ആധുനിക കൊലമരത്തിന്റെ ഇരുട്ടറകളിലൂടെ മരണത്തിന്റെ തമോഗര്‍ത്തത്തിലേക്ക് സംഗീതത്തിന്റെ നിലയ്ക്കാത്ത താളത്തിന് കാതോര്‍ത്ത് ഒരോര്‍മ്മപോലെ അപ്രത്യക്ഷയായ ഒരു സ്ത്രീയെക്കുറിച്ചുള്ള സിനിമയാണ് Dancer in the Dark (ഇരുട്ടിലെ നര്‍ത്തകി) 2000 ത്തില്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും നല്ല ചിത്രത്തിനുള്ള പുരസ്‌ക്കാരവും ഏറ്റവും നല്ല നടിക്കുള്ള പുരസ്‌കാരവും കരസ്ഥമാക്കിയ ഈ ചിത്രം ലാര്‍സ് വേണ്‍ ട്രയര്‍ (Lars Van Trier) എന്ന ഡാനീഷ് ചലച്ചിത്രകാരന്‍ ആണ് സംവിധാനം ചെയ്തത്.
മരണത്തിന്റെ മഹാമൗനത്തിലേക്ക് സങ്കടങ്ങളുടെ കൈപിടിച്ചുനടക്കുമ്പോഴും സ്വന്തം മകന് കാഴ്ച കിട്ടിയെന്ന സന്തോഷത്തോടെയും ആശ്വാസത്തോടെയും, ജീവിതത്തോട് വിടപറഞ്ഞ ഒരമ്മയുടെ സംഘര്‍ഷങ്ങളുടെയും വേദനകളുടെയും പോരാട്ടത്തിന്റെയും സിനിമ കൂടിയാണിത്. ഒരു മ്യൂസിക്കല്‍ ഹോളിവുഡ് സിനിമയുടെ ബാഹ്യഘടനയില്‍ തീര്‍ത്ത ഈ സിനിമ അസാധാരണമായ പാട്ടുകള്‍കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുകയും ചെയ്യും. പക്ഷേ ഈ സിനിമ ഒരു സാധാരണ മ്യൂസിക്കല്‍ സിനിമയുടെ സ്വഭാവങ്ങളില്‍ നിന്ന് വിഭിന്നമായ ആന്തരിക താളത്തിന്റെ ഘടനയിലൂടെ ഒരു ക്ഷുഭിത സമുദ്രത്തിന്റെ ഗതിവേഗങ്ങളിലേക്കും കൊടുങ്കാറ്റിന്റെ ശബ്ദങ്ങളിലേക്കും സ്വയം ചിറകു വിരുത്തിപ്പറക്കുന്നുണ്ട്.
ചെക്കോസ്ലാവോക്യയില്‍ നിന്ന് അമേരിക്കയിലെക്ക് കുടിയേറിയ ഫാക്ടറി തൊഴിലാളിയായി പണിയെടുക്കുന്ന ഒരു സ്ത്രീയുടെയും അവരുടെ മകന്റെയും ജീവിതത്തിലൂടെയാണ് സിനിമ നമ്മെ കൊണ്ടുപോകുന്നത്. സാവധാനം അന്ധയായിക്കൊണ്ടിരിക്കുന്ന സെല്‍മ എന്ന ഈ സ്ത്രീയ്ക്ക് പൂര്‍ണമായും അന്ധകാരത്തിന്റെ മറവിയിലേക്ക് സ്വയം നഷ്ടമാവുന്നതിന് മുമ്പ് അന്ധനായിക്കൊണ്ടിരിക്കുന്ന മകന്റെ കാഴ്ച വീണ്ടെടുക്കേണ്ടതുണ്ടായിരുന്നു. അതിനുള്ള ശസ്ത്രക്രിയക്കും ചികിത്സയ്ക്കും വേണ്ടിവരുന്ന ഭീമമായ തുക സമ്പാദിക്കാനായി അവര്‍ കഠിനമായി പണിയെടുത്തുകൊണ്ടിരുന്നു. അവരുടെ കാഴ്ച വീണ്ടെടുക്കാനാവാത്തവിധത്തില്‍ മാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്നത് അവര്‍ ആത്മാവിന്റെ ആഴത്തിലെറിഞ്ഞുകൊണ്ടിരുന്നു. ഇതേ രോഗം പന്ത്രണ്ടുവയസുമാത്രമുള്ള ജീന്‍ എന്ന മകനെയും പിടികൂടിയിരുന്നു. പക്ഷേ അവര്‍ അവനെ അറിയിച്ചിട്ടേയില്ലായിരുന്നു.
രാവുപകലില്ലാതെ പണിയെടുത്തു കിട്ടുന്ന പണം മുഴുവന്‍ സെല്‍മ രഹസ്യമായി സൂക്ഷിച്ചുവെക്കുകയാണ്. അവരുടെ താമസസ്ഥലത്തെ ആരും ശ്രദ്ധിക്കാത്ത ഒരു സ്ഥലത്ത് ഒരു ചെറിയ മിഠായിപ്പെട്ടിയിലാണ് പണമൊക്കെ അവര്‍ സൂക്ഷിച്ചിരുന്നത്. അവരുടെ തൊട്ടടുത്ത് താമസിച്ചിരുന്ന ഒരു പോലീസ് ഓഫീസില്‍ സെല്‍മയുമായി സൗഹൃദം സ്ഥാപിച്ചു. അയാളുടെ ഭാര്യയുടെ ധാരാളിത്തംകൊണ്ടും അയാളുടെ മിഥ്യാഭിമാനം സംരക്ഷിക്കുന്നതിനു വേണ്ടിയും അയാള്‍ വരവിനേക്കാള്‍ കൂടുതല്‍ ചെലവിട്ട് കടക്കെണിയിലാണ്. അയാളുടെ ഭാര്യ അയാളെ ഉപേക്ഷിച്ചു പോകുമെന്ന് പറഞ്ഞയാള്‍ കരയുമ്പോള്‍ ആരുമറിയാത്ത ഒരു രഹസ്യമാണ് ഞാന്‍ പങ്കിടുന്നതെന്ന് പറഞ്ഞു. സെല്‍മയും അവളുടെയും മകന്റെയും അന്ധതയുടെ കാര്യവും കിട്ടുന്ന കാശെല്ലാം സൂക്ഷിച്ചു വക്കുന്നതിന്റെയും രഹസ്യം അയാളോട് പങ്കിടുന്നു. ഒരു ദിവസം രാത്രി, അവള്‍ക്ക് കണ്ണട മാറ്റിയാല്‍ തീരെ കാഴ്ചയില്ലെന്നയാള്‍ മനസിലാക്കുന്നു. മുറിയില്‍ ഒളിഞ്ഞുനിന്നുകൊണ്ട് അവള്‍ പണപ്പെട്ടി സൂക്ഷിക്കുന്നതെവിടെയാണെന്നയാള്‍ കണ്ടുപിടിക്കുന്നുണ്ട്. സെല്‍മ കഠിനമായ ജോലികളിലും ഒഴിവു സമയങ്ങളില്‍ സംഗീത നൃത്ത പരിപാടിയുടെ റിഹേഴ്‌സല്‍ ക്യാമ്പിലും ചിലവഴിക്കുന്നു. അന്ധതയുടെ ആഴങ്ങളില്‍ കൈവിട്ടു താഴുമ്പോഴും സെല്‍മ, മനസ്സില്‍ സൂക്ഷിക്കുന്ന താളത്തെ കൂട്ടുകാരി കാത്തിയുടെ സഹായത്തോടെ ശരീരത്തിലേക്കും സ്റ്റേജിലേക്കും വ്യാപിപ്പിക്കുന്നുണ്ട്. മകന്റെ ഓപ്പറേഷന്റെ തീയതി പ്രതീക്ഷിച്ച് പണം സ്വരൂപിച്ചുകൊണ്ടിരിക്കുന്ന സെല്‍മ ഒരു ദിവസം മുഴുവന്‍ പണവും നഷ്ടപ്പെട്ടതായി മനസിലാക്കുന്നു.
അവള്‍ക്കറിയാം ഈ പണം പോലീസുകാരന്‍ ബില്ലാണ് മോഷ്ടിച്ചിരിക്കുന്നതെന്ന്. ഇക്കാര്യം ചോദിക്കാന്‍ സെല്‍മ ബില്ലിന്റെ വീട്ടിലെത്തുന്നു. മോഷണം കണ്ടുപിടിച്ചതോടെ ഒരു മാസത്തിനുള്ളില്‍ കൊടുക്കാമെന്നയാള്‍ പറയുന്നുണ്ട്. പണം അടുത്ത ദിവസം ബാങ്കിലടയ്ക്കാനായി അയാള്‍ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുകയാണ്. പണം തിരിച്ചു കിട്ടാനാവള്‍ കരഞ്ഞ് പരിശ്രമിക്കുന്നു. അയാള്‍ പെട്ടെന്ന് അടവുമാറ്റി സെല്‍മ പണം മോഷ്ടിച്ചെന്ന് പറഞ്ഞ് ഒച്ചയുണ്ടാക്കുന്നു. ഭാര്യയോട് പോലീസിനെ അറിയിക്കാന്‍ പറയുന്നുണ്ട്. പക്ഷേ സെല്‍മയുടെ കരച്ചിലില്‍ പതറിപ്പോയ ബില്‍ അവളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്നു. പെട്ടെന്നയാള്‍ തോക്ക് സെല്‍മയുടെ കയ്യില്‍ പിടിപ്പിച്ച്, പണം വേണമെങ്കില്‍ തന്നെ കൊന്നിട്ട് എടുത്തുകൊള്ളാന്‍ പറയുന്നുണ്ട്. നിലവിളിക്കുന്ന സെല്‍മയുടെയും പരിഭ്രമിക്കുന്ന ബില്ലിന്റെയും ബഹളത്തിനിടയില്‍ തോക്കില്‍ നിന്നൊരു വെടിപൊട്ടി. പരുക്ക് പറ്റി നിലത്തുവീണ ബില്‍ വീണ്ടും വീണ്ടും തന്നെ വെടിവെക്കാന്‍ സെല്‍മയോടാവശ്യപ്പെടുന്നുണ്ട്. സെല്‍മയുടെ കൈപിടിച്ച് വീണ്ടും വെടിവെക്കാന്‍ ബില്‍ പ്രേരിപ്പിക്കുന്നുണ്ട്. സങ്കടത്തിന്റെയും ഭീതിയുടെയും ഉല്‍ക്കണ്ഠയുടെയും കൂടിക്കലരിനിടയില്‍ സെല്‍മ ബില്ലിനു നേരെ വെടിയുതിര്‍ത്തുകൊണ്ടിരുന്നു. മരിച്ച ബില്ലിന്റെ ശവശരീരത്തിനരികെയിരുന്ന സെല്‍മ കരയുന്നുണ്ട്. മരണത്തിന്റെയും കരച്ചിലിന്റെയും ഇരുണ്ട യാഥാര്‍ത്ഥ്യത്തില്‍ നിന്ന് സെല്‍മ പതിവുപോലെ പാട്ടിന്റെ ഒരു സാങ്കല്‍പ്പിക ലോകത്തിലേക്ക് മാറുകയാണ്. പാട്ടിന്റെ ജീവനില്‍, ബില്‍ കണ്ണു തുറന്ന് അവള്‍ക്കൊപ്പം നൃത്തം ചെയ്യുന്നു. രണ്ടുപേരും ജനലിനു പുറത്തേക്ക് നോക്കുമ്പോള്‍ ബില്‍ ജന്മദിന സമ്മാനമായി വാങ്ങിച്ചുകൊടുത്ത സൈക്കിളില്‍ മകന്‍ ജീന്‍ മൈതാനത്തില്‍ സഞ്ചരിക്കുന്നു. വീണ്ടും പുറത്ത് സെല്‍മയും ബില്ലിന്റെ ഭാര്യയും പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യം. പാട്ടെങ്ങിനെയാണ് സിനിമയുടെ ശരീരമായി, ആന്തരികതാളമായി, സാങ്കല്‍പ്പിക പരവതാനിയായി മാറുന്നതെന്ന് ഈ ദൃശ്യങ്ങള്‍ വെളിപ്പെടുന്നുണ്ട്. അത് കാല്‍പനികതയുടെ തളിര്‍മേനിയില്‍നിന്ന് ദൃശ്യവ്യാഖ്യാനങ്ങള്‍ക്ക് കരുത്ത് പകരുന്ന ചലച്ചിത്ര ഭാഷയുടെ ശരീരത്തിലേക്ക് വികസിക്കുന്നത് നമുക്ക് മനസിലാകും.
തീപിടിച്ച ഇരുട്ടുപോലെ ലോകമവളുടെ മുമ്പിലൊരു നിലവിളിയായി തുറക്കുമ്പോള്‍ ഒരാശ്വാസമായി പാട്ടിന്റെ വരികളില്‍ അവള്‍ നൃത്തം ചെയ്തു. മരണത്തിന്റെയും സങ്കടത്തിന്റെയും അനുതാപത്തിന്റെയും അന്ധതയുടെയും ഇടയിലൂടെ പാട്ടവളെ, സ്വപ്നങ്ങളുടെ മിന്നലുകളിലേക്ക് കൊണ്ടുപോകുമ്പോള്‍, യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചു വിളിക്കുന്ന ഇടിമുഴക്കമായി, അവളെ നിശബ്ദമായി പ്രണയിക്കുന്ന ജെഫ് പ്രത്യക്ഷപ്പെടുന്നുണ്ട് അവള്‍ക്കരികില്‍. അയാളുടെ സാന്നിധ്യം തിരിച്ചറിയാനാവാത്തവിധത്തില്‍ അവളപ്പോഴേയ്ക്കും അന്ധയായികഴിഞ്ഞിരുന്നു. കാഴ്ചയുടെ വാതിലുകള്‍ അവള്‍ക്കു മുമ്പില്‍ പൂര്‍ണമായി അടഞ്ഞുവെന്നറിയുന്ന സെല്‍മ പ്രിയപ്പെട്ട മകന്റെ കാഴ്ചയുടെ പൂക്കാലത്തിനായി വെമ്പുകയാണ്. കയ്യിലുള്ള പണക്കെട്ടുമായി അവള്‍ നേരെ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് പണം ഏല്‍പ്പിക്കുന്നു. നേരത്തെ തീരുമാനിച്ച മകന്റെ ഓപ്പറേഷനു വേണ്ടി. അതൊരു ചൊവ്വാഴ്ച രാത്രിയായിരുന്നു. അവളുടെ ജീവിതം പൂര്‍ണമായും ഇരുട്ടിന്റെയും നോവിന്റെയും ഏകാന്തതയിലേക്കെറിയപ്പെട്ട രാത്രി. കണ്ണീരിന്റെ നിലാവസ്ത്രം കൊണ്ടുമൂടിയ ആ രാത്രി അവളുടെ നൃത്ത പരിപാടികളുടെ റിഹേഴ്‌സല്‍ ദിവസം കൂടിയായിരുന്നു. അവള്‍ ആശുപത്രിയില്‍ നിന്ന് റിഹേഴ്‌സല്‍ ക്യാമ്പിലെത്തുമ്പോള്‍ കൊലപാതകത്തിന്റെ വാര്‍ത്തകളവിടെയെത്തിക്കഴിഞ്ഞിരുന്നു. പതിവുപോലെ സുഹൃത്തുക്കളുടെ കൈപിടിച്ചവള്‍ റിഹേഴ്‌സല്‍ ആരംഭിക്കുമ്പോള്‍, പ്രോഗ്രാം സംവിധായകന്‍ സെല്‍മയവിടെത്തിയിട്ടുണ്ടെന്ന് പോലിസിനെ ഫോണ്‍ ചെയ്തറിയിക്കുന്നു. ഇതൊന്നുമറിയാതെ നൃത്തത്തിന്റെയും പാട്ടിന്റെയും വ്യാജ യാഥാര്‍ത്ഥ്യത്തിനിടയിലൂടെ ട്രൂപ്പിലുള്ള സുഹൃത്തുക്കള്‍ അവളെ ഉയര്‍ത്തി നൃത്തം ചെയ്യുമ്പോള്‍ പോലീസെത്തുന്നു. നൃത്തത്തിന്റെയും ഗാനത്തിന്റെയും ദൃശ്യങ്ങളുടെ താളം മുറിയാതെ നൃത്തച്ചുവടുകളോടെതന്നെ സെല്‍മ സുഹൃത്തുക്കളുടെ ചുമലുകളില്‍നിന്ന് പോലീസിന്റെ ചുമലുകളിലേക്ക് എടുക്കപ്പെടുന്നു. പിന്നെ ദൃശ്യത്തിന്റെ തുടര്‍ച്ച മുറിയാതെ തന്നെ വാതിലിനു പുറത്തെ പോലീസ് വാഹനങ്ങളിലേക്ക്, ഭയപ്പെട്ട് കരയുന്ന സെല്‍മയെ മാറ്റുമ്പോള്‍ അതുവരെ തുടര്‍ന്ന ദൃശ്യങ്ങളുടെ താളം മുറിയുന്നത് നാം അനുഭവിക്കുന്നു.
കോടതി വിചാരണയുടെ ദയാരഹിതമായ പരിസരത്തിലേക്കാണ് സിനിമ പിന്നെ നമ്മെ കൊണ്ടുപോകുന്നത്. അവള്‍ക്കുവേണ്ടി വിദഗ്ദ്ധരായ വക്കീലന്‍മാര്‍ വാദിക്കാനില്ലാതിരിക്കെ, പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സെല്‍മയ്‌ക്കെതിരെ, ആവുന്നത്ര തെളിവുകള്‍ നിരത്തി വധശിക്ഷയുടെ തിരക്കഥയെഴുതിക്കൊണ്ടിരുന്നു. അമേരിക്കയില്‍ അഭയാര്‍ത്ഥിയായെത്തിയ ഈ സ്ത്രീ അഭയം നല്‍കിയ രാജ്യത്തെയും ജനങ്ങളെയും ദയാരഹിതയായി വഞ്ചിച്ചുവെന്നും കമ്മ്യൂണിസം മാനവികതയെ ഉയര്‍ത്തുമെവന്നവള്‍ പറഞ്ഞുവെന്നുമൊക്കെ പറഞ്ഞ് വക്കീല്‍ അവള്‍ക്കുവേണ്ടി തൂക്കുകയര്‍ പണിതുകൊണ്ടിരുന്നു. ഏകപക്ഷീയമായ വിചാരണകള്‍ക്കൊടുവില്‍ സെല്‍മയെ വധശിക്ഷയ്ക്ക് വിധിക്കുന്നു. തടവറയിലവള്‍ മരണത്തിന്റെ കാലൊച്ചകള്‍ക്ക് കാതോര്‍ത്ത് കിടക്കുമ്പോഴും അവളെന്തെങ്കിലും ശബ്ദങ്ങള്‍ക്കു വേണ്ടി കൊതിച്ചു. അവള്‍ക്ക് കാവലായുള്ള വനിത വാര്‍ഡന് അവളോട് സഹതാപവും സ്‌നേഹവും ഉണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ സെല്‍മയെ തൂക്കിക്കൊല്ലും. അതിന് മുന്‍പ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ അവസാനം പാര്‍പ്പിക്കുന്ന സെല്‍ ബ്ലോക്കിലേക്ക് മാറ്റും. പിന്നീട് 107 പടവുകളിറങ്ങി മരണത്തിന്റെ മഹാശാന്തതയിലേക്കും തണുത്തുറഞ്ഞ നിശബ്ദതയിലേക്കും.
ഫാക്ടറിയില്‍ പണിയെടുക്കുമ്പോള്‍, മ്യൂസിക്കല്‍ ഹോളിവുഡ് സിനിമയെയും പാട്ടിനെയും സ്വപ്നം കണ്ടിരുന്ന കാര്യം സെല്‍മ വാര്‍ഡനോട് പറയുന്നുണ്ട്. എപ്പോഴും ഞാനീ പാട്ടുകളെ സ്വപ്നം കാണുമായിരുന്നെന്നും അതിന്റെ അഹ്ലാദങ്ങളില്‍ ഞാനെന്നും നീന്തുമായിരുന്നെന്നും സെല്‍മ പറയുന്നുണ്ട്. തടവറയിലെ നിശബ്ദതയിലിരുന്ന് ഈ പാട്ടുകളില്‍ പേടിപ്പെടുത്തുന്ന ഒന്നും സംഭവിക്കുകയേയില്ലായെന്നും എന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങളെ ഞാന്‍ മറികടക്കുന്നത് അങ്ങിനെയാണെന്നും സെല്‍മ വിശദീകരിക്കുന്നുണ്ട്. ഏകാന്ത തടവറയില്‍ ശബ്ദങ്ങളില്ലാത്ത നിശബ്ദതയെ പുണര്‍ന്ന് ഞാനിനിയിരിക്കണം. ഇവിടെ പോലീസുകാരുടെ ബൂട്ട്‌സിന്റെ ശബ്ദം പോലുമില്ല. റേഡിയോയുമില്ല. മരണത്തിന്റെ നിശബ്ദത മാത്രം. എങ്കിലും ജനലുകള്‍ക്കപ്പുറത്തുനിന്ന് എനിക്ക് കാറ്റിന്റെ സംഗീതം കേള്‍ക്കാം. അതിനുമപ്പുറത്ത് നിന്നെവിടെനിന്നോ ചില പ്രാര്‍ത്ഥനാഗീതങ്ങളുടെ മന്ദ്രസ്വരം കാറ്റിലൊഴുകിയെത്തുന്നുണ്ട്. അതെവിടെനിന്നാണ് ഇങ്ങിനെയൊക്കെ സെല്‍മ വാര്‍ഡനോട് സംസാരിച്ചുകൊണ്ടിരുന്നു. കുറച്ചകലെയുള്ള ചാപ്പലില്‍ നിന്നുള്ള പ്രാര്‍ത്ഥനാഗാനങ്ങളാണതെന്ന് വാര്‍ഡന്‍ പറയുന്നുണ്ട്. ചുമരില്‍ കാത് ചേര്‍ത്ത് വെച്ച് സെല്‍മ വീണ്ടും പാട്ടിന്റെ സുരക്ഷിത വലയത്തിലേക്ക് പോകുന്നു. ശബ്ദങ്ങളാണവളുടെ കാഴ്ച. പാട്ടിന്റെ വരികള്‍ കരച്ചിലിന്റെ കാലത്തില്‍ തടഞ്ഞു ചിതറുമ്പോഴും സെല്‍മ പാടിക്കൊണ്ടേയിരുന്നു. സങ്കടങ്ങളുടെ പെരുമഴയില്‍ ശബ്ദങ്ങള്‍ അവള്‍ക്കുമേല്‍ ആശ്വാസത്തിന്റെ കുടയായി വിരിയുന്നത് നമ്മളെ അനുഭവിപ്പിക്കാനാണ് ചലച്ചിത്രകാരന്‍ പാട്ടിന്റെ ശരീരത്തെ ഉപയോഗിക്കുന്നത്. സെല്‍മ ഏകാന്തതയുടെ ഇരുട്ടിലും നിഴലിലും ഉറങ്ങുമ്പോള്‍ രാത്രിയുടെ നക്ഷത്രങ്ങളും വിളക്കുകളും പ്രകാശത്തിന്റെ ജനലുകള്‍ അവള്‍ക്കു നേരെ അടച്ചു സൂക്ഷിച്ചു.
സൂപ്രീ കോടതിയില്‍ അപ്പീല്‍ പോകാനും കേസ് വീണ്ടും വാദിക്കാനുമായി അവള്‍ക്ക് അവസരം തുറന്നു കിട്ടി. അതുവരെ വധശിക്ഷ സ്റ്റേ ചെയ്‌തെന്ന് അവളുടെ സുഹൃത്തായി കഴിഞ്ഞിരുന്ന വനിത വാര്‍ഡന്‍ വന്നു പറയുന്നുണ്ട്. വാര്‍ഡന്‍ സെല്‍മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. സെല്‍മയുടെ സുഹൃത്ത് കാത്തി അവള്‍ക്കു വേണ്ടി രക്ഷാകവാടങ്ങള്‍ തുറന്നുകിട്ടാനായി പുറത്ത് പണിയെടുത്തുകൊണ്ടിരുന്നു. ഓപ്പറേഷനു വേണ്ടി ഹോസ്പിറ്റലിലേല്‍പ്പിച്ച പണം തിരിച്ചുവാങ്ങിക്കൊണ്ട്, വക്കീലിന് ഫീസു കൊടുത്ത് കേസ് വാദിക്കണമെന്ന് കാത്തി പറയുന്നുണ്ട്. പക്ഷേ സെല്‍മ സമ്മതിക്കുന്നില്ല. കേസ് തുടരേണ്ടതില്ലെന്നും മകന്റെ ഓപ്പറേഷന്‍ ഉടന്‍ നടത്തിയില്ലെങ്കില്‍ അവന്‍ അന്ധനാകുമെന്നും ഒരിക്കലും കാഴ്ച തിരിച്ചുകിട്ടില്ലെന്നും സെല്‍മ പറയുന്നുണ്ട്. മകന്‍ ജീനിന്റെ കാഴ്ചയ്ക്കു വേണ്ടി അവന്‍ ആരോരുമില്ലാത്ത അനാഥനാകുമെന്നറിഞ്ഞുകൊണ്ട്, തന്നെ അവള്‍ സ്വന്തം ജീവിതം ഉപേക്ഷിക്കുകയാണ്. രക്ഷപ്പെടാനുള്ള ഒരു വഴിയുമാലോചിക്കുന്നില്ല. സ്വന്തം അന്ധത പാരമ്പര്യ രോഗമായി കുട്ടികള്‍ക്ക് ലഭിക്കുമെന്നറിയാമായിരുന്നിട്ടും നീയെന്തിനാണീ ജീനിനെ പ്രസവിച്ചതെന്ന് ജെഫ് ചോദിക്കുന്നുണ്ട്. ഒരു കുഞ്ഞിനെ എന്റെ കയ്യിലമര്‍ത്തിപ്പിടിക്കാനുള്ള മോഹംകൊണ്ടായിരുന്നുവെന്ന് പറഞ്ഞവള്‍ കരഞ്ഞുകൊണ്ടിരുന്നു. തടവറയിലെ നിശബ്ദതയ്ക്കു മുകളില്‍ കരച്ചിലിന്റെയും നിലവിളിയുടെയും ഒരു തീയമ്പു പാഞ്ഞുപോയി. അത് പ്രേക്ഷകന്റെ ഹൃദയത്തിലേക്കും വന്നുവീഴും.
വധശിക്ഷയ്ക്കുള്ള സമയമായി. തടവറയുടെ കിളിവാതില്‍ തുറന്ന് അവളുടെ കയ്യില്‍ വിലങ്ങണിയിക്കുന്നു. കൊലമരത്തിലേക്ക് കൊണ്ടുപോകുന്നതിനു മുന്‍പ് മറ്റൊരു മുറിയിലേക്ക് നടത്തിക്കൊണ്ടുപോകുന്നു. സെല്‍മ വാതിലടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതിന്റെ ശബ്ദം മാത്രം. കയ്യിലെ വിലങ്ങ് കിലുങ്ങുന്ന ശബ്ദം കേള്‍ക്കാം. ആ മുറിയിലെ കട്ടിലില്‍ ചുരുണ്ടുകിടക്കുന്ന സെല്‍മ കരച്ചിലടക്കി, വിരലുകള്‍കൊണ്ട് താളമിട്ട് മനസ്സില്‍ സംഗീതത്തിന്റെ കാലത്തെ നിര്‍മ്മിച്ചു. മരണം അടുത്തെത്തി. നിശബ്ദതയിലും ശൂന്യതയിലും വീണ ഒരാത്മാവിന്റെ ശവക്കുഴിക്കുമേല്‍ സങ്കടങ്ങളുടെ മഴത്തുള്ളികള്‍ വീഴുന്ന ശബ്ദം കേട്ട് മരണംപോലും അമ്പരന്നിട്ടുണ്ടാവും. അവസാനത്തെ ഭക്ഷണം പ്ലെയിറ്റില്‍ തയ്യാറായിട്ടുണ്ട്. മരണം തണുത്ത ചുംബനത്തിന്റെ ചോരച്ചുവയുമായി അവളെ കാത്തിരിക്കെ, അവള്‍ ഭീതിയുടെയും സങ്കടത്തിന്റെയും തിരമാലകളാല്‍ പൊതിഞ്ഞ്, ചുരുണ്ട്, വിറയലടക്കിക്കിടന്നു. ഈ ദൃശ്യങ്ങളുടെ ഘടനാപരമായ സവിശേഷതകള്‍കൊണ്ട് ശബ്ദങ്ങളും ദൃശ്യ ഇമേജുകളും നമ്മെ മരണത്തിന്റെ സാന്നിധ്യത്തെ അനുഭവിപ്പിക്കുന്നുണ്ട്. കെട്ടിടത്തിന്റെ അങ്ങേത്തലയ്ക്കുള്ള കൊലമരത്തിന്റെ മുറിയിലേക്ക് കൊണ്ടുപോകാനായി അവളെ കട്ടിലില്‍ നിന്നെണീപ്പിക്കുമ്പോള്‍ നടക്കാന്‍ കാലുകള്‍ക്ക് ശക്തിയില്ലെന്ന് സെല്‍മ പറയുന്നുണ്ട്. പ്രിയപ്പെട്ട സുഹൃത്തു പോലെ മാറിക്കഴിഞ്ഞിരുന്ന വാര്‍ഡന്‍ അവളെ സഹായിക്കുന്നു. അവര്‍ ഷൂസുകൊണ്ട് തറയില്‍ ചവിട്ടി ശബ്ദമുണ്ടാക്കുന്നു. ശബ്ദമാണ് സെല്‍മയുടെ കാഴ്ചയും ഊര്‍ജ്ജവും. വാര്‍ഡന്റെ ഷൂസിന്റെ ശബ്ദത്തിനൊപ്പം ഒരു കൊച്ചു കുട്ടിയേപ്പോലെ വിറച്ച് നീങ്ങുന്ന സെല്‍മയോട് 107 സ്റ്റെപ്പുകളിലും ചവിട്ടി ശബ്ദങ്ങളുടെ സഹായത്തോടെ സ്വയം നടക്കാന്‍ അവര്‍ പറയുന്നുണ്ട്. ഈ ദൃശ്യങ്ങളില്‍ അടങ്ങാത്ത നിലവിളിയുടെ കണ്ണീര്‍ അതിരുകള്‍ ഭേദിച്ച് നമ്മിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് നമ്മളും അറിയും. വാര്‍ഡന്‍ ഷൂസുകൊണ്ട് തറയില്‍ ചവിട്ടി ശബ്ദമുണ്ടാക്കിക്കാണിച്ചുകൊടുത്തു. അവരും കരയുകയായിരുന്നു. കുറച്ചു സമയത്തെ പരിശ്രമം കൊണ്ട് സെല്‍മയ്ക്കും ആ താളത്തില്‍ കൊലമുറിയിലേക്കുള്ള ചുവടുകള്‍ എണ്ണിക്കൊണ്ട് നടക്കാറായി.
1, 2, 3, 4, 5………….എന്നിങ്ങനെ 10 ചുവടുകളെത്തുമ്പോഴേയ്ക്കും സെല്‍മ ഉള്ളിലെ സംഗീതത്തിന്റെ താളത്തിലേക്കും അതിന്റെ സാങ്കല്‍പ്പിക നൃത്തത്തിലേയ്ക്കും പതുക്കെ മുഴുകി. അവളുടെ കരച്ചില്‍ പുഞ്ചിരിയ്ക്ക് വഴിമാറി. യഥാര്‍ത്ഥ്യത്തിന്റെ നിലവിളിയില്‍ നിന്ന് സാങ്കല്‍പ്പികമായ നൃത്തച്ചുവടുകളുടെ ആഹ്ലാദത്തിലേക്ക് അവള്‍ മാറ്റപ്പെട്ടു. അവള്‍ കടന്നു പോകുന്ന ഇടനാഴിയ്ക്കിരുവശവും മരണത്തെ കാത്തിരിക്കുന്ന തടവുപുള്ളികളുടെ മുറിയില്‍ കയറിയും അവരെ ആശ്വസിപ്പിച്ചും ചിലരുടെ കൈപിടിച്ചും വാര്‍ഡന്‍മാരോട് ചിരിച്ചുകൊണ്ട് നൃത്തം ചെയ്തും സെല്‍മ നീങ്ങുമ്പോള്‍ യാഥാര്‍ത്ഥ്യത്തിന്റെ കൊലക്കയര്‍ അവളെ കാത്തിരിക്കുന്നത് അവള്‍ മറക്കുന്നു. പക്ഷേ നമ്മള്‍ അവളുടെ ആഹ്ലാദത്തിനുമപ്പുറത്തുമുള്ള നിലവിളിയ്‌ക്കൊപ്പം അഗാധമായ വേദനയിലേക്ക് ഒലിച്ചുപോകുന്നത് അനുഭവിക്കും. മ്യൂസിക്കല്‍ ദൃശ്യങ്ങളിലൂടെ പതിവുപോലെ സെല്‍മ സഞ്ചരിച്ചുകൊണ്ട്, അന്ധതയെയും മരണ ഭീതിയെയും അതിജീവിക്കുകയാണ്. അവള്‍ പാടുകയാണ്. മരണത്തിന്റെ വഴിയിലേക്കുള്ള സഞ്ചാരത്തിലൂടെ 90 എത്തുമ്പോഴേയ്ക്കും അവളും വാര്‍ഡന്‍മാരും കൊലയറയിലേക്കുള്ള കോണിപ്പടികള്‍ കയറിത്തുടങ്ങി. ഇനി കേവലം 17 ചുവടുകളെണ്ണിയാല്‍ മരണം അവളെ ഈ ലോകത്തില്‍ നിന്ന് അവളുടെ പ്രിയപ്പെട്ട മകനില്‍നിന്ന് പറിച്ചെടുക്കുമെന്നറിയുന്ന നമ്മള്‍, ചലച്ചിത്രകാരനൊരുക്കിയ അസാധാരണമായ ശബ്ദ വിന്യാസത്തിന്റെയും ക്യാമറ ചലനങ്ങളുടെയും ദൃശ്യങ്ങളിലൂടെ, കരച്ചിലടക്കി സഞ്ചരിക്കുകയാണ്. 107 എണ്ണുമ്പോഴേയ്ക്കും അവസാനത്തിലെത്തി. ശബ്ദങ്ങള്‍ നിലച്ചു. സെല്‍മ യാഥാര്‍ത്ഥ്യത്തിന്റെ ഇരുണ്ട നിശബ്ദതയിലേക്കും ഭീതികളിലേക്കും വീണുപോയി. അവളുടെ മുഖം ആര്‍ക്കൊക്കെയോ വേണ്ടി കാക്കുകയാണ്. കണ്ണടച്ച് കറുത്ത തുണികൊണ്ട് തലമൂടിക്കെട്ടുമ്പോള്‍ സെല്‍മ ബോധരഹിതയായി തറയില്‍ വീഴുന്നു. ജീവിതത്തിലൊരാളെയും ദ്രോഹിക്കാതെ ഏല്ലാ ദുരിതങ്ങള്‍ക്കുമിടയിലും സ്വന്തം മകനെ പ്രകാശത്തിന്റെ ലോകത്തേയ്ക്കും ഉണര്‍വ്വിന്റെ ആകാശത്തിലേയ്ക്കും നയിക്കാന്‍ പണിയെടുത്ത ഈ പാവം അപ്രത്യക്ഷമാവുന്നതിന് നാം-ലോകം-സാക്ഷിയാവുകയാണ്.
തനിക്ക് ശ്വാസം മുട്ടുന്നുവെന്ന് പറഞ്ഞ് നിലവിളിക്കുന്ന സെല്‍മയുടെ മുഖത്തുനിന്ന് കറുത്ത തുണി വനിത വാര്‍ഡന്‍ തന്നെ വലിച്ചു കീറുമ്പോള്‍ അത് നിയമ വിരുദ്ധമാണെന്ന് പറഞ്ഞ് മേലുദേ്യാഗസ്ഥര്‍ അവരെ വിലക്കുന്നുണ്ട്. സെല്‍മയ്‌ക്കൊപ്പം കരയുന്ന വാര്‍ഡന്‍ ഞാനീ നിയമങ്ങള്‍ വകവെക്കുന്നില്ലെന്ന് പറഞ്ഞ് പൊട്ടിത്തെറിക്കുമ്പോള്‍, സിനിമ ചോദ്യങ്ങളുടെയും ഉല്‍ക്കണ്ഠകളുടെയും സങ്കടക്കെട്ടുകള്‍ മനുഷ്യരാശിയ്ക്കു മുമ്പില്‍ തുറക്കുകയാണ്. സെല്‍മ മകനെ വിളിച്ചു കരയുന്നുണ്ട്. മറ്റു ശബ്ദങ്ങളൊന്നുമില്ലാത്ത നിശബ്ദതയില്‍ ഒരു ഹൃദയമിടിപ്പുമാത്രം കേള്‍ക്കാം. ഹൃദയമിടിപ്പിന്റെ അവ്യക്ത ശബ്ദത്തിന്റെ താളത്തില്‍നിന്ന് സെല്‍മ ഒരു പാട്ടിന്റെ സാങ്കല്‍പ്പിക ലോകത്തിലേക്ക് പതുക്കെ ചിറകുവിരിക്കുമ്പോള്‍, മരണത്തിനും ജീവിതത്തിനുമിടയിലുള്ള ഒരു നിമിഷത്തിന്റെ സംഘര്‍ഷങ്ങളിലേക്ക് ഈ ദൃശ്യങ്ങള്‍ പോകുമ്പോള്‍ ഒരു മനുഷ്യന്റെ ജീവനെടുക്കാനാര്‍ക്കാണാധികാരമെന്ന് വീണ്ടും നാം ചോദിക്കും. അവളുടെ മകന്‍ കൊടുത്തയച്ച അവന്റെ കട്ടിക്കണ്ണട കൂട്ടുകാരി കാത്തി ഒരു നിലവിളിയുടെ പൊട്ടിത്തെറിയോടെ സെല്‍മയുടെ കയ്യില്‍ വെച്ചുകൊടുക്കുന്നുണ്ടായിരുന്നു. കണ്ണട അവളുടെ മകന് കാഴ്ച തിരിച്ചു കിട്ടിയതിന്റെ അടയാളമായിരുന്നു. പാട്ടിന്റെ താളം പെട്ടെന്നവസാനിക്കുകയും സെല്‍മ കയറില്‍ തൂങ്ങിക്കിടക്കുന്നന്ന ദൃശ്യം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ആ ദൃശ്യത്തില്‍ അവളുടെ കയ്യില്‍നിന്ന് തെറിച്ചുപോയ കണ്ണടയും ഉണ്ട്. അത് ആരെയോ കാത്ത് നിലത്ത് കിടക്കുന്നുണ്ടായിരുന്നു. ഒഴുകി അസ്തമിക്കുന്ന സായാഹ്നത്തിന്റെ കരയിലിരുന്ന് ജീവിതം തിരകളെ നോക്കി കൈവീശിപറയുന്നതുപോലെ സെല്‍മ നമ്മളോട് ഇങ്ങിനെ പറയുന്നെന്ന് തോന്നും. ഇനി ശവശരീരങ്ങള്‍ വിതച്ച ശ്മശാനത്തിന്റെ ഉദ്യാനത്തിലാണ് ഞാന്‍ പൂക്കുക. നിങ്ങളോടും പ്രിയപ്പെട്ട മകനോടും സ്വയമുപേക്ഷിച്ച പ്രണയ ജീവിതത്തോടും വിടപറഞ്ഞ്, വേദനയുടെ കുതിപ്പിലലിഞ്ഞ്, ഇരുട്ടിന്റെ ചുംബനത്തിലൊളിച്ച്, കരച്ചിലടക്കി, തമോഗര്‍ത്തത്തിന്റെ നിശബ്ദ ഗുഹകളിലൂടെ ഞാന്‍ കാലത്തിന്റെ അറിയാക്കയങ്ങളിലേക്ക് അസ്തമിച്ചു. എല്ലാമസ്തമിക്കേ എന്താണ് ബാക്കിയായത്? മകനു വേണ്ടി തുറന്നുവെച്ച കാഴ്ചയുടെയും നിറങ്ങളുടെയും ഒരു ലോകം.
ക്യാമറചലനങ്ങളുടെ അസാധാരണ പ്രയോഗങ്ങളിലൂടെയും ശബ്ദത്തിന്റെയും, അഭിനയത്തിന്റെയും അപൂര്‍വ്വ ബിംബനിര്‍മ്മിതികളിലൂടെയും, സമാനതകളില്ലാത്ത ഒരു ഘടനാ രീതിയാണ് ചലച്ചിത്രകാരന്‍ ഇതിലുപയോഗിച്ചിരിക്കുന്നത്. ജീവിതാഹ്ലാദങ്ങളുടെ ലഹരിയില്‍ ഉന്മത്തരായ മനുഷ്യര്‍ക്കുനേര്‍ ഓര്‍മ്മപ്പെടുത്തലിന്റെയും വേദനയുടെയും ഒരു മഴുവെറിഞ്ഞാണ് ഈ സിനിമ കടന്നുപോകുന്നത്. നോവിന്റെയേകാന്തതയിലൊരു തീക്കാറ്റുപോലെ സെല്‍മയുടെ മരണം നമ്മെ പൊള്ളിച്ചു കടന്നുപോകും. അത് നമ്മെ നവീകരിക്കും.