Vinod Vaisakhi

മാജിക്ക്
ഏറെച്ചെറിയൊരുപാദം
ജീവനോടെന്റെഗ്രാമത്തെ
പാതാളമാഴ്ത്തിയദ്രോഹം
ആദികാലത്തിന്റെ മാജിക്

പാദം
അളവുകോലാകുന്ന
മായയില്‍
ആകാശവും
മണ്ണും അളന്നു

പാദത്തി
നെന്തൊരൂറ്റം.

തലവച്ചൊരാള്‍
സ്വര്‍ണ്ണമാലകള്‍
വളകള്‍
കിന്നരി കിലുക്കങ്ങള്‍
ഒക്കെയും ധരിച്ചു-
കൊണ്ടാശകളുപേക്ഷിച്ച്
പാതാളത്തോളം
താഴ്ന്നു.

അളന്നെടുത്ത
മൂന്നടിയില്‍
വാമനന്റെ പെരുമ
ചന്ദ്രനോളം വളര്‍ന്ന
മാജിക്കായി.
“ഒരേ ഒരിന്ത്യ
ഒരൊറ്റ ജനത ”
ഹാ!
എന്തൊരു മാജിക്..

മൂവര്‍ണ്ണക്കൊടി
ഒറ്റ വര്‍ണ്ണമാകുമോ
ആകാം!
“റാം റഹീം മൈത്രീ
മണ്ഡല്‍ ”
റഹീം ഇല്ലാതെ !

പേടിയാവുന്നു
മഹാബലി വരില്ലത്രെ!
വാമനന്‍ വരുമത്രെ!
ശിരസൊന്നൊന്നായി
ചവിട്ടി പക്ഷം ചേര്‍ത്ത്
കൊണ്ടു പോകുമ്പോള്‍

റാം റാം …
മാജിക്
തൂവെള്ള ഖദറാകെ
പുതിയ ചായം വീണ്
ശ്രീറാമെന്നലറുന്നു

ഗാന്ധി പാര്‍ക്കില്‍
ഗാന്ധിജി വടിയൂന്നി
നിന്നൊരു സ്ഥലം
കാണാനില്ല.
എന്തൊരു മാജിക്ക്

തോക്കുമായ് ഗോഡ്സേ
പാര്‍ക്കില്‍ അപ്പൊഴും
പാട്ടും കൊട്ടും

ഗാന്ധിയില്‍ നിന്നും
ഗോഡ്സെയിലേ
ക്കൊരു കൊടി പാറി:
രഘുപതി രാഘവ രാജാറാം
പതീത പാവന
ഗോഡ്സേ …..റാം