂളും താമസ സൌകര്യവുമുള്ള മറ്റു സ്ക്കൂളുകളിലേയ്ക്ക് പറഞ്ഞയക്കും. അടുത്ത ദിവസങ്ങളില്‍ ചില സംഭവങ്ങളുണ്ടായി. ഏഴിലും എട്ടിലും പഠിക്കുന്ന ഞങ്ങളുടെ രണ്ടു പെണ്‍കുട്ടികളെ ക്ലാസിന്റെ പിന്‍ഞ്ചില്‍ ഇരുത്തുന്ന അവസ്ഥ. '
വിജയന്‍
മുന്‍ പി റ്റി എ പ്രസിഡന്റ്പൂര്‍വ്വ വിദ്യാര്‍ത്ഥി
' എന്‍. സി. സി പോലുള്ളവകളില്‍ നിന്നും തങ്ങളുടെ മക്കളെ മാത്രം ബോധപൂര്‍വ്വം ഒഴിവാക്കുന്നുണ്ട് .വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലുമെല്ലാം ഒരു പ്രത്യേക ജാതിയില്‍ ജനിച്ചു പോയി എന്നതു കൊണ്ടു മാത്രം ഞങ്ങളുടെ മക്കള്‍ വിവേചനമനുഭവിക്കുന്ന രീതി ഇനിയെങ്കിലും മാറണമെന്ന് രക്ഷിതാവായ ഒരമ്മ ദുഖഭാരത്തോടെ പറഞ്ഞു വെച്ചു.'
' സവര്‍ണ്ണ മേധാവിത്വ സമൂഹം ഇതെല്ലാം കണ്ടില്ലെന്നു നടിച്ചേക്കാം. എങ്കിലും കേരളത്തില്‍ ഞങ്ങളെപ്പോലുള്ളവര്‍ ജാതിയുടെ പേരില്‍ വിവേചനമനുഭവിക്കുന്നത് പുറംലോകമറിയണം. സവര്‍ണ്ണതയ്ക്ക് രാഷ്ട്രീയമില്ല. '
ബിരുദം പാതിവഴിയിലുപേക്ഷിക്കേണ്ടി വന്ന യുവാവ്
ലിസിയുടേയും പേരാബ്ര
പേരാമ്പ്രക്കപ്പുറം ലിസിയെന്ന ചെറുപ്പക്കാരിയെ അധികമാരും അറിയാനിടയില്ല. രാജസ്ഥാനിലാണ് ലിസിയുടെ വീട്. ജോലി തേടി കേരളത്തിലെത്തി ചെരുപ്പുകുത്തി ഉപജീവനം നടത്തുന്ന ഈ യുവതി ഇന്ന് പേരാബ്രയുടെ മുഖത്തെഴുത്തുകളില്‍ പ്രധാനിയാണ്. തുഛ വരുമാനമാണ് ഇവരുടേത് . പക്ഷേ പ്രതിവര്‍ഷം അതിലൊരു പങ്ക് അവഗണനയുടേയും അവഹേളനത്തിന്റെയും നേര്‍രൂപങ്ങളായ സര്‍ക്കാര്‍ വെല്‍ഫെയര്‍ ലോവര്‍ പ്രൈമറി സ്ക്കൂളിലെ കുട്ടികള്‍ക്കായി മാറ്റി വെയ്ക്കുന്നു. തങ്ങളുടെ നാട്ടില്‍ നിലനിന്നിരുന്ന കൊടിയ ജാതി വിവേചങ്ങളുടെ ഭാഗമായി തനിക്ക് വിദ്യാഭ്യാസം നേടാനായില്ലെന്ന് ലിസി ഗദ്ഗദത്തോടെ ഓര്‍മ്മിച്ചെടുക്കുന്നു.
ആ സ്ഥിതി ഇപ്പോഴും തുടരുന്നു. അതുകൊണ്ടു തന്നെ ഞങ്ങള്‍ക്കുണ്ടായ അനുഭവം ഇനി ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല. അതിനാലാണ് പട്ടിണിയാണെങ്കിലും വരുമാനത്തിന്റെ ഒരുപങ്ക് കുട്ടികള്‍ക്കായി ഞാന്‍ മാറ്റി വെയ്ക്കുന്നത്. അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമൊപ്പം എല്ലാ അധ്യയാന വര്‍ഷാരംഭവും ഞാനും ചുറ്റുവട്ടത്തുള്ള വീടുകളില്‍ പോകാറുണ്ട് ; കുട്ടികളെ ഈ സ്ക്കൂളില്‍ ചേര്‍ക്കണം എന്നഭ്യര്‍ത്ഥിച്ചുകൊണ്ട്. എല്ലാവരും ഉറപ്പു പറയും ; പക്ഷേ ഒന്നും നടക്കാറില്ല. കേരളത്തിലും ഇങ്ങനെ ഒക്കെ നടക്കുന്നതില്‍ അത്ഭുതം തോന്നുന്നു ; ആശങ്കയും !
കോളനിയിലെ മനുഷ്യര്‍
വെല്‍ഫെയര്‍ സ്ക്കൂളിനേറെ അകലെയല്ല അതിനോളം തന്നെ പഴക്കമുള്ള സാംബവ കോളനി. അടുത്ത ഇടവപ്പാതിക്കു മുന്‍പേ നിലംപറ്റും വിധം ജീവനില്ലാത്ത കൂരകള്‍. ഇടതിങ്ങി പാര്‍ക്കുന്ന ജനത. ഉപയോഗ ശൂന്യമായ ശൌചാലയങ്ങള്‍. വൃത്തിഹീനമായ ഇടവഴികള്‍. ഇവിടെ നിന്നാണ് ആ 12 മിടുക്കികള്‍ / മിടുക്കന്മാര്‍ കടന്നു വരുന്നത്. 16 / 17 വയസ്സുള്ള അമ്മമാരേ കാണാമിവിടെ; ഉടുതുണിക്ക് മറുതുണിയോ, പോഷകാഹാരമോ ഇല്ലാത്തവര്‍ മദ്യം അടക്കമുള്ള നിരവധിയാ സാമൂഹ്യ പ്രശ്നങ്ങള്‍. ശൈശവ വിവാഹങ്ങള്‍. എ.പി.എല്‍ പട്ടികയില്‍പ്പോലും ഇടം കണ്ടെത്താനാകാത്തവര്‍. ജനപ്രതിനിധി പോലും കഴിഞ്ഞ 8 മാസമായി തങ്ങളെ തിരിഞ്ഞു നോക്കിയിട്ടെന്ന നെടുവീര്‍പ്പില്‍ പൊതിഞ്ഞ നിശ്വാസം കൂടിയാകുമ്പോള്‍ ചിത്രം പൂര്‍ത്തിയാകുന്നു. കോളനിയിലെ നിവാസികളെ ഇതര സമുദായങ്ങളിലുള്ളവര്‍ വിവാഹമടക്കമുള്ള ചടങ്ങുകള്‍ക്ക് ക്ഷണിക്കുക പതിവില്ലത്രേ.
ജാതിക്കൊപ്പം ഭാഷക്കുമേലുമയിത്തം !
ജാതിക്കുമേല്‍ മാത്രമല്ല ; ഭാഷക്കുമേലും അയിത്തത്തിന്റെ റോഡ് റോളറുകള്‍ പേരാബ്രയില്‍ സഞ്ചാരം തുടരുന്നു. കുട്ടികളുടെ വാക്കിലും ഘടനയിലും പ്രയോഗത്തിലുമെല്ലാം അപ്പിടി നിലവാരക്കുറവത്രേ ! ജാതിയുടെ പേരില്‍ ഒഴിച്ചു നിര്‍ത്തപ്പെടുന്ന ഈ കുരുന്നുകള്‍ വിദ്യാഭ്യാസ നിലാവാരത്തിലും അക്കാദമിക / അനക്കാദമിക പ്രവര്‍ത്തനങ്ങളിലും നടത്തുന്ന മികവുറ്റ ഇടപെടലുകള്‍ ഏതു ജാതിക്കോമരത്തിന്റേയും മലിനമാനസങ്ങള്‍ മലര്‍ക്കേ തുറപ്പിക്കേണ്ടതു തന്നെയാണ്. ശാസ്ത്ര മേളകള്‍ , സക്കൂള്‍ കലോത്സവങ്ങള്‍ തുടങ്ങിയവകളിലെല്ലാം ഈ മിടുമിടുക്കികള്‍ / മിടുക്കന്മാര്‍ സ്ക്കൂളിനും പൊതു സമൂഹത്തിനുമായി നേട്ടങ്ങള്‍ കൊയ്തുകൊണ്ടേ ഇരിയ്ക്കുന്നു.
അക്കാദമിക നിലവാരം കൊണ്ടും / മാനുഷിക മൂല്യങ്ങള്‍ കൊണ്ടും പൊതുസമൂഹത്തിനു മാതൃകയായ രഘുനാഥന്‍ തെറ്റയില്‍ , ആശ , രജിത , ടി.പി ഇബ്രാഹിം , രാധ തുടങ്ങിയ അധ്യാപകരാണ് സ്ക്കൂളിന്റെ ഏക ആശ്വാസം . സാമൂഹ്യവും / ഗാര്‍ഹികവുമായ സാഹചര്യങ്ങള്‍ പ്രതികൂലമായതു കൊണ്ടു തന്നെ പഠനം തുടരാന്‍ കുട്ടികള്‍ ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു. ഒരു കുട്ടിപോലും കൊഴിഞ്ഞു പോകുന്നില്ല എന്നുറപ്പു വരുത്താന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ഞങ്ങളിലൊരാളും സ്ക്കൂളിനടുത്തുള്ള പരിസര പ്രദേശങ്ങളില്‍ നിന്നുള്ളവരല്ല. എന്നിട്ടും വര്‍ഷങ്ങളായി സ്ഥലം മാറ്റം ആവശ്യപ്പെടാതെ തുടരുന്നത് കുട്ടികളെ ഓര്‍ത്തു മാത്രമാണ്. നാലാം ക്ലാസിനു ശേഷം മാഹിയിലോ കോഴിക്കോടോ ഉള്ള സര്‍ക്കാര്‍ ഹോസ്റ്റലുകളില്‍ അവര്‍ക്ക് പ്രവേശനം സാധ്യമാക്കുന്നു. അതോടെ താമസത്തോടൊപ്പം ഉപരിപഠനം നടത്തിക്കൊണ്ടു പോകാനാകുന്നു.
' പ്രഫുദ്ധ കേരളം ലച്ചിപ്പോം '
കേരളം ഇതപര്യന്തം ആര്‍ജ്ജിച്ച സാമൂഹ്യ പുരോഗതിയുടേയും നവോത്ഥാനമൂല്യങ്ങളുടേയും കൊട്ടിഘോഷിക്കപ്പെടുന്ന സാമൂഹ്യ സൂചകങ്ങളിലെ കേരള മാതൃകയുടേയും കരണത്തടിക്കുന്ന യാഥാര്‍ഥ്യങ്ങളുടെ നേരടയാളങ്ങളാണ് പേരാബ്രയിലെ സര്‍ക്കാര്‍ വെല്‍ഫെയര്‍ ലോവര്‍ പ്രൈമറി സ്ക്കൂളും കുരുന്നുകളും. കനത്ത പുരോഗമനം നാലു നേരം വെച്ചു കീറുന്ന ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ / സാംസ്ക്കാരിക/ വിദ്യാര്‍ത്ഥി / യുവജന / ശാസ്ത്ര പ്രസ്ഥാനങ്ങളും ഭരണകൂടവുമെല്ലാം അതീവ ഗുരുതരവും ദയനീയവുമായ ഈ മൂല്യച്യുതിക്ക് തുല്യ നിലയില്‍ ഉത്തരവാദികളാണ്.
സെക്കുലറിസവും ജനാധിപത്യവും മനുഷ്യപ്പറ്റും പരസ്നേഹവുമെല്ലാം വാക്കില്‍ മാത്രമല്ലെങ്കില്‍ മുട്ടുന്യായങ്ങള്‍ പൊട്ടിച്ചെറിഞ്ഞ് പ്രദേശത്തെ പുരോഗമന പക്ഷം ഉയര്‍ത്തിപ്പിടികുന്ന കുടുംബങ്ങള്‍ / വ്യക്തികള്‍ ചുണയുണ്ടെങ്കില്‍ തങ്ങളുടെ കുട്ടികളെ പേരാബ്രയിലെ സര്‍ക്കാര്‍ വെല്‍ഫെയര്‍ ലോവര്‍ പ്രൈമറി സ്ക്കൂളില്‍ തന്നെ ചേര്‍ക്കട്ടെ . 2016 - 17 അക്കാദമിക വര്‍ഷം ആ നിലയിലെ സോഷ്യല്‍ ഓഡിറ്റിങ്ങിനുകൂടി വേദിയാകട്ടെ. ഒന്നും നടക്കുന്നില്ലെങ്കില്‍ നമുക്ക് താത്ക്കാലികമായെങ്കിലും കാപട്യങ്ങളുടെ തൊലിക്കുപ്പായങ്ങളും മതേതരത്വം തരാതരം വിളമ്പുന്ന മുഖക്കോളാമ്പികളും അഴിച്ചു വെയ്ക്കാം. കാരണം നമ്മള്‍ നഗ്നരാണ്.. പരിപൂര്‍ണ്ണ നഗ്നര്‍..
തുടര്‍പ്രവര്‍ത്തനങ്ങളില്‍ പിന്തുണയഭ്യര്‍ത്ഥിക്കുന്നു ; പങ്കാളിത്തവും
പേരാബ്രയിലെ സര്‍ക്കാര്‍ വെല്‍ഫെയര്‍ ലോവര്‍ പ്രൈമറി സ്ക്കൂള്‍ ഒറ്റപ്പെട്ട ഉദാഹരണമാകുന്നില്ല. സമാനമായതോ അതിലേറെയോ അവഹേളനങ്ങളനങ്ങളിലൂടെ അനുദിനം പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന നിരവധിയായ നിരാശ്രയര്‍ നമുക്കിടയിലുണ്ട്. അവയെല്ലാം ഉചിതമാം വിധം പരിഹരിക്കപ്പെടേതുമുണ്ട്. വര്‍ഗ്ഗ വീക്ഷണത്തിലധിഷ്ടിതമായ സാമൂഹിക ക്രമമാണ് ഇത്തരം ഉഛനീചത്വങ്ങളുടെയെല്ലാം അടിവേരറുക്കുന്നതിനുള്ള ശാസ്ത്രീയ മാര്‍ഗ്ഗമെന്ന് ഉറച്ചു വിശ്വസിക്കുകയും ; 2016 - 17 അക്കാദമിക വര്‍ഷം വിവിധ വിഭാഗങ്ങളിലെ കുട്ടികള്‍ ഒരുപോലെ പഠിക്കുക / പ്രവേശനം നടത്തുക എന്ന ലക്ഷ്യത്തോടെ പേരാബ്രയിലെ സക്കൂള്‍ കേന്ദ്രീകരിച്ച് സെന്റര്‍ ഫോര്‍ ഫിലിം ജെന്റര്‍ ആന്റ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെയും അക്ഷരം മാസികയുടേയും ആഭിമുഖ്യത്തില്‍ വിവിധങ്ങളായ സാമൂഹിക / വിദ്യാഭ്യാസ / പഠന ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയാണ്.
അനുബന്ധമായി സംഘടിപ്പിക്കുന്ന സോഷ്യല്‍ ഓഡിറ്റിങ്ങില്‍ രാഷ്ട്രീയ / സാംസ്ക്കാരിക / ശാസ്ത്ര / വിദ്യാര്‍ത്ഥി / യുവജന / മഹിളാ പ്രസ്ഥാനങ്ങളുടെ വിഷയത്തിലെ ഇടപെടലും പങ്കാളിത്തവും വ്യക്തമാക്കുന്നതിനുമാകും. ജാതി വിവേചനങ്ങള്‍ക്കും തുല്യാവകാശങ്ങള്‍ക്കുമായുള്ള സര്‍ഗ്ഗാത്മകവും കൃയാത്മകവുമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ താങ്കളുടേയും കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും പിന്തുണയും സഹായവും ഇടപെടലും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.