ഇന്ത്യയില്‍ അനസ്യൂതം തുടര്‍ന്നുകൊണ്ടിരിയ്ക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ സംബന്ധിച്ച് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതി കൃത്യമായ വിലയിരുത്തല്‍ നടത്തിയിട്ടുണ്ട്. വിഭജനങ്ങളുടേതായ നയങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ പ്രതികൂലമായി ബാധിയ്ക്കുമെന്ന് റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നു. അസമത്വം നിലനില്‍ക്കുന്ന ഇന്ത്യന്‍സാമൂഹികാവസ്ഥയില്‍ ഇടുങ്ങിയ രാഷ്ട്രീയ അജണ്ടകള്‍ ദുര്‍ബല ജനവിഭാഗങ്ങള്‍ പരിപൂര്‍ണ്ണമായും പാര്‍ശ്വവത്കൃതരാകുന്നു. ജനീവയില്‍ ചേര്‍ന്ന ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍ സിലില്‍ മേധാവി മൈക്കിള്‍ മാഷ്‌ലെറ്റ് (Michelle Bachelet) അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ക്കെതിരായി പൊതുവിലും മുസ്‌ലിങ്ങള്‍ ക്കെതിരായി വിശേഷിച്ചും അതിക്രമങ്ങള്‍ തുടര്‍ന്നുവരുന്നതായി രേഖപ്പെടുത്തിയിരിയ്ക്കുന്നു.
ചരിത്രപരമായി തന്നെ പ്രതികൂലാവസ്ഥയിലുള്ള പാര്‍ശ്വവത്കൃത വിഭാഗങ്ങളായ ദലിതര്‍, ആദിവാസികള്‍ എന്നിവര്‍ക്കെതിരെയും സമാനമായ കടന്നാക്രമണങ്ങള്‍ ആവര്‍ത്തിയ്ക്കുന്നതായും റിപ്പോര്‍ട്ട് പറഞ്ഞുവെയ്ക്കുന്നു. പാര്‍ശ്വവത്കൃത ജനസമൂഹത്തിനു നേരെ അനുദിനം വര്‍ദ്ധിയ്ക്കുന്ന ആക്രമണം, ബലാത്സംഗം, കൊലപാതകം അടക്കമുള്ള വിദ്വേഷ സംബന്ധികളായ കുറ്റകൃത്യങ്ങളെ സംബന്ധിച്ച് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ചാപ്റ്റര്‍ 2018 പ്രസിദ്ധപ്പെടുത്തിയ രേഖകളും രാജ്യത്തിന്റെ അത്യന്തം സങ്കീര്‍ണ്ണമായ സാമൂഹികാവസ്ഥയുടെ നേര്‍ക്കണ്ണാടിയാകുന്നു. റിപ്പോര്‍ട്ട് പ്രകാരം 2018 ല്‍ 218 വിദ്വേഷ കുറ്റകൃത്യങ്ങളാണ് രാജ്യമാകെ നടന്നത്. ഇതില്‍ 142 എണ്ണം ദലിതര്‍ക്കും 50 എണ്ണം മുസ്ലിങ്ങള്‍ ക്കും എതിരേയുള്ളവയാണ്. 2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെ ബി ജെ പി – ആര്‍ എസ് എസ് സര്‍ക്കാര്‍ അധികാരത്തിലേറിയ കാലഘട്ടം മുതലാണ് രാജ്യത്ത് മതവര്‍ഗ്ഗീയതയുടെ അടിസ്ഥാനത്തിലെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഗമായുള്ള കൊലപാതകങ്ങള്‍ വര്‍ദ്ധിച്ചതെന്ന് പ്രമുഖ മനുഷ്യാവകാശ സംഘടനകള്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. 2010 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഗോരക്ഷാ സേനകളുടെ നേതൃത്വത്തില്‍ നടന്ന കൊലപാതകങ്ങളില്‍ മരണപ്പെട്ടവരെല്ലാം മുസ്ലിങ്ങളും ദലിത് വിഭാഗങ്ങളിലുള്ളവരുമാണ്.
കേന്ദ്ര ബി ജെ പി – ആര്‍ എസ് എസ് സര്‍ക്കാര്‍ കാലയളവില്‍ ആള്‍ക്കൂട്ടക്കൊലകളും വിദ്വേഷപ്രചാരണവും അനുദിനമെന്നോണം വര്‍ദ്ധിയ്ക്കുകയും ദളിതര്‍, ആദിവാസികള്‍ , ന്യൂനപക്ഷങ്ങള്‍ തുടങ്ങി പാര്‍ശ്വവത്‌കൃത വിഭാഗങ്ങളൊന്നാകെ മത വര്‍ഗ്ഗീയതയുടെ ഭാഗമായി അരുംകൊല ചെയ്യപ്പെട്ടുകൊണ്ടിരിയ്ക്കുന്നു. സൂചിത വിഷയങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി 2019 ജൂലൈ മാസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കലാ സാംസ്കാരിക രംഗത്തെ പ്രഗത്ഭരായ അന്‍പതു പേര്‍ കത്തയച്ചത്. എന്നാല്‍ ഇവര്‍ക്കെതിരെ ബിഹാര്‍ മുസാഫൂര്‍ കോടതി കേസെടുത്തിരിയ്ക്കുകയാണ്.
രാമചന്ദ്രഗുഹ, അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്നം, അപര്‍ണ സെന്‍, രേവതി, ശ്യാം ബെനഗല്‍, ശുഭ മുദ്ഗല്‍, അനുരാഗ് കശ്യപ്, സൗമിത്ര ചാറ്റര്‍ജി, ബിനായ് സെന്‍, ആശിഷ് നന്തി എന്നിവരടക്കമുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ നല്‍കിയ ഹര്‍ജിയില്‍ മുസാഫര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് കേസെടുക്കാന്‍ഉത്തരവായത്. ‘രാജ്യദ്രോഹം, പൊതുജനശല്യം, സമാധാനഭംഗമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ മതവികാരം വ്രണപ്പെടുത്തല്‍’ എന്നീ ചാര്‍ജുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്.
“ജയ് ശ്രീറം’ വിളി രാജ്യത്ത് കൊലവിളിപോലെയായി മാറിയെന്ന് കത്ത് ചൂണ്ടിക്കാട്ടിയിരുന്നു. മുസ്ലിം സമുദായാംഗങ്ങളെയും ദളിതരെയും മറ്റു ന്യൂനപക്ഷങ്ങളെയും ആള്‍ക്കൂട്ടം തല്ലിക്കൊല്ലുന്ന സംഭവങ്ങള്‍ അവസാനിപ്പിയ്ക്കാന്‍അടിയന്തര ഇടപടല്‍ വേണ്ടതുണ്ടെന്നും ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടിരുന്നു.
‘പാര്‍ലമെന്റില്‍ തള്ളിപ്പറഞ്ഞതുകൊണ്ടു മാത്രമായില്ല, ഇത്തരം പ്രവൃത്തികളെ ജാമ്യമില്ലാ കുറ്റമാക്കി മാറ്റണം. എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ അവസരമില്ലാതെ ജനാധിപത്യം പൂര്‍ണമാകില്ല. സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ത്തുന്നവരെ നഗര നക്സലുകളെന്നോ ദേശദ്രോഹികളെന്നോ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും’ കത്ത് ഊന്നിപ്പറയുന്നു.
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അരുംകൊല ചെയ്ത നാഥുറാം വിനായക് ഗോഡ്‌സെ പ്രതിനിധാനം ചെയ്ത മതവര്‍ഗ്ഗീയ പ്രസ്ഥാനമാണ് ആര്‍ എസ് എസ്സ്. അതേ ആര്‍ എസ് എസ്സിന്റെ രാഷ്ട്രീയ രൂപമായ ബി ജെ പി യാണ് രാജ്യദ്രോഹത്തിനു മാര്‍ ക്കിടലുമായി ‘തോക്കുപേന’ കൈകളിളേന്തുന്നതെന്നത് തികഞ്ഞ വിരോധാഭാസമല്ലാതെ മറ്റൊന്നുമാകുന്നില്ല. ഗോഡ്‌സെ ദൈവമെന്നു പ്രഖ്യാപിച്ച ബി ജെ പി എം പി പ്രഗ്യാ സിങ് ഠാക്കൂര്‍ , ഗാന്ധി രാക്ഷസാക്ഷിദിനത്തില്‍ അദ്ദേഹത്തിന്റെ കോലം നിര്‍മ്മിച്ച് അതിലേയ്ക്ക് വെടിയുതിര്‍ ത്ത് പരസ്യപ്പെടുത്തിയ ഹിന്ദുമഹാസഭാനേതാവ് പൂജ ശകുന്‍പാണ്ഡെ തുടങ്ങിയവയെല്ലാം ബി ജെ പി ആര്‍ എസ് എസ് പ്രഭൃതികള്‍ ആഘോഷപൂര്‍വ്വം വീര പരിവേഷം ചാര്‍ത്തി രാജ്യമാകെ അവതരിപ്പിയ്ക്കുകയാണ്. പണംപറ്റി പാക്ക് ചാര സംഘടന Inter-Services Intelligence യ്ക്ക് തന്ത്രപ്രധാനമായ രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തി രാജ്യദ്രോഹം നടത്തിയ ബി ജെ പി ഐ റ്റി സെല്‍ കോ ഓര്‍ ഡിനേറ്റര്‍ ധ്രുവ് സക്സേന അടക്കമുള്ള പതിനൊന്നംഗ സംഘത്തിനെതിരെ നിസ്സാര വകുപ്പുകള്‍ ചേര്‍ ത്താണ് കേസെടുത്തിരിയ്ക്കുന്നത്.
രാജ്യദ്രോഹികള്‍ക്ക് ആനുകൂല്യങ്ങളും വീരപരിവേഷവും സവിശേഷാധികാരങ്ങളും യഥേഷ്ടം ഉറപ്പാക്കി, ജനാധിപത്യവാദികളെ ഭയപ്പെടുത്തി മിതപ്പെടുത്തി മയപ്പെടുത്തുന്നതിനുള്ള സൂത്രപ്പണികളാണ് കത്തിനു കേസെന്നവിധമുള്ള ഹൗഡി മോഡിപ്പണികള്‍. കോടികള്‍ ദുര്‍ വ്യയം ചെയ്ത് അമേരിക്കയിലെ വാഷിംഗ്ടണില്‍ കോര്‍പ്പറേറ്റ് കുത്തകകള്‍ക്കായി സംഘടിപ്പിച്ച ഹൗഡി മോഡി ഇവന്റില്‍ നരേന്ദ്ര മോഡിയുടെ ഒരേതൂവല്‍പ്പക്ഷി ലോക ആയുധ കച്ചവടത്തിന്റെ അപ്പോസ്തലന്‍അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു വെച്ചത് നരേന്ദ്ര മോഡി ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്നതാണ്. എന്നാല്‍ അത് തിരുത്താന്‍ മോഡിയോ ബി ജെ പിയോ ആര്‍ എസ് എസ്സോ ഒരുവാക്കുപോലും എവിടെയും ഉപയോഗിച്ചു കണ്ടില്ല. ഗാന്ധിജിയെ വധിച്ച ആര്‍ എസ് എസ്, ഗാന്ധിവധത്തിന്റെ 71 വര്‍ഷങ്ങള്‍ക്കിപ്പുറം സാമ്രാജ്യത്വത്തിന്റെ പരിപൂര്‍ ണ്ണ സഹായത്തോടെ ചരിത്രത്തെ അപനിര്‍മ്മിച്ച് കൊലപാതകിയെ ചരിത്രപുരുഷനാക്കാന്‍ നോക്കുന്ന അപമാനകരമായ രാജ്യദ്രോഹാവസ്ഥയുടെ സവിശേഷ സാഹചര്യത്തിലടക്കമാണ് സാംസ്കാരിക രാഷ്ട്രീയത്തിന്റെ ഇന്ത്യന്‍മേല്‍വിലാസളെ പത്തരമാറ്റ് കാവി രാജ്യദ്രോഹികള്‍ ഒറ്റുകാരാക്കി നിശബ്ദരാക്കാന്‍ ശ്രമിയ്ക്കുന്നത്.
കാശ്മീരിന്റെ ഭരണഘടനാപരമായ സവിശേഷാധികാരം അനുഛേദം 370 ഏകപക്ഷീയമായി പിന്‍വലിച്ച് ജനതയെ തടങ്കലില്‍ പാര്‍പ്പിച്ച് ജനാധിപത്യം പരിശീലിപ്പിയ്ക്കുന്നത്, കൂപ്പുകുത്തുന്ന സമ്പദ് വ്യവസ്ഥ, പൗരത്വ രജിസ്റ്റര്‍, മുത്തലാഖ് ബില്‍ തുടങ്ങി രാജ്യം അനിശ്ചിതത്വങ്ങളുടേയും ആശങ്കളുടേയും വറചട്ടികളില്‍ നിന്നും എരിചട്ടികളിലേയ്ക്ക് എടുത്തെറിയപ്പെട്ടുകൊണ്ടിരിയ്ക്കുകയാണ്. ഇന്ത്യന്‍ഇടതുപക്ഷവും ഫാസിസ്റ്റുവിരുദ്ധ വിശാലചേരിയും ഒരേസ്വരത്തില്‍ വിഷയങ്ങളില്‍ നിലപാടെടുത്തിട്ടും ഗാന്ധിജിയുടെ ഒസ്യത്ത് അവകാശപ്പെടുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തുടരുന്ന കുറ്റകരമായ മൗനം അപകടകരമാണ്; അപായസൂചകവും.
രാജ്യത്തിന്റെ മതനിരപേക്ഷ – ജാനാധിപത്യ – ബഹുസ്വര മൂല്യങ്ങള്‍ അപകടത്തിലാക്കുന്ന ബി ജെ പി – ആര്‍ എസ് എസ് കാലത്ത് നീതിനിഷേധങ്ങള്‍ ക്കെതിരായ ജനകീയ ശബ്ദങ്ങളെ കൂച്ചുവിലങ്ങിടുന്നതിനുള്ള ഫാസിസ്റ്റു നീക്കമാണ് പൊലീസിനേയും നിയമവ്യവസ്ഥയേയും ദുരുപയോഗം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. രാഷ്ട്രീയ അടിയന്തിരാവസ്ഥയെ അനുസ്മരിപ്പിയ്ക്കുന്ന ആസൂത്രിതമായ നീക്കമാണ് അടൂര്‍ അടക്കമുള്ളവര്‍ക്കെതിരായ രാജ്യദ്രോഹക്കുറ്റം ചുമത്തലിലൂടെ തെളിഞ്ഞു വരുന്നത്. അടൂരിനെ ചന്ദ്രനിലേയ്ക്ക് നാടുകടത്തണമെന്നും അദ്ദേഹത്തിന്റെ വസതിയ്ക്കുമുന്‍പില്‍ ജയ് ശ്രീറാം മുഴക്കി പ്രകടനം സംഘടിപ്പിയ്ക്കുമെന്നും ഭീഷണി മുഴക്കിയത് സംഘപരിവാര്‍ അല്ലാതെ മറ്റാരുമല്ല. സര്‍ ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളോട് വിജോജിയ്ക്കുന്നവരെ ജയിലിലടയ്ക്കുന്ന അപ്രഖ്യാപിത അടിയന്തിരാവസ്ഥയ്ക്കെതിരെ പ്രതികരിച്ച കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ക്കും ബുദ്ധിജീവികള്‍ക്കുമെല്ലാമെതിരെ ഈവിധം കേസെടുക്കുന്നത് രാജ്യം ഫാസിസത്തിന്റെ പിടിയിലെന്നതിന്റെ അടിയന്തിര ഉദാഹരണങ്ങളിലൊന്നാണ്.
വെറുപ്പിനും വിദ്വേഷത്തിനുമെതിരായി നിയമനടപടികള്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് നിവേദനം സമര്‍പ്പിയ്ക്കുന്നവരെ രാജ്യദ്രോഹികളാക്കി മുദ്രണം ചെയ്യുന്ന കേന്ദ്ര ബി ജെ പി – ആര്‍ എസ് എസ് ഭരണകൂടത്തിന്റെ കിരാത നടപടികള്‍ക്കെതിരെ പ്രതിഷേധിയ്ക്കുന്നു. പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി തന്നെ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് ആശയ – ആവിഷ്ക്കാര – സ്വാതന്ത്ര്യങ്ങളുടെ കൊടിക്കൂറ ഉയര്‍ത്തിപിടിയ്ക്കാന്‍എല്ലാ ജനാധിപത്യവിശ്വാസികളോടും അഭ്യര്‍ത്ഥിയ്ക്കുന്നു.