Jyothi Tagore

നിരുപാധിക സ്നേഹത്തിന്റെ തലതൊട്ടപ്പന്‍

രണ്ടുവര്‍ഷം മുമ്പാണ് ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പന്‍ എന്ന കഥ വായിക്കുന്നത്. സാറ എന്ന പേര് കഥയില്‍ മാത്രമല്ല , സാറടീച്ചറുടെ എഴുത്തുവഴിയുടെ ശക്തിയും സൗന്ദര്യവും കഥയ്ക്കുള്ളതായും തോന്നിപ്പോയി. അരികുജീവിതങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും വിപുലവും സ്ത്രീയുടെ അനുഭവലോകമാണ്. ആണ്‍കോയ്മ സമൂഹത്തിന്റെ scaleകള്‍ക്ക് വഴങ്ങാന്‍ നിരന്തരം നിര്‍ബന്ധിക്കുന്ന അധികാരപ്രയോഗത്തിന് കീഴിലാണ് സ്ത്രീജീവിതങ്ങള്‍ എന്നത്, മറ്റു വിവേചനങ്ങളെ കൂടുതല്‍ ദുരിതലാക്കുന്ന ഘടകമാണ്. സ്ഥൂലത പാടെ ഒഴിവാക്കിയ കഥാശില്പത്തിലൂടെ നെറോണ അത് ലളിതമായിത്തന്നെ വിനിമയം ചെയ്യുന്നുണ്ട്. ആലപ്പുഴ പട്ടണത്തിന്റെ തെരുവുകളില്‍ സാറക്കൊച്ച് തന്റെ ശേഷജീവിതം പൂച്ചകള്‍ക്കൊപ്പം ജീവിച്ചുതീര്‍ത്തു എന്ന് കരുതാനാണെനിക്കിഷ്ടം. കാരണം അക്കാലത്ത്, പഴയ മെഡിക്കല്‍ കോളേജ് ജംഗ്ഷന്‍ പരിസരത്തെ തെരുവില്‍, ഏതോ കഥയില്‍ നിന്നിറങ്ങി വന്നതുപോലെ ഒരാള്‍ കുറെ പൂച്ചകള്‍ക്കൊപ്പം താമസിച്ചിരുന്നു. അവര്‍ ട്രാന്‍സ്ജന്‍ഡായ ഒരു വൃദ്ധയായിരുന്നു. കഥയിലെ പൂച്ചകളും കുഞ്ഞാട് എന്ന വിളിപ്പേരിനെ അനുസ്മരിപ്പിക്കുന്ന മുഖത്തെ രോമങ്ങളുമൊക്കെ ആയിരിക്കണം അത്തരമൊരു ചിന്ത എന്നില്‍ വളര്‍ത്തിയത്. എന്തായാലും വായനമുറിയിലൊതുങ്ങുന്ന കഥയല്ല തൊട്ടപ്പന്‍ എന്നതിന് ആ കഥ എന്നിലവശേഷിപ്പിച്ച നോവാണ് സാക്ഷി.


t5


തൊട്ടപ്പന്‍ നിരുപാധിക സ്നേഹത്തിന്റെ കഥയാണ്. സിനിമയില്‍ നാം കണ്ടുശീലിച്ച തരം കഥാപാത്രങ്ങളെയോ പരിസരങ്ങളെയോ കാണിക്കാത്തൊരു ചിത്രം. മണ്ണിന്റെ നിറമുള്ള, ചേറ് മണക്കുന്ന കാറ്റുള്ള, കായലിന്റെ അലകളുള്ള, മനുഷ്യരുള്ള, പൂച്ചയും പട്ടിയും മീനുകളും പറവകളുമുള്ള ചിത്രം. സ്നേഹം കൊണ്ടുമാത്രം ജയിക്കാന്‍ ശ്രമിക്കുന്ന ചില മനുഷ്യരെ കാണാം – സ്നേഹത്തിന് വേണ്ടി കൊല്ലാന്‍ പോലും മടിയില്ലാത്തവര്‍. എന്നിട്ടും തോറ്റു പോകുന്നവര്‍. അവരുടെ ജീവിതത്തിന്റെ പകര്‍പ്പാണ് തൊട്ടപ്പന്‍ സിനിമ. നമ്മുടെയൊക്കെ ജീവിത പരിസരത്ത് നാം അറിയാത്ത, അനുഭവിക്കാത്ത ലോകങ്ങളുണ്ട്. വ്യക്തിയുടെ അനുഭൂതിയോ മാനസിക തലമോ സംബന്ധിച്ച ദാര്‍ശനിക പ്രസ്താവമല്ല, മറിച്ച് ഉണ്ടും ഉറങ്ങിയും പണിയെടുത്തും ഭോഗിച്ചും മനുഷ്യര്‍ ജീവിച്ചു പോകുന്ന ലോകങ്ങള്‍. അവ തമ്മിലുള്ള അന്തരം ഊഹിക്കുന്നതിലും വലുതും പരസ്പരം മനസ്സിലാക്കാവുന്നതിലുമേറെ വ്യത്യസ്ഥവുമാണ്. എങ്കിലും അവയ്ക്കിടയിലെ കൊള്ളക്കൊടുക്കലുകളാണ് സമൂഹമെന്ന സങ്കല്‍പ്പത്തെ സാധ്യമാക്കുന്നത്. ആന്തരിക വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കെ തന്നെ ഒറ്റഘടകമായി തീരാനുള്ള സമൂഹത്തിന്റെ ചോദന ചില നിഷ്ഠകള്‍, ക്രമങ്ങള്‍, ആചാരങ്ങള്‍, സ്വഭാവങ്ങള്‍ എന്നിങ്ങനെ പൊതുവായ ചിലവ ഉല്‍പ്പാദിപ്പിച്ചുകൊണ്ടാണ് നിലനില്‍ക്കുന്നത്. എന്നാല്‍ അവ പോലും രൂപപ്പെടുന്നതും നിലനില്‍ക്കുന്നതും ജനാധിപത്യരീതിയിലാകണമെന്നില്ല, നിര്‍ബന്ധിത സ്വഭാവത്തിലുമാകാം. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്, പ്രത്യേകിച്ച് മനസ്സില്‍… എല്ലാവരുടെയും ശരികള്‍ ഒന്നാകണമെന്നില്ല, എല്ലാവര്‍ക്കും ഒരേ കാര്യം ശരിയായി തോന്നണമെന്നുമില്ല. തെറ്റുകളും അങ്ങനെ തന്നെ. ശരികളെയും തെറ്റുകളെയും കറുപ്പും വെളുപ്പും കള്ളി തിരിയ്ക്കുന്ന പതിവുസിനിമാറ്റിക്ക് രീതിയൊന്നും തൊട്ടപ്പനിലില്ല. തെറ്റും ശരിയ്ക്കുമിടയില്‍ നേര്‍ത്ത അതിര്‍വരമ്പ് മാത്രമുള്ള സാധാരണക്കാരുടെ കഥയാണത്. കേന്ദ്രകഥാപാത്രമായ തൊട്ടപ്പന് ഒരു ശരിയേയുള്ളൂ – അത് സാറാക്കൊച്ചാണ്. സാറയുടെ കാമുകന് അവന്റെതായ ശരികളുണ്ട്. അന്ധനായ ആദ്രുമാനും അയാളുടെ ഭാര്യയ്ക്കും വെവ്വേറെ ശരികളുണ്ട് – അങ്ങനെ തന്നെയാകുന്നതിനെയാണല്ലോ ജീവിതമെന്ന് പറയുന്നത്. ഇത്തരം ശരികള്‍ തമ്മില്‍ ഏറ്റുമുട്ടേണ്ടി വരുന്നതാണ് എല്ലാ ജീവിതങ്ങളെയും സംഘര്‍ഷഭരിതമാക്കുന്നത്. തൊട്ടപ്പന്റെ ശരിയില്‍ സാറയുടെ സന്തോഷം മാത്രമേയുള്ളൂ. അതുകൊണ്ട് തന്നെ അവളിലെ എല്ലാം അതിന്റെ സ്വഭാവികതയില്‍ സ്വീകരിക്കാനയാള്‍ക്ക് കഴിയുന്നുണ്ട്. അയാള്‍ അവളെ വളര്‍ത്തുകയല്ല , വളരാന്‍ കൂട്ടായിരിക്കുകയാണ് ചെയ്യുന്നത്. രക്ഷാകര്‍തൃഭാവേനയുള്ള അധികാരപ്രയോഗമല്ല, അവളുടെ സന്തോഷങ്ങള്‍ക്ക് കൂട്ടിരിക്കുക, അവള്‍ക്ക് സന്തോഷം ലഭിക്കുന്ന കാര്യങ്ങള്‍ ചെയ്യുക തുടങ്ങിയവെ അയാള്‍ ചെയ്യുന്നുള്ളൂ. അത്തരം അച്ഛന്മാരെ, ആങ്ങളമാരെ, അമ്മാവന്മാരെ, കൂട്ടുകാരെ, തൊട്ടപ്പന്മാരെ പുതിയ കാലമാവശ്യപ്പെടുന്നുണ്ട് .


A847812_list_20190527140103


രക്ഷാപുരുഷനടനമാടുന്ന സൈബര്‍ ആങ്ങളമാര്‍ക്ക് തൊട്ടപ്പന്‍ ഒരു സമസ്യയാണ്. സ്ത്രീകളുടെ നീതിയ്ക്കായി നിയമം കയ്യിലെടുക്കാന്‍ പോലും മടിയില്ലാത്ത അതേ സ്വയംപ്രഖ്യാപിതആങ്ങളഹീറോമാര്‍ തന്നെ സ്ത്രീകള്‍ പ്രതിസ്ഥാനത്ത് വരുന്ന ഒരു സംഭവമുണ്ടായാല്‍ സ്ത്രീസ്വാതന്ത്ര്യത്തെ ട്രോളിയും തെറിപറഞ്ഞും രംഗത്തുവരുന്നത് കാണാം. തങ്ങളുടെ സദാചാര നിഷ്ഠകള്‍ക്ക് വെളിയിലുള്ള സ്ത്രീകള്‍, സ്വാതന്ത്ര്യബോധം പ്രകടിപ്പിക്കുന്നവരൊക്കെ ഇക്കൂട്ടര്‍ക്ക് വെടികളാണ്. ഇവര്‍ക്കെതിരെയാണ് പരുക്കന്‍ സ്വഭാവത്തിനുള്ളില്‍ സ്നേഹം നിറച്ചുവെച്ച് തൊട്ടപ്പന്‍ എന്ന ഒറ്റയാന്‍ നടന്നു പോകുന്നത്. സാറയുടെ രക്ഷകനല്ല താന്‍ എന്നറിയാവുന്നതുകൊണ്ടാണ് ഒറ്റക്കുത്തിന് മരിച്ചുപോകുന്ന അയാള്‍ സിനിമാറ്റിക്കായി ഉയിര്‍പ്പുതേടാതിരുന്നത് എന്നു പോലും തോന്നിക്കുന്ന വിധത്തില്‍ ഈ സിനിമ ജീവിതമാകുന്നു.


t1


തൊട്ടപ്പന്‍ സിനിമയാക്കുന്നു എന്ന് കേട്ടതുമുതല്‍ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്ന പല കാരണങ്ങളില്‍ പ്രധാനപ്പെട്ടതു അതിന്റെ മൂലകഥ തന്നെയായിരുന്നു. അതെങ്ങനെ സിനിമയാക്കി മാറ്റും എന്നറിയാനുള്ള കൗതുകം. ഒഴിവുദിവസത്തെകളി, പലേരിമാണിക്യം പോലെ ചില ചിത്രങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ സാഹിത്യകൃതി സിനിമയാക്കാനുള്ള സമീപകാലശ്രമങ്ങള്‍ ദുരന്തത്തില്‍ കലാശിച്ചവയാണ് എന്നതും ശ്രദ്ധേയമാണ്. സിനിമ കണ്ടു കഴിഞ്ഞപ്പോഴും കഥയോട് തന്നെയാണ് ഇഷ്ടക്കൂടുതലെങ്കിലും കഥയില്‍ നിന്ന് അമ്പേ വ്യത്യസ്ഥമായൊരു കലാസൃഷ്ടിയാക്കി സിനിമയെ മാറ്റിതീര്‍ക്കുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ വിജയിച്ചിരിക്കുന്നു എന്നേ പറയാനുള്ളൂ. കഥയില്‍ സാറയായിരുന്നു കേന്ദ്രമെങ്കില്‍ സിനിമയിലത് തൊട്ടപ്പനാണ്.. കഥയോടുള്ള പ്രണയം പോലെ പ്രതീക്ഷ തന്ന ഘടകമാണ് സംവിധായകന്റെ പേര്. കിസ്മത്തിന്റെ സംവിധായകനെന്ന പെരുമ കാക്കുന്ന ദൃശ്യവിരുന്ന് തന്നെയാണ് ഷാനവാസ് ബാവക്കുട്ടി ഒരുക്കിയത്. പ്രിയ കഥാകാരന്‍ P S റഫീക്കിന്റെതാണ് തിരക്കഥ എന്നതായിരുന്നു സിനിമയുടെ മറ്റൊരാകര്‍ഷണം. . അദ്ദേഹത്തിന്റെ മുന്‍ ചിത്രങ്ങളില്‍ ആമേന്‍,അങ്കമാലി ഡയറീസ് എന്നിവ തന്നെ കാരണം. ഞങ്ങളുടെ കരപ്പുറത്തിന്റെ ജനകീയകലാകാരന്‍ മനേക്ഷാ ചേട്ടന്‍, പ്രിയപ്പെട്ട ദാമോദര്‍ രാധാകൃഷ്ണന്‍ മാഷ് എന്നിവരുടെ സാന്നിദ്ധ്യം കൂടിയായപ്പോള്‍ സിനിമ ഇറങ്ങുമുമ്പ് തന്നെ സ്വന്തമാണെന്ന് തോന്നിത്തുടങ്ങിയിരുന്നു. പക്ഷേ ഞെട്ടിച്ചുകളഞ്ഞത് സാക്ഷാല്‍ രഘുനാഥ് പല്ലേരി മാഷും – പ്രിയഎഴുത്തുകാരാ, നിങ്ങളിലെ നടന്‍ വേറേ ലെവലാണ്. വിനായകന്‍ കേന്ദ്രകഥാപാത്രമാകുന്നു എന്നമുള്ള വാര്‍ത്തകള്‍ സിനിമയോടുള്ള ഇഷ്ടം കൂട്ടിയതേയുള്ളൂ. വിനായകന് പൂണ്ടുവിളയാടാനുള്ള ധാരാളം Space അനുവദിച്ചുള്ള സിനിമാറ്റിക് ഭാഷ്യമാണൊരുക്കിയിരിക്കുന്നത്. സിനിമയുടെ റിലീസിംഗ് സമയത്ത് വിനായകനുമായി ബന്ധപ്പെട്ടു ചില വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. സിനിമ രംഗവുമായി പുലബന്ധം പോലുമില്ലാത്ത വിവാദം നിയമനടപടികളിലേയ്ക്ക് നീങ്ങുന്ന ഘട്ടത്തില്‍ അതിന്റെ ന്യായാന്യായങ്ങളിലേയ്ക്ക് പോകാതെ, എന്നാല്‍ വിനായകനെക്കുറിച്ച് രണ്ടു വാക്ക് എഴുതാതെ ഈ കുറിപ്പവസാനിപ്പിക്കാനാവുന്നില്ല.


t4


മക്കള്‍രാഷ്ടീയം രൂക്ഷ പരാമര്‍ശങ്ങള്‍ക്ക് വിധേയമാകാറുണ്ടെങ്കിലും ആ Trend രാഷ്ട്രീയത്തേക്കാള്‍ നിലനില്‍ക്കുന്ന സിനിമമേഖലയെ നാം തലോടി വിടാറാണ് പതിവ്. മലയാളസിനിമയെ നോക്കൂ – പുതുതലമുറ സിനിമപ്രവര്‍ത്തകരില്‍ ഏറിയപങ്കും സിനിമ കുടുംബങ്ങളില്‍ നിന്ന് വന്നവരാണ്. (ഈ post ല്‍ offTopic ആണെങ്കിലും ഈ പരമ്പരാഗത കൈമാറ്റരീതി സ്ത്രീകളുടെ കാര്യത്തില്‍ കുറവാണ് താനും.) സുരക്ഷിതമായൊരു തൊഴില്‍മേഖലയിലേയ്ക്ക് തന്റെ പിന്‍തലമുറയെ നയിക്കുന്നതില്‍ തെറ്റൊന്നുമില്ല. രാഷ്ട്രീയം തൊഴില്‍മേഖല ആയിക്കൂടാ എന്നതും ഒരു പ്രധാനവ്യത്യാസമാണ്. പറഞ്ഞുവന്നത് താരപുത്രതരംഗത്തെക്കുറിച്ചുള്ള വിമര്‍ശനമല്ല. കഴിവില്ലെങ്കില്‍ ഏറെനാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന രംഗമല്ല സിനിമയെന്നതിനാല്‍ കടുത്ത വിമര്‍ശനത്തില്‍ വലിയ സാധ്യതയുമില്ല. ഷാനവാസ് വലിയ ഉദാഹരണമാണ്. എന്നാല്‍ Entry Level ല്‍ താരപുത്രന്‍ എന്ന ഇമേജ് നല്‍കുന്ന privilage ചില്ലറയല്ല. ദുരന്തപൂര്‍വ്വമായ അലച്ചിലുകളെ അത് ലഘൂകരിക്കുന്നു. അതില്‍പോലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ട് താനും. ദുല്‍ഖര്‍ സല്‍മാന് കിട്ടിയ പരിഗണനയാകില്ലല്ലോ സുധീര്‍ കരമനയ്ക്ക് ലഭിച്ചിട്ടുണ്ടാകുക. തങ്ങള്‍ക്ക് കിട്ടിയ വേഷങ്ങളിലെല്ലാം കൈയ്യടി വാങ്ങുന്ന ഷൈന്‍നിഗവും അര്‍ജുന്‍ അശോകും വിപണിമൂല്യം വെച്ച് നോക്കിയാല്‍ പ്രണവ് മോഹന്‍ലാലിനെക്കാള്‍ പിന്നിലാകില്ലേ?! കൃഷ്ണന്‍കുട്ടിനായരുടെടെയും സാക്ഷാല്‍ കുതിരവട്ടത്തിന്റെയുമൊക്കെ മക്കള്‍ തെറ്റില്ലാത്ത പ്രകടനം നടത്തിയിട്ടും വലിയ അവസരങ്ങള്‍ ലഭിക്കാതെ നില്‍ക്കുന്നുമുണ്ട്. ജാതി, മതം, വര്‍ണ്ണം, പിന്തുടര്‍ന്നുവരുന്ന ഇമേജുകള്‍, വിവിധ കോക്കസുകളുടെ Accessiblity എന്നിങ്ങനെ സിനിമയില്‍ Privilageകള്‍ വേറെയുമുണ്ട്. ആഢ്യത്വമനുസരിച്ച് അവസരവും പരിഗണനയും ലഭിക്കുന്നതില്‍ കുലമാഹാത്മ്യത്തെക്കുറിച്ച് ഊറ്റം കൊള്ളുന്ന മലയാളിപൊതുബോധം അസഹിഷ്ണുതയൊന്നും വെച്ചുപുലര്‍ത്തി പോരുന്നില്ല. ഇവിടെയാണ് വിനായകന്‍ എന്ന താരം വ്യത്യസ്ഥനാകുന്നത്. ജീവിതത്തോട് , അതിന്റെ എല്ലാ പ്രതിസന്ധികളോടും പൊരുതിത്തന്നെ മുന്നേറിവന്നതാണയാള്‍. സിനിമയിലും അങ്ങനെ തന്നെ. കരിയര്‍ ടേണിംഗ് പോയന്റ് എന്ന് പറയാവുന്ന കമ്മട്ടിപ്പാടം കഴിഞ്ഞ് അയാള്‍ പറയുകയുണ്ടായി – ” കൊച്ചിയില്‍ ഒരുപാട് കമ്മട്ടിപ്പാടങ്ങളുണ്ട്. അതിലൊരു കമ്മട്ടിപ്പാടത്ത് നിന്നാണ് ഞാന്‍ വരുന്നത് . സിനിമയില്‍ നിങ്ങള്‍ കണ്ടതൊക്കെ എല്ലാദിവസവും നമ്മള് നേരിട്ടു കാണുന്ന ജീവിതമാണ്. ” അങ്ങനെയുള്ള ഒരാള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിലയിരുത്തുമ്പോള്‍ ഞെട്ടല്‍ രേഖപ്പെടുത്തിയെന്നോ സന്തോഷം പ്രകടിപ്പിച്ചെന്നോ വരുന്നതാണ് സ്വാഭാവികത. കാരണം അയാള്‍ വായിച്ച് വളര്‍ന്നത് ഓഷോയെയോ പ്രണയകാല്‍പ്പനികതയോ അല്ല, പട്ടിണിയും വിയര്‍പ്പും വിവേചനവുമൊക്കെയാണ്. അവയെല്ലാം വിട്ടുവീഴ്ചയില്ലാത്ത നേരുകളാണ്. ” ഒരു തെരഞ്ഞെടുപ്പാകുമ്പോള്‍ പല പാര്‍ട്ടികള്‍ കാണില്ലേ, അവരിലൊരാള്‍ ജയിക്കില്ലേ!! എല്ലാവരും നമുക്ക് വേണ്ടപ്പെട്ടവര്‍ ” എന്നോ മറ്റോ തട്ടിമൂളിക്കാന്‍ അയാള്‍ നിഷ്പക്ഷനല്ല, തികഞ്ഞ പക്ഷപാതിയാണ്. അതാണയാളുടെ രാഷ്ട്രീയബോധ്യം. തൊട്ടുപിന്നാലെ ഉയര്‍ന്നുവന്ന ലൈംഗികാരോപണത്തിലും അദ്ദേഹം തന്റെ മുന്‍ നിലപാട് ആവര്‍ത്തിക്കുകയാണ് ചെയ്തത്. ” ജീവിതത്തില്‍ അഭിനയിക്കാന്‍ ഞാനില്ല. അതുകൊണ്ടാണ് ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത് ” തന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും നിയമത്തിന്റെ വഴിയെ ഭയമില്ലെന്നും കൂടി പറയുമ്പോള്‍ അയാള്‍ക്കെതിരെ വാളെടുത്തു തുള്ളുന്നവരുടെ മുന്‍നിരയില്‍ ഭരണഘടന കത്തിക്കണമെന്ന് തെരുവില്‍ അലറിയവരുമുണ്ടെന്ന് മറക്കരുത്. അവരോടാണ്, കുറ്റവാളിയാണെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടട്ടേ… അല്ലാതെ നിങ്ങള്‍ക്ക് കൂവിത്തോല്‍പ്പിക്കാനാകുന്ന ഒരാളല്ല വിനായകന്‍. തെറിപറഞ്ഞു നിശബ്ദനാക്കാനുമാകില്ല. നിങ്ങള്‍ക്ക് അതൊക്കെയേ അറിയൂ, അയാള്‍ക്ക് അതുമറിയാം.


t3


സിനിമയില്‍ തോന്നിയ ചില കല്ലുകടികള്‍ കൂടി പറഞ്ഞവസാനിപ്പിക്കാം. കഥയെ സിനിമയാക്കി മാറ്റുമ്പോള്‍ വരുന്ന പ്രധാന വെല്ലുവിളി കഥ വായിച്ച കാണികളുടെ മനസ്സ് തന്നെയാണ്. ഒരു സ്ത്രീപക്ഷ കഥയെ പുരുഷ കഥാപാത്രത്തിന് പ്രാധാന്യമുള്ള രൂപത്തിലേയ്ക്ക് മാറ്റുന്നതിന് പലതരം അഴിച്ചുപണികള്‍ വേണ്ടി വന്നേയ്ക്കാം. തിരക്കഥാകൃത്തിന്റെ സ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ട് തന്നെ പറയട്ടെ, ചിലവ കല്ലുകടിയായിത്തന്നെ തോന്നി. തിരക്കഥാകൃത്ത് തന്നെ അഭിനയിച്ച കഥാപാത്രം പഴയ TG രവി കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിച്ചു. തൊട്ടപ്പനെപ്പോലെ ജനുവിനായ ഒരു കഥാപാത്രത്തിന്റെ സാമൂഹ്യ പ്രതിബദ്ധത തെളിയിക്കാനായിരുന്നു ആ രംഗമെന്നോര്‍ക്കുമ്പോള്‍ പരിതാപകരമെന്നേ പറയേണ്ടതുള്ളൂ. മനോജ് K ജയന്റെ പള്ളീലച്ചന്‍ വേഷവും മോരില്‍ മുതിര പോലെ അവശേഷിക്കുന്നു. പുതുമുഖം പ്രിയംവദ റോസയെ ഗംഭീരമാക്കി. പക്ഷേ കുഞ്ഞാട് എന്ന വിളിപ്പേരിന്റെ ഫീല്‍ പ്രേക്ഷകരിലേയ്ക്ക് വിനിമയം ചെയ്യുന്നതില്‍ സിനിമ പരാജയപ്പെട്ടു. കഥയിലതൊരു പ്രധാനഘടകമായിരുന്നു.


t2


ഇത്തരം ചെറിയ വിയോജിപ്പുകള്‍ ഒഴിച്ചാല്‍ ഗംഭീരമായ കാഴ്ചാനുഭവമാണ് തൊട്ടപ്പന്‍. സുരേഷ് രാജന്റെ കാമറ അതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ദേവദാസ് കടഞ്ചേരി, ഷൈലജ മണികണ്ഠന്‍ എന്നിവരാണ് നിര്‍മ്മാണം. തൊട്ടപ്പന്‍ കഥ, കിസ്മത്ത് സിനിമ എന്നിവയോട് ഇഷ്ടക്കൂടുതലുണ്ടെങ്കിലും വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്ന എന്തോ തൊട്ടപ്പന്‍ സിനിമയിലുണ്ട് – അതിനെ ജീവിതമെന്ന് വിളിക്കാനാണെനിക്കിഷ്ടം.