Dr Akhil C K

കമ്യൂണിസ്റ്റ് ക്യൂബ, കൊറോണക്കാലത്ത് ചെയ്യുന്നത്

സാമ്രാജ്യത്വ അധിനിവേശ ശക്തികളെ ചെറുത്തു തോല്‍പ്പിച്ച പോരാട്ടങ്ങളുടെ ചരിത്രമാണ് എന്നും ക്യൂബയ്ക്ക് പറയാനുള്ളത്. ലോകരാഷ്ട്രങ്ങള്‍ സ്വതാല്‍പര്യങ്ങള്‍ക്കായി തമ്മിലടിക്കുമ്പോള്‍ സമത്വവും സമാധാനവും ലോകത്തുണ്ടാവാന്‍ എന്നും മുന്നിട്ടിറങ്ങിയിട്ടുള്ള ‘കമ്യൂണിസ്റ്റ് ക്യൂബ’ ലോകത്തിന് തന്നെ മാതൃകയാണ്. ചൈനയിലും ഇറ്റലിയിലും ഇംഗ്ലണ്ടിലും സ്പെയിനിലും അമേരിക്കന്‍ ഐക്യനാടുകളിലുമടക്കം ഒട്ടുമിക്ക എല്ലാ ലോകരാഷ്ടങ്ങളിലും പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയുടെ മുന്നില്‍ രാജ്യങ്ങള്‍ പകച്ചു നില്‍ക്കുമ്പോള്‍ തങ്ങളുടെ കഴിവിന്റെ പരമാവധി വൈദ്യസഹായം വിവിധ രാജ്യങ്ങളില്‍ എത്തിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ഈ കൊച്ചു ക്യൂബ. “ഇനി ദൈവത്തിനു മാത്രമേ തന്റെ രാജ്യത്തെ ജനങ്ങളെ രക്ഷിക്കാനാവൂ” എന്ന ഇറ്റാലിയന്‍ ഭരണാധികാരിയുടെ നിലവിളി കേട്ട് തങ്ങളുടെ ഏറ്റവും പ്രഗല്‍ഭരായ 53 അംഗ മെഡിക്കല്‍ സംഘത്തെയാണ് ക്യൂബ ഇറ്റലിയിലേക്ക് അയച്ചത്. ലിയനാര്‍ഡോ ഫെര്‍ണാണ്ടസ് എന്ന 68 കാരനായ ഡോക്ടറാണ് ആ വൈദ്യസംഘത്തിന് നേതൃത്വം നല്‍കിയതും. “ഞങ്ങള്‍ സൂപ്പര്‍ ഹീറോകളല്ല. ഞങ്ങള്‍ക്ക് ഭയമുണ്ട്. പക്ഷേ ഞങ്ങള്‍ വിപ്ലവദൗത്യം നിറവേറ്റാന്‍ കടപ്പെട്ട വിപ്ലവ ഡോക്ടര്‍മാരാണ്” എന്ന് തന്റെ വിപ്ലവനായകര്‍ കാസ്ട്രോയുടെയും ചെ ഗുവാരയുടെയും ചിത്രങ്ങളും നെഞ്ചോട് ചേര്‍ത്ത് പറയുമ്പോള്‍ ആ രാജ്യത്തിന്റെ ഇന്നും ചോരാത്ത ആദര്‍ശത്തിലൂന്നിയ രാഷ്ട്രീയ കടമയും ചരിത്രവും വെളിപ്പെടുത്തുന്നു.


cuban_doctors-770x433


ഇറ്റലിയിലെ ജനീവയില്‍ ജനിച്ച ക്രിസ്റ്റഫര്‍ കൊളംബസ് 1492 ഒക്ടോബര്‍ 27-ാം തിയതി വ്യാപാരത്തിനായി ഇന്ത്യയിലേക്കുള്ള യാത്രക്കിടയിലാണ് ഇന്ത്യയെന്നു കരുതി ക്യൂബന്‍ ദ്വീപിന്റെ വടക്കു കിഴക്കേ തീരത്ത് ഇറങ്ങുന്നത്. അതു മുതല്‍ക്കാണ് ക്യൂബയ്ക്കും ക്യൂബന്‍ ജനതയ്ക്കും മേലുള്ള ചൂഷണത്തിന്റെ ചരിത്രവും ആരംഭിച്ചെന്നാണ് ചരിത്രകാരന്‍മാര്‍ അടയാളപ്പെടുത്തുന്നത്. സ്പാനിഷ് അധിനിവേശ സൈന്യാധിപന്‍ ഡീഗോ വെലാസ്ക്വസിന്റെ നേതൃത്വത്തില്‍ ക്യൂബന്‍ ജനതയെ കീഴ്പെടുത്തി ക്യൂബയുടെ കോളനിവല്‍ക്കരണം ആരംഭിക്കുകയും ചെയ്തുവത്രെ. പരിഷ്കൃതവല്‍ക്കരണത്തിന്റെയും കൃസ്തീയവല്‍ക്കരണത്തിന്റെയും പേര് പറഞ്ഞ് നടത്തിയ ഒട്ടേറെ ആക്രമണങ്ങള്‍ ആ ജനത നേരിട്ടിട്ടുണ്ട്. പിന്നീട് അവര്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റേയും ബാറ്റിസ്റ്റ എന്ന സ്വേച്‌ഛാധിപതിയുടെയും കൈകളിലമര്‍ന്നു. യുവ അഭിഭാഷകനായിരുന്ന ഫിദല്‍ കാസ്ട്രോയുടെ നേതൃത്വത്തില്‍ 1953 ജൂലൈ 26 ന് മൊങ്കാദ ബാരക്കുകള്‍ക്കു നേരെ പോരാട്ടം സംഘടിപ്പിക്കുമ്പോള്‍ ക്യൂബന്‍ ജനതയുടെ സ്വാതന്ത്ര്യ സ്വപ്നങ്ങള്‍ക്ക് ചിറകുവിരിക്കുകയായിരുന്നു. ആക്രമണം പരാജയപ്പെട്ടെങ്കിലും ‘ജൂലൈ 26 പ്രസ്ഥാനം’ നിലനിര്‍ത്തുവാനും അതുവഴി ക്യൂബന്‍ ജനതയെ സംഘടിപ്പിച്ച് പോരാടുവാനും ബാറ്റിസ്റ്റ എന്ന സ്വേച്ഛാധിപതിയില്‍ നിന്നും തന്റെ രാജ്യത്തെ സ്വതന്ത്രമാക്കാനും സാധിച്ചു. അന്ന് ഗ്വാട്ടിമാലയിലെ സോഷ്യലിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അമേരിക്കന്‍ അധിനിവേശത്തിനെതിരായ പോരാട്ടത്തിലൂടെ വീരേതിഹാസം തീര്‍ത്ത ഏണസ്റ്റോ ചെ ഗുവാര എന്ന വിപ്ലവപ്പോരാളിയും ക്യൂബന്‍ വിപ്ലവത്തില്‍ ഫിദലിനൊപ്പം പങ്കാളിയായി. മെക്സിക്കോയില്‍ കുടിയേറേണ്ടി വന്ന ഫിദല്‍ ക്യൂബന്‍ പോരാളികളെ സംഘടിപ്പിച്ച് ‘ഗ്രാന്‍മ’ എന്ന ചെറുബോട്ടില്‍ കയറി ക്യൂബയിലെത്തി മൂന്നു വര്‍ഷത്തോളം നീണ്ടുനിന്ന വിപ്ലവ പോരാട്ടത്തിനൊടുവില്‍ ബാറ്റിസ്റ്റയെ നിഷ്കാസിതനാക്കി. അധികാരം പിടിച്ചെടുത്ത് ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ രൂപീകരിച്ചപ്പോഴേക്കും അമേരിക്കന്‍ സാമ്രാജ്യത്വ കഴുകന്‍മാര്‍ ബാറ്റിസ്റ്റയെ കൈയ്യൊഴിഞ്ഞ് പുതിയ സര്‍ക്കാരിനെ വരുതിയിലാക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു.


51krkt0jAIL._SL500_AC_SS350_


എന്നാല്‍ ക്യൂബന്‍ ജനതയ്ക്ക് അതുവരെ കാണാന്‍ സാധിക്കാത്ത ഒരു ജനകീയ സര്‍ക്കാരിനെയാണ് വിപ്ലവാനന്തര ക്യൂബയില്‍ കാണാന്‍ കഴിഞ്ഞത്. കമ്യൂണിസ്റ്റ് വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഒരു ഭരണക്രമം പുതിയ സര്‍ക്കാരിനുണ്ടായിരുന്നു. സ്വകാര്യ നിക്ഷേപങ്ങള്‍ ദേശസാല്‍ക്കരിക്കുക, ഭൂപരിഷ്കരണം നടപ്പിലാക്കുക, ആരോഗ്യ-വിദ്യാഭ്യാസ-കായിക രംഗങ്ങളില്‍ ഊന്നല്‍ നല്‍കുക, ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് മുന്‍തൂക്കം നല്‍കുക തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. എന്നാല്‍ കച്ചവടതാല്‍പര്യങ്ങള്‍ക്ക് മുന്‍കൂക്കം നല്‍കുന്ന അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് അതത്ര രസിച്ചില്ലെന്ന് മാത്രമല്ല അവര്‍ക്കുമേല്‍ ഒട്ടനവധി ഉപരോധങ്ങളും തീര്‍ത്തുകൊണ്ട് ക്യൂബയെ വരുതിയിലാക്കാനുള്ള ശ്രമങ്ങളും നടത്തി. അറുപത് വര്‍ഷത്തോളമായി നടത്തുന്ന ഇത്തരം ആക്രമണങ്ങളെ ഇന്നും ചെറുത്തു തോല്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്നത് അവര്‍ക്ക് പകര്‍ന്ന് കിട്ടിയ അവര്‍ വിശ്വസിച്ചു വരുന്ന മൂല്യങ്ങളും ആദര്‍ശങ്ങളും ചോരാതെ നിലനിര്‍ത്തുന്നു എന്നുള്ളതുകൊണ്ടാണ്.


ക്യൂബന്‍ വിപ്ലവ സര്‍ക്കാരിനെ തൂത്തെറിയാന്‍ അമേരിക്കന്‍ സാമ്രാജ്യത്വ ശക്തി പ്രയോഗിച്ച ‘ഓപ്പറേഷന്‍ പീറ്റര്‍ പ്ലാന്‍’ എന്ന 4000 ത്തിന് മുകളില്‍ ക്യൂബന്‍ കുഞ്ഞുങ്ങളെ അമേരിക്കന്‍ ഐക്യനാടുകളിലേക്ക് നാടുകടത്തിയ പദ്ധതിയായിരുന്നു ഏറ്റവും ഹീനമായ ഒന്ന്. പന്നിപ്പനിയുടെയും ഡെങ്ക്വിപ്പനിയുടെയും രോഗാണുക്കള്‍ പരത്തി ഒരു ജൈവയുദ്ധത്തിനു പോലും അമേരിക്കന്‍ സാമ്രാജ്യത്വം തുനിഞ്ഞു. ക്യൂബയുടെ പ്രിയങ്കരനായ നേതാവ് ഫിദല്‍ കാസ്ട്രോയെ വധിക്കാന്‍ 638 തവണ നടത്തിയ CIA യുടെ ശ്രമങ്ങളെ പരാജയപ്പെടുത്തി. സാമ്പത്തിക വാണിജ്യ ഉപരോധങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പക്ഷേ അതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് ക്യൂബ മുന്നേറുന്നത്.


us-imperialism-latuff-latin-america-racism


ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും കായികരംഗത്തും കാര്‍ഷികരംഗത്തും ശാസ്ത്രസാങ്കേതിക രംഗത്തും ഇതിനോടകം ക്യൂബ ധാരാളം നേട്ടങ്ങള്‍ കൈവരിച്ചുകഴിഞ്ഞു. ക്യൂബന്‍ ജനതയുടെ ആരോഗ്യ നിലവാരം ലോകത്തേക്ക് ഏറ്റവും മികച്ചു നില്‍ക്കുന്നതിന്റെ കാരണം ക്യൂബ ആരോഗ്യ രംഗത്ത് നല്‍കുന്ന പ്രത്യേക ഊന്നലാണ്. അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിനിടയില്‍ ക്യൂബ സ്വന്തമായി വികസിപ്പിച്ചെടുത്ത ജീവന്‍രക്ഷാ മരുന്നുകളും വാക്സിനുകളും ഉപയോഗിച്ചാണ് ആ പ്രതിസന്ധിയെ ചെറുത്തു തോല്‍പ്പിച്ചിട്ടുള്ളത്. കൂടാതെ ആരോഗ്യവിദ്യാഭ്യാസ രംഗത്തും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. അമേരിക്കന്‍ ഐക്യനാടുകളിലടക്കമുള്ള രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ആരോഗ്യ വിദ്യാഭ്യാസത്തിനായി ക്യൂബയിലെത്തുന്നുണ്ട്. പല രാജ്യങ്ങളിലും കാണാന്‍ സാധിക്കാത്ത കുടുംബ ഡോക്ടര്‍ സംവിധാനം നിലനിര്‍ത്തുന്നു എന്നത് ക്യൂബ ആരോഗ്യ രംഗത്ത് ആര്‍ജ്ജിച്ച മുന്നേറ്റങ്ങളുടെ ഒരു കാരണമായി അനുമാനിക്കാവുന്നതാണ്. അതായിരിക്കാം 78 വയസ് എന്ന ശരാശരി ആയുര്‍ദൈര്‍ഘ്യ നിരക്കില്‍ ആ രാജ്യത്തെ നിലനിര്‍ത്തുന്നതും.


physical-map-cuba-260nw-726881587


ക്യൂബ ആരോഗ്യരംഗത്ത് നടത്തിയിട്ടുള്ള വിപ്ലവം ലോകരാഷ്ട്രങ്ങള്‍ക്കു വേണ്ടി നിസ്വാര്‍ത്ഥസേവനം നല്‍കുന്നിടത്താണ് ആ രാജ്യത്തിന്റെ രാഷ്ട്രീയ ഔന്നിത്യം വെളിവാക്കുന്നത്. 2005 ല്‍ കാശ്മീരില്‍ ഭൂകമ്പമുണ്ടായതിനെത്തുടര്‍ന്ന് ഇന്ത്യയ്ക്കും പാകിസ്ഥാനും അടിയന്തിര വൈദ്യസഹായം ക്യൂബ വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യ അതു സ്വീകരിച്ചില്ല. എന്നാല്‍ ഭൂകമ്പത്തില്‍ വളരെയധികം നാശനഷ്ടങ്ങളുണ്ടായ പാകിസ്ഥാന്‍ ആ വാഗ്ദാനം സ്വീകരിച്ചു. പാകിസ്ഥാനുമായി യാതൊരു നയതന്ത്ര കരാറുകളും നിലവിലില്ലാതിരിന്ന സാഹചര്യത്തിലായിരുന്നു ക്യൂബയുടെ ആ സഹായം എന്നത് ലോക രാഷ്ട്രങ്ങള്‍ ഓര്‍ക്കേണ്ടതാണ്. 2500ലധികം ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങുന്ന വൈദ്യസംഘം 6 മാസത്തിലധികം പാകിസ്ഥാനില്‍ താമസിച്ച് ആളുകളെ ശുശ്രൂഷിച്ചു. ന്യൂ ഓര്‍ലിയന്‍സില്‍ കത്രീന ചുഴലിക്കൊടുങ്കാറ്റ് വീശി ധാരാളം നാശനഷ്ടങ്ങള്‍ വിതറുമ്പോള്‍ തങ്ങളെ ശത്രുപക്ഷത്തു നിര്‍ത്തുന്ന അമേരിക്കന്‍ ഐക്യനാടുകള്‍ക്കു പോലും സഹായ വാഗ്ദാനം നല്‍കിയ മാനവികതയുടെയും മൂല്യബോധത്തിന്റെയും ചരിത്രമാണ് ക്യൂബയ്ക്കുള്ളത്. എന്നാല്‍ ആ വാഗ്ദാനം നിരസിക്കുകയായിരുന്നു അമേരിക്കന്‍ ഐക്യനാടുകളിലെ സര്‍ക്കാര്‍ ചെയ്തത്. കിഴക്കന്‍ തിമോര്‍ സ്വതന്ത്രമായതിനു ശേഷം അവിടെ എത്തിയ ആദ്യ സഹായം ക്യൂബയുടേതായിരുന്നു. ആഫ്രിക്കയിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുമെല്ലാം സൗജന്യ ആരോഗ്യ സേവനം ക്യൂബന്‍ സര്‍ക്കാര്‍ ഇന്നും നല്‍കുന്നുണ്ട്. 2010 ല്‍ ഉണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് ഹെയ്തിയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കോളറ പടര്‍ന്നു പിടിച്ചപ്പോള്‍ 1300 ഓളം വരുന്ന വൈദ്യസംഘത്തെ അയച്ചാണ് തങ്ങളുടെ സാമൂഹിക പ്രതിബന്ധത ക്യൂബ തെളിയിച്ചത്. 2014 ല്‍ പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള പടര്‍ന്നു പിടിച്ച് 10000 ല്‍ പരം ആളുകള്‍ മരണപ്പെട്ടപ്പോഴും 460-ല്‍ പരം ഡോക്ടര്‍മാരടങ്ങുന്ന സംഘത്തെ ക്യൂബ അവിടേയ്ക്ക് അയച്ചിരുന്നു.


Novel-Coronavirus-780x515-1


കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 എന്ന ലോകം മുഴുവന്‍ പടര്‍ന്നു പിടിച്ചു കൊണ്ടേയിരിക്കുന്ന മഹാമാരിയില്‍ തീര്‍ത്തും കൈവിട്ടുപോയ ഇറ്റലിയെ സഹായിക്കാനായി 53 അംഗ മെഡിക്കല്‍ സംഘമാണ് ഇറ്റലിയിലേക്ക് പുറപ്പെട്ടത്. കൂടാതെ ഒട്ടനവധി രാജ്യങ്ങളിലേക്ക് ക്യൂബ കോവിഡ് 19 നെ നേരിടാന്‍ തങ്ങളുടെ മികച്ച ഡോക്ടര്‍മാരെ അയച്ചു കഴിഞ്ഞു. കൊറോണ ബാധിച്ച ആളുകള്‍ നിറഞ്ഞിരുന്ന എം.എസ്. ബ്രാമിയര്‍ എന്ന ബിട്ടീഷ് ആഡംബര കപ്പലിനെ കരയ്ക്കടുപ്പിക്കാന്‍ അമേരിക്ക അടക്കമുള്ള സൗഹൃദ രാജ്യങ്ങളോട് ബ്രിട്ടണ്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അവര്‍ ഭയംകൊണ്ട് നിരസിക്കുകയാണുണ്ടായത്. എന്നാല്‍ സൗഹൃദ രാജ്യങ്ങളെല്ലാം കൊട്ടിയടച്ചപ്പോള്‍ ബ്രിട്ടന്റെ ശത്രുരാജ്യമായി മുദ്രകുത്തപ്പെട്ട ക്യൂബ മാത്രമാണ് ആ കപ്പലിനെ കരയ്ക്കടുപ്പിക്കാന്‍ സഹായഹസ്തം നല്‍കിയത്. അവിടെയാണ് വിശ്വമാനവിക മൂല്യബോധത്തിലൂന്നിയ പരസ്പര സഹകരണത്തിന്റെ രാഷ്ട്രീയം വികസന മാതൃകയായി ‘കമ്യൂണിസ്റ്റ് ക്യൂബ’ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത് നമ്മള്‍ തിരിച്ചറിയേണ്ടത്.