K G Suraj

കേരളത്തില്‍ എത്ര സ്റ്റീവ് ലോപ്പസ്സുമാരുണ്ട് !

നഗരങ്ങളുടെ വിശേഷിച്ച് , തിരുവനന്തപുരത്തിന്റെ സവിശേഷതകളിലൊന്നാണ് ഉയര്‍ന്ന വേതനം പറ്റുന്ന മധ്യ വര്‍ഗ്ഗ ഉദ്യോഗസ്ഥ ന്യൂക്ളിയര്‍ കുടുംബങ്ങള്‍. സ്റ്റീവ് ലോപ്പസ് കടന്നു വരുന്നതും സമാനമായൊരു സാമൂഹ്യ പശ്ചാത്തലത്തില്‍ നിന്നാണ്. കൌമാരത്തിനും യൗവ്വനത്തിനുമിടയിലെ മറ്റേതൊരു ചെറുപ്പക്കാരന്റെയും ജീവിതത്തിനപ്പുറമുള്ള പ്രത്യേകതകളൊന്നും അവനും അവകാശപ്പെടാനുണ്ടായിരുന്നില്ല. സൌഹൃദങ്ങള്‍, കോളേജ് , പ്രണയം, രാത്രിയേറും വരെ സജീവമാകുന്ന പാര്‍ടികള്‍, മൊബൈല്‍ ഫോണ്‍, വാട്ട്സ് അപ്പിലെ ആശയ വിനിമയം, അടിച്ചു പൊളി, സോഷ്യല്‍ മീഡിയ അഡിക്ഷന്‍, ഇരുചക്ര വാഹനം തുടങ്ങി മറ്റേതൊരു ന്യൂ ജെന്‍ ജീവിതം പോലെയും അതും ' ശാന്തമായി' തുടര്‍ന്നു പോന്നു.

കോളേജ് യാത്രയുടെ മറ്റൊരു പ്രഭാതത്തിലാണ് കണ്‍മുന്‍പില്‍ അപരിചിതനായൊരു ചെറുപ്പക്കാരന്‍ സംഘടിതാക്ക്രമണത്തിനു വിധേയമായത്. വീണു കിടപ്പവന്‍ ' ടാറിനോടൊട്ടിപ്പോകുന്ന നഗരത്തിന്റെ പുതിയ ട്യൂണിങ്ങിനെ അന്വര്‍ത്ഥമാക്കും വിധം നിമിഷാര്‍ദ്ധത്തില്‍ ' ദേഹത്തെ ' വിജനമാക്കി 'പൊതു ' ജനം കാഴ്ച്ചക്കാരായി. തൊടാന്‍ മടിച്ച്ചോടിപ്പോകാതെ സ്റ്റീവ് അയാളെ ആശുപത്രിയിലെത്തിക്കുന്നു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായി തുടര്‍ന്നു വന്ന പോരുകളിലൊന്നിലെ മറ്റൊരിര. ആശുപത്രിയിലേക്കുള്ള യാത്രയില്‍ മടിയില്‍ മിടിക്കുന്ന ഛിന്ന ഭിന്ന ' ശരീരത്തിലെ ' ആഴമുള്ള മുറിവുകള്‍ അവനിലേക്കും നടന്നു കയറി . മുഖ്യ സാക്ഷി എന്ന നിലയിലെ തിരിച്ചറിയല്‍ പ്രദര്‍ശനം തുടങ്ങിയവയിലെല്ലാം സ്റ്റീവിനു പങ്കെടുക്കേണ്ടി വരുന്നു.

അതേ നഗരത്തിലെ അസിസ്റ്റന്റ്‌ പോലീസ് കമ്മീഷണറായ അഛന് മകന്റെ പ്രസ്തുത ' വേഷം ' ഉള്‍ക്കൊള്ളാനാകുമായിരുന്നില്ല. കൊലയ്ക്ക് മറുകൊലയെന്നോണം നഗരം സംഘര്‍ഷങ്ങളിലേക്ക് എടുത്തെറിയപ്പെട്ടു. കൊലപാതകികളെ അന്വേഷിച്ചുള്ള സ്റ്റീവിന്റെ യാത്രകള്‍ അപകടകരവും അപ്രിയ സത്യങ്ങളിലേക്കുമുള്ള വഴി തെളിക്കുന്നവയുമായിരുന്നു. ഗുണ്ടാ സംഘങ്ങള്‍ക്കിടയിലെ കൊലപാതകങ്ങളില്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന 'അദൃശ്യ ' ഇടപെടലുകളും അനുബന്ധ നിഗൂഡതകളും അവന്റെ ദിവസങ്ങളെ അസ്വസ്ഥമാക്കാന്‍ തുടങ്ങി. യാദൃശ്ചികതകള്‍ വ്യക്തി ജീവിതങ്ങളെ എങ്ങിനെയാണ് അസാധാരണമാംവിധം മാറ്റി മറിക്കുകയെന്ന പൊതു തത്വം, സ്റ്റീവ് ലോപ്പസ് എന്ന 'അമൂല്‍ ബേബിയായ' ബിരുദ വിദ്യാര്‍ത്ഥിയുടെ അനുഭവങ്ങളിലൂടെ ഇഴ പിരിക്കുന്ന അസ്വാഭാവികതകളൊട്ടുമില്ലാത്ത ചലച്ചിത്രമാണ്, ഛായാഗ്രാഹകന്‍ രാജീവ് രവി സംവിധാനം നിര്‍വ്വഹിച്ച ' ഞാന്‍ സ്റ്റീവ് ലോപ്പസ്'.

നഗരങ്ങളുടെ വ്യാകരണങ്ങള്‍

നഗര കേന്ദ്രീകൃതങ്ങളായ പ്രമേയ പരിസരങ്ങളാല്‍ ജീവിതം പ്രതിഫലിപ്പിക്കുന്ന നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. 'സമകലീനതയെ' അതിസംബോധന ചെയ്യുന്ന 'പുതു തലമുറച്ചിത്രങ്ങളുടെ ' ഇതിവൃത്തങ്ങള്‍ നഗരങ്ങളല്ലാതെ മറ്റൊന്നാകുന്നില്ല. അവനവന് അവനവനെ തന്നെ ശ്രദ്ധിക്കാന്‍ നേരമില്ലാത്ത ' 'അതിവേഗതയുടേയും ' ; സ്വാഭാവികമാകുന്ന അകലങ്ങളുടേയും സമ്മിശ്രങ്ങളില്‍ പരിചിതനൊരാളുടെ അസാന്നിധ്യം ഏറ്റവുമടുപ്പമുള്ളവരെ എരിപൊരി സഞ്ചാരത്തിലാക്കുമെന്നതിനപ്പുറം അധികമാരെയുമസ്വസ്ഥമാക്കാത്ത ' നഗര വ്യാകരണങ്ങളുടെ' അക്ഷര മാലയില്‍, ഓര്‍മ്മകള്‍ സൂക്ഷിക്കുന്നവരും അതില്‍ നിന്നും രക്ഷ നേടാനാകാത്തവരും 'അധികപ്പറ്റുകളാകാതാകുന്നതെങ്ങനെ'യെന്ന് ചിത്രം ചര്‍ച്ച ചെയ്യുന്നു. വികസനം / പുരോഗതി (ആരുടെ ?) 'ആപ്തകാവ്യങ്ങളില്‍' ഉള്ളവര്‍ കുറയുകയും ഇല്ലാത്തവര്‍ പെരുകുകയും ചെയ്യുന്ന ' ധനശാസ്ത്ര ' വൈദഗ്ധ്യങ്ങളില്‍ രൂപം വെച്ച മെട്രോ നാഗരികതകള്‍ തൊഴില്‍ രഹിതരെ 'പെറുന്ന' അക്ഷയ പാത്രങ്ങളാണ്.

പടം കണ്ടും മേഘം  മുട്ടിപ്പറന്നും ' നിലങ്ങളിലെ' മനുഷ്യരെ ' മാനേജ്' ചെയ്യുന്ന ' പ്രൊഫഷണലിസം' , ചേരികള്‍ കൂട്ടുന്നന്നതിനോടൊപ്പം അസംതൃപ്തരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഘോഷിക്കപ്പെടുന്ന ' മെട്രോ നാഗരികതകളേക്കാള്‍ ' അതിവേഗം പടര്‍ന്നു പന്തലിക്കുന്ന നഗരങ്ങളിലെ ക്രിമിനല്‍ സംഘങ്ങള്‍ ആര്‍ക്ക് / എന്തിനു വേണ്ടി രൂപപ്പെടുന്നുവെന്നും ; അവയുടെ സ്വഭാവ സവിശേഷതകളെന്തെന്നും പ്രമേയം സത്യസന്ധമായി വിലയിരുത്തുന്നു. ഭരണകൂടം, വ്യവസ്ഥിതി, നിര്‍വ്വഹണം, നീതി നടപ്പിലാക്കുന്ന ഏജന്‍സികള്‍ , പൊതു സമൂഹത്തിന്റെ സമീപനം / ഭയം/ കാഴ്ച്ചപ്പാടുകള്‍ തുടങ്ങിയവയെല്ലാം സന്ദര്‍ഭ / സാഹചര്യങ്ങളിലൂടെ സൂക്ഷ്മമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. നീതി നിര്‍വ്വഹണ സംവിധാനങ്ങള്‍ പൗരനെ ഇഷ്ടാനുസരണം രൂപപ്പെടുത്തുന്നതും താത്പ്പര്യാനുസൃതം 'അപ്രത്യക്ഷമാക്കുന്നതുമെല്ലാം' കൃത്രിമത്വം ഒട്ടുമില്ലാതെ സംവേദിപ്പിക്കുന്നതിലൂടെ , നേരു ദൃഡനിശ്ചയത്തോടെ പറഞ്ഞു വെയ്ക്കുന്നതിനുള്ള അസാമാന്യമായ 'ധീരതയും ' ചിത്രം പ്രകടിപ്പിക്കുന്നുണ്ട്.

കെട്ടു പൊട്ടിക്കുന്ന സിനിമ

വള്ളുവനാടന്‍ ഉച്ചാരണ രീതികള്‍ / ആഢ്യ ചിഹ്നങ്ങള്‍ തുടങ്ങിയവ വ്യവസ്ഥാപിതവും സാമാന്യവല്‍കൃതവുമായ 'മുഖ്യ ധാരാ മലയാള സിനിമയുടെ ' പൊതു രീതികളില്‍ നിന്നും മാറി നടക്കുന്നതിനുള്ള ബോധ ശ്രമങ്ങള്‍ ചില ചലച്ചിത്രങ്ങളിലെങ്കിലും കണ്ടുമുട്ടുന്നുവെങ്കിലും; അത് വ്യാപകമാകുന്നതിനും അത്തരം 'കുളിരുകളില്‍' തളച്ചിടപ്പെട്ട ' പാവം' പ്രേക്ഷകനെ ' മോചിപ്പിക്കുന്നതിനും പ്രാദേശികതകളെ സത്യാസന്ധമായ് നീതിപൂര്‍വ്വം ഉള്‍ക്കൊള്ളുന്ന ഇടപെടലുകള്‍ ഉണ്ടാകേണ്ടതുണ്ട്. തിരുവനന്തപുരം നഗരത്തെ / പട്ടണ - ഗ്രാമ സ്വഭാവമുള്‍ക്കൊള്ളുന്ന പരിസരങ്ങളെ / കടലോര ഗ്രാമങ്ങളെ; അവിടങ്ങളിലെ മനുഷ്യരെ; കലര്‍പ്പൊട്ടുമില്ലാതെ ചിത്രം വരച്ചിടുന്നു. ഒട്ടോ റിക്ഷാ ത്തൊഴിലാളി, പോലീസ് ഉദ്യോഗസ്ഥര്‍ / കോണ്‍സ്റ്റബിള്‍മാര്‍, ഗുണ്ടാത്തലവന്മാര്‍ / സംഘാംഗങ്ങള്‍ / സ്റ്റീവിന്റെ പ്രണയം/ മുത്തഛന്‍ / അമ്മ / ഇളയഛന്‍/ കാമുകി / ഗുണ്ടാത്തലവന്റെ ഭാര്യ / ഡോക്ടര്‍ അങ്ങിനെ കഥാ പാത്ര നിര്‍മ്മിതി / സംഭാഷണ രീതികള്‍ ( 'പേല' = പോലീസ് , 'ഇളകി വാ' = എണീറ്റു വാ , കലിപ്പ് = വഴക്ക് ) / അവതരണം/ അഭിനയം തുടങ്ങി ചിത്രീകരണ മൂലകങ്ങളിലെല്ലാം പ്രമേയ പരിസരം തിരുവനന്തപുരമായതു കൊണ്ടു തന്നെ ബന്ധപ്പെട്ട സമ്മിശ്ര സംസ്ക്കാരത്തോട് നീതി പുലര്‍ത്താന്‍ കൃത്യമായി കഴിഞ്ഞിരിക്കുന്നു.

തിരുവനന്തപുരം നഗരവും ചേര്‍ന്നു നില്‍ക്കുന്ന കടലോര / കാര്‍ഷിക ഭൂപ്രദേശങ്ങളും ദൂരം കൊണ്ട് പരസ്പ്പരമകലെയല്ലെങ്കിലും ജീവിത രീതികള്‍ / ഉപജീവന മാര്‍ഗ്ഗങ്ങള്‍ / പരിസ്ഥിതി / ഭൂമിശാസ്ത്രം/ ഭാഷാ സംബന്ധമായ പ്രയോഗങ്ങള്‍/ വസ്ത്രധാരണം / ഭക്ഷണം / ആചാര രീതികള്‍ / രാഷ്ട്രീയം തുടങ്ങിയവയിലെല്ലാം വ്യതസ്തത പുലര്‍ത്തുന്നവയാണ്. ഇട്ടാവട്ടത്തിലെ കൌതുകകരങ്ങളായ പ്രസ്തുത വൈജാത്യങ്ങളെ വിവിധ ബിംബങ്ങളിലൂടെ ദൃശ്യവത്ക്കരിക്കുന്നതില്‍ സിനിമ പ്രേക്ഷകനോട് നീതി പുലര്‍ത്തുന്നു. നഗര / ഗ്രാമ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന ഗുണ്ടാത്തലവന്മാരിലൂടെ ഇരുതരം വ്യവസ്ഥകളാണ് അടയാളപ്പെടുന്നത്.

കേരളം - ലൈംഗികത - സ്ഫോടനങ്ങള്‍

" ലൈംഗികതയുടെ കാര്യത്തില്‍ മേശപ്പുറത്ത് സമൃദ്ധമായ അത്താഴം വിളമ്പി വെച്ചിട്ടും പട്ടിണി കിടക്കേണ്ടി വരുന്ന നിര്‍ഭാഗ്യവാന്മാരാണ്  കേരളത്തിലെ യുവതീയുവാക്കള്‍ ."

ടി ഡി രാമകൃഷ്ണന്‍

അയല്‍വക്കത്തെ ' ആന്റിയോട്‌ സ്റ്റീവിനു തോന്നുന്ന അഭിനിവേശവും, കുളിമുറിയുടെ ചെറുവാതിലിലൂടെ അവരുടെ ശരീരം ലാക്കാക്കുന്ന നോട്ടവും അടിവസ്ത്രങ്ങളില്‍ നിന്നു പോലും ആര്‍ജ്ജിതമാകുന്ന ഉത്തേജനവും സ്വയംഭോഗവുമെല്ലാം അടിവരയിടുന്നത് മലയാളിയുടെ അടക്കിവെയ്ക്കപ്പെടുന്ന / അടിച്ചമര്‍ത്തപ്പെടുന്ന മൃദുല വികാരങ്ങളുടെ ' ഒളി ' വെളിവാക്കലുകളോ / പൊട്ടിയൊലിക്കലുകളോ അല്ലാതെ മറ്റൊന്നുമാകുന്നില്ല. മലയാളികളില്‍ ചിലരുടെയെങ്കിലും കൗമാരങ്ങളില്‍ നിശ്ചയമായും ഒരു രതി നിര്‍വ്വേദം സിന്റ്രോം ' ഉണ്ടായിരിക്കാം. തന്നേക്കാള്‍ മുതിര്‍ന്നൊരു സ്ത്രീയുമായുള്ള ലൈംഗിക കാമനകളാലടക്കം പലപ്പോഴുമവ തുന്നിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. പ്രസ്തുത സാമൂഹ്യ/ മാനസിക സാഹചര്യത്തെ കൃത്യമായി വിശകലനം ചെയ്യുന്ന നോവലിസ്റ്റും വിവര്‍ത്തകനുമായ ടി ഡി രാമകൃഷ്ണന്റെ നിരീക്ഷണ ത്തോട് കേരളീയ സമൂഹം കപട സദാചാര നിഷ്ഠകള്‍ മാറ്റി വെച്ച് ആത്മവിശ്വാസത്തോടെ സംവദിക്കേണ്ടതുണ്ട്.

ജീവിതത്തിന്റെ ഉപ്പ്

സ്റ്റീവ് ലോപ്പസിന്റ്റെ അഛന്‍ ജനിച്ചു വളര്‍ന്ന നഗര പരിസര കടലോര ഗ്രാമമായ പുത്തന്‍തോപ്പും മത്സ്യത്തൊഴിലാളി ജനതയുടെ പ്രതിദിന ജീവിതവും ഫുട്ട് ബോളുമായുള്ള വൈകാരിക ബന്ധവുമെല്ലാം ( ഇളയഛന്‍) രസകരമായി അവതരിപ്പിച്ചിരിക്കുന്നു. ഇതിവൃത്തത്തിലെ കേന്ദ്ര സംഭവമായ ഗുണ്ടാത്തലവന്റെ അനുജന്റെ കൊലപാതകം / താമസ സ്ഥലം (ചേരി)/ അവിടങ്ങളിലെ രീതികള്‍ തുടങ്ങിയവക്കെല്ലാം ചില യഥാര്‍ ത്ഥ സംഭവങ്ങളോടുള്ള സാദൃശ്യം നഗരത്തെ അടുത്തറിയുന്ന പ്രേക്ഷകരെ അശേഷം അത്ഭുതപ്പെടുത്തിയേക്കില്ല.

ഗുണ്ടാ സംഘങ്ങളുടേയും സംഘര്‍ഷങ്ങളുടേയും കഥ , എന്നതു കൊണ്ടു തന്നെ " തോക്ക് - സ്ലോ മോഷന്‍ - അസംഘ്യം വാഹനങ്ങളുടെ അകമ്പടിയോടെ എത്തുന്ന അമാനുഷികനായ നായകന്‍ - ടാറിന്‍ പാട്ടകള്‍ക്കു മേല്‍ മറിഞ്ഞും തിരിഞ്ഞുമുള്ള സംഘട്ടനങ്ങള്‍ - കോടതിസംബന്ധമായ ക്ളിഷേ സീനുകള്‍ - ഇടിവെട്ടു ഡയലോഗുകള്‍ - വില്ലനു ചുറ്റും നൃത്തം ചെയ്യുന്ന അല്‍പ്പ വസ്ത്ര ധാരിണികളായ സ്ത്രീകള്‍ - ബാലാല്‍സംഗം " , തുടങ്ങിയവയുടെ എല്ലാം വിപുലമായ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താമായിരുന്നെങ്കിലും ; ഇത്തരം ' ഐറ്റംസ് ' ഒന്നുമില്ലാതെ തന്നെ പ്രമേയത്തോട് നീതി പുലര്‍ത്തുന്നതെങ്ങിനെയെന്നെന്ന സോദ്ദോഹരണ ദൃശ്യ പാഠം കൂടിയാണീ രാജീവ് രവി ചിത്രം.

സ്റ്റീവ് ലോപ്പസ് ( ഫര്‍ഹാന്‍ ഫസില്‍), ജോര്‍ജ്ജ് ലോപ്പസ് ( അലന്‍സയര്‍), ഗുണ്ടാ സംഘത്തലവന്മാരായ പ്രതാപന്‍ (വിനായകന്‍) - ഹരി ( സുജിത്ത് ശങ്കര്‍) , ജെയിംസ് എലിയ ( മോഹനന്‍), മിനി കെ എസ് ( സ്റ്റീവിന്റെ അമ്മ) , ഡോ. അമ്പികാസുതന്‍ (സ്റ്റീവിന്റെ മുത്തഛന്‍), അനില്‍ നെടുമങ്ങാട് ( ഫ്രെഡി) ഗുണ്ടാത്തലവന്‍ ഹരിയുടെ ഭാര്യ (ആത്മജ) , പരിക്കേറ്റ ഗുണ്ടാത്തലവനെ ചികിത്സിക്കുന്ന ഡോക്ടര്‍ (ഡോ. ജി ആര്‍ സന്തോഷ് കുമാര്‍) സാബു പ്രാവ്ദിന്‍ (സബ് ഇന്‍സ്പെക്ര്‍) തുടങ്ങിയവരെല്ലാം കഥാപാത്രങ്ങളായി ജീവിക്കുകയും തിരശ്ശീലയില്‍ നിന്നും പ്രേക്ഷകനെ അനുധാവനം ചെയ്യുകയും ചെയ്യുന്നു. അഭിനേതാക്കളില്‍ ഭൂരിപക്ഷവും നാടക വേദിയുടെ കരുത്തില്‍ നിന്നും സിനിമയെ ആശ്ലേഷിച്ചവരെങ്കിലും അതതു കഥാപാത്രങ്ങളെ അതിവൈകാരികത അശേഷമില്ലാതെ തികഞ്ഞ കയ്യടക്കത്തോടെ കൈകാര്യം ചെയ്യുന്നതില്‍ അസാമാന്യമായ വഴക്കം പ്രകടിപ്പിക്കുന്നു.

തിരുവനന്തപുരം നഗരത്തിന്റെ രാത്രികളുടെ വശ്യത / മഞ്ഞില്‍ പുകയുന്ന നിയോണ്‍ വെളിച്ചം / ഏതാണ്ടാദ്യാന്തം നിലനിര്‍ത്തിപ്പോരുന്ന ഫ്രെയ്മുകളുടെ മനോഹാരിത / പുഞ്ചക്കരിയെന്ന കാര്‍ഷിക ഗ്രാമത്തിന്റെ ക്ളോസ് - ലോങ്ങ് ഷോട്ടുകളില്‍ ഇതള്‍ വിരിയുന്ന പാടങ്ങളുടേയും പച്ചപ്പിന്റെയും ഭംഗി/ നഗരത്തിന്റെ മാത്രം സവിശേഷതയായ സിറ്റി ബസ്സുകളുടെ മഞ്ഞ / ചുവപ്പ് കോമ്പിനേഷനുകളിലേക്കുള്ള നോട്ടങ്ങള്‍/ യൂണിവേഴ്സിറ്റിക്കോളേജിന്റെ വിഷ്വല്‍ സമൃദ്ധി ; പപ്പന്റെ ക്യാമറക്ക് കവിതയെഴുതാന്‍ ഇതില്‍പ്പരം മറ്റേന്താണാവശ്യമായീടുക ! നവ മലയാള സിനിമയിലെ ബെഞ്ച്‌ മാര്‍ക്കുകളിലൊന്നായ അന്നയും റസൂലിന്റെയും ഹാങ്ങ് ഒവര്‍ അശേഷമില്ലാതെ തികഞ്ഞ സൂക്ഷ്മതയോടെയാണ് ചിത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.

കളക്റ്റീവ് ഫേസ് ; എന്ത് ..എന്തിന് .

സംവിധായകനടക്കം പങ്കാളിത്തമുള്ള കലക്ടീവ് ഫേസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രാജീവ് രവിയുടെ വാക്കുകള്‍ കൂട്ടായ്മയുടെ വര്‍ഗ്ഗ സ്വഭാവം അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നു.

 

" ഒരു കമ്പനിയോ പ്രൊഡക്ഷന്‍ ഹൗസോ അല്ല. ഒരു ചിന്തയോ ആശയമോ ആണ്. വിഴുങ്ങാന്‍ വാപൊളിച്ചുനില്‍ക്കുന്ന വിപണിയെ നേരിടാന്‍ ഒന്നിച്ച് നില്‍ക്കണമെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടായ്മ. ഒന്നിച്ച് കാര്യങ്ങള്‍ചെയ്താല്‍ അതിന് അതിന്റേതായ രാഷ്ട്രീയമൂല്യവും സര്‍ഗാത്മകമൂല്യവും ഉണ്ടെന്ന് വിശ്വസിക്കുന്നവരുടെ സംഘമാണത്. ഒറ്റയ്ക്കുനിന്നാല്‍ വിപണിക്ക് കീഴ്പ്പെട്ടുപോകും. കലക്ടീവ് ഫേസ് കമ്പനിയായി രജിസ്റ്റര്‍ ചെയ്തിട്ടില്ല. സ്ഥാപനവല്‍ക്കരിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. സിനിമക്കാരും അല്ലാത്തവരുമായി കലക്ടീവ് ഫേസില്‍ ഉറച്ചുവിശ്വസിക്കുന്ന 60 പേരെങ്കിലും ഇപ്പോഴുണ്ട്. കലക്ടീവ് ഫേസിന്റെ പ്രവര്‍ത്തനമേഖല സിനിമമാത്രമല്ല. ഞങ്ങള്‍ക്ക് അറിയാവുന്ന പണി സിനിമ ആയതിനാല്‍ അതു ചെയ്യുന്നു എന്നുമാത്രം. മറ്റു പല മേഖലകളിലും വ്യാപിക്കണമെന്ന് കലക്ടീവിന് ആഗ്രഹമുണ്ട്. എല്ലാ കലയിലും രാഷ്ട്രീയം ഉണ്ടാകണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. കാഴ്ചപ്പാടില്‍ രാഷ്ട്രീയം ഉണ്ടാകേണ്ടത് പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണ്.ഹാപ്പി എന്‍ഡിങ് ജീവിതങ്ങളും സുഖമായി ജീവിക്കുന്നവരുടെ കഥയും വളരെ ന്യൂനപക്ഷമായ അതിസമ്പന്നരുടെ ജീവിതപ്രതിസന്ധിയുടെ കഥകളും ഇവിടെ ആവശ്യം ഇല്ല. താഴേക്കിടയിലുള്ളവരുടെ ജീവിതമാണ് സിനിമ കാട്ടിക്കൊടുക്കേണ്ടത്. മലയാള സിനിമയിലെ അത്തരം സിനിമകള്‍പോലും ഫോര്‍മുലകള്‍ക്ക് ഉള്ളിലാണ്. ശരിക്കും ഇവിടത്തെ മനുഷ്യര്‍ നേരിടുന്ന യഥാര്‍ഥപ്രശ്നങ്ങളാണ് പറയേണ്ടത്. വെറും കഥകള്‍മാത്രമല്ല മനുഷ്യരുടെ പ്രശ്നങ്ങള്‍. അത്തരം കഥകളും സാഹചര്യങ്ങളുമാണ് എനിക്ക് പറയാന്‍ താല്‍പ്പര്യമുള്ളത്. "

മുട്ടിപ്പായ് ആഗ്രഹിക്കാം

രാജീവ് രവിയുടെ കഥ, രാജേഷ് രവി , സന്തോഷ് ഏച്ചിക്കാനം, ഗീതു മോഹന്‍ ദാസ് സംഘമൊരുക്കിയ ഇഴയടുപ്പമുള്ള തിരക്കഥ , ഷഹബാസ് അമന്‍ - ചന്ദ്രന്‍ വയറ്റുമേല്‍ കൂട്ടുകെട്ടൊരുക്കിയ സംഗീതം, ജാസി ഗിഫ്റ്റ് അടക്കം സംഗീത സംവിധാനം നിര്‍വ്വഹിച്ച അഞ്ചു പാട്ടുകള്‍ , പപ്പുവിന്റെ ഹൃദയസ്പര്‍ശിയായ ഛായാഗ്രഹണം, ബി അജിത്ത് കുമാറിന്റെ പിഴവുകളില്ലാത്ത എഡിറ്റിങ്ങ് തുടങ്ങിയവയെല്ലാം 116 മിനിട്ടു ദൈര്‍ഘ്യമുള്ള ഈ ബഹുവര്‍ണ്ണ ചിത്രത്തെ മികവുറ്റതാക്കുന്നു.

ജീവിതത്തെ അതേ ചൂടോടെ പകര്‍ത്തുന്ന സിനിമകള്‍ നിര്‍മ്മിക്കപ്പെടണമെങ്കില്‍ പ്രതിഫലം / ലാഭം മാത്രം പരിഗണനയല്ലാതാകുന്ന നിര്‍മ്മാതാക്കളുണ്ടാകണം. മുഖ്യ ധാര ' എഴുന്നെള്ളിക്കുന്ന' അലമ്പുകളോടൊന്നും സന്ധി ചെയ്യാത്ത , അരി ആഹരിക്കുന്ന എല്ലാവരുടേയും ദഹനപ്രക്രിയയെ സമഭാവനയോടെ അതിസംബോധന ചെയ്യുന്ന ആള്‍ റൌണ്ടര്‍ രാജീവ്‌ രവിയില്‍ വിശ്വാസമര്‍പ്പിച്ച മധു നീലകണ്‌ഠന്‍, അലന്‍ മക്അലെക്സ്, മധുകര്‍ മുസ്ലെ തുടങ്ങിയ സാമൂഹ്യപ്രതിബദ്ധരായ നിര്‍മ്മാതാക്കള്‍ മലയാളത്തില്‍ ഇനിയുമുണ്ടാകട്ടെയെന്ന് മുട്ടിപ്പായ് ആഗ്രഹിക്കാം .. 'സ്റ്റീവേന്‍'