Rejilal Kokkadan

മോര് കറി
അയ്യോ വര്‍ത്തമാനം പറഞ്ഞിരുന്നിട്ട് നേരം പോയതറിഞ്ഞില്ല ചോറും കറിയും ഒന്നും ആയില്ല .എന്താപ്പാ ചെയ്യാ. ഓറിപ്പം എത്തും ഇന്നായിരിക്കും ഓര്ക്കു ഏറ്റവും തെരക്കും

ചോറ് പൈഞ്ചു മിനിട്ടോണ്ട് ആക്കാം. പൊന്നി അരിക്കും പിന്നെ ആ പ്രഷര്‍ കുക്കര്‍ കണ്ടു പിടിച്ച മഹാനും പ്രണാമം

ഇന്നലത്തെ മീന്‍ മോളീശന്‍ കൊറച്ചേ ഉള്ളു ബാക്കി അതാങ്കില്‍ ബറ്റി പോയിന്

അയിന്റെപ്പരം എന്നാ കൂട്ടാന്‍ കൊടുക്ക്വാ എന്റെ മുത്തപ്പാ

മ് മ് മ് മ്

ഏതായാലും ചീന ചട്ടി അടുപ്പത്തു വയ്ക്കാം

ഓ നാട്ടിന്നു കൊണ്ടന്ന വെളിച്ചെണ്ണ തീര്‍ന്നിട്ടില്ല തേങ്ങക്ക് വിലയില്ലെങ്കിലും കുപ്പീലടച്ച എണ്ണയ്ക്ക് മൊരം പൈശയാ .

രണ്ടു സ്പൂണ്‍ വെളിച്ചെണ്ണ ചീന ചട്ടിയില്‍ ഒഴിച്ചു . അടുപ്പ് കത്തിക്കാന്‍ പോകുമ്പഴാ ഓര്‍ത്തെ ഉള്ളീം തക്കാളീം മുറിചില്ലാന്ന്

ഇരിക്കട്ടെ ഏതായാലും പൊറപ്പെട്ടില്ലേ രണ്ടു പച്ചപറങ്കീം ചെറിയ കഷ്ണം ഇഞ്ചിയും ചെറുതായി മുറിച്ചു നല്ല കറിവേപ്പില കിട്ടീട്ടുണ്ട് രാസ വളമൊന്നും തൊടീക്കാതെ അടുക്കള പൊറത്ത് നട്ടിണ്ടാക്കിയതാ (സ്ഥലം ഞാന്‍ പറയില്ല പിന്നെ അവിടെ ലോഹ്യം പറയാന്‍ ചെല്ലുന്ന ആള്‍ക്കാരുടെ സമ്മേളനമായിരിക്കും )

ഓ .സമയം പോവ്വാ .

ടക് .ടക് ടക് .ടക് ടക്.ടക്.ടക്ടക് . ഉള്ളി എനിക്ക് ചെറുതായി അരിയാന്‍ പറ്റുന്നുണ്ട് ഒരുള്ളി മതി പിന്നെ ഒരു തക്കാളി അതും അധികം വലുപ്പമില്ലാതെ മുറിച്ചു

അടുപ്പ് കത്തിച്ചു

വെളിച്ചെണ്ണ ചൂടായ മണം . കൊറച്ചു കടുകിട്ടു .പൊട്ടിത്തെറിക്കണ്ട ഇരിക്കട്ടെ കൊറച്ചു കറിവേപ്പിലയും ഒപ്പരം കടുക് പൊട്ടുന്നതും ഒരു നുള്ള് ഉലുവ ചേര്‍ത്തതും ഒരുമിച്ചാ ചോന്ന പറങ്കി വലുതായി മുറിച്ചതും ഒരു ഭംഗിക്കായി ഇട്ടു പിന്നെ പച്ച പറങ്കി അരിഞ്ഞത് , ഇഞ്ചി, ഉള്ളി .എല്ലാം പെട്ടെന്നായിരുന്നു പിന്നെ ഉപ്പും . കയ്യിലുള്ള മരക്കയിലിനു ഒരു വിശ്രമവും കൊടുത്തില്ല


നീ അവിടെ ഇരിക്ക് തക്കാളി ഇവരൊന്നു മുത്തോട്ടെ ആത്മഗതം .

എന്താ അതിന്റെ ഒരു മണം ഉള്ളിയൊക്കെ വെളിച്ചെണ്ണയില്‍ വെന്താലുള്ള ആ മണം കേട്ടാലുണ്ടല്ല പിന്നെ ചുറ്റുമുള്ളതൊന്നും അധികം തെരയാണ്ട് ആ തക്കാളി ചേര്‍ക്കാം

ഒന്ന് വേഗം തക്കാളി .നീ വേവ് ഒരു മിനിട്ട് രണ്ടു മിനിട്ട്

ലേശം മഞ്ഞള്‍ പൊടി ഒരു നുള്ള് മുളകുപൊടി (ഭംഗിക്കാ) . അതും വീണു ചീന ചട്ടിയിലേക്ക് . നല്ല കളറ് ഒരു മിനിട്ട് കൂടി

തക്കാളിയും ഉള്ളിയുമൊക്കെ ഇനിയും ചൂടാക്കിയാ അവസ്ഥാന്തരം വന്നു പോകും .

വേറെ ചാര് കറിയൊന്നുമില്ല .ഇരിക്കട്ടെ അര മുക്കാ ഗ്ലാസ്‌ വെള്ളവും ചീനച്ചട്ടിയില്‍ നന്നായി തെളച്ചു . അടുപ്പ് കെടുത്തി

ഇനി വേറെ പാത്രം ഒന്നും എടുക്കാന്‍ കയ്യില്ല ഗ്ലാസില്‍ കൊള്ളുന്ന അത്രേം തൈര് എടുത്തു നന്നായൊന്നു ഒടക്കാം .ഇപ്പൊ കട്ടയൊക്കെ പോയി .

മരക്കയിലുകൊണ്ട് ഇളക്കിക്കൊണ്ടിരിക്കെ തന്നെ ചീന ചട്ടിയിലേക്ക് തൈര് ധാരധാരയായി ഒഴിച്ച് വീണ്ടും ഒരേ ദിശയിലേക്കു തന്നെ കയില് കറക്കി

തൈര് കറി റെഡി

ടിംഗ് ടിംഗ് ടിംഗ് .ദേ ആള് വന്നു ബെല്ലടിച്ചു.