Aleena S

ശ്രീശങ്കാരാചാര്യ സര്‍വകലാശാലയെ ആരാധനാലയമാക്കാന്‍ പരിശ്രമിക്കുന്നവരോട്

ശ്രീശങ്കാരാചാര്യ സര്‍വകലാശാലയുടെ മുഖ്യകവാടത്തില്‍ ശങ്കരാപ്രതിമാ സ്ഥാപിക്കുവാനുള്ള സര്‍വകലാശാലാ അധികാരികളുടെ നിര്‍ബന്ധബുദ്ധി തീര്‍ത്തും അനുചിതമാണ്. ഇത്തരമൊരു പ്രതിമ സ്ഥാപിച്ചാലുണ്ടാകുന്ന വിഭാഗീയ പ്രവണതകളെ കുറിച്ച് വലിയൊരു വിഭാഗം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ആശങ്കകള്‍ രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍. ഒരു ചരിത്ര പുരുഷനിലുപരിയായി ശങ്കരനെ വിഗ്രഹാരാധനയ്ക്കുള്ള പാത്രമാക്കുവാനുള്ള സാധ്യതകള്‍ കണ്ടുകൊണ്ടാണ് ഇടതുപക്ഷ വിദ്യാര്‍ത്ഥി-അധ്യാപക-ഗവേഷക സംഘടനകളും കെഎസ് യു, റിസര്‍ച്ച് സ്‌കോളെഴ്‌സ് അസോസ്സിയേഷന്‍ എന്നിവരും ഇത്തരമൊരു നീക്കത്തില്‍ നിന്നും പിന്തിരയണമെന്ന് സര്‍വകലാശാല അധികാരികളോട് സംയുക്തമായി ആവശ്യപ്പെടുന്നത്. സര്‍വകലാ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ നിലവിലുണ്ടായിരുന്ന ശങ്കരാപ്രതിമയ്ക്ക് ദൈവികപരിവേഷം നല്‍കുന്ന അധികാരികളുടെ നടപടികളുടെ കൂടി വെളിച്ചത്തിലാണ് വീണ്ടും മുഖ്യകവാടത്തില്‍ സ്ഥാപിക്കപ്പെടുന്ന പ്രതിമ കലാലയത്തിന്റെ ജനാധിപത്യബോധത്തിന് വിഘാതമാണെന്ന തിരിച്ചറിവിന് കാരണം.


screen-shot-2015-06-13-at-9-13-01-am


ശൃംഗേരി മഠത്തില്‍ നിന്നും ദണ്ഡ് പൂജിച്ച് സ്ഥാപിച്ചുകൊണ്ടും വിളക്ക് തെളിയിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ പ്രതിമയെ ദേവാലയത്തിന് സമാനമാക്കി മാറ്റുകയാണ്. മാത്രമല്ല, നാക് വിസിറ്റിനോട് അനുബന്ധിച്ച് എല്ലാ പഠനവിഭാഗങ്ങളിലും ശങ്കരന്റെ ചിത്രം സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. സര്‍വകലാശാല എന്ന ഏറ്റവുമുയര്‍ന്ന ജനാധിപത്യ കേന്ദ്രത്തെ ആരാധനാലയമാക്കുന്നതിന് തുല്യമായ ഈ നീക്കങ്ങള്‍ അക്കാലത്തു തന്നെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.വിശ്വാസങ്ങളും ആരാധനയും വ്യക്തി ജീവിതത്തിന്റെയും സ്വാതന്ത്രത്തിന്റെയും ഭാഗമാണ്. അവ സാമൂഹ്യ വിഷയങ്ങളുമായി ബന്ധപ്പെടുത്തുവാന്‍ പാടില്ല എന്ന ജനാധിപത്യമര്യാദയുടെ ലംഘനമാണിത്. ഇത്തരത്തിലുള്ള അനുഭവങ്ങളാണ് നിലവില്‍ ശങ്കരാപ്രതിമ സ്ഥാപിക്കുന്നതിനെതിരായ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രതിഷേധത്തിന് ആധാരം.


289A7181


പ്രതിമകള്‍ സ്ഥാപിച്ചുകൊണ്ടല്ല,മറിച്ച് പഠന-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ടാണ് സര്‍വകലാശാല ഉയരേണ്ടത്.ജനാധിപത്യ-മതേതര-ശാസ്ത്രീയ ചിന്തകളുടെയും സംവാദങ്ങളുടെയും വേദിയാകണം സര്‍വകലാശാലകള്‍.നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, സംസ്‌കൃത സര്‍വകലാശാല അധികൃതങ്ങള്‍ ഇതിന് കടകവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ഏറ്റവും ചുരുങ്ങിയ ഫെല്ലോഷിപ്പ് നല്‍കുന്നത് സംസ്‌കൃത സര്‍വകലാശാലയാണ്. വിലക്കയറ്റത്തിന്റെയും ചാര്‍ജ് വര്‍ദ്ധനവുകളുടെയും ഇക്കാലത്ത് ഉപജീവനത്തിന് വകയില്ലാതെ മാന്യമായ ഫെലോഷിപ്പ് വര്‍ദ്ധനവിനായി ഗവേഷകര്‍ നിരന്തരം സമരത്തിലാണ്. മതിയായ ഹോസ്റ്റല്‍ സൗകര്യങ്ങള്‍ക്കും ക്വോര്‍ട്ടേഴ്‌സ് സൗകര്യങ്ങള്‍ക്കും വേണ്ടി വിദ്യാര്‍ത്ഥികളും ഗവേഷകരും സമരത്തിലാണ്. ജനാധിപത്യ ചര്‍ച്ചാ വേദികള്‍ ഇല്ലാതാക്കുവാന്‍ ആഡിറ്റോറിയങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു, ഭീമമായ ഫീസ് വര്‍ദ്ധനവുകള്‍ എന്നു വേണ്ട ഓരോ ദിനവും വിദ്യാര്‍ത്ഥിവിരുദ്ധമായ ഉത്തരവുകളാണ് സര്‍വകലാ പുറത്തിറക്കുന്നത്. അവശ്യം വേണ്ട ഫെല്ലോഷിപ്പ് വര്‍ദ്ധനവിനും അടിസ്ഥാനസൗകര്യവികസനത്തിനും ഫണ്ടിന്റെ പരിമിതിയാണ് തടസ്സവാദമായി ഉന്നയിക്കുന്നത്. അപ്പോഴാണ് കോടികള്‍ മുടക്കി പ്രതിമ സ്ഥാപിച്ചേ തീരൂ എന്ന വാശി.


images


ഒരു കലാസൃഷ്ടി എന്ന നിലയില്‍ നിലവില്‍ നിര്‍മ്മിച്ച പ്രതിമ സംരക്ഷിക്കപ്പെടണം.സര്‍വകലാശാല ആര്‍ട് ഗാലറി വികസപ്പിച്ചുകൊണ്ട് പ്രസ്തുത പ്രതിമ അവിടെ സൂക്ഷിക്കപ്പെടണം. മുഖ്യകവാടത്തില്‍ സ്ഥാപിക്കുന്നതു കൊണ്ടുണ്ടായേക്കാവുന്ന, ഇന്ന് ഉയര്‍ത്തപ്പെടുന്ന ആശങ്കകള്‍ പരിഗണിക്കപ്പെടണം. മറിച്ച്, ഇന്ന് കാമ്പസിന്റെ സമാധാനാന്തരീക്ഷത്തിന് തന്നെ വിഘാതമായേക്കാവുന്ന പ്രതിമാസ്ഥാപനവുമായി മുന്നോട്ട് പോകുമെന്ന വാശി അക്കാദമികസമൂഹത്തിന്റെ തലപ്പത്ത് വിരാജിക്കുന്നവര്‍ക്ക് ഭൂഷണമല്ല. ഉള്ളടക്കത്തിലും രൂപത്തിലും ഒരു അക്കാദമികസമൂഹമായി നിലനില്‍ക്കുവാനുള്ള കാമ്പസ് സമൂഹത്തിന്റെ അവകാശബോധം സംരക്ഷിക്കപ്പെട്ടേ മതിയാകു.